Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോഹിയുടെ നായികയെ തട്ടിക്കൊണ്ട് പോയതിൽ പരാതിക്കാരില്ല; കാവ്യയുടെ കൂട്ടുകാരി മൊഴി കൊടുക്കാൻ ഇനിയുമെത്തിയില്ല; മുതിർന്ന നടിയെ കാറിൽ കറക്കിയത് കേസാക്കിയത് 'വിഐപി' ബന്ധം പുറത്തുവരാതിരിക്കാൻ; ദിലീപിനൊപ്പം നിർമ്മാതാവും രാഷ്ട്രീയക്കാരനും കൂട്ടുപ്രതിയാകാതിരിക്കാൻ ചരടുവലികളുമായി സൂപ്പർതാരങ്ങളും; പിടി തോമസിന്റെ മൊഴിയെ ഭയന്ന് സിനിമാലോകം

ലോഹിയുടെ നായികയെ തട്ടിക്കൊണ്ട് പോയതിൽ പരാതിക്കാരില്ല; കാവ്യയുടെ കൂട്ടുകാരി മൊഴി കൊടുക്കാൻ ഇനിയുമെത്തിയില്ല; മുതിർന്ന നടിയെ കാറിൽ കറക്കിയത് കേസാക്കിയത് 'വിഐപി' ബന്ധം പുറത്തുവരാതിരിക്കാൻ; ദിലീപിനൊപ്പം നിർമ്മാതാവും രാഷ്ട്രീയക്കാരനും കൂട്ടുപ്രതിയാകാതിരിക്കാൻ ചരടുവലികളുമായി സൂപ്പർതാരങ്ങളും; പിടി തോമസിന്റെ മൊഴിയെ ഭയന്ന് സിനിമാലോകം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നിർമ്മതാവിന്റെ ഭാര്യയും മുതിർന്ന നടിയേയും പൾസർ സുനിയും സംഘവും കാറിൽ തട്ടിക്കൊണ്ട് പോയത് 2012ലാണ്. എന്നാൽ 2013ൽ യുവ നടിയെ പൾസർ സുനി തട്ടിക്കൊണ്ട് പോയിരുന്നു. പീഡിപ്പിക്കുകയും ചെയ്തു. കളിരൂർ കേസിൽ ആരോപണങ്ങൾ ഉയർന്ന നിർമ്മാതാവ് എടുത്ത ക്വട്ടേഷനാണ് ഇതെന്നായിരുന്നു സൂചനകൾ. ഈ തട്ടിക്കൊണ്ട് പോകലിനെ കുറിച്ച് പൾസർ സുനി പൊലീസിനെ അറിയിക്കുകയും ചെയ്തതായണ് സൂചന. ഇതോടെ സിനിമയിലെ വനിതാ കൂട്ടായ്മ ഈ നടിയെ രംഗത്തിറക്കി കുരുക്ക് ശക്തമാക്കാൻ നീക്കം നടത്തി. കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ ചിലർ നടത്തിയ ഇടപെടലുകളായിരുന്നു ഇതിന് കാരണം. ലോഹിതദാസിന്റെ നായികയായി എത്തിയ ഈ നടി ഏറെക്കാലമായി സജീവമല്ല. വുമൺ ഇൻ സിനിമാ കളക്ടീവിലെ മുതിർന്ന അംഗങ്ങൾ തന്നെ 2013ലെ പരാതി സജീവമാക്കുമെന്നും സൂചന നൽകി. പൊലീസിൽ മൊഴി നൽകാൻ നടിയും തയ്യാറായി. എന്നാൽ അതിവേഗം ഉണർന്ന താരരാജാക്കന്മാർ എല്ലാം കോപ്ലിമെന്റ്‌സാക്കിയതാണ് സൂചന.

നടി ആക്രമിക്കപ്പെട്ട ഗൂഢാലോചനയിൽ ദിലീപ് ജയിലിനുള്ളിലാണ്. ദിലീപിനേയും മാനേജർ അപ്പുണ്ണിയേയും ഗൂഢാലോചനയിൽ പ്രതിയാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നടിയും ദിലീപും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങളിലേക്ക് മാത്രം അന്വേഷണം ഒതുക്കാനാണ് നീക്കം. ഈ ഗൂഢാലോചനയിൽ ദിലീപിന് പങ്കുണ്ടെന്ന് പലരും വിശ്വസിക്കുന്നു. പൊലീസും തെളിവുകൾ നിരത്തുന്നു. എന്നാൽ അതിനുമപ്പുറത്തെ ഇടപെടുകൾ ഇവിടെയുണ്ട്. നക്ഷത്ര വേശ്യാലയങ്ങളും മയക്കുമരുന്നു മാഫിയയുമായി പ്രവർത്തിക്കുന്നവരുടെ കൈയിലാണ് കൊച്ചിയിലെ സിനിമാ ലോകം. ഇതിലെ ഒരു കണ്ണി മാത്രമാണ് ദിലീപിന്റെ കൂട്ടം. അതിലും വലുത് നടക്കുന്നു. അവരുടെ പ്രധാനിയാണ് പൾസർ സുനി. ഈ ബന്ധങ്ങളാണ് ദിലീപിനേയും പൾസറിനേയും ബന്ധപ്പിക്കുന്നത്. ഈ ചങ്ങലയിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് നീക്കം. 2012ൽ മുതിർന്ന നടിയെ തട്ടിക്കൊണ്ട് പോയ അന്വേഷണം പൊടി തട്ടിയെടുക്കുന്നതും വ്യക്തമായ ഉദ്ദേശത്തോടെയാണ്.

2012ലെ സംഭവത്തിൽ പൊലീസിന് അന്ന് തന്നെ പരാതി കൊടുത്തിരുന്നു. അതിൽ ഒന്നും സംഭവിച്ചില്ല. ഇതിനിടെ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടപ്പോൾ നടിയുടെ ഭർത്താവ് അന്ന് തന്നെ എല്ലാം തുറന്നു പറഞ്ഞു. അപ്പോഴും കേസ് എടുക്കുന്നതിനെ കുറിച്ച് ആരും ചിന്തിച്ചില്ല. എന്നാൽ 2013ലെ നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെന്ന വാദമെത്തിയപ്പോൾ പലരും ഭയന്നു. മുതിർന്ന നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചല്ല. ഭീതിയുണ്ടാക്കുന്ന തരത്തിൽ കറക്കുക മാത്രമാണ് ചെയ്തത്. തന്ത്രപരമായി ഇടപെടൽ നടി നടത്തിയതു കൊണ്ട് രക്ഷപ്പെട്ടു. എന്നാൽ 2013ലെ കേസ് പീഡനമാണ്. അവിടെ ക്വട്ടേഷനും ഉണ്ട്. ഈ നടിയെ തട്ടിക്കൊണ്ട് പോകാൻ ക്വട്ടേഷൻ നൽകിയത് നിർമ്മതാവാണെന്നായിരുന്നു ഉയർന്നു കേട്ടത്. ഇതിൽ രാഷ്ട്രീയ സ്വാധീനമുള്ള വിഐപിക്കും പങ്കുണ്ട്. ഇവരാണ് നടിമാരുടേയും മറ്റും നഗ്ന വിഡിയോ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നതെന്നും സൂചനയുണ്ട്. ഇതുകൊച്ചിയിലെ സിനിമാ മാഫിയയിലെ എല്ലാവർക്കും അറിയാം.

ഷൈൻ ടോം ചാക്കോ മയക്കുമരുന്നുമായി പിടിക്കപ്പെട്ടപ്പോൾ ഉയർന്ന മറ്റൊരു പ്രമുഖ നിർമ്മാതാവും ഈ മാഫിയയുടെ തലവനാണ്. ദുബായ് കേന്ദ്രീകരിച്ച് മനുഷ്യക്കടത്തും ഉണ്ടെന്ന് സൂചനയുണ്ട്. ലഹരി പതയുന്ന പാർട്ടികളുടെ മുഖ്യസംഘാടകനായ ഈ ന്യൂജെൻ നിർമ്മാതാവാണ് കൊച്ചിയിലെ സിനിമാ ലോകത്തെ തലവൻ. കളിരൂർ കേസിലെ നിർമ്മാതാവിനും ഇയാളുമായി അടുത്ത ബന്ധമുണ്ട്. ദിലീപും ഈ ലോബിയുടെ ഭാഗമാണ്. പൾസറാണ് ഇവിടുത്തെ പ്രധാന ക്വട്ടേഷൻ നേതാവ്. നടിമാരെ അക്രമിക്കുന്നതും തട്ടിക്കൊണ്ട് പോകുന്നതുമെല്ലാം ഈ മാഫിയയുടെ സ്ഥിരം രീതികൾ. ഇത് തന്നെയാണ് കൊച്ചിയിലും ആവർത്തിച്ചത്. 2013ലെ പീഡനത്തിന് പിന്നിലും ഇവരുടെ താൽപ്പര്യമാണ്. എന്നാൽ 2012ൽ മുതിർന്ന നടിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമത്തിൽ ഇവർക്കെതിരെ ഗൂഢാലോചന ചുമത്താനാകില്ല. കാരണം അന്ന് പദ്ധതിയിട്ടത് മറ്റൊരു നടിയെയായിരുന്നു. അവർ തന്ത്രപമായി മാറി നിന്നപ്പോൾ മുതിർന്ന നടി അതിൽപ്പെട്ടു. അതുകൊണ്ട് തന്നെ എന്തിനായിരുന്നു ആ തട്ടിക്കൊണ്ട് പോകലെന്ന് മുതിർന്ന നടിക്ക് അറിയില്ല.

2013ലെ കേസ് വനിതാ കൂട്ടായ്മ സജീവമാക്കിയാൽ എല്ലാവരും കുടുങ്ങും. അവിടെ ദിലീപിനെ കുറ്റപ്പെടുത്താനാകില്ല. ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചനയുടെ ചുരുൾ അഴിഞ്ഞാൽ പല വിഐപികളും ഞെട്ടും. എന്നാൽ മറ്റൊരു നടിയേയും പൾസർ ആക്രമിച്ചെന്ന വാർത്ത എത്തിയതോടെ എന്തെങ്കിലും അന്വേഷിക്കേണ്ട ബാധ്യത പൊലീസിനും വന്നു. ഇതോടെ സിനിമയിലെ സൂപ്പർതാരങ്ങൾ വീണ്ടും ചർച്ചയിലായി. കൊച്ചി മാഫിയ പിടിയിലായാൽ സിനിമാ കച്ചവടത്തിന്റെ ആണിക്കല്ല് തകരുമെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ പൊതു സമൂഹത്തെ തെറ്റിധരിപ്പിക്കാൻ പഴയകാല നടി പരാതിക്കാരിയായി. ഇതോടെ ലോഹിയുടെ നായികയ്‌ക്കെതിരായ ആക്രമണം ചർച്ചകളിൽ നിന്ന് വിസ്മൃതിയിലായി. മൊഴി നൽകാൻ തയ്യാറായെന്ന സൂചനകളുണ്ടായിരുന്ന നടിയും പതിയെ പിന്മാറിയതായാണ് സൂചന. ഫലത്തിൽ കിളിരൂർ കേസിലെ ആരോപണ വിധേയർ രക്ഷപ്പെടുകയാണ്. ഇത് അട്ടിമറിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. പിടി തോമസ് എംഎൽഎയുടെ മൊഴിയെ സിനിമാ ലോകം ഭയക്കുന്നത് അതുകൊണ്ട് മാത്രമാണ്.

2012ൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ടെംബോ ട്രാവലറിൽ നടിയെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ച് പണം തട്ടാനായിരുന്നു പൾസർ സുനി പദ്ധതി തയാറാക്കിയത്. എന്നാൽ പ്രതീക്ഷിച്ച യുവനടി ട്രെയിനിൽ ആ ദിവസം എത്തിയില്ല. അതേസമയം ട്രെയിനിൽ വന്നിറങ്ങിയ പഴയകാല നടിയെ ഹോട്ടലിലേക്ക് എത്തിക്കുന്നതിനായി പുറപ്പെടുകയും വഴിതിരിച്ചുവിട്ടത് കണ്ട് നടി ഭർത്താവിനെ വിളിച്ചതോടെ പദ്ധതി പാളുകയുമായിരുന്നു. പൊന്നുരുന്നിയിലെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു ഇതിന്റെ ഗൂഢാലോചന നടന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊന്നുരുന്നിയിലെ ഡ്രൈവേഴ്സ് ക്ലബിലെ അംഗങ്ങളെയാണ് സുനി ഇതിനായി കൂട്ടുപിടിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ ഈ ഡ്രൈവേഴ്‌സ് ക്ലബ്ബിന് പിന്നിൽ സിനിമയിലെ ഉന്നതരായിരുന്നു. ഇതിന്റെ നേതാവ് മാത്രമായിരുന്നു പൾസർ സുനി. ഇത് നിയന്ത്രിച്ചിരുന്ന മാഫിയ സിനിമയിലെ കൊള്ളരുതായ്മകൾക്ക് കൂട്ടുനിൽക്കുന്നവരായിരുന്നു. വേശ്യാലയങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നതും ഈ ക്ലബ്ബിലുള്ളവരായിരുന്നു. മനുഷ്യക്കടത്തും കുഴൽപ്പണവുമെല്ലാം ഇവർ കൈകാര്യം ചെയ്തു. ഇതെല്ലാം വ്യക്തമായി പിടി തോമസിന് അറിയാം. അതുകൊണ്ട് തന്നെയാണ് പൾസർ സുനിയുടെ മനുഷ്യക്കടത്ത് അദ്ദേഹം ചർച്ചയാക്കുന്നത്.

തന്റെ 35 വർഷത്തെ പൊതുജീവിതത്തിനിടെ മനസ്സുമരവിച്ചു പോയ സംഭവമാണ് തന്റെ മണ്ഡലത്തിനുള്ളിൽ ഒരു തെന്നിന്ത്യൻ നടിക്ക് നേരിട്ടതെന്ന് പിടി തോമസ് പറയുന്നു. അത്രയും ബീഭത്സമായ, ഭീകരമായ കാഴ്ചയായിരുന്നു അത്. ആ സംഭവത്തിൽ കഴിയുന്നത്ര പോരാട്ടമെന്നത് തന്റെ കടമയാണ്. അതിനു ആരു പിന്തുണയ്ക്കുന്നു പിന്തുണയ്ക്കുന്നില്ല എന്നത് തന്റെ കാര്യമല്ല. കേസ് എവിടെയെങ്കിലും പാളിപ്പോകുന്നു എന്ന് തോന്നിയാൽ എല്ലാ സ്ഥാനമാനങ്ങളും ഉപേക്ഷിച്ച് അന്ത്യം വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ പൊലീസ് അവരുടെ അന്വേഷണവുമായി മുന്നോട്ടുപോകാട്ടെ. പൊലീസ് അന്വേഷണത്തെ കുറിച്ച് ഇപ്പോൾ എന്തെങ്കിലും പറയുന്നത് പൊലീസിനെ ദുർബലപ്പെടുത്തും. സിബിഐ അന്വേഷണം മുൻപ് ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിൽ എന്തെങ്കിലൂം അപാകത കണ്ടാൽ അപ്പോൾ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ എംഎ‍ൽഎമാരായ മുകേഷ്, അൻവർ സാദത്ത് എന്നിവരുടെ മൊഴി പൊലീസ് നേരത്തെ എടുത്തിരുന്നു. സ്പീക്കറുടെ മുൻകൂർ അനുമതി തേടാതെ എംഎ‍ൽഎ ഹോസ്റ്റലിൽ എത്തി മൊഴിയെടുത്തതിൽ സ്പീക്കർ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് പി.ടി തോമസിന്റെ മൊഴി ഇന്നത്തേക്ക് മാറ്റിയത്.

ന്യൂജെൻ സിനിമാ നിർമ്മാതാവിന്റെ നേതൃത്വത്തിലെ മാഫിയയെയാണ് പിടി തോമസ് ലക്ഷ്യമിടുന്നതെന്നും വ്യക്തം. അതുകൊണ്ട് കൂടിയാണ് മൊഴിയെടുക്കലിൽ നിന്ന് തന്ത്രപൂർവ്വം പിടി തോമസിനെ ഒഴിവാക്കിയത്. എന്നാൽ പിടിയുടെ വാക്കുകളും കേസ് ഡയറിയിൽ ഉണ്ടാകണമെന്ന നിർദ്ദേശം മുഖ്യമന്ത്രിയാണ് പൊലീസ് നൽകിയതെന്നും സൂചനയുണ്ട്. കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങളും ഈ മാഫിയയ്ക്ക് കിട്ടിയെന്ന് പൊലീസും കരുതുന്നു. ഇതിനിടെയാണ് നടിയെ ആക്രമണത്തിനിരയാക്കിയതിന് ശേഷം മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ നശിപ്പിച്ചതായി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ മൊഴി നൽകിയത്. തന്റെ ജൂനിയർ രാജു ജോസഫിനെയാണ് ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ ഏൽപ്പിച്ചിരുന്നത്. പിന്നീട് തിരക്കിയപ്പോൾ മൊബൈൽ കത്തിച്ചുകളഞ്ഞെന്നാണ് പറഞ്ഞതെന്നും പ്രതീഷ് ചാക്കോ പൊലീസിന് മൊഴി നൽകി.

കേസിലെ മുഖ്യ പ്രതിയായ സുനി ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചുവെന്നാണ് മൊഴി നൽകിയത്. ഈ മൊബൈൽ ദിലീപിനെ ഏൽപ്പിക്കണമെന്നും അഭിഭാഷകനോട് പറഞ്ഞിരുന്നതായും സുനി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതീഷ് ചാക്കോയെ വ്യാഴാഴ്ച പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ആലുവ പൊലീസ് ക്ലബിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. ഈ മൊഴി പൊലീസ് പൂർണ്ണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP