Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാനൽ പരിപാടിയിൽ പങ്കെടുക്കാൻ അംഗങ്ങൾ താരസംഘടനയുടെ മുൻകൂർ അനുവാദം വാങ്ങണമെന്ന് സിദ്ദിഖ്; ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് ജയറാം; സിനിമയിലെ അഭിനയിക്കുന്ന വനിതകൾ ഗർഭിണിയാകുന്നത് നീട്ടിവെയ്ക്കുന്നത് പ്രസവ സമയത്ത് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നെന്നും ചർച്ച; സംഘടനാ ഓഫീസ് കൊച്ചിയിലേക്ക് മാറ്റണമെന്നും ആവശ്യം: പതിവ് വാർത്താസമ്മേളനവും ഒഴിവാക്കി അമ്മയുടെ വാർഷികയോഗം പിരിഞ്ഞു

ചാനൽ പരിപാടിയിൽ പങ്കെടുക്കാൻ അംഗങ്ങൾ താരസംഘടനയുടെ മുൻകൂർ അനുവാദം വാങ്ങണമെന്ന് സിദ്ദിഖ്; ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് ജയറാം; സിനിമയിലെ അഭിനയിക്കുന്ന വനിതകൾ ഗർഭിണിയാകുന്നത് നീട്ടിവെയ്ക്കുന്നത് പ്രസവ സമയത്ത് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നെന്നും ചർച്ച; സംഘടനാ ഓഫീസ് കൊച്ചിയിലേക്ക് മാറ്റണമെന്നും ആവശ്യം: പതിവ് വാർത്താസമ്മേളനവും ഒഴിവാക്കി അമ്മയുടെ വാർഷികയോഗം പിരിഞ്ഞു

അർജുൻ സി വനജ്

കൊച്ചി: താരസംഘടനയായ അമ്മയുടെ ചാനലുകൾക്കെതിരെ നിലപാട് കടുപ്പിക്കുന്നു. ഇന്ന് ചേർന്ന വാർഷിക ജനറൽ ബോഡിയിലും വാർത്താ ചാനലുകളുമായി സഹകരിക്കേണ്ട കാര്യമില്ലെന്ന് അഭിപ്രായം ചർച്ചയായി. ദിലീപ് വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉച്ചയ്ക്ക് മുമ്പായി യോഗത്തിൽ ഉയർന്നു. ദിലീപിനെ വീണ്ടും സംഘടനയിലേക്ക് തിരിച്ചെടുക്കണം എന്ന ആവശ്യമാണ് താരങ്ങൾ ഉയർത്തിയത്. ഉച്ചയ്ക്ക് ശേഷം ഫോട്ടോ സെഷന് ശേഷമാണ് യോഗം ചേർന്നത്. മോഹൻലാലും മമ്മൂട്ടിയും അടക്കം താരകുടുംബങ്ങൾ ഒന്നായി നിന്നു ഫോട്ടോയെടുത്തു.

ഇതിന് ശേഷം ചർച്ചയിലേക്ക് കടന്നപ്പോൾ ചാനൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളുമായി സഹകരിക്കണോ എന്ന ചോദ്യം ഉയർന്നു. ഇക്കാര്യത്തിൽ നേരത്തെ നിലവിലുള്ള വാക്കാലുള്ള വിലക്കുകൾ തുടരണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന ഏത് പരിപാടിയിലും അമ്മ അംഗങ്ങൾ പങ്കെടുക്കണമെങ്കിലും അമ്മയുടെ അനുവാദം വാങ്ങണം എന്ന നിർദ്ദേശം മുന്നോട്ടു വെച്ചത് സിദ്ദിഖാണ്. ഇക്കാര്യം അമ്മ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവും പിന്തുണച്ചു സംസാരിച്ചു.

അതേസമയം ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായവും ഉയർന്നു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്ന ആവശ്യം ഉന്നയിച്ചത് നടൻ ജയറാമായിരുന്നു. ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നത് പരിപാടികളാണോ എന്ന് ചോദിക്കണമെന്നും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നന്നും ഇടവേള ബാബു വിശജദീകരിച്ചു. ഇതിനിടെ സംഘടനയിലെ വനിതകളുടെ പ്രശ്‌നങ്ങളും ഉന്നയിച്ചു. സിനിമയിൽ അഭിനയിക്കുന്ന വനിതകൾ ഗർഭിണിയാകുന്നത് നീട്ടിവെയ്ക്കുന്നത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ പ്രസവ സമയത്ത് ഉണ്ടാകുന്നു എന്ന കാര്യം ചർച്ചാവേളയിൽ ഒരു നടി ചൂണ്ടിക്കാട്ടി.

ഇത് കൂടാതെ താരസംഘടനയുടെ ഓഫീസ് സംബന്ധിച്ച ചർച്ചകളും സജീവമായി. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സംഘടനകളുടെയും ഓഫീസ് കൊച്ചിയിലാണ്. എന്നാൽ, അമ്മ ഓഫീസ് മാത്രം തിരുവനന്തപുരത്താണ്. ഇതുകൊച്ചിയിലേക്ക് മാറ്റിക്കൂടേ എന്ന ചോദ്യം ഉന്നയിച്ചത് നടൻ ബാബുരാജാണ്. അതേസമയം പ്രാദേശികവാദം ഉയർത്തുന്നത് ശരിയല്ല അലൻസിയർ ചൂണ്ടിക്കാട്ടി. എന്നാൽ, അമ്മയ്കക് ഓഫീസ് കൊച്ചിയിൽ തുടങ്ങണമെന്ന് ആഗ്രഹിക്കുന്നതായി ഇടവേള ബാബുവും പറഞ്ഞു. എല്ലാവർക്കും എത്തിചേരാനുള്ള സൗകര്യമാണ് ഇവിടെ നോക്കുന്നത്. കൊച്ചിയിൽ ഓഫീസ് വന്നാൽ അത് മലബാറുകാർക്ക് ഗുണകരമാണെന്ന് കോഴിക്കോട് നാരായണൻ നായർ പറഞ്ഞു.

ഇതിന് ശേഷം പുതിയ എക്‌സിക്യൂട്ടീവ് അംഗങ്ങളും യോഗത്തിൽ സംസാരിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടിയ ഇന്ദ്രൻസും സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു. സംഘടനയെ മുന്നോട്ടു കൊണ്ടുപോകുന്നത് സംബന്ധിച്ചും ഭാവി പരിപാടിയെ കുറിച്ചും പുതിയ അംഗങ്ങൾ സംസാരിച്ചു. യോഗം നാല് മണിയോടെ അവസാനിച്ചു. പതിവായി വാർഷിക യോഗങ്ങളിൽ വിളിക്കാറുള്ള വാർത്താസമ്മേളനം ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. അമ്മയുടെ ഫോട്ടോഷൂട്ടിന്റെ ഒരു ഫേസ്‌ബുക്ക് വീഡിയോ മാത്രമാണ് ക്രൗൺപ്ലാസ ഹോട്ടലിൽ നിന്നും പുറത്തുവിട്ടത്.

ദിലീപിനെ തിരിച്ചെടുക്കുന്നതുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ ഉണ്ടാകുമെന്ന് ഭയന്നു കൊണ്ടു തന്നെയാണ് വാർത്താസമ്മേളനം വേണ്ടെന്ന വെച്ചത്. യോഗത്തിൽ ദിലീപിനെ തിരിച്ചെടുക്കുമോ എന്ന ചോദ്യം ഊർമ്മിള ഉണ്ണി ഉന്നയിച്ചിരുന്നു. ഇതിന് ഇടവേള ബാബു മറുപടി നൽകുകയും ചെയ്തു. ഇതിന് പുറത്താക്കിയത് നിയമപരമല്ലെന്നും ദിലീപ് കോടതിയിൽ പോയാൽ സംഘടന കുടുങ്ങുമെന്നും ഇടവേള പറഞ്ഞു. നേരത്തെ ഇത്തരത്തിൽ ജഗതി ശ്രീകുമാറിനെതിരെ ആരോപണം ഉണ്ടായപ്പോൾ സസ്പെന്റ് ചെയ്യുകയാണ് ചെയ്തത്. പുറത്താക്കണമെങ്കിൽ അതിന് സങ്കീർണ്ണമായ നടപടികളുണ്ട്. ആദ്യം കുറ്റപത്രം തയ്യാറാക്കണം. അതിന് ശേഷം ദിലീപിൽ നിന്ന് വിശദീകരണം ചോദിക്കണം. വിശദീകരണം പിരശോധിച്ച് തീരുമാനം എടുക്കണം. ഇവിടെ ആരും കുറ്റപത്രം നൽകിയില്ല. വിശദീകരണവും കിട്ടിയില്ല. അതുകൊണ്ട് അമ്മയുടെ ചട്ടപ്രകാരമല്ല തീരുമാനം എടുത്തത്. പ്രത്യേക സാഹചര്യത്തിലെ ഈ നടപടി അമ്മയുടെ പുതിയ എക്സിക്യൂട്ടിവ് പുനപരിശോധിക്കുമെന്നായിരുന്നു ഇടവേള ബാബു വിശദീകരിച്ചത്.

ദിലീപിന്റെ പുറത്താക്കലിനെ എക്സിക്യൂട്ടീവ് അസാധുവാക്കുമന്ന സൂചനയും നൽകി. തൽകാലം വിവാദം ഒഴിവാക്കാൻ ദിലീപിനെ സസ്പെൻഷനിൽ നിർത്തും. വിചാരണ കഴിഞ്ഞ് കോടതി കുറ്റവിമുക്തനാക്കിയാൽ സ്വീകരിക്കുകയും ചെയ്യും. ഇതാണ് തീരുമാനം. അമ്മയുടെ പുതിയ എക്സിക്യൂട്ടീവിൽ ദിലീപിനെ പിന്തുണയ്ക്കുന്നവർക്കാണ് ഭൂരിപക്ഷം. മമ്മൂട്ടിയും പൃഥ്വിരാജും രമ്യാ നമ്പീശനും പുറത്തായി. ഈ സാഹചര്യത്തിൽ ദിലീപ് അനുകൂലികൾ മാത്രമുള്ള എക്സിക്യൂട്ടീവ് പുറത്താക്കൽ തീരുമാനം റദ്ദാക്കും.

സിപിഎമ്മിനെ പോലെ ഇരുമ്പു മറ തീർത്തായിരുന്നു അമ്മയുടെ സമ്മേളനം. എന്നാൽ യോഗത്തിലെ അതീവരഹസ്യമായി നടത്തിയ ഇടവേള ബാബുവിന്റെ പ്രസംഗം പോലും ചോർന്നു. മാധ്യമങ്ങളെ കളിയാക്കിയാണ് പുതിയ ജനറൽ സെക്രട്ടറി അമ്മയുടെ അമരത്ത് കാലെടുത്ത് വച്ചത്. മാധ്യങ്ങളെ ഒന്നും വിളിച്ചില്ല. ആവശ്യമുള്ളത് ഫെയ്സ് ബുക്കിൽ കൊടുക്കും. ചില മാധ്യമങ്ങൾക്ക് തെറ്റിധാരണയുണ്ട്. അത് തീർക്കാൻ ആരേയും വിളിച്ചില്ല. ഞങ്ങളുണ്ടെങ്കിലേ എല്ലാം പൂർണ്ണമാകൂവെന്ന അഹങ്കാരം കുറച്ചു പേർക്കുണ്ട്. ഇത്തവണ അതങ്ങ് പൊളിച്ചു കൊടുത്തു-ഇതായിരുന്നു ഇടവേള ബാബുവിന് പറയാനുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP