Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രിയുടെ മക്കളോ ബന്ധുവോ ആയാൽ ഇവിടെ കഴിവുള്ളവർക്കും കഷ്ടകാലം; ഒരു മുൻ മന്ത്രിയുടെ മകളും മറ്റൊരു മുൻ മന്ത്രിയുടെ അനിയത്തിയുമായതുകൊണ്ട് ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് ആർക്കും മനസിലാവില്ല; ബന്ധു നിയമനത്തിന്റെ പേരിൽ പഴി കേൾക്കേണ്ടി വരുന്ന മുന്മന്ത്രി ടിഎം ജേക്കബിന്റെ മകൾ അമ്പിളി ജേക്കബ് മനസു തുറക്കുമ്പോൾ

മന്ത്രിയുടെ മക്കളോ ബന്ധുവോ ആയാൽ ഇവിടെ കഴിവുള്ളവർക്കും കഷ്ടകാലം; ഒരു മുൻ മന്ത്രിയുടെ മകളും മറ്റൊരു മുൻ മന്ത്രിയുടെ അനിയത്തിയുമായതുകൊണ്ട് ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് ആർക്കും മനസിലാവില്ല; ബന്ധു നിയമനത്തിന്റെ പേരിൽ പഴി കേൾക്കേണ്ടി വരുന്ന മുന്മന്ത്രി ടിഎം ജേക്കബിന്റെ മകൾ അമ്പിളി ജേക്കബ് മനസു തുറക്കുമ്പോൾ

ഷാജൻ സ്‌കറിയ

തിരുവനന്തപുരം: ബന്ധു നിയമന വിവാദം ചൂടുപിടിച്ചു നിൽക്കവെ മറുനാടനിൽ വന്ന ഒരു വാർത്തയുടെ പ്രിന്റ് ഔട്ടുമായി ഒരു യുവതി ഓഫീസിലേയ്ക്ക് കയറി വന്നു. അർഹതയില്ലാതെ ജോലിയിൽ പ്രവേശിച്ച യുഡിഎഫ് നേതാക്കളെ കുറിച്ചുള്ള വാർത്ത ആയിരുന്നു ആ യുവതിയുടെ കൈയിൽ. അതിൽ ഒരു പാരഗ്രാഫിൽ പറഞ്ഞിരിക്കുന്നത് മുന്മന്ത്രിയായ ടിഎം ജേക്കബിന്റെ മകൾ എന്ന നിലയിലും അനൂപ് ജേക്കബിന്റെ സഹോദരി എന്ന നിലയിലും സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (KSITIL) മാർക്കറ്റിങ് മാനേജരായി നിയമിതയായ അമ്പിളി ജേക്കബിന്റെ നിയമനവും ബന്ധു നിയമനത്തിൽ പെടുമെന്നാണ്. ഒരുപടി കൂടി കടന്ന് ഈ ബന്ധു നിയമനം വിജിലൻസിന്റെ കണ്ണിൽ പെട്ടെന്നും അമ്പിളി കുടുങ്ങുമെന്നും വാർത്തയിൽ ഉണ്ടായിരുന്നു.

ഒരു കെട്ട് രേഖകളുമായി ആയിരുന്നു അമ്പിളിയുടെ സന്ദർശനം. മറുനാടൻ വാർത്തയിൽ സാങ്കേതികമായി ഒരു തെറ്റുമില്ലെന്നു ചൂണ്ടിക്കാടിയായിരുന്നു അമ്പിളിയുടെ തുടക്കം. ടി എം ജേക്കബിന്റെ മകൾ ആണെന്നതും, അനൂപ് ജേക്കബിന്റെ സഹോദരി ആണ് എന്നതും സത്യം ആയിരിക്കുന്നതുകൊണ്ട് തന്നെ ബന്ധു നിയമനം എന്ന പ്രശ്നം പൂർണ്ണമായും ശരിയാകുന്നു. അമ്പിളിയുടെ നിയമനം സംബന്ധിച്ച് വിജിലൻസ് എഫ്‌ഐആർ ഇട്ടു കേസ് എടുത്തിട്ടുണ്ട് എന്നതുകൊണ്ട് തന്നെ രണ്ടാമത്തെ കാര്യവും ശരിയാണ്. എന്നാൽ അമ്പിളിക്ക് വിയോജിപ്പ് ഈ രണ്ട് കാര്യത്തിലുമല്ല, രണ്ട് മന്ത്രിമാരുടെ ബന്ധു എന്ന നിലയിൽ അർഹതയില്ലാതെ പ്രവേശനം ലഭിച്ചു എന്നതും, ചട്ടങ്ങൾ മറികടന്നു നിയമനം നടത്തി എന്നും വായനക്കാർക്ക് തോന്നൽ ഉണ്ടാക്കിയതിലെ പ്രതിഷേധമാണ് അമ്പിളി പങ്കുവച്ചത്.

ശുപാർശകളെ ഭയപ്പെട്ടു നിയമത്തിന്റെ വഴിയെ

ആദ്യം അമ്പിളി പരിശോധിക്കാൻ തന്നത് വിദ്യാഭ്യാസ യോഗ്യതകൾ തന്നെ ആയിരുന്നു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്നായ ടികെഎം എഞ്ചിനീയറിങ് കോളേജിൽ നിന്ന് 65 ശതമാനം മാർക്കോടെയാണ് അമ്പിളി എംബിഎ പാസായത്. ബികോം പാസായതും ഫസ്റ്റ് ക്ലാസോടെ ആയിരുന്നു. അച്ഛന്റെ മടിയിൽ ഇരുന്ന് രാഷ്ട്രീയം പഠിച്ചതും സമൂഹത്തോട് ഇടപെട്ടും വളർന്ന ഫസ്റ്റ്ക്ലാസ് കാരിയായ എംബിഎകാരിക്ക് ആദ്യ അഭിമുഖത്തിൽ തന്നെ കിൻഫ്രയിൽ മാനേജ്‌മെന്റ് ട്രെയിനിയായി ജോലി ലഭിച്ചു. ഒരു വർഷത്തിന് ശേഷം കിൻഫ്രയും ഐസിഐസിഐയും ചേർന്ന് തുടങ്ങിയ ഐസിഐസിഐ-കിൻഫ്ര ജോയിന്റ് ജൂനിയർ അസിസ്റ്റന്റ് മാനേജരായി നിയമിതയായത് സ്വഭാവികമായിതന്നെയായിരുന്നു. മൂന്ന് കൊല്ലം അവിടെ ജോലി ചെയ്ത ശേഷം ഇൻകലിലും അസിസ്റ്റന്റ് മാനേജരായി കയറി.

ഇതൊക്കെ അച്ഛൻ ജീവിച്ചിരിക്കുന്ന സമയത്ത് തന്നെയാണ്. ഈ ജോലികളിൽ കയറാൻ  ഒരിക്കലും പിതാവിന്റെ പേര് ഉപയോഗിച്ചിട്ടില്ല എന്നും അമ്പിളി തീർത്തു പറയുന്നു. പ്രൊഫഷണൽ ബാക്ക്ഗ്രൗണ്ട് ഉള്ള ആർക്കും ഇത് നിഷേധിക്കേണ്ട കാര്യവുമില്ല. അങ്ങനെയിരിക്കവെയാണ് 2001 ജൂലൈ 24ന് പ്രമുഖ പത്രങ്ങളിൽ ഒരു പരസ്യം കണ്ടത്. കെഎസ്‌ഐടിഐയിൽ മാർക്കറ്റിങ് മാനേജരും, ജനറൽ മാനേജരും അടക്കമുള്ള നിരവധി തസ്തികകളിൽ ആളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യമായിരുന്നു അത്. മൂന്ന് വർഷത്തെ സീനിയർ മാനേജ്‌മെന്റ് തസ്തിക അടക്കം അഞ്ച് വർഷത്തെ മാർക്കറ്റിങ് പരിചയം ആയിരുന്നു അപേക്ഷിക്കാനുള്ള യോഗ്യത. ഇതുള്ളതുകൊണ്ട് അമ്പിളി അപേക്ഷ നൽകി.

അഭിമുഖത്തിന് വിളിക്കുമ്പോൾ അമ്പിളി ആശുപത്രിയിലായിരുന്നു. ഹെപ്പറ്റൈറ്റിസ് വന്നു ഗുരുതരാവസ്ഥയിൽ കഴിഞ്ഞ അച്ഛനോടൊപ്പം അതേ രോഗത്തെ തുടർന്ന് അമ്പിളിയും ആശുപത്രിയിൽ ആയിരുന്നു. എന്നു മാത്രമല്ല അഭിമുഖത്തിന് വിളിച്ചത് കേവലം രണ്ട് ദിവസം മുമ്പായിരുന്നു. അതിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നു അറിയിച്ച് അവസരം വേണ്ടായെന്ന് വച്ചു അമ്പിളി. എന്നാൽ ചെറിയ കാലയളവിനുള്ളിൽ വിളിച്ചതുകൊണ്ട് പകുതിയോളം പേർ അഭിമുഖത്തിൽ പങ്കെടുക്കാതെ വന്നതുകൊണ്ട് അവർക്കെല്ലാവർക്കും കൂടി ഒരു അഭിമുഖം കൂടി നടന്നു പിന്നീട്. അന്ന് കെഎസ്‌ഐടിഐയിലെ എംഡിയും സിഇഓയുമായിരുന്ന ഗിരിഷ് ബാബു മണിക്കൂറികളോളം തലങ്ങുംവിലങ്ങും ചോദ്യം ചെയ്താണ് തെരഞ്ഞെടുത്തത്. യാതൊരു ചട്ടങ്ങളും മറികടക്കാതെ കഴിവ് കൊണ്ട് മാത്രമാണ് നിയമിതയായതെന്ന് അമ്പിളി ഉറച്ച് വിശ്വസിക്കുന്നു. ആ സമയത്ത് അച്ഛൻ മരിച്ചിരുന്നു. ചേട്ടൻ തെരഞ്ഞെടുപ്പിനും മറ്റുമായുള്ള തിരക്കിലും ആയിരുന്നു.

വേട്ടയാടിയത് സഹോദരൻ മന്ത്രിയായ യുഡിഎഫ് സർക്കാർ

എല്ലാ ചട്ടങ്ങളും പാലിച്ച് ജോലിയിൽ കറയി ഭംഗിയായി ജോലി തുടരവെ സിഇഒയും എംഡിയുമായ ഗിരിഷ് ബാബുവിനെതിരെ ആരോ അയച്ച പരാതിയുടെ പുറത്ത് ഒരു അന്വേഷണം ആരംഭിക്കുന്നു. കെഎസ്‌ഐടിഐ അടക്കം മൂന്ന് സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന ഗിരീഷ് ബാബുവിനെതിരെയുള്ള അന്വേഷണത്തിനിടിയിൽ പലതവണ വിജിലൻസ് വന്നുപോയി. ആ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് അമ്പിളിയുടെ നിയമനത്തെക്കുറിച്ചും ചോദ്യങ്ങൾ ചോദിച്ചിരുന്നു. അമ്പിളിയുടെ നിയമനം ചട്ടങ്ങൾ ലംഘിച്ചാണ് എന്നു കണ്ടെത്തിയ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു എന്ന കൈരളി പീപ്പിൾ ചാനലിലെ  വാർത്ത കണ്ടപ്പോൾ മാത്രമാണ് താൻ പ്രതിയാണ് എന്നു അമ്പിളി അറിയുന്നത്. സഹോദരൻ മന്ത്രി ആയിരിക്കുന്ന കാലത്താണ് അന്വേഷണം വന്നതെന്നോർക്കണം.

രസരമായ വസ്തുത വിജിലൻസ് അന്വേഷണം നടത്തിയ ഗിരീഷ് ബാബുവിന്റെ പേരിൽ പോലും കേസ് രജിസ്റ്റർ ചെയ്യാതെയാണ് അമ്പിളിയുടെ പേരിൽ കേസ് എടുത്തത് എന്നതാണ്. അമ്പിളി ഒന്നാം പ്രതിയായ കേസിൽ ഗിരീഷ് ബാബു രണ്ടാം പ്രതിയാണെങ്കിലും ഗിരീഷ് ബാബുവിനെതിരെ നടന്ന അന്വേഷണത്തിൽ കേസ് എടുത്തിരുന്നില്ല. ഒരു ചട്ടലംഘനവും ഇല്ലാതിരുന്നിട്ടും ഇങ്ങനെ ഒക്കെ സംഭവിച്ചതിലെ അത്ഭുതം ഇപ്പോളും അമ്പിളിക്ക് മാറുന്നില്ല. എന്തോ ഒരു ഗൂഢാലോചന ഉണ്ടെന്ന് അമ്പിളിക്ക് ഉറപ്പാണ്. അത് യുഡിഎഫിൽ ആരെങ്കിലുമാണോ എന്നൊന്നും അമ്പിളിക്കറിയില്ല.

അമ്പിളി സഹായം തേടി ആരുടെയും അടുത്ത് പോയില്ല. കാരണം ആരും തന്നെ സഹായിക്കുമെന്ന് അമ്പിളിക്ക് ഉറപ്പില്ലായിരുന്നു. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു എന്നും അമ്പിളിക്ക് അറിയാമായിരുന്നു. നിയമങ്ങൾ ഒന്നും ലംഘിക്കാത്തിടത്തോളം എന്തിന് ഭയപ്പെടണം എന്നായിരുന്നു അമ്പിളിയുടെ ചോദ്യം. ആർക്കോ വേണ്ടി അന്നു തട്ടിക്കൂട്ടി ഉണ്ടാക്കിയ കേസിന് എഫ്‌ഐആറിന് ശേഷം എന്ത് സംഭവിച്ചു എന്നും അമ്പിളിക്ക് അറിയില്ല. ഏത് സർക്കാർ ആണെങ്കിലും സാരമില്ല, ആ കേസ് എടുത്ത് കോടതിയിൽ എത്തിച്ച് നിരപരാധിയായി പ്രഖ്യാപിക്കുന്ന ദിവസം കാത്തിരിക്കുകയാണ് അമ്പിളി. കേസിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നു വ്യക്തമാക്കുന്ന രേഖകൾ അമ്പിളി നൽകി, ആരോപണങ്ങളും അതിലെ അബദ്ധങ്ങളും നാളത്തെ വാർത്തയിൽ വ്യക്തമാക്കാം.

അച്ഛനെയും ചേട്ടനെയും തള്ളിപ്പറയണോ?

മന്ത്രി ബന്ധുത്വം അലങ്കാരമായി കരുതുന്നവരുണ്ടാകാം. എന്നാൽ താൻ അടക്കം അനേകം പേർക്ക് അതൊരു കുരിശാണെന്ന് വിശ്വസിക്കുന്നയാളാണ് അമ്പിളി. എല്ലാ യോഗ്യതകളും ഉണ്ടായിട്ടും നിരന്തരമായ മാദ്ധ്യമവിചാരണയ്ക്ക് ഇരയാകുന്നതും തുറുന്നു കിട്ടാവുന്ന വഴികൾ പലതും അടയുന്നതും ഈ മന്ത്രി ബന്ധുത്വം മൂലമാണ്. വാർത്ത തേടി അലയുന്ന മാദ്ധ്യമങ്ങൾക്ക് അർത്ഥ സത്യം മാത്രം മതി വേട്ടയാടാൻ. സത്യത്തിന്റെ രേഖകളുമായി ചെല്ലുമ്പോൾ കൊണ്ട് പോയില്ലേ എന്നാണ് പലരും ചോദിക്കുന്നത്, തിരുത്താനുള്ള ഔചിത്യം ആർക്കുമില്ല.

'എന്റെ അച്ഛനെയും ചേട്ടനെയും ഞാൻ എങ്ങനെയാണ് തള്ളിപ്പറയുന്നത്. ടിഎം ജേക്കബിന്റെ മകൾ എന്ന നിലയിൽ എന്നും ഞാൻ അഭിമാനിക്കുന്നതെയുള്ളു. എന്റെ അച്ഛൻ കഴിവില്ലാത്തവരെ തിരുകി കയറ്റുന്ന രാഷ്ട്രീയക്കാരൻ ആയിരുന്നില്ല. എന്നാൽ എന്റെ മേൽ ഈ ലേബൽ ഒട്ടിച്ചവർ എനിക്ക് വളരാനുള്ള അവസരമാണ് ഇല്ലാതാക്കുന്നത്. സഹോദരന്റെയും കുടുംബത്തിന്റെയും രാഷ്ട്രീയത്തിൽ ഞാൻ ഇടപെടാറേയില്ല. ഞാൻ വ്യക്തമായ രാഷ്ട്രീ കാഴ്ചപ്പാടുകൾ ഉള്ളയാൾ ആണ്. രാഷ്ട്രീയം ഒട്ടും മോശമാണെന്ന് ഞാൻ വിശ്വസിക്കുന്നുമില്ല. എന്നാൽ മന്ത്രിയുടെ മക്കൾ ആയി പോയി എന്നതുകൊണ്ട് ഒന്നും ചെയ്യരുത് എന്നു പറയുന്നതാണ് പ്രശ്‌നം. എനിക്ക് ഈ ബന്ധുത്വം നഷ്ടങ്ങളും സമ്മർദ്ദങ്ങളുമെ ഉണ്ടാക്കിയിട്ടുള്ളു' അമ്പിളി രോഷത്തോടെ പറയുന്നു.

ബന്ധു നിയമന വിവാദ സമയത്ത് കോലിക്കോട് കൃഷ്ണൻ നായരുടെ മകന്റെ നിയമം വിവാദമായതാണ് ഇതിന് ഉദാഹരണമായി അമ്പിളി ചൂണ്ടിക്കാട്ടിയ മറ്റൊരു സംഭവം. വർഷങ്ങളിലായി കിൻഫ്രയിൽ ജോലി ചെയ്യുന്ന കഴിവുള്ളവയാളാണ് ഉണ്ണിക്കൃഷ്ണൻ. ഇടത് സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നെങ്കിലും ഇണ്ണിക്കൃഷ്ണൻ ആ പദവിയിൽ എത്തിയെനെ. കാരണം അത് വളരെ സ്വാഭാവികമായ ഒരു സ്ഥാനക്കയറ്റം ആയിരുന്നു. മന്ത്രി ബന്ധുത്വം പറഞ്ഞ് സ്ഥാനക്കയറ്റം നിഷേധിച്ചാൽ തീർച്ചയായും നിഷേധിച്ചവർ സമാധാനം പറയേണ്ടി വരുമായിരുന്നു. എന്നിട്ടും ചിലരത് വിവാദമാക്കിയില്ലേ. ഇതാണ് മന്ത്രി ബന്ധുത്വത്തിന്റെ പ്രശ്‌നം - അമ്പിളി പറഞ്ഞു നിർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP