Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

5 കോടിയുടെ മുക്കുപണ്ടപ്പണയ തട്ടിപ്പ് കേസിലെ പ്രതികളെ സംരക്ഷിച്ചത് ആലുപ്പുഴ ഡിസിസി പ്രസിഡന്റോ? അറസ്റ്റിലായ പ്രതികളിലൊരാൾ എഎ ഷുക്കൂറിന്റെ അടുത്ത ബന്ധു; കോൺഗ്രസ് നേതാവിനെതിരെ ആക്ഷേപവുമായി എ ഗ്രൂപ്പ്

5 കോടിയുടെ മുക്കുപണ്ടപ്പണയ തട്ടിപ്പ് കേസിലെ പ്രതികളെ സംരക്ഷിച്ചത് ആലുപ്പുഴ ഡിസിസി പ്രസിഡന്റോ? അറസ്റ്റിലായ പ്രതികളിലൊരാൾ എഎ ഷുക്കൂറിന്റെ അടുത്ത ബന്ധു; കോൺഗ്രസ് നേതാവിനെതിരെ ആക്ഷേപവുമായി എ ഗ്രൂപ്പ്

സോഹൻ ആന്റണി

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ മുക്കുപണ്ടം പണയ തട്ടിപ്പ് നടത്തിയ കേസിലെ ഒളിവിൽ കഴിഞ്ഞരുന്ന പ്രതികളെ സംരക്ഷിച്ചത് ഉന്നത കോൺഗ്രസ് നേതാവെന്ന ആക്ഷേപം ശക്തമാകുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായിയും ആലപ്പുഴ ഡിസിസിയുടെ പ്രസിഡന്റുമായ എഎം ഷുക്കൂറിന് നേരെയാണ് ആരോപണമുയരുന്നത്. പ്രതികളെ പിടികൂടാൻ പൊലീസ് വൈകിയതിന് പിന്നിൽ കോൺഗ്രസ് നേതാവിന്റെ ഇടപെടൽ ഉണ്ടത്രേ. ആഭ്യന്തരമന്ത്രിയുമായുള്ള അടുത്ത ബന്ധമുപയോഗിച്ച് കേസ് അട്ടിമറിക്കാനും ശ്രമിച്ചുവെന്ന പരാതിയാണ് ഉയരുന്നത്. ഏതായാലും ഷുക്കൂറിന്റെ അടുത്ത ബന്ധുക്കളാണ് കേസിൽ പിടിയിലാവരെന്ന വ്യക്തമായ സൂചന മറുനാടൻ മലയാളിക്ക് ലഭിച്ചു.

പ്രതികൾ രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം ഒരുക്കിയാണ് ക്രൈംബ്രാഞ്ചിന് കീഴടങ്ങിയതെന്നാണ് സൂചന. മുഖ്യ പ്രതിയും പുതുമ ജൂവലറി ഉടമയുമായ ഷംസുദീനെ (62) ലോക്കൽ പൊലീസ് നേരത്തേ അറസ്റ്റു ചെയ്തിരുന്നു. ഇതേ തുടർന്ന് ഒളിവിൽ പോയ ഷംസുദീന്റെ മക്കളായ പി എസ് ഷാങ് (32), പിഎസ് ഷാൻ (31) ഇവരുടെ ബന്ധു വി എസ് ഷാജി (47) എന്നിവരെയാണ് എറണാകുളം ക്രൈം ബ്രാഞ്ച് സിഐസി, സാമ്പത്തീക കുറ്റന്വേഷ്ണ വിഭാഗം ഡിവൈ എസ് പി വൈ ആർ റസ്റ്റത്തിന്റെ നേത്യത്വത്തിൽ അറസ്റ്റു ചെയ്തത്. ഇവരെ സംരക്ഷിച്ചത് ഉന്നത കോൺഗ്രസ് നേതാവാണെന്ന വാദമാണ് ശക്തമാകുന്നത്. ലോക്കൽ പൊലീസിൽ അന്വേഷണം ഒതുക്കാനുള്ള ശ്രമം പൊളിഞ്ഞതോടെയാണ് അറസ്റ്റുണ്ടായത്. കോടതി ഇടപെട്ടതോടെയാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് എത്തിയത്.

പ്രതികളെ കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഒളിസങ്കേതത്തിൽ നിന്ന് രാത്രി ഒരേ സമയം റെയ്ഡ് നടത്തി പിടികുടുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. എന്നാൽ ഒളിസങ്കേതങ്ങൾ എവിടെയാണെന്ന് ക്രൈംബ്രഞ്ച് ഉദ്യോഗസ്ഥർ പറയുന്നില്ല. പ്രതികളെ സംരക്ഷിച്ചു പോകരുന്നത് ഭരണ പക്ഷത്തെ പ്രമുഖരാണെന്നുള്ള ആരോപണം തുടക്കം മുതലേ ഉണ്ടായിരുന്നു. ആലപ്പുഴ ഡിസിസി പ്രസിഡന്റും കോൺഗ്രസ് നേതാവുമായ എ എ ഷുക്കൂറിന്റെ സഹോദരിയുടെ മകളെയാണ് പ്രതിയായ പിഎസ് ഷാങ് വിവാഹം കഴിച്ചിരിക്കന്നത്. ഈ ബന്ധമാണ് പ്രതികളെ സംരക്ഷിച്ചുപോന്നിരുന്നതെന്നായിരുന്നു ആരോപണം. ക്രൈംബ്രാഞ്ചുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് പ്രകാരമാണ് പ്രതികൾ കീഴടങ്ങിയതെന്ന ആക്ഷേപം കോൺഗ്രസിലെ എ വിഭാഗവും ഉയർത്തുന്നുണ്ട്.

ഇത് ശരിവക്കുന്ന രീതിയിലായിരുന്നു പൊലീസ് അന്വേഷണവും 5.10 കോടി രൂപയുടെ വൻകിട തട്ടിപ്പ് നടത്തിയ സംഭവം അന്വേഷിക്കേണ്ടത് ക്രൈംബ്രാഞ്ചയായിരുന്നുവെങ്കിലും പിറവം സിഐയുടെ നേതൃത്വത്തിലുള്ള ലോക്കൽ പൊലീസിൽ അന്വേഷണം അവസാനിപ്പിക്കാനായിരുന്നു നീക്കം. എന്നാൽ പ്രശ്‌നങ്ങൾ രൂക്ഷമാവുകയും പ്രതികൾക്ക് രക്ഷപെടാൻ സാഹചര്യം ഉണ്ടാവുകയും ചെയ്തതോടെ കീച്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് എം എസ് ഹമീദ്കുട്ടി ഹൈക്കോടതിയെ സമീപിക്കുകയും കേസ് ക്രൈം ബ്രാഞ്ചിന് വിടുകയുമായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്നു. ഇതിനിടെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ കാഞ്ഞിരമറ്റത്തെ വസതിയിൽ എത്തിയിരുന്നതായി നാട്ടുകാർ പൊലീസിൽ അറിയിച്ചിരുന്നെങ്കിലും അന്വേഷ്ണ ഉദ്യോഗസ്ഥർ ആരും തന്നെ ആ ഭാഗത്തേക്ക് പോലും വന്നിരുന്നില്ല.

ഇതോടെ കേസന്വേഷണം ക്രൈം ബ്രാഞ്ചും അവസാനിപ്പിച്ചെന്ന് കരുതിയിരിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി ഒളിവിൽ കഴിയുന്ന പ്രതികളെ സാഹസികമായി പിടിക്കുടിയെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നത്. പ്രതികൾ മൂവരും കേരളത്തിന് പുറത്തായിരുന്നുവെന്നും പെരുന്നാൾ പ്രമാണിച്ച് എത്തിയപ്പോൾ പിടിക്കുടിയെന്നുമാണ് അന്വേഷ്ണ സംഘം പറയുന്നത്. എന്നാൽ ആലപ്പുഴയിൽ തന്നെ പ്രതികളെ സംരക്ഷിച്ചിരുന്നതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളുമായി ഇതിനിടെ പ്രതികൾക്ക് വേണ്ടി ചർച്ചയും നടത്തിയിരുന്നു. സംഭവത്തിന്റെ ആദ്യഘട്ടത്തിലുള്ള പ്രതിഷേധം അടങ്ങിയതിനെ തുടർന്ന് നിയമ വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം പ്രതികൾ കീഴടങ്ങിയതാണ് വിവരം. റിമാൻഡിലായ പ്രതികൾക്ക് ഇനി ജാമ്യം ലഭിക്കുന്നതോടെ കേസ് അതിന്റെ വഴിക്ക് പോകുമെന്നും പിന്നീട് രക്ഷപെടാനുള്ള അവസരങ്ങൾ ലഭിക്കുമെന്നുമാണ് നിയമ വിദഗ്ധരിൽ നിന്നും പ്രതികൾക്ക് ലഭിച്ച ഉപദേശം. ഇതേ തുടർന്ന് ക്രൈംബ്രാഞ്ചിന് കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം.

സഹകരണ ബാങ്കിലും യോഗക്ഷേമം ഫിനാൻസിലും പണയം വച്ച് കോടികൾ തട്ടുന്നതിനുള്ള മുക്കുപണ്ടം തൃശൂരിൽ നിന്നും കൊച്ചിയിൽ നിന്നുമായാണു വാങ്ങിയതെന്നു പ്രതികൾ സമ്മതിച്ചു. റിയൽ എസ്റ്റേറ്റ് ബിസിനസിനും ആഡംബര കാർ വാങ്ങാനുമായാണു പണം ചെലവഴിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. അതേ സമയം പ്രതികളെ മുക്കു പണ്ടം പണയം വെക്കാൻ സഹായിച്ചിരുന്ന അരയൻകാവ് യോഗക്ഷേമം ഫിനാൻസ് ലിമിറ്റഡിലെ മാനേജരായ ഉദ്യോഗസ്ഥയെ ഇതുവരെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിട്ടില്ല. ഇതുവരെ ചോദ്യം ചെയ്യാൻ പോലും ക്രൈം ബ്രഞ്ചും മെനക്കെട്ടില്ല. യോഗ ക്ഷേമത്തിൽ നിന്ന് മൂന്നരക്കോടി രൂപയാണ് മുക്കുപണ്ടം പണയപ്പെടുത്തി പ്രതികൾ തട്ടിയെടുത്തത്. സംഭവത്തിൽ ഉദ്യോഗസ്ഥക്ക് പങ്കുണ്ടെന്ന് കണ്ടെത്തി ധനകാര്യ സ്ഥാപനം ഇവരെ പുറത്താക്കിയിരുന്നു.

എടയ്ക്കാട്ടു വയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കെ ആർ ജയകുമാറിന്റെ ഭാര്യയാണ് പ്രതികളെ സഹായിച്ചിരുന്ന ഉദ്യോഗസ്ഥ. ഇവരെ പ്രതിപട്ടികയിൽപ്പോലും ഉൾപ്പെടുത്താതെ രക്ഷപ്പെടുത്തിയത്. ഭരണ സംവിധാനം ഉപയോഗിച്ചാണ് മൂന്ന് പേരുടെ അറസ് റ്റോടെ കേസ്‌ന്വേഷണം അവസാനിപ്പിക്കാൻ ക്രൈം ബ്രഞ്ച് ഒരുങ്ങുന്നതോടെ രക്ഷപെടുന്നത് വൻകിട തട്ടിപ്പ് സംഘമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP