Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം പ്രശ്‌നം തീർക്കാൻ രാത്രി ചേർന്ന എക്‌സിക്യൂട്ടീവിൽ ധാരണ; ദിലീപിന്റെ പുറത്താക്കൽ 'ക്രൗൺ പ്ലാസയിൽ' ചർച്ചയ്ക്കിടും; വിവാദം പരിഗണിക്കേണ്ടെന്ന ഇടവേള ബാബുവിന്റെ അഭിപ്രായം തള്ളിക്കളഞ്ഞത് നിയമോപദേശത്തിന്റെ പശ്ചാത്തലത്തിൽ; ദിലീപ് അകത്തോ പുറത്തോയെന്ന് ഇന്നത്തെ ജനറൽ ബോഡി തീരുമാനിക്കും; വിചാരണ കഴിയും വരെ സസ്‌പെൻഷനിൽ നിർത്താനും സാധ്യത; 'അമ്മ'യിൽ ഇന്നസെന്റ് യുഗത്തിന് ഇന്ന് അവസാനം

ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം പ്രശ്‌നം തീർക്കാൻ രാത്രി ചേർന്ന എക്‌സിക്യൂട്ടീവിൽ ധാരണ; ദിലീപിന്റെ പുറത്താക്കൽ 'ക്രൗൺ പ്ലാസയിൽ' ചർച്ചയ്ക്കിടും; വിവാദം പരിഗണിക്കേണ്ടെന്ന ഇടവേള ബാബുവിന്റെ അഭിപ്രായം തള്ളിക്കളഞ്ഞത് നിയമോപദേശത്തിന്റെ പശ്ചാത്തലത്തിൽ; ദിലീപ് അകത്തോ പുറത്തോയെന്ന് ഇന്നത്തെ ജനറൽ ബോഡി തീരുമാനിക്കും; വിചാരണ കഴിയും വരെ സസ്‌പെൻഷനിൽ നിർത്താനും സാധ്യത; 'അമ്മ'യിൽ ഇന്നസെന്റ് യുഗത്തിന് ഇന്ന് അവസാനം

അർജുൻ സി വനജ്

കൊച്ചി: മലയാള സിനിമയെ പിടിച്ചുലച്ച വിവാദങ്ങൾക്കുശേഷം താര സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന്. ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കിയ എക്‌സിക്യൂട്ടീവ് തീരുമാനം യോഗം ചർച്ച ചെയ്യും. വിവാദ വിഷയം പരിഗണിക്കേണ്ടെന്നായിരുന്നു അമ്മയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. ദിലീപിന്റെ താൽപ്പര്യക്കുറവ് കൂടി പരിഗണിച്ചായിരുന്നു ഈ നീക്കം. എന്നാൽ രാത്രി ചേർന്ന അമ്മ എക്‌സിക്യൂട്ടീവ് ഇക്കാര്യം ചർച്ച ചെയ്തു. ഈ യോഗത്തിൽ നിലവിലെ അംഗമെന്ന നിലയിൽ പൃഥ്വിരാജിന് പങ്കെടുക്കാം. എന്നാൽ പൃഥ്വി യോഗത്തിന് എത്തിയിരുന്നില്ല. പൃഥ്വിയുടെ അഭാവത്തിലാണ് ദിലീപ് വിഷയം പൊതുചർച്ചയ്ക്ക വയ്ക്കാൻ തീരുമാനിച്ചത്.

18 വർഷം സംഘടനയെ നയിച്ച ഇന്നസന്റ് സ്ഥാനം ഒഴിയുമ്പോൾ പകരം പ്രസിഡന്റാവുന്ന മോഹൻലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ മുൻപിലുള്ള വലിയ വെല്ലുവിളിയും വിവാദങ്ങൾ മറികടന്നു സംഘടനയെ എങ്ങനെ അനുനയ പാതയിലെത്തിക്കും എന്നതാണ്. അതുകൊണ്ട് കൂടിയാണ് ദിലീപ് വിഷയം ചർച്ചയ്ക്ക് വയ്ക്കുന്നത്. ഇതിൽ തീരുമാനം എടുത്താൽ പിന്നെ സംഘടനയെ ഒരുമയോടെ കൊണ്ടു പോകാനാകും. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം പ്രശ്‌നം തീർക്കാനാണ് മോഹൻലാലിന്റെ ശ്രമം. ഇക്കാര്യം ഇന്നലെ രാത്രിയിൽ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ ലാൽ തന്നെ വിശദീകരിച്ചിട്ടുണ്ട്. എല്ലാ പ്രധാന നടീ നടന്മാരും ഈ ശ്രമിത്തിന് പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കിയത് അമ്മയുടെ അവൈലബിൾ എക്‌സിക്യൂട്ടീവായിരുന്നു. ഈ തീരുമാനം ജനറൽ കൗൺസിലിൽ വയ്ക്കാനായിരുന്നു അന്നെടുത്ത തീരുമാനം. അടിയന്തര ജനറൽ ബോഡിയാണ് ഉദ്ദേശിച്ചത്. എന്നാൽ ദിലീപിന് ബഹുഭൂരിപക്ഷം പിന്തുണ നൽകുന്നതു കൊണ്ട് അത് നടന്നില്ല. ഈ സാഹചര്യത്തിലാണ് അന്തിമ തീരുമാനം എടുത്തുമില്ല. വീണ്ടും യോഗം ചേരുമ്പോൾ ഇത് ചർച്ചയ്ക്ക് വച്ചില്ലെങ്കിൽ അത് നിയമപ്രശ്‌നമാകും. ആരെങ്കിലും കോടതിയെ സമീപിച്ചാൽ അത് സംഘടനയ്ക്ക് പുലിവാലാകും. ഇത് തിരിച്ചറിഞ്ഞാണ് വിഷയം ചർച്ചയ്ക്ക് വയ്ക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം നൽകിയിട്ടുണ്ട്. അതിനാൽ വിചാരണ തീരുവരെ ദിലീപിന്റെ അംഗത്വം സസ്‌പെന്റ് ചെയ്യാനാണ് സാധ്യത. ഡിസ്മിസൽ വേണ്ടെന്ന് വയ്ക്കും.

ഡിസ്മിസൽ എന്നത് സാമാന്യ നീതിയെല്ലെന്ന പൊതു വികാരം അംഗങ്ങൾക്കുണ്ട്. അതിനിടെ അമ്മ യോഗത്തിൽ പൃഥ്വിരാജ് എത്തുമോ എന്നത് ഇനിയും ആർക്കും ഉറപ്പിക്കാനായിട്ടില്ല. ദിലീപ് വിഷയം ചർച്ചകളിൽ നിറയുന്നതു കൊണ്ടാണ് പൃഥ്വിയുടെ സാന്നിധ്യം ഉണ്ടാകുമോ എന്നത് ചർച്ചയാകുന്നത്. മമ്മൂട്ടി യോഗത്തിനെത്തുമെന്ന് തന്നെയാണ് സൂചന. സംഘടനയുടെ ചരിത്രത്തിലാദ്യമായി മാധ്യമങ്ങൾക്കു പ്രവേശനം നിഷേധിച്ചാണു കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സമ്മേളനം ചേരുന്നത്. പതിവു പത്രസമ്മേളനവും ഒഴിവാക്കി. പകരം പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണം ഉൾപ്പെടെയുള്ള സമ്മേളന നടപടികൾ ഫേസ്‌ബുക് വഴി തൽസമയം കാണിക്കുമെന്നു ഭാരവാഹികൾ പറയുന്നു.

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെ സംഘടനയിൽനിന്നു പുറത്താക്കിയ 'പ്രഖ്യാപനം' സംബന്ധിച്ച് എന്തു നിലപാടെടുക്കും എന്നതാണു സമ്മേളനത്തെ ശ്രദ്ധേയമാക്കുന്നത്. ഈ വിഷയത്തിലുൾപ്പെടെ മാധ്യമങ്ങളുടെ ചോദ്യങ്ങളും വിവാദങ്ങളും ഒഴിവാക്കാനാണു പത്രസമ്മേളനം വേണ്ടെന്നുവച്ചതെന്നു വ്യക്തം. യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ നടന്ന കഴിഞ്ഞ വർഷത്തെ പൊതുയോഗത്തിനു ശേഷമുള്ള പത്രസമ്മേളനം വിവാദമായിരുന്നു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു നേരെ ഗണേശ് കുമാറും മുകേഷും ഉൾപ്പെടെയുള്ള ഭാരവാഹികൾ കയർത്തു സംസാരിച്ചതും ചിലർ കൂക്കിവിളിച്ചതുമാണു പ്രശ്‌നമായത്. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങളെ ഒഴിവാക്കുന്നത്.

ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ അടുത്ത ദിവസം ജനറൽ സെക്രട്ടറി മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അടിയന്തര നിർവാഹക സമിതി യോഗമാണു ട്രഷററായിരുന്ന ദിലീപിനെ സംഘടനയിൽനിന്നു പുറത്താക്കിയതായി പ്രഖ്യാപിച്ചത്. കമ്മിറ്റിയിലുണ്ടായിരുന്ന യുവ അഭിനേതാക്കളുടെ ശക്തമായ നിലപാടിനെത്തുടർന്നായിരുന്നു നടപടിയെങ്കിലും ഇതു ചട്ടപ്രകാരമായിരുന്നില്ല. 17 അംഗ നിർവാഹക സമിതിയിൽ എട്ടു പേരാണ് അന്നത്തെ യോഗത്തിൽ പങ്കെടുത്തത്. അതുകൊണ്ട് തന്നെ ഈ തീരുമാനത്തിന് ചട്ടപ്രകാരം അംഗീകാരം കിട്ടിയിട്ടില്ല. സംഘടനാചട്ടം അനുസരിച്ച് അടിയന്തര സാഹചര്യത്തിൽ അവൈലബിൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേർന്നാലും അവിടെ എടുക്കുന്ന തീരുമാനം അടുത്ത നിർവാഹക സമിതി യോഗത്തിൽ ചർച്ച ചെയ്തശേഷം തീരുമാനം ബന്ധപ്പെട്ട വ്യക്തിയെ അറിയിച്ച് വിശദീകരണം തേടണം എന്നാണ്.

അതു തൃപ്തികരമല്ലെങ്കിൽ കമ്മിറ്റിയിൽ നേരിട്ടെത്തി വിശദീകരണം നൽകാൻ വീണ്ടും അവസരം നൽകിയിട്ടു വേണം നടപടിയെടുക്കാൻ. മുൻപു തിലകനെതിരെ നടപടിയെടുത്തത് ഈ രീതിയിലായിരുന്നെന്നും ദിലീപിനെ പുറത്താക്കിയതിൽ ഇതു പാലിക്കപ്പെട്ടില്ല എന്നും ഭാരവാഹികൾ തന്നെ ചൂണ്ടിക്കാട്ടുന്നു. സമ്മർദം ശക്തമായിരുന്ന അന്നത്തെ സാഹചര്യത്തിൽ കടുത്ത നിലപാടെടുക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നു. അതിനാൽ ഇന്നത്തെ യോഗത്തിൽ ഈ വിഷയത്തിൽ വ്യക്തമായ തീരുമാനമെടുക്കേണ്ടി വരും. ദിലീപിനോടു നീതി കാട്ടിയില്ലെന്ന നിലപാടുള്ള ഒരുപക്ഷം 'അമ്മ'യ്ക്കുള്ളിലുണ്ട്. എന്നാൽ കേസ് വിചാരണ ഘട്ടത്തിലായതിനാലും ഇരയായതു സംഘടനയിലെ അംഗമാണെന്നതിനാലും തീരുമാനം മയപ്പെടുത്തിയാൽ വീണ്ടും വിവാദമാകും.

ദിലീപിനെതിരെ ശക്തമായ നടപടിക്കായി വാദിച്ചവർ പരസ്യ നിലപാടു സ്വീകരിച്ചാൽ അതും പ്രശ്‌നമാവും. ഈ പ്രതിസന്ധിയിലാണു വിഷയം സമ്മേളനം പരിഗണിക്കുക. ദിലീപുമായി തന്നെ മോഹൻലാൽ വിഷയം ചർച്ച ചെയ്യുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്നു രൂപീകരിക്കപ്പെട്ട വനിത സംഘടനയായ ഡബ്ല്യുസിസിയിലെ അംഗങ്ങളും ഇവർക്കു പിന്തുണ നൽകുന്ന യുവനടന്മാരും എന്തു നിലപാട് സ്വീകരിക്കും എന്നതും ആകാംക്ഷയുണർത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP