Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൈന്ദവ സന്യാസിനി ആയിട്ടും ജന്മദിനാഘോഷം എന്തേ ഇംഗ്ലീഷ് മാസത്തിൽ? പരിവാർ സംഘടനകളുടെ വിരട്ടലിൽ പിറന്നാൾ ആഘോഷം ഒക്ടോബറിലേക്ക് മാറ്റി അമൃതാനന്ദമയിയും വള്ളിക്കാവ് ആശ്രമവും; അമ്മയുടെ ജന്മദിനാഘോഷം ഇനി മലയാള മാസ ക്രമത്തിൽ; കന്നി മാസത്തിലെ കാർത്തികയ്ക്ക് 'അമൃത വർഷം' പെയ്തിറങ്ങും; മതേതരഭാവം കൈവിടുന്നതിൽ ആശങ്കയോടെ ഒരു വിഭാഗം ഭക്തർ

ഹൈന്ദവ സന്യാസിനി ആയിട്ടും ജന്മദിനാഘോഷം എന്തേ ഇംഗ്ലീഷ് മാസത്തിൽ? പരിവാർ സംഘടനകളുടെ വിരട്ടലിൽ പിറന്നാൾ ആഘോഷം ഒക്ടോബറിലേക്ക് മാറ്റി അമൃതാനന്ദമയിയും വള്ളിക്കാവ് ആശ്രമവും; അമ്മയുടെ ജന്മദിനാഘോഷം ഇനി മലയാള മാസ ക്രമത്തിൽ; കന്നി മാസത്തിലെ കാർത്തികയ്ക്ക് 'അമൃത വർഷം' പെയ്തിറങ്ങും; മതേതരഭാവം കൈവിടുന്നതിൽ ആശങ്കയോടെ ഒരു വിഭാഗം ഭക്തർ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങൾ നടന്നിരുന്നത് സെപ്റ്റംബർ 27,28 തീയതികളിലായിരുന്നു. എന്നാൽ ഇത്തവണ അത് ഒക്ടോബർ 7ലേക്ക് മാറ്റി. അതായത് അറുപത്തിനാലാം ജന്മദിന ആഘോഷം സെപ്റ്റംബർ മാസത്തിലുണ്ടാകില്ല. സംഘപരിവാറിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ മാറ്റമെന്നാണ് സൂചന. ഇംഗ്ലീഷ് മാസത്തിലെ ജനന്മദിനാഘോഷം ഹൈന്ദവ പാരമ്പര്യത്തിന് ചേർന്നതല്ലെന്നായിരുന്നു ഹൈന്ദവ സംഘടനകളുടെ നിലപാട്. ഇക്കാര്യം വള്ളിക്കാവ് ആശ്രമവും ഉൾക്കൊണ്ടു. ഇതോടെ ഈ വർഷത്തെ ജന്മദിനാഘോഷം കന്നിമാസത്തിലെ കാർത്തികയിലേക്ക് മാറി. ഇനി കന്നിമാസത്തിലെ കാർത്തികയ്ക്കാകും പിറന്നാൾ ആഘോഷങ്ങൾ.

മതേതര നിലപാടുകളുമായാണ് അമൃതാനന്ദമയീ മഠം മുന്നോട്ട് പോയത്. അമൃതാനന്ദമയിയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് സെപ്റ്റംബറിൽ എല്ലാവർഷവും അമൃത വർഷമെന്ന പേരിൽ ജന്മദിനാഘോഷം സംഘടിപ്പിച്ചത്. ജാതി-മത-വർഗ്ഗ ചിന്തകൾക്കപ്പുറമാണ് വള്ളിക്കാവിലെ ആശ്രമെന്ന സന്ദേശം നൽകാനായാരിന്നു ഇംഗ്ലീഷ് മാസത്തിലെ ജന്മദിനം ആഘോഷങ്ങൾക്ക് തെരഞ്ഞെടുത്തത്. ഏതാണ്ട് പത്ത് വർഷം മുമ്പായിരുന്നു അമൃത വർഷം വിപുലമായ ചടങ്ങുകളോടെ ആശ്രമം ആഘോഷം തുടങ്ങിയത്. ലോകത്തിന്റെ പല ഭാഗത്തുനിന്നും വിവിഐപികളെ അണിനിരത്തി ആഘോഷം കെങ്കേമമാക്കി. ഇതിനിടെയാണ് ഇത്തവണ പരിവാറുകാർ മുറുമുറുപ്പുമായെത്തിയത്. ഹൈന്ദവ ആശയങ്ങളാണ് ആശ്രമം പ്രചരിപ്പിക്കേണ്ടത്. അതുകൊണ്ട് തന്നെ ജന്മനക്ഷത്രത്തിന് ആഘോഷം മതിയെന്ന് അവർ വിശദീകരിച്ചു. ഇതാണ് ഇത്തവണ നടപ്പാക്കുന്നത്.

ഒക്ടോബർ എട്ടിനാണ് ഇത്തവണ കന്നിമാസത്തിലെ കാർത്തി. ഈ ദിവസം അമൃതപുരിയിൽ ആഘോഷങ്ങൾ തുടങ്ങും. അടുത്ത ദിവസമാകും വമ്പൻ പരിപാടികൾ. കേന്ദ്രമന്ത്രിമാരടക്കമുള്ള പ്രമുഖർ ഇത്തവണയും എത്തും. ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിനെ മുഖ്യാതിഥിയാക്കാനും ശ്രമം നടക്കുന്നുണ്ട്. കേന്ദ്രത്തിൽ നരേന്ദ്ര മോദി ഭരിക്കുന്നതിനാൽ ആശ്രമത്തിന്റെ പല ഇടപാടുകൾക്കും കേന്ദ്ര സർക്കാരിന്റെ പിന്തുണ അനിവാര്യമാണ്. ഈയിടെ അമൃതാനന്ദമയീയ്ക്ക് എസ്‌പിജി സുരക്ഷയും മോദി സർക്കാർ ഏർപ്പെടുത്തി. ഇതിന് ചുക്കാൻ പിടിച്ചത് ബിജെപി ദേശീയ നേതൃത്വവുമായി ഏറെ അടുപ്പമുള്ള പ്രതീഷ് വിശ്വനാഥനാണ്. ജന്മദിനം ഇംഗ്ലീഷ് മാസത്തിലാകുന്നതിന്റെ പ്രശ്നങ്ങൾ ഈ ഘട്ടത്തിലാണ് അമൃതാനന്ദമയീ മഠത്തെ പരിവാറുകാർ ബോധ്യപ്പെടുത്തിയത്. തിരുത്തൽ വേണമെന്നും നിർദ്ദേശിച്ചു. ഇതനുസരിച്ചാണ് മാറ്റം.

അമൃതാനന്ദമയി പൂർണ്ണമായും ആർഎസ്എസ് പക്ഷത്തേക്ക് മാറുന്നതിന് തെളിവാണിത്. വെള്ളാപ്പള്ളി നടേശനേയും കൂട്ടരേയും ബിജെപിയുമായി അടുപ്പിച്ചത് ആശ്രമ ഇടപെടലായിരുന്നു. ബിഡിജെഎസ് എൻഡിഎ വിടുമെന്ന ഭീഷണി ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ തുഷാറിനെ ബിജെപിയോടൊപ്പം തന്നെ അടുപ്പിച്ച് നിർത്താൻ ആശ്രമം ഇപ്പോഴും സജീവമായി രംഗത്തുണ്ട്. ഇതിനൊപ്പം ചില പ്രമുഖ സിനിമാതാരങ്ങളെ ബിജെപിയിലെത്തിക്കാനും ചരടുവലികൾ നടത്തുകയാണ്. എല്ലാ അർത്ഥത്തിലും ബിജെപിയോടും പരിവാറിനോടും ആശ്രമം അടുക്കുന്നത് കോൺഗ്രസുകാരായ ആശ്രമവാസികൾക്ക് എതിർപ്പുണ്ട്. ജന്മദിനാഘോഷം ജന്മനക്ഷത്ര ദിനത്തിലേക്ക് കൊണ്ടു വരുന്നതും പരിവാർവൽകണമാണെന്ന് അവർ തിരിച്ചറിയുന്നു.

അമൃതാനന്ദമയിയെ ആഗോള തലത്തിൽ ശ്രദ്ധേയയാക്കാൻ അമൃതസ്വരൂപാനന്ദ പുരിയാണ് പദ്ധതികൾ തയ്യാറാക്കിയത്. പത്ത് വർഷം മുമ്പ് കൊച്ചിയിൽ വമ്പൻ പരിപാടി നടത്തിയായിരുന്നു അമൃത വർഷത്തിന് തുടക്കമിട്ടത്. അതിന് ശേഷം കഴിഞ്ഞ വർഷം വരെ വിപുലമായ രീതിയിൽ തന്നെ ആഘോഷങ്ങൾ നടന്നു. വിദേശികളെ ആശ്രമവുമായി അടുപ്പിക്കാനായിരുന്നു ഇംഗ്ലീഷ് മാസത്തിലെ ജന്മദിനത്തിലെ ആഘോഷം. ഇത് ഫലം കാണുകയും ചെയ്തു. കുറച്ചു കാലമായി ആശ്രമത്തിൽ ഭിന്നതകൾ രൂക്ഷമാണ്. അതുകൊണ്ട് തന്നെ എല്ലാവരേയും ഒരുമിപ്പിച്ച് നിർത്താൻ പരിവാറുകാരുടെ സഹായം ആശ്രമം പലഘട്ടത്തിലും തേടുകയും ചെയ്തു. അതുകൊണ്ട് തന്നെ മോദി സർക്കാർ രാജ്യം ഭരിക്കുമ്പോൾ പരിവാർ നിർദ്ദേശത്തെ തള്ളിക്കളയാൻ അമൃതാനന്ദമയീയ്ക്ക് കഴിയുകയുമില്ല. ഇത് തന്നെയാണ് ജന്മദിനമാറ്റത്തിലും നിറയുന്നത്.

അമൃതാനന്ദമയിക്കും രാജ്യത്തെ ആൾദൈവങ്ങൾക്കുമെതിരെ സിപിഐ.എം മുഖപത്രം പീപ്പിൾസ് ഡെമോക്രസി ഈയിടെ രംഗത്ത് വന്നിരുന്നു. ബലാൽസംഗക്കേസിൽ അറസ്റ്റിലായ ദേരാ സച്ചാ സൗധ തലവൻ ഗുർമീത് റാം റഹീമിന് ബിജെപി സർവ്വ പിന്തുണയും നൽകിയിരുന്നെന്നും തെരഞ്ഞെടുപ്പുകളിൽ ദേരാ സച്ചയും ബിജെപിയും തമ്മിൽ കൂട്ടുകെട്ട് ഉണ്ടായിരുന്നെന്നും പറയുന്ന ലേഖനത്തിലാണ് കേരളത്തിലെ അമൃതാ മഠത്തിനെതിരെയും പരാമർശം ഉള്ളത്. സൗത്ത് ഇന്ത്യയിലെ ആൾദൈവങ്ങളുടെ പേരു പരാമർശിക്കുന്നിടത്താണ് ജഗ്ഗി വാസുദേവിനൊപ്പം അമൃതാനന്ദമയിയെക്കുറിച്ചും പറയുന്നത്. ആർ.എസ്.എസിന്റെ തണലിലാണ് അമൃതാനന്ദമയി തന്റെ സാമ്രാജ്യം പടുത്തുയർത്തിയിരിക്കുന്നതെന്നാണ് ലേഖനത്തിലെ പരാമർശം.

നേരത്തെ സിപിഐ.എം അനുകൂല ചാനൽ എം.ഡിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോൺ ബ്രിട്ടാസ് അമൃതാനന്ദമയിയുടെ ശിഷ്യയായിരുന്ന വിദേശ യുവതിയുമായി അമേരിക്കയിൽ വച്ച് നടത്തിയ അഭിമുഖത്തിലെ പരാമർശങ്ങൾ ഏറെ വിവാദങ്ങൾക്ക് വഴിതെളിയിച്ചിരുന്നു. ഈ വിവാദത്തിന് ശേഷമാണ് മഠത്തിൽ സംഘപരിവാർ ഇടപെടൽ സജീവമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP