Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അറ്റ്‌ലസ് രാമചന്ദ്രനെ കുരുക്കിയത് ഇന്ത്യയിലെ വമ്പൻ ബിസിനസുകാരനാകാനുള്ള മോഹം; നഷ്ടം ആരംഭിച്ചത് വൂളൻസ് വാങ്ങിയതോടെ; 1000 കോടി മനപ്പൂർവ്വം മുക്കിയെന്ന് ആരോപിച്ച് യുഎഇ ബാങ്കുകൾ; പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട ശ്രമങ്ങൾ; ജാമ്യം ലഭിക്കാൻ കോടികൾ കെട്ടേണ്ടി വരും

അറ്റ്‌ലസ് രാമചന്ദ്രനെ കുരുക്കിയത് ഇന്ത്യയിലെ വമ്പൻ ബിസിനസുകാരനാകാനുള്ള മോഹം; നഷ്ടം ആരംഭിച്ചത് വൂളൻസ് വാങ്ങിയതോടെ; 1000 കോടി മനപ്പൂർവ്വം മുക്കിയെന്ന് ആരോപിച്ച് യുഎഇ ബാങ്കുകൾ; പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട ശ്രമങ്ങൾ; ജാമ്യം ലഭിക്കാൻ കോടികൾ കെട്ടേണ്ടി വരും

ബി രഘുരാജ്‌

ദുബായ്: സ്വർണ്ണ വ്യാപാരത്തിൽ ജനങ്ങളുടെ വിശ്വസ്ത സ്ഥാപനമായി മാറിയ അറ്റ്‌ലസ് ഗ്രൂപ്പിന് വിനയായത് ചെയർമാൻ രാമചന്ദ്രന്റെ ഓഹരി വിപണിയിലേക്കുള്ള ചുവടുമാറ്റമാണെന്ന് സൂചന. ബോംബെ സ്‌റ്റോക് എക്‌സചേഞ്ചിൽ അറ്റല്‌സ് ഗ്രൂപ്പിനെ ലിസ്റ്റ് ചെയ്തതിലൂടെ ഇന്ത്യയിലെ പ്രധാന വ്യവസായി ആവകുയായിരുന്നു ലക്ഷ്യം. ജിഇഇ ഇഎൽ വൂളൻസ് എന്ന കമ്പനിയെ ഏറ്റെടുത്തത് ഇതിന്റെ ഭാഗമായിരുന്നു. കോടികൾ മുടക്കി കമ്പനി ഏറ്റെടുത്ത ശേഷം അതിന്റെ പേര് അറ്റ്‌ലസ് ജ്യൂലറി ഇന്ത്യാ ലിമിറ്റഡ് എന്നാക്കി. ഈ ഇടപാട് രാമചന്ദ്രന് ഒട്ടും ഗുണകരമായില്ല. ഓഹരി വില ഇടിഞ്ഞതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. അതു തന്നെയാണ് രാമചന്ദ്രന്റേയും മകളുടേയും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്.

അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഗൾഫിലെ ബിസിനെസ്സെല്ലാം വൻലാഭത്തിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ കൂടുതൽ ചുവടുറപ്പിക്കാൻ രാമചന്ദ്രൻ തീരുമാനിച്ചത്. പ്രവാസി ബിസിനസ്സുകൾക്കപ്പുറം ഇന്ത്യയിൽ വേരുള്ള വ്യവസായി ആവുകയായിരുന്നു ലക്ഷ്യം. അതിന് കൂടി വേണ്ടിയാണ് ബോംബ് സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ രാമചന്ദ്രൻ എത്തിയത്. ഗൾഫിലെ ബാങ്കുകളിൽ നിന്ന് ആയിരം കോടി രൂപ കടമെടുത്തതും ഈ ലക്ഷ്യത്തോടെയായിരുന്നു. എന്നാൽ ഓഹിരി വിപണിയിൽ അറ്റ്‌ലസ് ജ്യൂലറി ഇന്ത്യാ ലിമിറ്റഡിന്റെ വില ദിനം പ്രതി ഇടിഞ്ഞതോടെ പ്രതിസന്ധിയും തുടങ്ങി. വിപണിയിൽ പണം മുടക്കി ആയിരം കോടി തിരിച്ചു പിടിച്ച് ബാങ്കിൽ അടയ്ക്കാമെന്ന പ്രതീക്ഷയും തെറ്റി. ഇതോടെയാണ് ലോണുകളുടെ പ്രതിസന്ധി തുടരുന്നത്. സ്വർണം വാങ്ങനെന്ന പ്രതീക്ഷയിലായിരുന്നു ബാങ്കുകൾ രാമചന്ദ്രന് ലോൺ അനുവദിച്ചത്. എന്നാൽ സ്വർണം വാങ്ങാതെ വന്നതോടെ ഗൾഫിലെ സ്ഥാപനങ്ങളിൽ സ്റ്റോക്ക് കുറഞ്ഞു. ഇതോടെ കച്ചവടവും കുറഞ്ഞു. ഇത് മനസ്സിലായതോടെയാണ് വായ്പ തിരിച്ചടവ് ഉറപ്പാക്കാൻ നിയമ നടപടികളിലേക്ക് കാര്യങ്ങളെത്തിയത്.

ബോംബെ സ്‌റ്റോക് എക്‌സ്‌ഞ്ചേഞ്ചിൽ പേരുവരാനുള്ള നീക്കമാണ് പാളിയത്. ഇതിനായി പൊളിഞ്ഞു കിടന്ന ജിഇഇ ഇഎൽ വൂളൻസ് കമ്പനിയുടെ അമ്പത്തിയൊന്ന് ശതമാനം ഓഹരികൾ അറ്റ്‌ലസ് ഗ്രൂപ്പ് ഏറ്റെടുത്തു. അതിന് ശേഷം ജിഇഇ ഇഎൽ വൂളൻസിന്റെ ഡയറക്ടർ ബോർഡ് കമ്പനിയുടെ പേര് അറ്റ്‌ലസ് ഇന്ത്യാ ലിമിറ്റഡ് എന്ന് മാറ്റുകയായിരുന്നു. ഇന്ത്യൻ ഓഹരിയിലെ സ്വർണ്ണ കച്ചവട കമ്പനികളിൽ ഒന്നാമനാവുകയായിരുന്നു ലക്ഷ്യം. നേരിട്ട് ഓഹരി വിപണയിൽ കടക്കുന്നതിന്റെ നൂലാമാലകൾ ഒഴിവാക്കാനായിരുന്നു നീക്കം. എന്നാൽ സ്വർണ്ണത്തിന് ആഗോള വിപണിയിൽ വില ഇടിയുന്നത് സ്ഥിരമായതോടെ ഓഹരികൾക്ക് മുന്നോട്ട് കുതിക്കാനായില്ല. ഇതോടെ ഓഹരി വിപണിയിൽ മുതൽമുടക്കിയ തുടയുടെ മൂല്യം ഇടിയാനും തുടങ്ങി. ഇതിൽ നിന്ന് കരകയറാനുള്ള കരുത്ത് രാമചന്ദ്രന് ഉണ്ടായില്ല. ഇതു തന്നെയാണ് ജനങ്ങളുടെ വിശ്വസ്ത സ്വർണ്ണ വിൽപ്പന കേന്ദ്രത്തെ തകർച്ചിയിലേക്ക് നയിച്ചത്.

തിരച്ചടവിനുള്ള സ്വർണം അറ്റല്‌സ് ഗ്രൂപ്പിന്റെ കൈയിലില്ലെന്ന് ബാങ്കുകൾക്ക് അറിയാം. അതുകൊണ്ടാണ് കടുംപിടത്തത്തിലേക്ക് കാര്യങ്ങളെത്തിയത്. അതിനിടെ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലുള്ള രാമചന്ദ്രനെ ജാമ്യത്തിലിറക്കാൻ നടപടികളും തുടങ്ങി. ബാങ്കുകളിൽ നിന്ന് ലോണെടുത്ത ആയിരം കോടി രൂപ മനപ്പൂർവ്വം മുക്കിയെന്നാണ് രാമചന്ദ്രനെതിരായ ആരോപണം. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യത്തിന്റെ പരിധിയിൽ ഇതു വരും. സ്വർണ്ണ കച്ചവടത്തിനായെന്ന് തെറ്റിധരിപ്പിച്ച് ലോൺ എടുത്തുവെന്നാണ് ആക്ഷേപം. റിയൽ എസ്റ്റേറ്റിലും ഓഹരി വിപണിയിലും നിക്ഷേപിച്ചത് പണം തട്ടാനാണെന്നാണ് ഇവരുടെ വാദം. ഈ സാഹചര്യത്തിൽ രാമചന്ദ്രനും മകൾക്കും ജാമ്യം കിട്ടാൻ ഏറെ പ്രയാസപ്പെടേണ്ടി വരും. ആയിരം കോടി രൂപയ്ക്ക് തതുല്യമായ ജാമ്യ തുക ഇതിനായി കെട്ടിവയ്‌ക്കേണ്ടി വരും. ഇത് എങ്ങനെയും സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് അറ്റ്‌ലസ് ഗ്രൂപ്പിലെ ജീവനക്കാർ.

അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഗൾഫിലെ ജ്യൂലറിയുടെ ബാലൻസ് ഷീറ്റെല്ലാം ലാഭമാണ് കാണിച്ചിരുന്നത്. കോടികളുടെ ലാഭത്തിൽ കണ്ണുവച്ചാണ് ബാങ്കുകൾ ലോൺ നൽകിയതും. എന്നാൽ ഗൾഫിൽ മുതൽ മുടക്കാനെന്ന് തെറ്റിധരിപ്പിച്ച് രാമചന്ദ്രൻ ആയിരം കോടി ഇന്ത്യയിലേക്ക് കടത്തിയെന്നാണ് ആരോപണം. ഇത് വിശ്വാസ വഞ്ചനയുടെ പരിധിയിൽപ്പെടുത്തി ഗുരുതര ക്രിമിനൽ കുറ്റമാക്കാനാണ് നീക്കം നടക്കുന്നത്. പണം കെട്ടിവയ്ക്കാതെ വിട്ടിവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ ബാങ്കുകൾ ഉറച്ചു നിൽക്കുന്നു. ഇതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആയിരം കോടി കിട്ടാതെ വിട്ടുവീഴ്ചകൾക്ക് തയ്യാറല്ലെന്നാണ് ബാങ്കുകളുടെ നിലപാട്. ഓഹരിവിപണിയിലെ വിലത്തകർച്ചയും ആറ്റ്‌ലസിന് കൂടുതൽ പ്രശ്‌നങ്ങളിലേക്ക് എത്തിക്കും. അതിനിടെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ അറ്റ്‌ലസ് ഗ്രൂപ്പ് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണെന്ന വിലയിരുത്തലുകളും സജീവമാണ്.

അതിനിടെ രാമചന്ദ്രന്റെ ഗൾഫിലെ ആശുപത്രികളെല്ലാം നല്ല നിലയിലാണ് പ്രവർത്തിക്കുന്നത്. സാധാരണക്കാർക്ക് താങ്ങായി നിൽക്കുന്ന ഈ ആശുപത്രികളിലൊന്ന് ആർക്കെങ്കിലും നൽകുന്നതും പരിഗണനയിലുണ്ട്. എന്നാൽ പൊലീസ് കസ്റ്റഡിയിലുള്ള രാമചന്ദ്രനുമായി ആശയ വിനമയത്തിന് ചെറിയ സാധ്യത മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം തീരുമാനങ്ങളെടുക്കാൻ കഴിയുന്നുമില്ല. രാമചന്ദ്രന്റെ കാരുണ്യത്തിന് ഇവവന്നിട്ടുള്ള ഗൾഫിലെ മലയാളികളെല്ലാം ഈ വ്യവസായിയെ സഹായിക്കാൻ സന്നദ്ധരുമാണ്. എന്നാൽ ആയിരം കോടിയുടെ ബാധ്യത ഏറ്റെടുക്കാൻ മലയാളി സമൂഹം ഒന്നായി വിചാരിച്ചാലും നടക്കാത്ത അവസ്ഥയാണ്. പ്രശ്‌ന പരിഹാരത്തിന് ദുബായിലെ സ്വർണ്ണ മുതലാളിമാരുടെ സംഘടന തയ്യാറായിട്ടുണ്ട്. അവർക്കും ആയിരം കോടിയുടെ ബാധ്യത എങ്ങനെ രാമചന്ദ്രൻ വീട്ടുമെന്നതിന് കൃത്യമായ ഉത്തരം ലഭിക്കുന്നില്ല. രാമചന്ദ്രന്റെ സാമൂഹിക-സേവന പ്രവർത്തനങ്ങൾ ഉയർത്തി മോചനം സാധ്യമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

15 ബാങ്കുകളിൽ നിന്നാണ് ആയിരം കോടി രൂപ രാമചന്ദ്രൻ കടമെടുത്തത്. ഇവരുടെ സംയുക്ത യോഗമാണ് രാമചന്ദ്രനെതിരായ നിയമനടപടികൾക്ക് തുടക്കമിട്ടത്. രാമചന്ദ്രന്റെ അറസ്റ്റിന്റെ സാഹചര്യത്തിൽ ബാങ്കുകൾ വീണ്ടും യോഗം ചേരുന്നുണ്ട്. എന്ത് നിലപാടാണ് ഇനിയെടുക്കേണ്ടതെന്ന് യോഗം തീരുമാനിക്കും. അതിനിടെ രാമചന്ദ്രനോട് ബിസിനസ് വൈര്യാഗ്യമുള്ള പലരും സ്വാധീനം ചെലുത്തി തീരുമാനം അനുകൂലമാകാതിരിക്കാനുള്ള ഇടപെടലുകൾ സജീവമാക്കിയിട്ടുണ്ട്. ജയിലിൽ നിന്ന് പുറത്തുവരാനുള്ള രാമചന്ദ്രന്റെ നീക്കത്തിന് ഇത് തിരിച്ചടിയാണ്. സാമ്പത്തിക കുറ്റകൃത്യമായതിനാൽ ബാങ്കുകളുടെ പക്കൽ കൃത്യമായ തെളിവുകളുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഇന്ത്യൻ എംബസി വഴി രാമചന്ദ്രന്റെ അറസ്റ്റ് വിഷയത്തിൽ ഇടപെടാനും കഴിയുന്നില്ല.

ഓഗസ്റ്റ് 23ന് രാമചന്ദ്രനേയും മകളേയും വിവിധ പരാതികളിൽ ദുബായ് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഗൾഫിലെ 15 ഓളം ബാങ്കുകളിൽ നിന്നായാണ് ജൂവലറി ഉടമ 555 ദശലക്ഷം ദിർഹ(ഏകദേശം 990 കോടി രൂപ)ത്തിന്റെ വായപ തരപ്പെടുത്തിയിരിക്കുന്നത്.ഏതാണ്ട് ഒരു വർഷത്തോളമായി തിരിച്ചടവ് പോലും ശുഷ്‌കമാണെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ഇതോടൊപ്പം 77 ലക്ഷം ദിർഹത്തിന്റെ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട ഒരു കേസും ഇദ്ദേഹത്തിനെതിരായി ദുബായിൽ ഉണ്ട്. ബാങ്കുകളിൽ നിന്ന് ഏതാണ്ട് 1000 കോടി രൂപ കടം വാങ്ങിയശേഷം മുങ്ങിയ ജുവലറി ഉടമയെ തന്ത്രപരമായാണ് ദുബായ് പൊലീസ് കുടുക്കിയതെന്നാണ് സൂചന.

സ്വന്തം സ്ഥാപനത്തിന്റെ പരസ്യ ചിത്രത്തിൽ അഭിനയിച്ച് പ്രശസ്തി നേടിയ ദുബായ് മലയാളിയായ സ്വർണ്ണ വ്യാപാരി മുങ്ങിയതായാണു ആദ്യം വാർത്തകൾ വന്നത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി വളർന്ന സ്വർണ്ണ വ്യാപാര ശൃംഖലയുടെ ഉടമയായ മലയാളിയെ കാണാനില്ലെന്ന സൂചനയോടെയാണ് ദുബായിലെ ഗൾഫ് ന്യൂസ് ഉൾപ്പെടെയുള്ള പത്രങ്ങൾ റിപ്പോർട്ടു നൽകിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് പൊലീസ് അറസ്റ്റിന്റെ സൂചനകൾ കിട്ടിയത്. കുവൈറ്റിൽ തുടങ്ങി ദുബായ് വഴി കേരളത്തിലും വേരുറപ്പിച്ച വ്യാപാര സാമ്രാജ്യത്തിന്റെ മേധാവിയുടെ തകർച്ചയുടെ കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് . യുഎഇയിലെ 15 ബാങ്കുകളിലായി ഏകദേശം ആയിരം കോടി രൂപയുടെ ബാധ്യത ഇദ്ദേഹത്തിനുണ്ടെന്നാണ് സൂചന. സൗദി, കുവൈറ്റ്, ഒമാൻ, ഖത്തർ എന്നിവിടങ്ങളിൽ അറ്റ്‌ലസിനു ഷോറൂമുകളുണ്ട്. ഇവയെല്ലാം നല്ല ലാഭത്തിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇന്ത്യയിലെ ഓഹരി വിപണിയിലും റിയൽ എസ്റ്റേറ്റിലും സജീവമായതോടെ കാര്യങ്ങൾ പാളി.

മലയാളത്തിൽ സിനിമകൾ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അറ്റ്‌ലസ് രാമചന്ദ്രൻ. ദുബായിൽ തന്നെ പന്ത്രണ്ടോളം ഷോറുമുകളാണ് ഇദ്ദേഹത്തിന് ഉള്ളത്. പല ഷോറുമുകളിലും ജ്വലറി പേരിനു മാത്രമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. രണ്ടു മൂന്നുമാസമായി ജൂവലറി പൂട്ടിയതായും ഉടമ മുങ്ങിയതായും ഊഹോപോഹങ്ങളുണ്ടായിരുന്നു. ഷാർജ, അബുദാബി, റാസ് അൽ ഖൈമ, അൽ ഐൻ, അജ്മാൻ എന്നിവടങ്ങിലും ഇവർക്ക് ഷോറുമകളുണ്ട്. 30 വർഷം മുമ്പ് കുവൈറ്റിലാണ് ജ്വലറി ഗ്രൂപ്പ് തങ്ങളുടെ ആദ്യ ഷോറും തുടങ്ങിയത്. സന്ദർശകരിൽ നിന്നും അകന്നു നിൽക്കുകയാണ് ജുവലറി ഉടമയെന്ന സൂചനകൾ കഴിഞ്ഞ ഒരു മാസമായി പുറത്തു വന്നിരുന്നു . ബാങ്ക് പ്രതിനിധികൾ ഏതാനും മാസങ്ങളായി ഇദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിട്ടും കണ്ടു കിട്ടാനില്ലാതെ വന്നതോടെയാണ് പരാതി നൽകിയത്.

തുടർന്നാണ് യു എ ഇ യിലെ പതിനഞ്ചു ബാങ്കുകളുടെ പ്രതിനിധികൾ ഒത്തു ചേർന്ന് ഇദ്ദേഹം മുങ്ങിയതായി വാർത്ത നൽകുവാൻ തീരുമാനിച്ചത്. ഇതിനിടെയാണ് അറസ്റ്റുണ്ടായത്. കഴിഞ്ഞ ഏപ്രിലിൽ നികുതി വെട്ടിപ്പിനെ തുടർന്ന് ഇന്ത്യയിലെ ജ്വലറികളിൽ ആദായ നികുതി വകുപ്പു റെയ്ഡു നടത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ മാസം വിവിധ ബാങ്കുകളിൽ നിന്നായി 50 ദശലക്ഷം ദിർഹം (100 കോടി രൂപ) വായ്പയെടുത്തിരുന്നു. ബാങ്കുകൾ ഉടമയ്‌ക്കെതിരെ ദുബായ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ഇന്ത്യൻ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ നിന്നും 70 മില്യൺ ദിർഹം (125 കോടി രൂപ) വായ്പ എടുത്തിട്ടുണ്ടെന്നാണ് റിപ്പോർ്ട്ടുകൾ. സ്വർണ്ണ വ്യാപാര രംഗത്ത് നിന്നും റിയൽ എസ്റ്റേറ്റ് , ആരോഗ്യ മേഖലകളിലേയ്ക്ക് ബിസിനസ് ബന്ധം വിപുലീകരിച്ചിരുന്നെങ്കിലും അവ പ്രതീക്ഷിച്ച വിജയമായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP