Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല നടത്തിയത് അമീറുളെന്നു കണ്ടെത്തിയത് ആദ്യ അന്വേഷണ സംഘം; വീട്ടിലെ രണ്ട് വിരലടയാളങ്ങളുടെ ഉടമകളെ കണ്ടെത്തിയില്ലെങ്കിൽ പ്രതി രക്ഷപെടും: ജിഷ കേസിന്റെ പിന്നാമ്പുറം മറുനാടനോടു തുറന്നു പറഞ്ഞ് ഉന്നത ഉദ്യോഗസ്ഥൻ

കൊല നടത്തിയത് അമീറുളെന്നു കണ്ടെത്തിയത് ആദ്യ അന്വേഷണ സംഘം; വീട്ടിലെ രണ്ട് വിരലടയാളങ്ങളുടെ ഉടമകളെ കണ്ടെത്തിയില്ലെങ്കിൽ പ്രതി രക്ഷപെടും: ജിഷ കേസിന്റെ പിന്നാമ്പുറം മറുനാടനോടു തുറന്നു പറഞ്ഞ് ഉന്നത ഉദ്യോഗസ്ഥൻ

എം എസ് സനിൽകുമാർ

തിരുവനന്തപുരം: ജിഷയെ കൊലപ്പെടുത്തിയ പ്രതി പിടിയിലായെന്ന് രണ്ടാം അന്വേഷണ സംഘം അഹങ്കരിക്കുമ്പോഴും പ്രതിയായ അമീറുൽ ഇസ്ലാമിന് രക്ഷപ്പെടാനുള്ള പഴുതുകളേറെയുണ്ടെന്ന് വിലയിരുത്തൽ. ജിഷ കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസം അതായത് ഏപ്രിൽ 29ന് ആദ്യ അന്വേഷണസംഘം കണ്ടെത്തിയ സുപ്രധാനമായ തെളിവുകളുടെ തുമ്പുകിട്ടാത്തതാണ് നിലവിൽ അമീറുൽ ഇസ്ലാമിന് സഹായകമായുള്ളത്. അഞ്ച് ഡി.എൻ.എ സാമ്പിളുകളും രണ്ട് വിരലടയാളങ്ങളും ഒരുതലമുടിനാരുമാണ് അന്ന് ആദ്യ അന്വേഷണസംഘം ശേഖരിച്ചത്. ഇതിൽ ഡി.എൻ.എ അമീറുൽ ഇസ്ലാമിന്റേതാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ ജിഷയുടെ വീട്ടിലെ ജാറിൽ നിന്ന് ലഭിച്ച രണ്ട് വിരലടയാളങ്ങൾ ആരുടേതാണെന്ന് ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. ഈ വിരലടയാളങ്ങളുടെ ഉടമയെകണ്ടെത്തിയില്ലെങ്കിൽ അമീറുൽ ഇസ്ലാം കേസിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെയൊരു വാദം അമീറുൽ ഇസ്ലാമിന് ഉന്നയിക്കാമെന്ന് കുറ്റാന്വേഷണ വിദഗ്ധരും നിയമവിദഗ്ധരും പറയുന്നു. വാദം ഇങ്ങനെ:

ജിഷയുമായി എനിക്ക് മുൻ പരിചയമുണ്ടായിരുന്നു. ഞാൻ സംഭവദിവസം ജിഷയുടെ വീട്ടിൽ പോയി. സംസാരിച്ചിരിക്കെ തർക്കമായി. ജിഷ എന്നെ കടിച്ചു. ഞാൻ തിരിച്ചു കടിച്ചു. എന്റെ ശരീരം മുറിഞ്ഞു. അങ്ങനെയാണ് എന്റെ രക്തം അവിടെയുണ്ടായിരുന്നത്. ജിഷയെ കടിച്ചപ്പോഴുള്ള ഉമിനീരിൽ നിന്നാണ് പ്രോസിക്യൂഷന് ഡി.എൻ.എ ലഭിച്ചത്. തർക്കത്തിനും വഴക്കിനുമിടെ ഞാൻ തിരികെ പോന്നു. പിന്നീടാകാം കൊല നടന്നത്. കൊല നടത്തിയത് ജിഷയുടെ വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളങ്ങളുടെ ഉടമയാണ്. ഇങ്ങനെയൊരു വാദം അമീറുൽ ഇസ്ലാമിന്റെ അഭിഭാഷകൻ ഉന്നയിച്ചാൽ അതിന് കോടതിയിൽ നിലനിൽപ്പുണ്ടാകുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. പ്രോസിക്യൂഷന് കുറ്റം സംശയാതീതമായി തെളിയിക്കേണ്ട ബാധ്യതയുണ്ട്. എന്നാൽ പ്രതിഭാഗത്തിന് കോടതിയിൽ സംശയം സൃഷ്ടിച്ചാൽ മതി. മേൽപ്പറഞ്ഞ വാദത്തിലൂടെ നിലവിലുള്ള സാഹചര്യത്തിൽ അമീറുൽ ഇസ്ലാമിന്റെ അഭിഭാഷകന് ഇത്തരമൊരു സംശയം കോടതിയിൽ ജനിപ്പിക്കാൻ സാധിക്കും.

കൊട്ടിഘോഷിക്കപ്പെട്ട ഒന്നാണ് ജിഷ വധക്കേസിലെ രണ്ടാം അന്വേഷണ സംഘത്തിന്റെ പ്രവർത്തനം. എ.ഡി.ജി.പി ബി സന്ധ്യ മേൽനോട്ടം വഹിച്ച അന്വേഷണ സംഘത്തിന് പുതുതായി യഥാർത്ഥത്തിൽ ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്നാണ് കാര്യങ്ങൾ വിശദമായി പരിശോധിക്കുമ്പോൾ ബോധ്യമാവുക. അമീറുൽ ഇസ്ലാമിലേക്ക് ആദ്യ അന്വേഷണ സംഘത്തിന് എത്താൻ കഴിയാതെപോയ ചില സാഹചര്യങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. 28ന് ജിഷ കൊല്ലപ്പെട്ടതിന് ശേഷം 50ലേറെ നിർദ്ദേശങ്ങളാണ് ആദ്യ അന്വേഷണ സംഘത്തിന് അന്നത്തെ ഡി.ജി.പി ടി.പി. സെൻകുമാർ നൽകിയത്. ഈ നിർദ്ദേശങ്ങൾക്ക് അപ്പുറം പുതുതായി ഒന്നുംതന്നെ രണ്ടാം അന്വേഷണസംഘത്തിന് ലഭിച്ചിരുന്നില്ല. പെരുമ്പാവൂരിലും ആലുവയിലും പരിസരപ്രദേശങ്ങളിൽനിന്നുമുള്ള സംഭവദിവസവും അതിനുശേഷവും വിളിച്ചിട്ടുള്ള 27 ലക്ഷം ഫോൺകോളുകളാണ് ആദ്യഅന്വേഷണസംഘം പരിശോധിച്ചത്. ഇതിൽ ആലുവയിൽ നിന്നുള്ള റിലയൻസ് നെറ്റ്‌വർക്കിന്റെ ഫോൺ വിശദാംശങ്ങൾ ആദ്യഅന്വേഷണ സംഘത്തിന് ലഭിക്കുന്നത് ഒരുമാസം വൈകിയാണ്. അതിലാണ് അമീറുൽ ഇസ്ലാമിന്റെ മൊബൈൽ കോളുകൾ ഉൾപ്പെട്ടിരുന്നത്. ജിഷ കൊല്ലപ്പെട്ട ദിവസം അതായത് ഏപ്രിൽ 28 ന് ഈ ഫോൺ സ്വിച്ച് ഓഫ് ആയതാണ്.

അമീറുൽ ഇസ്ലാം ഫോണിന്റെ സിംകാർഡും മാറ്റിയിരുന്നു. എന്നാൽ ആദ്യ അന്വേഷണസംഘത്തിലെ സി.ഡി.ആർ ടീം ഈ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ കണ്ടെത്തിയിരുന്നു. എന്നാൽ ഫോൺ ഓണാവാത്തതുകൊണ്ട് ഫോണിന്റെ ഉടമയിലേക്ക് എത്താൻ സാധിച്ചില്ല. ഈ ഫോൺ പിന്നെ ഓണായത് മെയ് 29നാണ്. അമീറുൽ ഇസ്ലാം പെരുമ്പാവൂരിലെ ലോഡ്ജിലേക്ക് വിളിച്ചു. അപ്പോഴേക്കും രണ്ടാം അന്വേഷണ സംഘം ചുമതലയേറ്റ് കഴിഞ്ഞിരുന്നു. ആദ്യ അന്വേഷണ സംഘം സംശയത്തിലിട്ടിരുന്ന ഈ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ കൈവശമുണ്ടായിരുന്ന രണ്ടാം അന്വേഷണസംഘത്തിന് വളരെ പെട്ടെന്ന് അമീറുൽ ഇസ്ലാമിലേക്ക് എത്താൻ പറ്റി. ജിഷയെ കൊല്ലാനുപയോഗിച്ച കത്തി കണ്ടെത്തിയത് അടക്കം എല്ലാ കാര്യങ്ങളും ചെയ്തത് ആദ്യഅന്വേഷണ സംഘമാണ്. ആദ്യ അന്വേഷണസംഘം തയ്യാറാക്കിയ കൊലപാതകിയുടെ രേഖാചിത്രത്തിനാണ് അമീറുൽ ഇസ്ലാമിനോട് ഏറ്റവും കൂടുതൽ സാമ്യം ഉള്ളത്. രണ്ടാംസംഘം തയ്യാറാക്കിയ രേഖാചിത്രത്തിന് പ്രതിയുടെ വിദൂരഛായപോലും ഇല്ല.

തെരഞ്ഞെടുപ്പിന്റെ സമയത്ത് രാഷ്ട്രീയമായി കേസ് ഉപയോഗിക്കപ്പെട്ടതും ആദ്യഅന്വേഷണസംഘത്തെ മാനസികമായി സമ്മർദ്ദത്തിലാക്കിയിരുന്നു. പൊലീസ് എന്തിനാണ് പടം വരയ്ക്കുന്നത്, എങ്കിൽപ്പിന്നെ ആർട്ടിസ്റ്റ് നമ്പൂതിരി ഡി.ജി.പി ആയാൽ പോരേ എന്നായിരുന്നു സിപിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചോദിച്ച ചോദ്യം. അമേരിക്ക അടക്കമുള്ള വികസിത കുറ്റാന്വേഷണ സംവിധാനങ്ങളുള്ള രാജ്യങ്ങൾപോലും ഉപയോഗിക്കുന്ന ഒന്നാണ് രേഖാചിത്രങ്ങൾ. പൊലീസിന്റെ പ്രവർത്തനങ്ങളെ രാഷ്ട്രീയത്തിന്റെ കണ്ണിൽനിന്ന് കണ്ട് ഒരുകൊലപാതക കേസിന്റെ അന്വേഷണത്തെ ശരിയായ രീതിയിൽ കേരളം സമീപിച്ചില്ല എന്നതാണ് ആദ്യഅന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരുടെ പ്രധാനപരാതി. തങ്ങളുടെ നൂറുശതമാനം സത്യസന്ധവും ശാസ്ത്രീയവുമായ തെളിവുശേഖരണവും അന്വേഷണവും കേരളം യഥാർത്ഥത്തിൽ മനസ്സിലാക്കിയില്ല എന്നും അന്വേഷണത്തെ നയിച്ച മുതിർന്ന പൊലീസുദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

രണ്ടാം അന്വേഷണസംഘം ഉത്തരം തരാതെ അവശേഷിപ്പിക്കുന്ന ചോദ്യങ്ങൾ ഇനിയും ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ജിഷയുടെ വയറ്റിൽ വെളുത്തുള്ളി കൂടുതലുള്ള ഭക്ഷണത്തിന്റെ അംശം ഉണ്ടായിരുന്നു. എന്നാൽ കൊല്ലപ്പെട്ട ദിവസം ജിഷയുടെ വീട്ടിൽ ഉണ്ടായിരുന്നത് ചോറും സാമ്പാറുമായിരുന്നു. അപ്പോൾ ജിഷ പുറത്തുനിന്ന് ഭക്ഷണം കഴിക്കുകയോ ആരോ ഭക്ഷണം കൊണ്ടുകൊടുക്കുകയോ ചെയ്തിട്ടുണ്ട്. ഇത് അമീറുൽ ഇസ്ലാമാണോ? അതോ വീട്ടിൽ നിന്ന് കണ്ടെടുത്ത വിരലടയാളത്തിന്റെ ഉടമയാണോ? അമീറുൽ ഇസ്ലാമിനെ അടിച്ചതായി പറയപ്പെടുന്ന സ്ത്രീ ആരാണ്? ഇതൊക്കെ കൂട്ടിയോജിപ്പിക്കേണ്ട കണ്ണികളായി ഇപ്പോഴും അവശേഷിക്കുന്നു. അസാധാരണമായ അളവിൽ ജിഷയുടെ ശരീരത്തിൽ മദ്യമുണ്ടായിരുന്നു. ഇതെങ്ങനെ ശരീരത്തിലെത്തി. കഴുത്തിൽ മുറിവ് ഏൽപ്പിച്ച ശേഷം വായിലേക്ക് ഒഴിച്ചുകൊടുത്താൽ ഇത്രയും മദ്യം ശരീരത്തിൽ എത്തില്ല. ഇതിനും ഉത്തരം ലഭിക്കേണ്ടിയിരിക്കുന്നു.

ജിഷയുടെ കൊലപാതകി അമീറുൽ ഇസ്ലാം തന്നെയാണെന്ന് ഉറപ്പാണെന്ന് ആദ്യ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥനും പറയുന്നുണ്ട്. പക്ഷേ നിലവിലുള്ള തെളിവുകൾ അമീറുൽ ഇസ്ലാമിനെ ശിക്ഷിക്കാൻ പര്യാപ്തമല്ല. പൊലീസുകാരെ പ്രതികളായി ചിത്രീകരിച്ച് മുഖംമറച്ചുകൊണ്ടുവന്നുവെന്നാണ് ആദ്യഅന്വേഷണസംഘത്തിനെതിരെ ഉയർന്ന മറ്റൊരു ആരോപണം. എന്നാൽ ജിഷയുടെ അയൽവാസികളായ മിഥുനേയും സാബുവിനെയുമാണ് മുഖം മറച്ച് കൊണ്ടുവന്നതെന്നാണ് ആദ്യ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയത്. ജിഷയുടെ അമ്മ നിരന്തരം ആരോപണം ഉന്നയിച്ചതുകൊണ്ടുമാത്രമാണ് ഇവരെ കസ്റ്റഡിയിലെടുക്കേണ്ടിവന്നത്. അവരുടെ മുഖം മാദ്ധ്യമങ്ങളിലൂടെ അന്ന് പുറംലോകം കണ്ടിരുന്നെങ്കിൽ കുടുംബങ്ങൾ തന്നെ ആത്മഹത്യ ചെയ്യേണ്ടിവന്നേനേ. അത്തരം സാഹചര്യം ഒഴിവാക്കി മാനുഷികമൂല്യങ്ങൾ സംരക്ഷിക്കുകയാണ് ആദ്യഅന്വേഷണസംഘം ചെയ്തതെന്നും അവർ പറയുന്നു. ആദ്യ അന്വേഷണസംഘത്തിനെതിരെ ഉയർന്ന ആരോപണങ്ങളുടെ മറുവശവും അവർ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി. ആരോപണങ്ങളും അവയ്ക്കുള്ള ആദ്യ അന്വേഷണസംഘത്തിന്റെ മറുപടിയും ചുവടെ:

ഇത്തരം ഒരുകൊലപാതകം നടന്നിട്ടും ഇക്കാര്യം മാദ്ധ്യമങ്ങൾ ശ്രദ്ധയിൽക്കൊണ്ടു വരുന്നതുവരെ പൊലീസ് ഒരു നടപടിയും എടുത്തില്ല.

യാഥാർത്ഥ്യം: വാസ്തവത്തിൽ ഏപ്രിൽ 28ന് വൈകിട്ട് 8.45 മണിക്ക് കുറുപ്പുംപടി പൊലീസ് സ്റ്റേഷനിൽ ഒരുവീട്ടിൽ വാതിൽ തുറക്കാതെയിരിക്കുന്നു എന്ന കാര്യം അറിഞ്ഞയുടൻ പത്ത് മിനിട്ടനകം എസ്.ഐയും പൊലീസുകാരനും സ്ഥലത്തെത്തുകയായിരുന്നു. അവർ പുറകിലെ വാതിലിലൂടെ ടോർച്ച് അടിച്ച് നോക്കിയപ്പോൾ തന്നെ ഒരുയുവതി മരിച്ചുകിടക്കുന്നത് കാണുകയും ഉടൻ തന്നെ അവർ മറ്റ് ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും സംഭവസ്ഥലം സീൽ ചെയ്യുകയും ചെയ്തു.

പഞ്ചായത്ത് മെംബർ അനസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രാത്രി 9.30 മണിക്കുതന്നെ കേസ് രജിസ്റ്റർ ചെയ്ത്. ആ രാത്രിയിൽ 9.45 ന് മുമ്പായി തന്നെ കുറുപ്പുംപടി സി.ഐ, പെരുമ്പാവൂർ ഡി.വൈ.എസ്‌പി, ജില്ലാ പൊലീസ് മേധാവി (എറണാകുളം റൂറൽ) എന്നിവർ സംഭവസ്ഥലം സന്ദർശിക്കുകയും സംഭവസ്ഥലം ഗാർഡ് ചെയ്യുന്നതിനുള്ള നടപടികളെടുക്കുകയും പരിസരവാസികളോട് അന്വേഷണം നടത്തുകയും ചെയ്തു. ഈ കേസിന്റെ ഒരു പ്രത്യേകത, സംഭവമറിഞ്ഞ് ഏകദേശം 15 മിനിട്ടുനുള്ളിൽ തന്നെ ജില്ലാ പൊലീസ് മേധാവി സ്ഥലത്തെത്തിയെന്നുള്ളതാണ്. ഏപ്രിൽ 30ന് രാവിലെ തന്നെ റെയ്ഞ്ച് ഐ.ജി മഹിപാൽയാദവ് സ്ഥലത്തെത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ഉണ്ടായി. ഇതിൽനിന്ന് തന്നെ പൊലീസ് വളരെ കാര്യഗൗരവത്തോടെതന്നെയാണ് ഈ കേസിന്റെ തുടക്കം മുതൽ പ്രവർത്തിച്ചതെന്ന് കാണാം. കൊലപാതകം നടന്നിട്ട് ആറുദിവസത്തോളം മാദ്ധ്യമങ്ങൾ ആവശ്യമായ യാതൊരു ശ്രദ്ധയും ഇക്കാര്യത്തിൽ കൊടുത്തില്ല. തങ്ങൾക്ക് പറ്റിയ പിഴവിനെ മറ്റുള്ളവരുടെ തലയിൽ കെട്ടിവെയ്ക്കാനായിരുന്നു മാദ്ധ്യമങ്ങളുടെ പിന്നത്തെ ശ്രമം.

മരിച്ചത് പെൺകുട്ടിയായിരുന്നിട്ടും ഇൻക്വസ്റ്റ് നടത്തുമ്പോൾ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല എന്നതാണ് അടുത്ത പരാതി.

യാഥാർത്ഥ്യം: ഇൻക്വസ്റ്റ് നടത്തുമ്പോൾ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യം വേണ്ട രണ്ടോമൂന്നോ സന്ദർഭങ്ങൾ ഇൃജഇ174, 176 സെക്ഷനുകൾ പറയുന്നുണ്ട്. അത് വിവാഹാനന്തരം ഏഴ് വർഷത്തിനുള്ളിൽ മരിക്കുന്ന ഒരു സ്ത്രീയുടെയും അല്ലെങ്കിൽ ഏതെങ്കിലും കസ്റ്റഡിയിൽ മരിക്കുന്ന ഒരു വ്യക്തിയുടെയും ഇൻക്വസ്റ്റാണ് എക്സീക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിൽ നടത്തേണ്ടത്. മറ്റ് എല്ലാ കേസുകളിലും പൊലീസ് സ്വന്തമായാണ് ഇൻക്വസ്റ്റ് നടത്തുന്നത്. മാത്രമല്ല എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നടത്തുന്നുവെന്ന് പറയുന്ന കേസുകളിൽപോലും അതെല്ലാം തയ്യാറാക്കുന്നത് പൊലീസ് തന്നെയാണ്. നിയമം കൃത്യമായി ഇതായിരിക്കെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെ കൊണ്ടുവരാതെ നിയമം മറികടന്നുവെന്ന് പറയുന്നത് മനഃപൂർവം തെറ്റിദ്ധാരണ പരത്തുന്ന പ്രചരണം മാത്രമാണ്.

ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് ശാസ്ത്രീയ പരിശോധന നടത്തിയില്ല എന്ന ആരോപണം

യാഥാർത്ഥ്യം: ഏപ്രിൽ 29ന് കാലത്ത് 9.30 മണിക്കാണ് ഇൻക്വസ്റ്റ് തുടങ്ങുന്നത്. മരിച്ച കുട്ടികളുടെ അമ്മ ആശുപത്രിയിലായിരുന്നതുകൊണ്ടാണ് മറ്റ് ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയത്. ഈ സമയം സയന്റിഫിക് അസിസ്റ്റന്റ്, ഫിംഗർ പ്രിന്റ് എക്സ്പേർട്ട്, ഡോഗ്സ്‌ക്വാഡ് തുടങ്ങിയവ ഉപയോഗിച്ചാണ് എല്ലാ ശാസ്ത്രീയ തെളിവുകളും ശേഖരിച്ചത്. അങ്ങനെയാണ് വീട്ടുകാരുടെതല്ലാത്ത രണ്ട് വിരലടയാളങ്ങളും ഒരു മുടിയും അവിടെ നിന്ന് ലഭിക്കുന്നത്. മാത്രമല്ല ഇൻക്വസ്റ്റ് മുഴുവൻ വീഡിയോ റിക്കോർഡിങ് നടത്തുകയും ചെയ്തു.

ശവശരീരം ഉടനടി ദഹിപ്പിച്ചുവെന്ന പരാതി

യാഥാർത്ഥ്യം: ഏതെങ്കിലും ആളറിയാത്ത ശവശരീരമോ മരണകാരണം വ്യക്തമല്ലാത്ത ശവശരീരമോ മാത്രമാണ് പൊലീസ് പരമാവധി 30 ദിവസത്തോളം സൂക്ഷിക്കാറുള്ളത്. ഈ കേസിൽ മരണമടഞ്ഞയാൾ ആരെന്നും മരണകാരണം എന്തെന്നും കൃത്യമായി അറിയാവുന്നതുകൊണ്ടാണ് ശവശരീരം കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട ആവശ്യമില്ലാതിരുന്നത്. മാത്രമല്ല പോസ്റ്റ്മോർട്ടാനന്തരം ആവശ്യത്തിനുള്ള തെളിവുകൾ ശേഖരിച്ചതുകാരണം അത്തരമൊരു ആവശ്യവുമില്ലായിരുന്നു. അതുകൊണ്ടുതന്നെ നിയമം അനുശാസിക്കുന്ന വിധത്തിൽ പോസ്റ്റുമോർട്ടത്തിനുശേഷം ശവശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയാണ് ഉണ്ടായത്. ശവശരീരം മറവുചെയ്യുന്നതിന് സ്ഥലമില്ലാതിരുന്നതുകൊണ്ടാണ് ബന്ധുക്കളുടെ ആവശ്യപ്രകാരം ശവശരീരം ദഹിപ്പിച്ചത്. ശവശരീരം ഏതുവിധം സംസ്‌കരിക്കണമെന്നുള്ളത് ബന്ധുക്കളുടെ മാത്രം തീരുമാനമാണ്. ഏതായാലും, ഏത് ഭാവി അന്വേഷണത്തിനുമുള്ള ശരീരഭാഗങ്ങളും ശരീരത്തിന് എടുത്തതിന് ശേഷം മാത്രമാണ് ശവശരീരം വിട്ടുകൊടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഡി.എൻ.എ അടക്കമുള്ള ഏത് തെളിവുകളും ഇപ്പോഴും ലഭ്യമാണ്.

പൊലീസ് സ്റ്റേഷനിൽ ലഭിച്ചിരുന്ന പരാതികൾ അന്വേഷിച്ചില്ല എന്ന വാദം.

യാഥാർത്ഥ്യം: ഇതിൽ നാല് പരാതികളാണ് ഉണ്ടായിരുന്നത്. അതിലൊന്ന് വാഹനാപകടം കേസ് സംബന്ധിച്ച കേസായിരുന്നു. രണ്ട് പരാതികളിൽ പൊലീസ് അന്വേഷണം നടത്തി കേസ് കോടതിയിൽ ചാർജ് ചെയ്തു. മറ്റ് പരാതികൾ അയൽപ്പക്കത്തുള്ള സ്ത്രീകളുമായുണ്ടായ തർക്കങ്ങളായിരുന്നു. അവ പറഞ്ഞുതീർക്കുകയും ചെയ്തു.

മാദ്ധ്യമങ്ങൾ ഇടപെടുന്നതുവരെ പൊലീസ് കാര്യമായി അന്വേഷിച്ചില്ല എന്നുള്ളത്

യാഥാർത്ഥ്യം: മുകളിൽ ചൂണ്ടിക്കാണിച്ചപോലെ സംഭവം അറിഞ്ഞ് 15 മിനിട്ടിനുള്ളിൽതന്നെ ജില്ലാ പൊലീസ് മേധാവി സ്ഥലത്തെത്തുകയും കഴിയുന്നതുംവേഗം റേഞ്ച് ഐ.ജി സ്ഥലത്തെത്തി എല്ലാവിധത്തിലുള്ള ശാസ്ത്രീയപരിശോധനകളും നടത്തിയ കേസുകൂടിയായിരുന്നു ഇത്. കൊലയാളിയുടെ ഡി.എൻ.എ, മുടി, വിരലടയാളങ്ങൾ, കടിപ്പാടുകൾ എന്നിവ കണ്ടെത്താനും ശാസ്ത്രീയമായ രീതികൾ അവലംബിച്ച് എടുക്കാൻ കഴിഞ്ഞതും അതുകൊണ്ടാണ്. ഏപ്രിൽ 28ന് നടന്ന സംഭവത്തെപ്പറ്റി മെയ് നാലുവരെ മാദ്ധ്യമങ്ങൾ ശ്രദ്ധിക്കാതിരുന്നത് പൊലീസിന്റെ കുറ്റമല്ല. ആ ജാള്യത മറയ്ക്കുന്നതിന് വേണ്ടി മാത്രമാണ് ഈകുറ്റം പൊലീസിന്റെ പേരിൽ കെട്ടിവെയ്ക്കാൻ ശ്രമിക്കുന്നത്. കേരളത്തിലെ ചരിത്രത്തിലെ കേസ് അന്വേഷണത്തിൽ ഏറ്റവും ശാസ്ത്രീയമായ രീതിയിൽ അന്വേഷണം നടത്തിയ ഒരു കേസാണിത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശരീരത്തിൽ കൊലയാളി മൂന്നിടത്തായി പുറംഭാഗത്ത് കടിയേൽപ്പിച്ചിട്ടുള്ളതും ചുരിദാറിന്റെ മുകളിലൂടെയുള്ള കടിയേറ്റ ഭാഗത്തുനിന്നും ലഭ്യമായ ഉമിനീരിൽ നിന്നും മൂന്ന് ഡി.എൻ.എ സാമ്പിളുകൾ കണ്ടെത്തുകയും നഖങ്ങൾക്കിടെയിൽ നിന്നും ടവർ ബോൾട്ടിൽ നിന്നും രണ്ട് ഡി.എൻ.എ കണ്ടെത്തുകയും ഇതെല്ലാം ഒരുപുരുഷന്റെ ഡി.എൻ.എ ആണെന്ന് കൃത്യമായി കണ്ടെത്തുകയും ചെയ്തു.

കുറ്റാന്വേഷണങ്ങളെപ്പറ്റിയും ഈ കേസിൽ പൊലീസ് എന്ത് അന്വേഷണമാണ് നടത്തിയതെന്ന് ഒരു അറിവും വിവരവുമില്ലാത്ത ചിലരാണ് ഇതെല്ലാം തെറ്റായ രീതിയിലായിരുന്നുവെന്ന് പ്രചരിപ്പിക്കുന്നത്. പെരുമ്പാവൂരിൽ ആത്മഹത്യ ചെയ്ത, ബംഗാളിലെ മൂർഷിദബാദിലുള്ളവരുടെ വരെ ഡി.എൻ.എ താരതമ്യം ചെയ്തിരുന്നു. ഒരു ഇലക്ഷന് തൊട്ടുമുമ്പായി ഭരിക്കുന്ന ഗവൺമെന്റിനെ വളരെയേറെ സമ്മർദ്ദത്തിലാക്കുന്ന ഒരു കേസായിരുന്നിട്ടും അവിടെയുണ്ടായിരുന്നവരുടെയും മറ്റും മൊഴി അനുസരിച്ചും സംശയിക്കാവുന്ന കാരണങ്ങൾ ഉണ്ടായിരുന്നിട്ടും സാമാന്യേന പ്രതിയാണെന്ന് പറഞ്ഞാൽ വിശ്വാസിക്കാവുന്ന നാലോ അഞ്ചോ 'പ്രതികൾ' ലഭ്യമായിരുന്നിട്ടും ഒരുനിരപരാധിയെയും ഇത്തരമൊരു കേസിൽ പ്രതി ചേർത്ത് കേസ് തെളിഞ്ഞുവെന്ന് വരുത്തിത്തീർക്കില്ല എന്ന ദൃഢനിശ്ചയം ഉണ്ടായിരുന്നതുകൊണ്ടാണ് ഈ കേസിലെ 'പ്രതിയെ' അറസ്റ്റ് ചെയ്യാതിരുന്നത്. പല കേസുകളിലും ചിലപ്പോൾ പ്രതി പെട്ടെന്ന് പിടിയാലാകാറുണ്ട്. ചിലപ്പോൾ അൽപസമയം എടുത്തേക്കാം. ഇത്രയേറെ സമ്മർദ്ദങ്ങളുണ്ടായിരുന്ന കേസായിരുന്നിട്ടും ഒരാളുടെ പോലും മനുഷ്യവകാശങ്ങൾ ലംഘിക്കപ്പെട്ടതായി ഒരുപരാതിപോലും ഈ കേസിൽ ഇതുവരെയുണ്ടായിട്ടില്ല. ഈ അന്വേഷണസംഘം മുന്നോട്ടുപോയ വഴിയിലൂടെയല്ലാതെ മറ്റൊരു അന്വേഷണസംഘത്തിനോ അല്ലെങ്കിൽ സിബിഐ, എഫ്.ബി.ഐ തുടങ്ങിയവ ആയിക്കൊള്ളട്ടെ മുന്നോട്ടുപോകാനാകില്ല.

പരമ്പാരഗതമായ അന്വേഷണരീതികളും ശാസ്ത്രീയമായ തെളിവുകളും ഒപ്പം സി.ഡി.ആർ പരിശോധനകളുടെ അന്വേഷണവും എന്നിങ്ങനെ എല്ലാരീതികളിലും സമഗ്രമായി അന്വേഷിച്ച ഒരുകേസാണിത്. ആട് ആന്റണിയെന്ന കൊടുംകുറ്റവാളിയെ നിരവധിമാസങ്ങളും വർഷങ്ങളും നീണ്ടുനിന്ന പ്രയത്നത്തിലൂടെയാണ് കേരള പൊലീസ് പിടികൂടിയത്. അതുപോലെ തന്നെ ഇതിലെ പ്രതിയെ പിടികൂടുന്നതിന് സാധ്യമാകുമായിരുന്നു. ഡി.എൻ.എ എന്താണെന്നോ ശാസ്ത്രീയ തെളിവുകളെന്താണെന്നോ ഒരു ചുക്കുമറിയാത്ത ജോമോൻ പുത്തൻപുരയ്ക്കലിനെ പോലെയുള്ളവരാണ് ഈ കേസിന്റെ അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചത്. സത്യമെന്നും മൂടിവെയ്ക്കാനാകില്ല. ഈ കേസിന്റെ അന്വേഷണത്തിൽ ആദ്യഅന്വേഷണ സംഘം നടത്തിയ ഏറ്റവും ശരിയായ പ്രശംസനീയമായ കുറ്റാന്വേഷണരീതി എത്രകാലം കഴിഞ്ഞാലും പുറത്തുവരിക തന്നെ ചെയ്യും.

ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള നിരന്തരമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെയിലും പ്രധാനമന്ത്രിയടക്കമുള്ള വി.വി.ഐ.പികളുടെ സന്ദർശനങ്ങൾക്കിടെയിലും പുരുഷന്മാരും വനിതകളും അടങ്ങിയ തൊണ്ണൂറോളം പേരുള്ള അന്വേഷണസംഘം ആയിരക്കണക്കിന് ആൾക്കാരെ കണ്ട് ചോദ്യം ചെയ്യുകയും സംശയിക്കുന്ന 25 ഓളം ആളുകളെ വെരിഫൈ ചെയ്യുകയും ചെയ്തു. പൊലീസ് ഇത്രനല്ല രീതിയിലുള്ള അന്വേഷണം നടത്തിയിട്ടും പൊലീസിനെതിരെ കുറ്റംകണ്ടെത്താൻ ശ്രമിക്കുന്നവർ ഇതേവരെ ജിഷയുടെ ജീവിതസാഹചര്യങ്ങളെപ്പറ്റിയോ അവൾക്ക് സമൂഹത്തിൽനിന്നും നേരിടേണ്ടിവന്ന അവജ്ഞയേയോ ബുദ്ധിമുട്ടുകളെ പറ്റിയോ ഇതുവരെ ഒരു പ്രതികരണങ്ങളും നടത്തിക്കണ്ടില്ല.

(ജിഷ വധക്കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ച് തയ്യാറാക്കിയ റിപ്പോർട്ടാണിത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP