Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമൃതാ മഠവും ആർട്ട് ഓഫ് ലിവിങും അമിത് ഷായുടെ മാസ്റ്റർ പ്ലാനിന്റെ ഭാഗം; കേരളം പിടിക്കാൻ ശ്രീ ശ്രീ രവിശങ്കറുടെ സഹായം ഉറപ്പാക്കും; എസ്എൻഡിപിയുടെ പാർട്ടിയിൽ 13 സമുദായ സംഘടനകളും; ബിജെപി തന്ത്രങ്ങൾ പൊളിക്കാൻ കരുതലോടെ സിപിഐ(എം)

അമൃതാ മഠവും ആർട്ട് ഓഫ് ലിവിങും അമിത് ഷായുടെ മാസ്റ്റർ പ്ലാനിന്റെ ഭാഗം; കേരളം പിടിക്കാൻ ശ്രീ ശ്രീ രവിശങ്കറുടെ സഹായം ഉറപ്പാക്കും; എസ്എൻഡിപിയുടെ പാർട്ടിയിൽ 13 സമുദായ സംഘടനകളും; ബിജെപി തന്ത്രങ്ങൾ പൊളിക്കാൻ കരുതലോടെ സിപിഐ(എം)

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : കോൺഗ്രസ്-കമ്യൂണിസ്റ്റ്മുക്ത കേരളത്തിനായി കൈകോർക്കാൻ ബിജെപിയും എസ്.എൻ.ഡി.പിയും തയ്യറെടുക്കുമ്പോൾ അതിന് എല്ലാ വിധ പിന്തുണയുമായി മാതാ അമൃതാനന്ദമയീ മഠവും ശ്രീ ശ്രീ രവിശങ്കറിന്റെ ആർട്ട് ഓഫ് ലീവിങ്ങ് പ്രസ്ഥാനവുമുണ്ടാകുമെന്ന് സൂചന. ഇന്നലെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള ചർച്ചകൾക്ക് അവസരമൊരുക്കിയത് വള്ളിക്കാവിലെ അമൃതാനന്ദമയീ മഠമായിരുന്നു. വളരെ ക്രിയാത്മകമായ ചർച്ചയാണ് വള്ളിക്കാവിൽ നടന്നത്. ഈ കൂട്ടായ്മയ്ക്ക് എല്ലാ പിന്തുണയും മഠം വാഗ്ദാനം ചെയ്തുവെന്നാണ് സൂചന. അതിനിടെയാണ് ബിജെപിയുടെ കേരളത്തിലെ രാഷ്ട്പീയ മോഹങ്ങൾക്ക് ആർട്ട് ഓഫ് ലീവിങ്ങും എത്തുമെന്ന സൂചന വരുന്നത്.

ഈഴവ വോട്ട് ബാങ്കിൽ മാത്രം വിള്ളലുണ്ടാക്കിയാൽ കേരളത്തിൽ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാകില്ലെന്നാണ് അമിത് ഷായുടെ നിലപാട്. ഈ സാഹചര്യത്തിൽ ഭൂരിപക്ഷ സമുദായത്തെ ഒന്നടങ്കം ഒപ്പം നിർത്താനാണ് അമൃതാനന്ദമയീ മഠത്തിന്റേയും ആർട്ട് ഓഫ് ലീവിങ്ങിന്റേയും സഹായം തേടുക. കേരളത്തിലുടനീളം വിശ്വാസ സമൂഹത്തിന്റെ പിന്തുണ നേടാൻ അമൃതാനന്ദമയീ മഠത്തിന്റേയും അർട്ട് ഓഫ് ലീവിങ്ങിന്റേയും പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. ഈ പിന്തുണ ബിജെപിക്ക് വോട്ടാക്കി മാറ്റാനാണ് അമിത് ഷായുടെ നീക്കം. പ്രധാനമന്ത്രി മോദിയുമായി ഏറെ അടുത്തു നിൽക്കുന്ന ആത്മീയ നേതാവാണ് ശ്രീ ശ്രീ രവിശങ്കർ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിക്ക് വേണ്ടി പരസ്യമായി രംഗത്ത് വന്ന വ്യക്തി. കേരളത്തിലും രാഷ്ട്രീയ മാറ്റം അനിവാര്യമാണെന്ന് തരത്തിൽ രവിശങ്കർ പൊതു പരിപാടികളിൽ സജീവമാകും. ആർട്ട് ഓഫ് ലീവിങ്ങിന്റെ അംഗങ്ങൾ ബിജെപിക്കായി പരോക്ഷ വോട്ട് പിടിത്തത്തിന് ഇറങ്ങുമെന്നാണ് സൂചന

എന്നാൽ പരസ്യമായി ബിജെപിക്കായി അമൃതാനന്ദമയീ മഠം പ്രവർത്തിക്കില്ല. എന്നാൽ വിശ്വാസികളെ മുഴുവൻ ബിജെപിക്ക് പിന്നിൽ തന്ത്രപരമായി അണിനിരത്തും. അത്തരത്തിലൊരു നീക്കമാകും നടത്തുക. എസ്എൻഡിപിയുടെ പുതിയ രാഷ്ട്രീയം ബിജെപിക്ക് സാധ്യത മെച്ചപ്പെടുത്തുമെന്ന വിലയിരുത്തലാണ് മഠത്തിനുമുള്ളത്. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് വെള്ളാപ്പള്ളി-അമിത് ഷാ കൂടിക്കാഴ്ചയ്ക്ക് മഠം അവസരമൊരുക്കിയത്. അതിനിടെ ഈഴവ വോട്ട് ബാങ്കിൽ വിള്ളലുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നീക്കങ്ങൾ സിപിഎമ്മും തുടങ്ങി. പ്രാദേശിക സംഖ്യങ്ങളാണ് സിപിഐ(എം) ലക്ഷ്യമിടുന്നത്. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഈഴവ വോട്ടുകൾ എങ്ങോട്ട് പോകുമെന്നത് ഭാവി കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായി. വെള്ളാപ്പള്ളി നടേശൻ വിചാരിച്ചാലും ഈഴവരെ സിപിഎമ്മിൽ നിന്ന് അടർത്തിയെടുക്കാൻ കഴിയില്ലെന്ന് വരുത്താനാണ് സിപിഐ(എം) നീക്കം. അതുകൊണ്ട് വി എസ് അച്യുതാനന്ദനെ മുഖ്യപ്രചാരകനാക്കി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാനാണ് സിപിഐ(എം) നീക്കം.

ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇന്നലെ ബിജെപി. ദേശീയ അധ്യക്ഷൻ അമിത്ഷായും എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൊല്ലത്ത് അമൃതാനന്ദമയീ മഠത്തിൽ അവസാന കൂടിക്കാഴ്ചയിലും സിപിഐ(എം) വിരുദ്ധ രാഷ്ട്രീയമാണ് ചർച്ചയായത്. എസ് എൻ ഡി പിയുടെ പാർട്ടി രൂപീകരണം സംബന്ധിച്ച് ഇരുവരും അവസാനഘട്ട വിലയിരുത്തൽ നടത്തി. തദ്ദേശതെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട അടവുകളെക്കറിച്ചും മുക്കാൽ മണിക്കൂർ ചർച്ചചെയ്തു. സിപിഎമ്മിനെ പരാജയപ്പെടുത്താനുള്ള പ്രാദേശിക സഖ്യങ്ങളാണ് ഇരുകൂട്ടരും ലക്ഷ്യമിടുന്നത്. ഇതിനുള്ള ചർച്ചകൾ പ്രാദേശിക തലത്തിൽ നടത്തും. വെള്ളാപ്പള്ളിയുണ്ടാക്കാൻ പോകുന്ന പുതിയ പാർട്ടിക്ക് എല്ലാ പിന്തുണയും അമിത് ഷാ വാഗ്ദാനം ചെയ്തു. പമുഖ മഠത്തിന്റെയും കേരളത്തിൽ വേരുകളുള്ള യോഗാചാര്യന്റെയും ആശീർവാദത്തോടെയാണു വെള്ളാപ്പള്ളി പാർട്ടി രൂപീകരിക്കുക. പതിമൂന്നു സമുദായ സംഘടനകളെ പ്രാദേശിക ഘടകങ്ങളിൽ കണ്ണിചേർക്കും. ബിജെപിയോട് അനുഭാവമുള്ള പ്രമുഖ സമുദായങ്ങളെ ഒരു കുടക്കീഴിലെത്തിക്കുകയാണു ലക്ഷ്യം. നമ്പൂതിരി മുതൽ നായാടിവരെയുള്ളവരുടെ കൂട്ടായ്മയെന്ന ആശയമാകും ഉയർത്തിക്കാട്ടുക. ഇതെല്ലാം അമിത് ഷായോട് വെള്ളാപ്പള്ളി വിശദീകരിച്ചു.

സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്ക് വഴിവയ്ക്കുന്ന തരത്തിൽ വമ്പൻ രഥയാത്രയ്ക്കാണ് എസ്.എൻ.ഡി.പി. യോഗം ലക്ഷ്യമിടുന്നത്. ബിജെപി. ദേശീയ നേതൃത്വം നടത്തിയ രഥയാത്രകളാണ് വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന രഥയാത്രക്ക് മാതൃക. എ.സി. വോൾവോ ബസിലാണ് അത്യന്താധുനിക സൗകര്യമുള്ള രഥമൊരുക്കുക. ഇതിനുപിന്നിൽ മറ്റൊരു വോൾവോ ബസിൽ നേതാക്കൾ രഥയാത്രയെ അനുഗമിക്കും. ഇരുനൂറിനു മുകളിൽ വാഹനങ്ങൾ ഓരോ സ്വീകരണ കേന്ദ്രത്തിലും രഥയാത്രയെ അനുഗമിക്കണമെന്നും യൂണിയനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കാസർഗോഡ് നിന്ന് നവംബർ 15ന് ആരംഭിക്കുന്ന ജാഥ 30നു തലസ്ഥാനത്ത് സമാപിക്കും. ശംഖുംമുഖം കടൽത്തീരത്ത് ചേരുന്ന സമാപന യോഗത്തിൽ ലക്ഷങ്ങളെ അണിനിരത്താനാണു തീരുമാനം. ഈ സമ്മേളനത്തിൽ വെള്ളാപ്പള്ളി നടേശൻ പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടത്തും. പാർട്ടിയുടെ പേര്, കൊടിയുടെ നിറം, ലക്ഷ്യം, പരിപാടി എന്നിവയും പൊതുസമ്മേളനത്തിൽ വിശദീകരിക്കും. പ്രധാനമന്ത്രി മോദിയുടെ നയങ്ങളെ പുകഴ്‌ത്തി തന്നെയാകും പ്രചരണം നടക്കുക.

അതിനിടെ തദ്ദേശതെരഞ്ഞെടുപ്പിലെ പ്രവർത്തനങ്ങൾക്കൊപ്പം എസ്.എൻ.ഡി.പി. ശാഖകളുടെ നേതൃത്വത്തിൽ പാർട്ടികഘടകങ്ങളും രൂപീകരിക്കണമെന്നു യൂണിയനുകൾക്കു വെള്ളാപ്പള്ളി നിർദ്ദേശം നൽകി. ഇതു വിശദീകരിക്കാൻ വെള്ളാപ്പള്ളി നടേശന്റെയും മകൻ തുഷാർ വെള്ളാപ്പള്ളിയുടെയും നേതൃത്വത്തിൽ എസ്.എൻ.ഡി.പി യൂണിയൻ യോഗങ്ങൾ ചേരും. പതിനാലു ജില്ലകളിലെയും യൂണിയൻ യോഗങ്ങളിലും വെള്ളാപ്പള്ളി നടേശൻ പങ്കെടുക്കും. അതാതു പ്രദേശത്തു സ്വാധീനമുള്ള സാമുദായിക സംഘടനകളുമായും രഹസ്യചർച്ചനടത്തും. സമസ്ത നായർ സമാജം, കെ.പി.എം.എസ്, ധീവരസഭ, വി എസ്.ഡി.പി, ചെട്ടിയാർ വിഭാഗം, വിശ്വകർമ്മ, ബ്രഹ്മണസഭ എന്നിവയാണിവ. ഇതിനുള്ള ചർച്ചകളും ആരംഭിച്ചു. നവംബർ 15ന് കാസർകോട് നിന്നാരംഭിക്കുന്ന രഥയാത്രയിൽ ഈ സംഘടനകളെ പങ്കെടുപ്പിക്കും. ജാഖയിൽ പങ്കാളിയാകാൻ ഈ സംഘടനകളും സമ്മതം അറിയിച്ചിട്ടുണ്ട്. ആർഎസ്എസ് നേതൃത്വമാണ് ഇതിനുള്ള ഏകോപന പ്രവർത്തനങ്ങൾ നടത്തുന്നതെന്നതും ശ്രദ്ധേയമാണ്.

അതിനിടെയാണ് വെള്ളാപ്പള്ളി നടേശനെ ഒപ്പം നിർത്താൻ സിപിഎമ്മും നീക്കം തുടങ്ങിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിൽ നീക്കുപോക്ക് ഉണ്ടാക്കാൻ സംസ്ഥാന നേതൃത്വത്തിനു പോളിറ്റ് ബ്യൂറോയുടെ പച്ചക്കൊടി. എന്നാൽ, വർഗീയ ശക്തികളുമായി ചങ്ങാത്തം വേണ്ടെന്നു ഡൽഹിയിൽ സമാപിച്ച പി.ബി. യോഗം നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പിൽ വിജയമാണു പ്രധാനം. കോൺഗ്രസും ബിജെപിയും ഒഴികെയുള്ള എല്ലാ പാർട്ടികളുമായും സഖ്യസാധ്യത പരിശോധിക്കും. എസ്.എൻ.ഡി.പി യോഗവുമായി സഹകരിക്കാനുള്ള സാധ്യത പരിശോധിക്കും. എസ്.എൻ.ഡി.പി നേതൃത്വം ബിജെപിയോട് ഏതുതരത്തിൽ ഉള്ള നിലപാടാണു സ്വീകരിക്കുന്നതെന്നു പരിശോധിച്ചശേഷമേ തീരുമാനമെടുക്കാൻ പാടുള്ളൂ. ഫോർവേർഡ് ബ്ലോക്കിനെ എൽ.ഡി.എഫിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ബിജെപി-എസ്എൻഡിപി നീക്കത്തെ കരുതലോടെ പ്രതിരോധിക്കാനാണ് ഈ തീരുമാനങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP