Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രക്ഷിച്ചത് 120ലധികം കൊലക്കേസ് പ്രതികളെ; ഗോവിന്ദചാമിയുടെ ശിക്ഷ ജീവപര്യന്തത്തിൽ ഒതുങ്ങും; ജിഷാക്കേസിൽ തെളിവില്ലാത്തതിനാൽ അധികം സമയം കളയേണ്ടി വരില്ല; വിവാഹം കഴിക്കാത്തത് സ്വാതന്ത്ര്യം നിലനിർത്താൻ; പ്രിയ സുഹൃത്ത് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഫ്ട്‌നാവീസും; ജീവിത രഹസ്യങ്ങൾ മറുനാടനോട് തുറന്ന് പറഞ്ഞ് അഡ്വക്കേറ്റ് ആളൂർ

രക്ഷിച്ചത് 120ലധികം കൊലക്കേസ് പ്രതികളെ; ഗോവിന്ദചാമിയുടെ ശിക്ഷ ജീവപര്യന്തത്തിൽ ഒതുങ്ങും; ജിഷാക്കേസിൽ തെളിവില്ലാത്തതിനാൽ അധികം സമയം കളയേണ്ടി വരില്ല; വിവാഹം കഴിക്കാത്തത് സ്വാതന്ത്ര്യം നിലനിർത്താൻ; പ്രിയ സുഹൃത്ത് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഫ്ട്‌നാവീസും; ജീവിത രഹസ്യങ്ങൾ മറുനാടനോട് തുറന്ന് പറഞ്ഞ് അഡ്വക്കേറ്റ് ആളൂർ

അർജുൻ സി വനജ്

കൊച്ചി: മള്ളൂർ വക്കീലും പത്തായിരം രൂപയുമുണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാമെന്നും, കോടതിയിൽ മള്ളൂർ വാദിച്ചാൽ പുഷ്പം പോലെ ഇറങ്ങിവരാമെന്നുമുള്ള മള്ളൂർ ഗോവിന്ദപ്പിള്ളയെന്ന അഭിഭാഷക പ്രമാണിയുടെ കഥ കേരളത്തിന് സുപരിചിതമാണ്. കേരളം ഞെട്ടിത്തരിച്ചുപോയ 2011ലെ സൗമ്യയെന്ന പെൺകുട്ടിയുടെ ക്രൂരമായ കൊലപാതകത്തിൽ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായി വെറും ബലാത്സംഗ കേസ് മാത്രമാക്കി ഒതുക്കിയതോടെ ക്രിമിനലുകൾക്ക് വേണ്ടപ്പെട്ട വക്കീലായി ആളൂർ മാറിക്കഴിഞ്ഞു. ഗോവിന്ദച്ചാമിക്കുവേണ്ടി വാദിക്കാൻ ലക്ഷങ്ങൾ പ്രതിഫലംവാങ്ങി മുംബൈയിൽ നിന്ന് അഭിഭാഷകപ്പട കോടതിയിലെത്തുമെന്നായിരുന്നു പ്രചരണം. എന്നാൽ, ഇതൊക്കെ തെറ്റാണെന്ന് പിന്നാലവെ തെളിഞ്ഞഉ. അഡ്വ. ബി എ ആളൂർ എന്ന ഉത്തരേന്ത്യൻ വക്കീലാണ് എത്തുന്നതെന്ന വിവരം അറിയുന്നത്. പിന്നീടുള്ള അന്വേഷണങ്ങളിൽ വടക്കാഞ്ചേരിക്കടുത്ത് മുള്ളൂർക്കരയിലെ ആളൂർ വീട്ടിൽ ബിജു ആന്റണിയെന്ന അഡ്വ. ബിഎ ആളൂർ ആണ് ഈ 'ഉത്തരേന്ത്യക്കാരൻ വക്കീൽ' എന്ന് തിരിച്ചറിയുന്നത്. ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ആളൂർ മറുനാടനോട് മനസ്സ് തുറക്കുകയാണ്..... 

ബാല്യം, കൗമാരം, പഠനം..?

1971 മെയ് 25 ന് തൃശ്ശൂർ ജില്ലയിലെ കർഷക കുടുംബത്തിൽ ജനനം. നാല് സഹോദരന്മാരും ഒരു സഹോദരിയും ഉണ്ട്. എരുമപ്പെട്ടിയിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. സെന്റ് തോമസ് കോളേജിൽ പ്രിഡിഗ്രി പഠനം. ഈ കാലത്ത് പിതാവ് മരണപ്പെട്ടു. ഡിസ്റ്റൻസ് എഡ്യൂക്കേഷനിലൂടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടി. ജോലിക്കായി പൂണെയിലെ മൂത്തസഹോദരന്റ അടുത്തേക്ക് വണ്ടി കയറി. ചെറുപ്പത്തിൽ നല്ലൊരു ക്രിസ്തീയ വിശ്വാസി ആയിരുന്നു. പക്ഷെ ഇപ്പോൾ ഒരു ദൈവവിശ്വാസി മാത്രമാണ്. ജോലിക്കായി കുറേ അലഞ്ഞു, ഒന്നും കിട്ടിയില്ല. ഈ സമയത്ത് മെറ്റൽ ക്രഷറിൽ സഹോദരന്മാരെ സഹായിച്ച് അവിടെ നിന്ന് ഭാഷ പഠിച്ചു. 1994 ൽ സഹോദരൻ പൂണെയിലെ പ്രശസ്തമായ ഐ.എൻ.എസ് ലോ കോളേജ് കാണിച്ചുതന്നു.

എങ്ങനെ അഡ്‌മിഷൻ എടുക്കും എന്നതിനെക്കുറിച്ച് അറിയുന്നവർ ആരും തന്നെ ഉണ്ടായിരുന്നില്ല പരിചയത്തിൽ. കോളജിലെ എൽഎൽ.എം വിദ്യാർത്ഥികൾക്കും ഇതിനെക്കുറിച്ച് അറിവില്ലായിരുന്നു. തുടർന്ന് 1995 ൽ എൽഎൽ.ബിക്ക് ചേർന്ന്, 98 ൽ കോഴ്സ് പൂർത്തിയാക്കി. നാലഞ്ചുവർഷം പൂണെയിൽ ചിലവഴിച്ച് മറാഠി ഭാഷ പഠിച്ചു. അങ്ങനെ തനി മറാഠിക്കാരനായി. ഈ കാലയളവിൽ ഒരു മറുനാടൻ മലയാളിയുടെ വിഷമങ്ങൾ നേരിട്ട് അനുഭവിച്ചറിഞ്ഞു. ഇത് പിന്നീട് അമിറൂളിന്റേയും ഗോവിന്ദചാമിയുടേയും കേസേറ്റെടുക്കാൻ ഒരു പരിധിവരെ കാരണമായി. എൽഎൽ.ബി പൂർത്തിയാക്കുന്നതുവരെ നിയമവശങ്ങളെക്കുറിച്ചോ, കേസുനടത്തിപ്പിനെക്കുറിച്ചോ പൊലീസ് സ്റ്റേഷനെക്കുറിച്ചു പോലും അറിവുണ്ടായിരുന്നില്ല. തുടർന്ന് ബന്ധുവിന്റെ പരിചയത്തിലുള്ള വടക്കാഞ്ചേരിയിലെ അഡ്വ സതീഷ് കുമാറിന്റെ കീഴിൽ ട്രെയിനിങ് പൂർത്തിയാക്കി, 05.04.1999 ൽ എറണാകുളം ടൗൺ ഹാളിൽ വച്ച് മാസ് എന്റോൾ ചെയ്തു. പിന്നീട് മൂന്ന് വർഷത്തോളം ചെറിയ ചെറിയ സിവിൽ കേസുകളും ക്രമിനൽ കേസുകളും വാദിച്ചു.

മറ്റ് അഭിഭാഷകർ വേറെ കോടതികളിലേക്ക് മാറിപ്പോയതിനാൽ, 2001 ൽ ക്രിമിനൽ കോടതിയുടെ ഉത്തരവാദിത്വം സീനിയർ അഭിഭാഷകൻ ഏൽപ്പിച്ചു. ഈ സമയത്താണ് വേണുഗോപാലൻ തൃശ്ശൂർ കോടതിയിൽ മജിസ്ട്രേറ്റ് ആയി എത്തുന്നത്. കോടതിയിൽ നിയമം മാത്രമേ പറയാൻ പാടുള്ളു എന്നായിരുന്നു അദ്ദേഹത്തിന്റെ നിബന്ധന. ആ കാലത്ത് രാവിലെ 10 മണി മുതൽ അഞ്ചുമണിവരെ കേസ് പഠിച്ച് കോടതി മുറിയിൽ ഇരുന്നു. ഐ.പി.സി, സി.ആർ.പി.സി, എവിഡെൻസ് ആക്ട്് എന്നിങ്ങനെ എല്ലാത്തിനെക്കുറിച്ചും അഴത്തിൽ പഠിക്കുന്നത് അക്കാലത്താണ്. സി.ആർ.പിസിയിൽ 484 എന്ന സെക്ഷൻ ഉണ്ടെങ്കിൽ, ആ സെക്ഷൻ 484 തവണ വായിച്ചിട്ടുണ്ട്. അത്രക്കും, നിയമങ്ങൾ പഠിച്ചു. ഇതാണ് ആ കോടതിയിൽ നിന്ന് എനിക്ക് ഏറ്റവുമധികം പഠിക്കാൻ സാധിച്ചത്.

2001 ൽ തൃശ്ശൂരിലെ പ്രാക്ടീസ് അവസാനിപ്പിച്ച പൂണെയ്ക്ക് വണ്ടി കയറാൻ ഒരുങ്ങുമ്പോൾ, ജസ്റ്റിസ്സ് ചോദിച്ചു: എന്തിനാണ് പൂണെയ്ക്ക് വണ്ടി കയറുന്നത്, ഇവിടെ ലീല ഗ്രൂപ്പിൽ ഞാൻ ജോലി വാങ്ങിത്തരാം എന്ന്. പക്ഷെ അന്ന് അത് നിരാകരിച്ചു.

പ്രണയം, വിവാഹം, കുടുംബം..?

പ്രണയം പല പെൺകുട്ടികളോടും തോന്നിയിട്ടുണ്ട്. അതിലേറെ അവരോട് മറ്റൊരു അറ്റാച്ച്മെന്റാണ് തോന്നിയത്. സ്ത്രീയേയും പുരുഷനേയും ഒരുപോലെ കാണാനാണ് എനിക്ക് ആഗ്രഹം. കരിയറിന് വേണ്ടി വിവാഹം വേണ്ടെന്നുവച്ചു. പക്ഷെ വിവാഹജീവിതത്തോട് വെറുപ്പില്ല. വിവാഹ ജീവിതം തന്നെ വേണമെന്നില്ല, ലീവിങ് ടുഗെദറും ആകാമെന്നാണ് എന്റെ വാദം. ഫ്രണ്ട്ഷിപ്പ് മികച്ച രീതിയിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു. സ്ത്രീകളുടെ ഓവർ പൊസസ്സീവ്നെസ്സ് കണ്ടിട്ടാണ് വിവാഹം കഴിക്കാൻ തോന്നാതിരുന്നത്. സ്വാതന്ത്ര്യത്തെ ഹനിക്കുന്നതിനാൽ ആണ് പ്രധാനമായും വിവാഹം വേണ്ടെന്നു വച്ചത്. ഇപ്പോൾ പ്രണയം പ്രൊഫഷനോട് മാത്രമേ ഉള്ളു...

ആദ്യ കൊലപാതക കേസ്..?

2002 ജനുവരി അഞ്ചാം തിയതി പൂണെയിലെത്തി. 2003 ൽ ആദ്യ കൊലപാതക കേസ് ഏറ്റെടുത്തു. 2004 പൂണെ ജില്ലാ കോടതി ആ കേസിൽ പ്രതികളെ വെറുതെവിട്ടുകൊണ്ട് വിധി പുറപ്പെടുവിച്ചു. ജഡ്ജ്മാർക്ക് വേണ്ടതു കൊടുക്കാൻ കഴിഞ്ഞാൽ കേസ് ഒരു പരിധിവരെ ജയിക്കാമെന്ന് അന്ന് മനസ്സിലാക്കി. ചില അഭിഭാഷകരുടെ വാദം കൊണ്ടാണ് ജയിക്കേണ്ട പല കേസുകളും തോൽക്കുന്നത്. ഇക്കാലത്ത് കേരളത്തിൽ 100 രൂപയായിരുന്നു വക്കാലത്ത് ഫീസ്, പക്ഷേ പൂണെയിൽ 1000 രൂപ കിട്ടി. ഇതോടെ പൂണെയിൽ തന്നെ തുടരാൻ തീരുമാനിച്ചു. ഇന്നുവരെ 150 കൊലപാതക കേസ് വാദിച്ചു. ഇതിൽ വെറും 25 കേസിൽ മാത്രമാണ് തിരിച്ചടി നേരിട്ടത്. അതിൽ ഏറ്റവും വലിയ തിരിച്ചടിയേറ്റത് സൗമ്യകൊലപാതക കേസിലാണ്. 2007 ൽ അമിതാബ് ബച്ചനെതിരെയും തുടർന്ന് അംബാനിക്കെതിരേയും കേസ് വാദിച്ചിട്ടുണ്ട്.

ഈ കാലയളവിലാണ് നല്ല അഭിഭാഷകനോടുള്ള ബഹുമാനം മനസ്സിലാക്കിയത്. അംബാനിയുടെ കേസിൽ അംബാനിക്ക് വേണ്ടി ഹാജരായത് രാംജത്മലാനിയാണ്. കോടതിയിൽ രാംജത്മലാനിയോട്, അങ്ങേക്ക് ഏതു തിയതിയിൽ കേസ് വേണമെന്ന് ജസ്റ്റിസ് എഴുന്നേറ്റുനിന്ന് ചോദിക്കുന്നത് നേരിൽ കണ്ടു. ഇതു കണ്ട് ഞാൻ അദ്ഭുതപ്പെട്ടുപോയി. വികാരത്തിനും പൊതുജനതാൽപര്യത്തിനും വേണ്ടി മാത്രം വിധി പറയുന്ന രീതി ഇന്ന് ജഡ്ജിമാർക്കിടയിൽ നിലനിൽക്കുന്നു. പൊതുവെ ബോംബെ ഹൈക്കോടതിയുടെ കീഴിലുള്ള കോടതികളിലെ കേസാണ് ഏറ്റെടുക്കുന്നത്. ഇപ്പോൾ കേരളത്തിലേയും.

ഗോവിന്ദച്ചാമിയിലേക്ക് എത്തുന്നത്..?

2010 ൽ പനവേൽ ഭാഗത്തുള്ള പിടിച്ചപറിക്കാരുടെ കേസ് കിട്ടി. പിന്നീട് ഇവർക്ക് വേണ്ടി പൂണെയിലും മറ്റ് പ്രദേശങ്ങളിലും ഹാജരായി. പിടിച്ചുപറിയുമായും മോഷണവുമായി നടക്കുന്ന ആളുകളായിരുന്നു അവർ. ഇതിനിടയിലാണ് ഗോവിന്ദച്ചാമിയെ 2011 ഫെബ്രുവരി 4ന് അറസ്റ്റ് ചെയ്യുന്നു. പനവേൽ ഭാഗത്തുള്ള ഈ മോഷ്ടക്കളാണ് എന്നോട് ഗോവിന്ദചാമിയുടെ കേസ് ഏൽപ്പിക്കുന്നത്. ആദ്യം എന്റെ സുഹൃത്ത് പോയി പ്രതിയെ കാണുന്നു. പിന്നീടാണ് ഞാൻ കേരളത്തിലേക്ക് എത്തിയത്. അന്ന് ഗോവിന്ദചാമിക്ക് വേണ്ടി ബോബെയിൽ നിന്ന് അഡ്വക്കേറ്റ് എത്തിയെന്നു പറഞ്ഞ് പലരും വാർത്ത നൽകി. പൊടിപ്പം തൊങ്ങലും വച്ച് മാദ്ധ്യമങ്ങൾ പലതും എഴുതിക്കൂട്ടി. ഇതൊക്കെ ചെറുതായി കേസിനെ നെഗറ്റീവ് ആയി ബാധിച്ചുവെന്നു പറയാതെ വയ്യ. കേസ് 161 ദിവസം വിചാരണക്കോടതിയിൽ. അന്നേ ഉറപ്പായിരുന്നു, കേസിൽ കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്ന്. തുടർന്ന് 11.11.2011 ന് 11 മണി കഴിഞ്ഞ് 11 സെക്കന്റ് ഉള്ളപ്പോൾ കേസിന്റെ വിധി വന്നു. അങ്ങനെയൊരു സമയം ജഡ്ജി തെരെഞ്ഞെടുത്തത് പ്രശസ്തിക്ക് വേണ്ടിയായിരുന്നു. പിന്നീടത് ഹൈക്കോടതിയിലെ 45 ദിവസത്തെ വാദത്തിൽ അത് ചൂണ്ടിക്കാട്ടി. പ്രശസ്തിക്ക് വേണ്ടി വിധിപറയരുതെന്ന് സുപ്രീംകോടതിയും നേരത്തെ വിധിച്ചിരുന്നു.

പ്രതിക്കെതിരെ 430 ചോദ്യങ്ങൾ ചോദിച്ചു. യാഥാർത്ഥത്തിൽ ഇതിൽ ചോദിക്കേണ്ട ചോദ്യങ്ങൾ 95 എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളു. മാത്രമല്ല പ്രതിക്കെതിരെ 95 സാഹചര്യ തെളിവുകളും അപ്പീൽ കോടതി കണ്ടെത്തിയതിനെ തുടർന്നു തൂക്കുകയർ ശരിവച്ചു. വിധിന്യായം 165 പേജുള്ളത് 360 പേജിലേക്ക് ഉയർത്തി. പക്ഷേ പ്രതിക്ക് എന്നിലുള്ള അർപ്പിതമായ വിശ്വാസത്തെ തുടർന്നാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. പ്രോസിക്യൂഷന് വീഴ്ച പറ്റി.. വീഴ്ചപറ്റി.. എന്നാണ് എല്ലാവരും പറയുന്നത്. അവരുടെ വീഴ്ചയാണ് ആളൂരിന് ലോട്ടറിയായത് എന്ന് കൈരളിയടക്കം പറഞ്ഞു. അതായത് ആളൂർ വക്കീൽ ഒന്നും ചെയ്തില്ല എന്ന്. 142 വാദമുഖങ്ങൾ ക്രോഡീകരിച്ച് 26 വാദുഃഖങ്ങളായാണ് ഞാൻ കോടതിയിൽ അവതരിപ്പിച്ചത്. ഇതിൽ ആറാമത്തെ വാദമുഖം കേൾക്കുമ്പോൾ തന്നെ കോടതിക്ക് ബോധ്യപ്പെട്ടു. ഗോവിന്ദചാമി കൊലപാതകം നടത്തിയിട്ടില്ലെന്ന്. 302(കൊലപാതകം) പ്രൂവ് ചെയ്യാൻ പറ്റുന്ന തെളിവുകൾ ഇല്ലെന്ന് കോടതിക്ക് ബോധ്യമായി. സുപ്രീംകോടതിയിലെ റിവ്യൂ ഹർജിയിൽ കോടതിക്ക് മനംമാറ്റം ഉണ്ടാകാൻ വഴിയില്ല. അതിനാൽതന്നെ നിലവിലെ വിധി തന്നെ നിലനിൽക്കും. ജസ്റ്റിസ് പ്രോസിക്യൂട്ടറോട് ഇത് ട്രയൽ കോടതിയല്ല, സുപ്രീം കോടതിയാണ് എന്ന് പറയുന്ന സാഹചര്യം വരെയുണ്ടായി. കൂടുതലായി ഒരു തെളിവും സുപ്രീംകോടതിയിൽ അവർക്ക് ഹാജരാക്കാൻ കഴിഞ്ഞില്ല. ഇത് പ്രോസിക്യൂഷന്റെ വലിയ പരാജയമാണ്.

സൗമ്യ ചാടിയതാണോ ഗോവിന്ദചാമി ഉന്തിയിട്ടതാണോ എന്നതാണ് പ്രധാന വാദം. സാഹചര്യത്തെളിവുകളേക്കാൾ ശാസ്ത്രീയതെളിവുകൾക്കാണ് ഞാൻ പ്രധാന്യം നൽകിയിത്. ഗോവിന്ദചാമി കളവ് നടത്തുകയെന്ന ഉദ്ദേശ്യത്തോടെ ട്രെയിനിൽ കയറിയിരിക്കാം. ഈ സമയം പരിഭ്രമിച്ച് സൗമ്യ പുറത്തേക്ക് ചാടിയിരിക്കാം. ഒരു തമിഴനും തമിഴത്തിയും ട്രെയിനിന്റെ രണ്ടു വാതിലിലൂടെ അങ്ങോട്ടുമിങ്ങോട്ടും ചാടിയെന്ന് സാക്ഷി മൊഴി. ഒന്നാമത്തെ മുറിവ് ട്രെയിനിന്റെ അകത്ത് വച്ച് ഉണ്ടായതാണെങ്കിൽ സൗമ്യ അർദ്ധബോധാവസ്ഥയിൽ ആയി തീർന്നില്ലെയെന്നാണ് സുപ്രീംകോടതി ചോദിച്ചത്. അങ്ങനെ സെമി കോൺഷ്യസ് ആയ സൗമ്യയിൽ നിന്ന് മാലയോ, മൊബൈലോ മോഷ്ടിക്കാതെ സൗമ്യയെ എന്തിന് പുറത്തേക്ക് വലിച്ചെറിയണം..പീഡനമായിരുന്നു ഉദ്ദേശ്യമെങ്കിൽ ട്രെയിനിൽ വച്ച് എന്തുകൊണ്ട് ആയിക്കൂടാ.. അപ്പോഴാണ് പ്രോസിക്യൂഷൻ പറഞ്ഞത്, 24 മുറിവുകളിൽ പന്ത്രണ്ടും പതിമൂന്നും മുറിവുകൾ ഡോർ അടച്ചുപിടിച്ച് വലിച്ചടച്ച് അതിനിടയിൽ കുടുങ്ങിയതാണെന്നാണ്. അങ്ങനെയാണെങ്കിൽ ഒന്നാമത്തെ മുറിവ് പറ്റി അർദ്ധബോധാവസ്ഥയിലായിരുന്ന സൗമ്യ എങ്ങനെ ഡോറിന്റെ അടുത്തേക്ക് എത്തി. ഇതാണ് കോടതി ചോദിച്ച രണ്ടാമത്തെ പ്രധാന ചോദ്യം. അതിനർത്ഥം ആ ഡോറുവരെ സൗമ്യയ്ക്ക് ബോധമുണ്ടായിരുന്നു എന്നാണ്. അങ്ങനെയെങ്കിൽ ഡോറിനടുത്ത് പേടിച്ച് നിന്ന സൗമ്യ ചാടിയതായിരിക്കാം.

അല്ലെങ്കിൽ ഡോറടിച്ച് വീണതായിരിക്കാം. അതുകൊണ്ടായിരിക്കാം ഡോ.കൃഷ്ണകുമാർ ആദ്യം ഇങ്ങനെ എഴുതിയത്. ഓടുന്ന ട്രെയിനിൽ നിന്ന് വീണാലും ഇത്തരത്തിലുള്ള മുറിവുകൾക്ക് സാധ്യതയേറെയാണ്. ഇതാണ് ഡോ.ഷേർളി വാസു മാറ്റി എഴുതിയത്. ഒന്നാമത്തെ മുറിവ് മനപ്പൂർവം ഉണ്ടാക്കിയതാണെന്നും രണ്ടാമത്തെ മുറിവ് തള്ളിയിട്ടപ്പോഴുണ്ടായതാണെന്നും രേഖകൾ മാറ്റിയെഴുതി കോടതിയിൽ സമർത്ഥിച്ചത്. റേപ്പിനെക്കുറിച്ചോ, കടന്നുകയറ്റത്തെക്കുറിച്ചോ, മോഷണത്തെക്കുറിച്ചോ ഒരു വാദം പോലും സുപ്രീംകോടതിയിൽ വന്നിട്ടില്ല. അവിടെ വാദം നടന്നത് തൂക്കിക്കൊല്ലണോ വേണ്ടയോ എന്നുള്ളത് മാത്രമാണ്. അതിനാലാണ് കൊലപാതകമോ, (304) നരഹത്യയോ(302) കാണാതെ അടിച്ചുപരിക്കേൽപ്പിച്ചു(325) എന്നത് മാത്രം കണ്ടത്. റേപ്പ് നടന്നു എന്ന് പ്രോസിക്യൂഷൻ സമർത്ഥിച്ചു എന്ന് പറയുബോൾ അതിൽ കോടതി ഇടപെട്ടിട്ടില്ല എന്നതാണ് സത്യം. കേസിൽ എന്തായാലും 100 ശതമാനം വിജയിക്കുമെന്നാണ് വിശ്വാസം.

ഇനി അഭിമുഖത്തിലേക്ക്...

സൗമ്യ കേസിന് പുറമേ ജിഷ കേസ് ഏറ്റെടുക്കുന്നു. ബണ്ടിച്ചോറിന്റെ കേസ്, എടിഎം കേസ് തുടങ്ങിയ കേസുകളിലെല്ലാം ഹാജരാകുന്നു. സത്യത്തിൽ ഇതെല്ലാം സർക്കാരിന് എതിരെയുള്ള നീക്കമല്ലേ..? കേസുകളല്ലേ..?

ഇതിന് പുറമേ പല പ്രമാദമായ കൊലപാതകക്കേസുകളും ഇപ്പോൾ വരുന്നുണ്ട്. പ്രോസിക്യൂഷന് എതിരായി വരുന്ന കേസുകളെല്ലാം, സർക്കാരിന് എതിരാണ്.

അപ്പോഴല്ലേ ജനങ്ങൾക്ക് ഇങ്ങനെയൊരു സംശയം വരുന്നത്. മഹാരാഷ്ട്രയിൽ പ്രോസിക്യുട്ടർ ആണല്ലോ, അവിടെ ബിജെപി സർക്കാരല്ലേ ഭരിക്കുന്നത്... ബിജെപി പ്രോസിക്യൂട്ടർ ആക്കണമെങ്കിൽ താങ്കൾക്ക് സംഘപരിവാർ അനുഭാവം തീർച്ചയായും കാണും...?

2013 മുതൽ രണ്ടുകേസുകളാണ് മഹാരാഷ്ട്ര സർക്കാരിന് വേണ്ടി വാദിച്ചത്. പല കേസുകളിലും അസിസ്റ്റ് ചെയ്യുന്നുമുണ്ട്. ഹൈക്കോടതിയാണ് എന്നെ പ്രോസിക്യൂട്ടറായി അപ്പോയിന്റ് ചെയ്തത്.

ബിജെപിയുമായുള്ള ബന്ധം എങ്ങനെയാണ്?

ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല. ഇന്നത്തെ പല സർക്കാരുകളേക്കാൾ ഭേദപ്പെട്ട സർക്കാരാണ് മോദിയുടേത് എന്ന് പറയാൻ ഞാൻ അഭിമാനിക്കുന്നു. എന്നുകരുതി ഞാനൊരു ബിജെപിക്കാരനുല്ല. രാഷ്ട്രീയത്തിൽ പല നല്ല നേതാക്കളുണ്ട്. കേരളത്തിലാണെങ്കിൽ മുൻ മുഖ്യമന്ത്രി അച്യുതാനന്ദൻ. ചില കോൺഗ്രസ് നേതാക്കളുമായി അടുപ്പമുണ്ടെങ്കിലും അതിലേറെ കോൺഗ്രസ്സ നേതാക്കൾക്കെതിരെ കേസ് നടത്തിയിട്ടുണ്ട്. സുരേഷ് കൽമാഡി, കേരളത്തിൽ പത്മജ വേണുഗോപാൽ...അങ്ങനെയങ്ങനെ. പക്ഷെ ബിജെപിയായിട്ട് ഇതുവരെ ഉരസേണ്ടതായി വന്നിട്ടില്ല. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവീസുമായി നല്ല അടുപ്പമാണ്. മികച്ച സുഹൃത്തുക്കളാണ് ഞങ്ങൾ. മോദിയുമായോ അമിത് ഷായുമായോ ഇന്നുവരെ സംസാരിക്കേണ്ടതായി വന്നിട്ടില്ല.

പൊതുജനത്തിന് മുന്നിൽ ആളുരിന് ഒരു ഭീകരമുഖമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്കും അമ്മമാർക്കുമിടയിൽ. എപ്പോഴെങ്കിലും അത് അവർ മുഖത്ത് നോക്കി പറഞ്ഞാൽ എന്താകും പ്രതികരണം...?

(രണ്ടുനിമിഷത്തെ ആലോചനയ്ക്ക് ശേഷം) സ്ത്രികൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമം തടയാനാണ് പോസ്‌കോ എന്ന നിയമം വരുന്നത്. എന്നാൽ നിയമം നടപ്പാക്കുന്നതിലാണ് വീഴ്ചയുണ്ട്. സ്ത്രീകളുടെ പ്രതികരണത്തെ കാര്യമാക്കേണ്ടതില്ല.

പണ്ടു മള്ളൂരായിരുന്നു, ഇപ്പോൾ ആളൂരും പണവും ഉണ്ടെങ്കിൽ എന്തും ആവാമെന്ന അവസ്ഥയിലാണ് .?

കുറ്റം ചെയ്തവർ ചിന്തിക്കുന്നത് നമുക്ക് എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നാണ്. അതിന് ഏതറ്റം വരെയും പോകാൻ അവർ തയ്യാറാണ്. കുറ്റം ചെയ്യുന്നത് പല സാഹചര്യങ്ങൾക്കും അടിമപ്പെട്ടാണ്. കുറ്റം തടയുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. എന്റെ കക്ഷിയെ വിജയിപ്പിക്കുക എന്നത് എന്റെ ഉത്തരവാദിത്വവും.

ചെയ്യുന്നത് തെറ്റാണ് എന്ന് എപ്പോഴെങ്കിലും കുറ്റബോധം തോന്നിയിട്ടുണ്ടോ..?

ഒരാൾ ഒരു അഭിഭാഷകനെ കാണുമ്പോൾ, ആ കേസ് ഏറ്റെടുക്കാതിരിക്കാൻ തക്കതായ കാരണം വേണമെന്നാണ് സുപ്രീംകോടതിയും ബാർ കൗൺസിലും രാജത്മലാനിയെപ്പോലുള്ള സീനിയർ അഭിഭാഷകരും പറയുന്നത്. അവിടെ കുറ്റബോധത്തിന്റെ ആവശ്യം ഇല്ല.

ഒരു അഭിഭാഷകൻ എന്നതിനപ്പുറം, മാനുഷിക പരിഗണന എന്നതില്ലേ..? ചെയ്യുന്നത് തെറ്റാണെന്ന് ഉറങ്ങാൻ കിടക്കുമ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..?

ആര് അടുത്തുവന്നാലും അവരെ വിജയിപ്പിക്കുക എന്നതാണ് ലക്ഷ്യം. അത് പ്രതി ആണെങ്കിലും പ്രോസിക്യൂഷന് വേണ്ടിയാണെങ്കിലും.

ഫീസ് എത്രയാണ്..?

അത് പറയാൻ പറ്റില്ല. ഏറ്റവുമധികം ഇൻകം ടാക്സ് അടയ്ക്കുന്നത് അഭിഭാഷകരാണ്. സമയത്തിന് അനുസരിച്ച ഫീസ് വാങ്ങുന്നുണ്ട്.

എങ്ങനെയാണ് കേസ് സ്റ്റഡി ചെയ്യുന്നത്?

ഒരു അഭിഭാഷകൻ വക്കാലത്ത് ഏറ്റെടുത്താൽ അതിന്റെ കുറ്റപത്രം പൂർണ്ണമായും വായിച്ച് മനസ്സിലാക്കി, അതിൽ എന്തെല്ലാം പഴുതുകളുണ്ടെന്ന് ആദ്യം മനസ്സിലാക്കണം. സാക്ഷിമൊഴികൾ കൃത്യമായി പഠിക്കണം. കേസ് നടത്തിപ്പിലെ ഏറ്റവും പ്രധാനികൾ ട്രയൽ കോടതിയിലെ അഭിഭാഷകർ. കേസ് കൃത്യമായി പഠിക്കാത്തതാണ് സൗമ്യ കേസിലെ പ്രോസിക്യൂഷന്റെ പ്രധാന വീഴ്ച. ഈ കേസിൽ മജിസ്ട്രേറ്റ് കോടതി മുതൽ സുപ്രീം കോടതിവരെ കേസ് നടത്താൻ എനിക്കായി. ഇത് വളരെ വിരളമാണ്. ഏറ്റവും കൂടുതൽ സമയം കേസ് പഠിക്കാനായി മാറ്റിവച്ചത് സൗമ്യ കേസിലാണ്.

ജിഷ കേസിൽ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആ കേസിൽ താങ്കൾക്ക് വിജയിക്കാൻ സാധിക്കുമോ..?

ഉത്തരം: കുറ്റപത്രം ഞാൻ വായിച്ചിട്ടില്ല. പൊതുവെയുള്ള അറിവ് വച്ച് കേസിൽ ശക്തമായ തെളിവുകൾ ഇല്ലെന്നാണ് അറിവ്. പക്ഷെ ഈസിയായി ജയിക്കാം എന്ന് വിശ്വസിക്കുന്നില്ല. ശക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ നമ്മുടെ പ്രയത്നം കുറച്ച് കുറയും. ചുരുക്കത്തിൽ പറഞ്ഞാൽ 175 സാക്ഷികൾ ഉള്ള കേസായതിനാൽ അതിന് വേണ്ടി കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുമെന്ന് മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP