Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാരിക്കോരി കൊടുത്ത ഉമ്മൻ ചാണ്ടിയെ പോലും അടുപ്പിക്കാതെ പിണറായിയെ പ്രധാന ചടങ്ങുകളിൽ എല്ലാം വിളിച്ചു സുഖിപ്പിച്ച കത്തോലിക്കാ സഭയ്ക്ക് തിരിച്ചടി; പോട്ടയിൽ പോയും കോട്ടയത്തു പോയും സഭാ സ്തുതി നടത്തിയതിനെതിരെ ഉണ്ടായ എതിർപ്പിനുള്ള പ്രായശ്ചിത്തം; മുഖത്ത് നോക്കി കോഴക്കാരെന്ന് വിളിച്ച് മെത്രാന്മാർക്ക് മുഖ്യമന്ത്രി പണി കൊടുത്തത് കരുതിക്കൂട്ടി തന്നെ

വാരിക്കോരി കൊടുത്ത ഉമ്മൻ ചാണ്ടിയെ പോലും അടുപ്പിക്കാതെ പിണറായിയെ പ്രധാന ചടങ്ങുകളിൽ എല്ലാം വിളിച്ചു സുഖിപ്പിച്ച കത്തോലിക്കാ സഭയ്ക്ക് തിരിച്ചടി; പോട്ടയിൽ പോയും കോട്ടയത്തു പോയും സഭാ സ്തുതി നടത്തിയതിനെതിരെ ഉണ്ടായ എതിർപ്പിനുള്ള പ്രായശ്ചിത്തം; മുഖത്ത് നോക്കി കോഴക്കാരെന്ന് വിളിച്ച് മെത്രാന്മാർക്ക് മുഖ്യമന്ത്രി പണി കൊടുത്തത് കരുതിക്കൂട്ടി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വിദ്യാഭ്യാസ കച്ചവടത്തിൽ ക്രിസ്ത്യൻ മാനേജുമെന്റുകൾക്കെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രി പിണറായി വിജയന് മുമ്പിൽ പ്രതിസന്ധിയിലാവുകയാണ് കത്തോലിക്കാ സഭ. മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ സ്വഭാവം അറിയില്ലെന്നും കേരളത്തിലേയും ഭാരതത്തിലേയും വിദ്യാഭ്യാസ മേഖലയിൽ സഭകൾക്കും സ്വാശ്രയ മാനേജ്മെന്റുകൾക്കുമുള്ള സ്ഥാനം നിഷേധിക്കാനാകില്ലെന്നും പറഞ്ഞ് തടിതപ്പുകയായിരുന്നു സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മോർ ജോർജ് ആലഞ്ചേരി. കോഴിക്കോട് ദേവഗിരി കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവെയാണ് ക്രിസ്ത്യൻ മാനേജ്മെന്റുകൾക്കും സ്വാശ്രയ സ്ഥാപനങ്ങൾക്കും എതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനം നടത്തിയത്. വിദ്യാഭ്യാസം കച്ചവടമാക്കുന്നതിൽ ആദ്യം മുഖം തിരിഞ്ഞ് നിന്നവരായിരുന്നു ക്രിസ്ത്യൻ മാനേജ്മെന്റുകൾ. എന്നാൽ അവർ ഇപ്പോൾ കച്ചവടക്കാരായി മാറിയെന്നും അപൂർവം ചിലർ മാത്രമാണ് അതിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

മുഖ്യമന്ത്രിയെ ഒപ്പം നിർത്തി സുഹൃത്താക്കാനുള്ള നീക്കമാണ് ക്രൈസ്തവ മാനേജ്‌മെന്റുകൾ നടത്തിയിരുന്നത്. യുഡിഎഫ് നേതാക്കളെ പോലും അടുപ്പിക്കാതെയായിരുന്നു ഈ ബോധപൂർവ്വമായ നീക്കം. ഏറെ വിമർശനം കേൾക്കേണ്ടി വന്നിട്ടും സഭക്കു വേണ്ടതൊക്കെ ചെയ്തു കൊടുത്ത യുഡിഎഫ് കടുത്ത പ്രതിസന്ധിയിലുമായി. മെഡിക്കൽ കോളേജുകൾ, എഞ്ചിനീയറിങ്ങ് കോളേജുകൾ, എയിഡ്സ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വാശ്രയ വിദ്യാലയങ്ങൾ വാരി കോരി കൊടുത്ത രാഷ്ട്രീയ നോതാക്കളെയും സഭയിലെ തന്നെ മുതിർന്ന ജനനേതാക്കളെയും പൂർണ്ണമായും അവഗണിച്ചു. ഇവരെയൊക്കെ കാരുണ്യ വർഷ സമാപന സമ്മേളനത്തിലേക്ക് ക്ഷണിക്കാതെ പിണറായി വിജയനെ മാത്രം ക്ഷണിക്കുക പോലും ചെയ്തു. ഇവിടെ ക്രൈസ്തവ സഭയ്‌ക്കൊപ്പം നിന്നാണ് പിണറായി സംസാരിച്ചത്. ''നികൃഷ്ട ജീവി'' പദപ്രയോഗം തന്നെ വ്യക്തിയാണ് പിണറായി. എന്നിട്ടും പിണറായിയെ ആദരിച്ച കത്തോലിക്ക മെത്രാൻ സമിതിയിലെ മെത്രാൻ ഇപ്പോൾ പിണറായിക്കെതിരെ പ്രതികരിക്കാനാവാതെ ധർമ്മ സങ്കടത്തിലാണ്. ദേവഗിരിയിൽ അത്രയധികം വിമർശനമാണ് പിണറായി നടത്തിയത്.

ചാലക്കുടിയിലെ ഡിവൈൻ ധ്യാന കേന്ദ്രത്തിലെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടകനും പിണറായി തന്നെയായിരുന്നു. പിണറായിയുടെ ഈ രണ്ടു ചടങ്ങുകളും അടുത്ത നാളിൽ നടന്ന സിപിഐ(എം) കമ്മറ്റി ചർച്ചകളിൽ കടുത്ത പ്രതിഷേധത്തിനിടയാക്കി. സഭാ നേതാക്കൾക്ക് മുന്നിൽ മുട്ടുമടക്കരുതെന്നായിരുന്നു സിപിഐ(എം) നിലപാട്. എന്നും പിണറായി ഈ പക്ഷക്കാരനുമായിരുന്നു. എന്നാൽ സ്വാശ്രയ കോളേജുകളിൽ കോഴ വാങ്ങുന്നതിനു കൂട്ടുനിൽക്കുന്ന മെത്രാൻ സമിതിയുടെ ചെയ്തികളെ ന്യായീകരിക്കുകയാണ് കാരുണ്യവർഷത്തിലേയും പോട്ടയിലേയും സമ്മേളനങ്ങളിലെ പിണറായി സാന്നിദ്ധ്യം എന്നായിരുന്നു സിപിഐ(എം) യോഗത്തിൽ ഉയർന്ന വികാരം. ഇക്കാര്യം ചില മുതിർന്ന നേതാക്കൾ പിണറായിയെ ധരിപ്പിച്ചു. പാർട്ടിയിലെ ഈ വികാരം കണക്കിലെടുത്താണ് കത്തോലിക്ക സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോഴയും പ്രവേശ ഫീസും ഒക്കെ വാങ്ങുന്നുണ്ടെന്നും അതു തിരുത്തപ്പെടേണ്ടതാണെന്നും പിണറായി തുറന്നടിച്ചത്.

ചില തെളിവുകളും വിശദാംശങ്ങളും ഈ നേതാക്കൾ പിണറായിക്ക് കൈമാറി. ഇത് ഇത്തരത്തിലുള്ളതായിരുന്നു. കത്തോലിക്ക സഭ നടത്തുന്ന സ്ഥാപനങ്ങളിലെ ഡൊണേഷൻ പ്രത്യേക രീതിയിലാണ് വാങ്ങുന്നത്. +2 അഡ്‌മിഷന് സയൻസ് വിഷയങ്ങൾക്ക് അഡ്‌മിഷൻ ലഭിക്കാൻ 20, 000 മുതൽ 60, 000 വരെ പള്ളി വക സ്‌കൂളുകൾ വാങ്ങുന്നു. നിശ്ചയിച്ചു വച്ച പണം ഇടവക വികാരിയുടെ നേതൃത്വത്തിൽ പള്ളിയിലെ നേർച്ചപ്പെട്ടിയിൽ എണ്ണി തിട്ടപ്പെടുത്തി ഇടുകയും അങ്ങനെ ചെയ്യുന്നതിന്റെ തൊട്ടടുത്ത ദിവസം വിദ്യാർത്ഥിക്ക് അഡ്‌മിഷൻ നൽകുകയുമാണ് ചെയ്യുന്നത്. പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി രൂപതകളിലാണ് ഇത് വ്യാപകം. സാധാരണ ആഴ്ചകളിൽ 2000 രൂപ പോലും നേർച്ചപ്പണ വരവില്ലാത്ത പള്ളികളിൽ സ്‌കൂൾ കോളേജ് അഡ്‌മിഷൻ കാലഘട്ടത്തിൽ നേർച്ചപ്പെട്ടിയിലെ വരവ് 50, 000 മുതൽ 5 ലക്ഷം വരെയാണ്. നേർച്ചപ്പണമാതിനാൽ ബക്കറ്റു പിരിവു പോലെ കണക്കെടുക്കേണ്ടതില്ല. ആരിൽ നിന്നു വാങ്ങി എന്നു വ്യക്തമാക്കേണ്ടതുമില്ല. ഇത്തരത്തിലാണ് തട്ടിപ്പ് നടക്കുന്നതെന്നാണ് പിണറായിയോട് ബന്ധപ്പെട്ടവർ വിശദീകരിക്കുന്നത്.

5 വർഷങ്ങൾക്ക് മുൻപ് പാലാ രൂപതയുടെ കീഴിലുള്ള ഒരു കോളേജിലേക്കുള്ള അദ്ധ്യാപക നിയമനത്തിനായി 30 ലക്ഷം രൂപ വാങ്ങുകയും ഇതിനെ ചില വൈദികർ തന്നെ ചോദ്യം ചെയ്തതിനാൽ തിരിച്ചു കൊടുക്കേണ്ടി വരുകയും ചെയ്ത വിവാദവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ വിവാദത്തിന് ശേഷമാണ് നേർച്ചപ്പെട്ടി കോഴ പണം ഇടാനുള്ള വേദിയാക്കിയത്. സ്വാശ്രയ കോളേജുകളുടെ ആരംഭം മുതൽ നാളിതുവരെയുള്ള വരവ് ചെലവ് കണക്കുകൾ പഠനവിധേയമാക്കിയാൽ തന്നെ കോഴപ്പണത്തിന്റെ ശ്രോതസ്സ് അറിയാൻ കഴിയുമെന്നും മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. അഴിമതി/ നിയമവിരുദ്ധ നടപടികൾ എവിടെയെങ്കിലും നടന്നു എന്ന വിവരം ഏതെങ്കിലും വിധത്തിൽ അഴിമതി നിരോധന വിജിലൻസ് പള്ളിയിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ മുന്നിലെത്തിയാൽ പത്രവാർത്ത പോലും ആകാതെ തെളിവ് ശേഖരിക്കണമെന്നാണ് നിയമം. ഇത് ക്രൈസ്തവ മാനേജ്‌മെന്റുകൾക്കെതിരെ പ്രയോഗിക്കണമെന്ന നിലപാടുകാരും സിപിഎമ്മിലുണ്ട്.

കേരളത്തിലെ സകല സെൽഫ് ഫിനാൻസിങ്ങ് കോളേജുകളുടെയും ആരംഭം മുതലുള്ള വരുമാന ചിലവു കണക്കുകളെടുത്താൽ കേരളത്തിലെ മിക്ക മെത്രാന്മാരും പ്രതിസന്ധിയിലാകുമെന്നാണ് ഇവരുടെ വാദം. കാരണം അവർക്കൊക്കെ ഇത്തരം സെൽഫ് ഫിനാൻസിങ്ങ് സ്ഥാപനങ്ങളുണ്ട്. അവിടെയൊക്കെ തീവെട്ടിക്കൊള്ള നടക്കുന്നുമുണ്ട്. എം. ജി. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കുട്ടിക്കാനം മരിയൻ കോളേജിൽ ബിബിഎ അഡ്‌മിഷനു വാങ്ങുന്ന തലവരിപണം 50, 000 മുതൽ 3 ലക്ഷം വരെയാണ്. സിഎംഐ വൈദികർ നടത്തുന്ന ചില കോളേജുകളിലെ തലവരിപണം ഒരു ലക്ഷം രൂപ മുതൽ മുകളിലോട്ടാണ്. പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന പാലാ സെന്റ് തോമസ് ഹൈസ്‌കൂളിലെ +1 അഡ്‌മിഷന് പാലാ കത്തീഡ്രൽ പള്ളി വികാരി പോക്കറ്റിലിട്ടത് 10, 000 രൂപയായിരുന്നു. രേഖയില്ല കണക്കില്ല രസീതില്ല. ഈ പതിനായിരം രൂപ പള്ളി കണക്കിലുമെത്തിയില്ല-ഇങ്ങനെ നീളുന്നു ആരോപണങ്ങൾ. കത്തോലിക്ക സഭയുടെ കീഴിലെ എയിഡ്സ് സ്‌കൂളുകളിലെയും കോളേജുകളിലെയും അദ്ധ്യാപക നിമനത്തിലും ലക്ഷങ്ങൾ കൈലാകുന്നുണ്ടെന്നും സർക്കാർ ശമ്പളം നൽകുന്ന ഇത്തരം സ്ഥാപനങ്ങളിലെ നിയമനത്തിൽ യാതൊരു സുതാര്യതയുമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇങ്ങനെ നിയമിക്കുന്നിൽ ഭൂരിപക്ഷവും അതാത് അരമനകളിലെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന വികാരി ജനറാൾ, ചാൻസിലർ, പ്രൊക്കുറേറ്റർ എന്നിങ്ങനെ വഹിക്കുന്ന വൈദികരുടെ അടുത്ത ബന്ധുക്കൾക്കാണ് ലഭിക്കുന്നത്. സത്യത്തിൽ ഇതും ബന്ധുനിയമന അഴിമതി തന്നെയാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസികൾ നടത്തിയ അദ്ധ്യാപക നിയമനത്തിന്റെ വിശദാംശങ്ങൾ എടുത്താൽ ഈ ബന്ധുജന നിയമന വിവാദം പുറത്തവരും. പ്രതിമാസം 25, 000 മുതൽ 40, 000 വരെയാണ് ഇങ്ങനെ ബന്ധുജന നിയമനത്തിലൂടെ എയിഡ്സ് സ്‌കൂളുകളിൽ അദ്ധ്യാപരാകുന്നവരുടെ ആരംഭ ശമ്പളം. സഭാ സമൂഹത്തെല അർഹതപ്പെട്ടവരെല്ലാം ലിസ്റ്റിനു വെളിയിലും. സ്വാശ്രയ കോളേജുകളിലെ അഴിമതികൾ അന്വേഷിച്ചാൽ കത്തോലിക്കാ സഭയുടെ ഒട്ടുമുക്കാൽ സ്ഥാപനങ്ങളും പ്രതികളാകും. ഇതൊക്കെ മുന്നിൽ കണ്ടായിരുന്നു സഭയുടെ ആത്മീയ പരിപാടിയായ കാര്യവർഷ സമാപനത്തിൽ വരെ പിണറായിയെ പങ്കെടുപ്പിക്കാൻ സ്ഥാപിത താൽപ്പര്യക്കാരായ സഭാ പിതാക്കൾ ഏകപക്ഷീയമായി നിശ്ചയിച്ചത്. ഇത് വിജയിച്ചെന്ന സൂചനയും വന്നു. ഇത് മനസ്സിലാക്കിയാണ് സിപിഐ(എം) നേതാക്കളിലെ ഉന്നതർ ക്രൈസ്തവ ചടങ്ങുകളിലെ പുകഴ്‌ത്തൽ രാഷ്ട്രീയം വിനയാകുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചത്. ഏറ്റുമാനൂർ തെള്ളകത്തു നടന്ന പരിപാടിയിൽ പിണറായിയെ പങ്കെടുപ്പിക്കുന്നതിൽ പ്രതിഷേധിച്ച് പാലാ ചങ്ങനാശ്ശേറി രൂപതകൾ വിട്ടു നിന്നിരുന്ന കാര്യവും ധരിപ്പിച്ചു.

രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന കാർഷിക മേളയിൽ പാലാ മെത്രാനോടൊപ്പം വരും ദിവസങ്ങളിൽ വേദി പങ്കിടുകയാണ്. പാലാ മെത്രാന്റെ ഈ പരിപാടിയിൽ പിണറായിയെ പങ്കെടുപ്പിക്കുന്നതിന് രൂപതയിലെ ഭൂരിപക്ഷം വൈദികരും എതിർക്കുകയാണ്. വൈദികരുടെ എതിർപ്പിനെ മറി കടന്നാണ് പാലാ മെത്രാൻ പിണറായിയെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നത്. ഇതിനിടെ പിണറായി കത്തോലിക്കാ മെത്രാന്മാരുടെ പണപിരിവിനെതിരെ രംഗത്തു വന്നിരിക്കുന്നത് പ്രശ്‌നം കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഇക്കാര്യവും പാർട്ടി നേതൃത്വം പിണറായിയെ ധരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പിണറായിയുടെ പാലാ സന്ദർശനം പോലും സംശയത്തിലായിരിക്കുന്നു. സഭയുടെ ഉന്നതാധികാര സമിതികളിൽ നിന്നും സഭാ വിശ്വാസികളായ നേതാക്കളെയും ജനപ്രതിനിധികളെയും അൽമായ പ്രവർത്തകരെയും ഒഴിവാക്കുന്നതും സജീവ ചർച്ചയായി മാറുകയാണ്. അതുകൊണ്ട് തന്നെ മെത്രാന്മാരെ പിന്തുണയ്ക്കുരുതെന്നാണ് മുഖ്യമന്ത്രിയോട് പല അടുപ്പക്കാരും നിർദ്ദേശിച്ചിരിക്കുന്നത്.

കേരള കോൺഗ്രസ്സുകൾ ഒന്നുമില്ലാത്ത കഴിഞ്ഞ 30 വർഷത്തിനിടയിലെ ആദ്യ സംസ്ഥാന ഭരണം മെത്രാന്മാരുടെ ഉറക്കം കൊടുത്തുന്നു. അവർ ആഗ്രഹിച്ചതു പോലെയൊന്നും കാര്യങ്ങൾ മുന്നോട്ടു പോകുന്നില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുമായി ചങ്ങാത്തം കൂടാനുള്ള ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP