Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റബ്ബർ വില കൂട്ടിയാൽ മോദിയെ അനുകൂലിച്ച് ബിജെപിക്കൊപ്പം; കർഷക പ്രശ്‌നങ്ങൾ പരിഹരിച്ചാൽ സിപിഎമ്മിനൊപ്പവും ചേരും; മാണിയോട് അടുപ്പം വേണ്ടെന്നും യുഡിഎഫിനെ തള്ളിപ്പറഞ്ഞും കത്തോലിക്കാ കോൺഗ്രസ്; സീറോ മലബാർ സഭയ്ക്കു ഗുണം ചെയ്യുന്നവരെ മാത്രം സ്‌നേഹിച്ചാൽ മതിയെന്നും അൽമായ സംഘടന

അർജുൻ സി വനജ്

കൊച്ചി: കേരള കോൺഗ്രസിനോടും കെ.എം മാണിയോടും ഇനി മൃദുസമീപനം വേണ്ടെന്ന് കാത്തോലിക്കാ കോൺഗ്രസിന്റെ ചരൽക്കുന്നു നേതൃസമ്മേളനം. കേരളാകോൺഗ്രസിന്റെ വോട്ടുബാങ്കായ കത്തോലിക്കാസഭയുടെ ഏറ്റവും പ്രധാന അൽമായ സംഘടനയായ കേരള കത്തോലിക്കാ കോൺഗ്രസിലാണ് ഈ നിലപാടുമാറ്റമുണ്ടായിരിക്കുന്നത്. 

രാഷ്ട്രീയപാർട്ടികൾ കത്തോലിക്കാ സമുദായത്തോട് സ്വീകരിക്കുന്ന സമീപനങ്ങൾക്കനുസരിച്ച് രാഷ്ട്രീയ നിലപാടുകൾ കൈക്കൊള്ളും. രാഷ്ട്രീയപാർട്ടികളുടെ നയസമീപനങ്ങൾ വിലയിരുത്തുന്നതിനും സമുദായത്തിന് രാഷ്ട്രീയദിശാബോധം നൽകുന്നതിനും കത്തോലിക്കാ കോൺഗ്രസ് ഏഴംഗ രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ചു. റബ്ബർ വില വർദ്ധിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിൽ നിന്ന് പരിഗണന ലഭിച്ചാൽ സീറോ മലബാർസഭ ബിജെപി അനുകൂല നിലപാട് സ്വീകരിക്കും.

അതേസമയം, സംസ്ഥാന സർക്കാർ കാർഷിക വിഷയങ്ങളിൽ മികച്ച ഇടപെടൽ നടത്തിയാൽ സിപിഎമ്മിനെ അനുകൂലിക്കാനും തയ്യാറാണെന്ന് ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ബിജു പറയനിലം മറുനാടൻ മലയാളിയോട് പറഞ്ഞു. കാലാകാലങ്ങളായി കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചിട്ടും, പുതിയ ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റിൽ സീറോ മലബാർ സഭയക്ക് അർഹമായ അംഗീകാരം നൽകാത്തതിൽ നേതൃത്വക്യാമ്പ് കോൺഗ്രസ് നേതൃത്വത്തിനോട് പ്രതിഷേധം രേഖപ്പെടുത്തി.

യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിക്കുന്ന പരമ്പരാഗത രീതികൾക്ക് അവസാനം കുറിച്ച്, സമുദായത്തിനായി പരമാവധി കാര്യങ്ങൾ നേടിയെടുക്കാനാണ് കത്തോലിക്കാ കോൺഗ്രസ് പ്രധാനമായും ആലോചിക്കുന്നത്. കേരള കോൺഗ്രസ് അടക്കമുള്ള ഒരു രാഷ്ട്രീയ പാർട്ടിക്കും സീറോ മലബാർ സഭയെ തീറെഴുതി കൊടുക്കില്ല. കാർഷിക മേഖലയോട് സർക്കാർ കാണിക്കുന്ന അവഗണന തുടരുന്നത് സമുദായത്തിന്റെ ഗൗരവപൂർണ്ണമായ രാഷ്ട്രീയ നിലപാടുകളുടെ അഭാവം മൂലമാണെന്നും നേതൃസംഗമം വിലയിരുത്തി.

ഭരണകൂടങ്ങൾ കൈക്കൊള്ളുന്ന നയങ്ങൾക്കനുസരിച്ച് ഉചിതമായ രാഷ്ട്രീയനിലപാടുകൾ സ്വീകരിക്കുകയും അത് സമുദായാംഗങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയുമാണ് രാഷ്ട്രീയകാര്യസമിതിയുടെ ചുമതല. സ്ഥിരമായി ഒരേ നിലപാട് സ്വീകരിച്ചത് മൂലം കാത്തോലിക്കാ കോൺഗ്രസിനെ , കോൺഗ്രസ്സ് നേതാക്കൾ തഴഞ്ഞ രീതിയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും യോഗത്തിൽ വിമർശനമുണ്ടായി.

അതേസമയം, കേരളകോൺഗ്രസ്-യുഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ചുപോന്ന കാത്തലിക് കോൺഗ്രസിന്റെ പുതിയ നയം സിപിഎമ്മിനും ബിജെപിക്കും ഒരു പോലെ പ്രതീക്ഷ നൽകുന്നതാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സീറോമലബാർ സഭയുമായി അടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാത്തലിക്കാ കോൺഗ്രസിന്റെ പുതിയ രാഷ്ടീയനീക്കം എന്നതും പ്രസക്തമാണ്. പിണറായി വിജയൻ മുഖ്യമന്ത്രി ആകുന്നതിന് മുമ്പേ, സഭയുമായി ഏറെക്കുറേ അടുപ്പത്തിലാണ്.

കത്തോലിക്ക കോൺഗ്രസിന്റെ ബിഷപ്പ് ലെഗേറ്റും താമരശ്ശേരി രൂപതാദ്ധ്യക്ഷനുമായ മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായി പിണറായി അടുത്തകാലത്തായി സൗഹൃദത്തിലാണ്. ഇത് സംഘടനയെ ഇടത് പാളയത്തിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയും നൽകുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. കേരള കോൺഗ്രസിന്റെ പല നിർണ്ണായക തീരുമാനങ്ങൾക്കും സാക്ഷിയായ ചരൽക്കുന്ന്, കെ.എം മാണിയുമായുള്ള നീണ്ടകാലത്തെ കത്തോലിക്കാ കോൺഗ്രസിന്റെ ബന്ധം അവസാനിപ്പിക്കുന്നതിന് തെരെഞ്ഞെടുത്തു എന്നതും ശ്രദ്ധേയമാണ്.

കാർഷിക മേഖല കടുത്ത വെല്ലുവിളികളെ നേരിടുമ്പോൾ ഉചിതമായ ആശ്വാസപദ്ധതികൾ പ്രഖ്യാപിക്കാത്തതിലും ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ കത്തോലിക്കാ സമുദായത്തോട് വിവേചനം പുലർത്തുന്നതിലും യോഗം കടുത്ത അതൃപ്തി രേഖപ്പെടുത്തി. കാർഷിക ഉത്പന്നങ്ങൾക്ക് തറവില പ്രഖ്യാപിച്ച് സംഭരിക്കണമെന്നും കാർഷിക കടാശ്വാസ പദ്ധതികൾ നടപ്പിലാക്കണമെന്നും, മലയോര മേഖലകളിലെ പട്ടയ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും, ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ട് ഉയർത്തുന്ന ഭയാശങ്കകൾക്ക് പൂർണ്ണ പരിഹാരം ഉണ്ടാകണമെന്നും സാമ്പത്തിക സംവരണം ഏർപ്പെടുത്തി ദുർബ്ബല ജനവിഭാഗങ്ങളുടെ മോചനത്തിന് നടപടികൾ സ്വീകരിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് നേതൃത്വസമ്മേളനം ആവശ്യപ്പെട്ടു.

ഞായറാഴ്ച സീറോ മലബാർസഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്ത ദ്വിദിന ദേശീയ ക്യാമ്പിന്റെ സമാപന സമ്മേളനം കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം ഉദ്ഘാടനം ചെയ്തു. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ 25 ഓളം രൂപതകളിൽ നിന്നായി 130 പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുത്തത്. വിദേശ പ്രതിനിധികളുടെ സാന്നിധ്യവും ക്യാമ്പിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP