Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

1000 കോടിയുടെ ലോൺ എടുത്ത് മുങ്ങിയ കേസിൽ അറ്റ്‌ലസ് രാമചന്ദ്രനേയും മകളേയും ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു; ഒരാഴ്ചയായി ഇരുവരും തടവിലെന്ന് റിപ്പോർട്ട്; തകർന്നടിയുന്നത് ശതകോടികളുടെ സ്വർണ്ണ കച്ചവട സാമ്രാജ്യം

1000 കോടിയുടെ ലോൺ എടുത്ത് മുങ്ങിയ കേസിൽ അറ്റ്‌ലസ് രാമചന്ദ്രനേയും മകളേയും ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു; ഒരാഴ്ചയായി ഇരുവരും തടവിലെന്ന് റിപ്പോർട്ട്; തകർന്നടിയുന്നത് ശതകോടികളുടെ സ്വർണ്ണ കച്ചവട സാമ്രാജ്യം

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: അറ്റ്‌ലസ് ജ്യൂലറി ഉടമ അറ്റ്‌ലസ് രാമചന്ദ്രനും മകളും ദുബായ് പൊലീസിന്റെ അറസ്റ്റിൽ. ഓഗസ്റ്റ് 23ന് രാമചന്ദ്രനേയും മകളേയും വിവിധ പരാതികളിൽ ദുബായ് പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. ഈ സാഹചര്യത്തിലാണ് രാമചന്ദ്രനെ കുറിച്ചുള്ള വിവരങ്ങൾ ആർക്കും അറിയാത്തത്. സ്വർണ്ണ ഇടപാടുകാരുടേയും ബാങ്കുകളുടേയും പരാതികളുടെ അടിസ്ഥാനത്തിലാണ് രാമചന്ദ്രനേയും മകളേയും പൊലീസ് പിടികൂടിയത്. എന്നാൽ ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു ദുബായ് പൊലീസ്. അതുകൊണ്ട് തന്നെ അറ്റ്‌ലസ് ജ്യൂലറിയിലെ ജീവനക്കാർക്ക് പോലും ഇക്കാര്യം അറിയാനായില്ല. ഖലീജ് ടൈംസ് അടക്കമുള്ള മാദ്ധ്യമങ്ങൾ അറസ്റ്റ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് അറ്റ്‌ലസ് രാമചന്ദ്രനെ കാണാനില്ലെന്ന് വ്യക്തമായത്. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ സ്വച്ച് ഓഫായിരുന്നു. ഗൾഫിൽ 1000 കോടി രൂപയുടെ ബാങ്ക് വായ്പ എടുത്ത് മലയാളി ജൂവലറി ഉടമ മുങ്ങിയെന്ന വാർത്തകൾ പരന്നതോടെ ഗൾഫിലെ മലയാളി വ്യവസായികൾ കടുത്ത ആശങ്കയിലായിരുന്നു. യുഎഇ ഗവണ്മെന്റിനേയും സെൻട്രൽ ബാങ്കിനേയും ഒരുപോലെ കബളിപ്പിച്ച് ജൂവലറി ഉടമ നാടുവിട്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നതോടെ ഗൾഫിലെ ബാങ്കുകൾ ഇന്ത്യക്കാരുടെ വായ്പ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പരിശോധിച്ചു തുടങ്ങിയതായാണ് റിപ്പോർട്ട്. എന്നാൽ ബാങ്കുകളുടെ പരാതിയിൽ അറ്റ്‌ലസ് രാമചന്ദ്രനെ പൊലീസ് പിടികൂടിയെന്നാണ് ഇപ്പോൾവ്യക്തമാകുന്നത്. ഇതോടെ രാമചന്ദ്രനേയും മകളേയും മോചിപ്പിക്കാനുള്ള ശ്രമങ്ങൾ സജീവമാകും. ജാമ്യം കിട്ടാനുള്ള വഴികൾ അറ്റ്‌ലസ് ഗ്രൂപ്പ് ആലോചിച്ച് തുടങ്ങിയ്ട്ടുണ്ട്.

ഗൾഫിലെ 15 ഓളം ബാങ്കുകളിൽ നിന്നായാണ് ജൂവലറി ഉടമ 555 ദശലക്ഷം ദിർഹ(ഏകദേശം 990 കോടി രൂപ)ത്തിന്റെ വായപ തരപ്പെടുത്തിയിരിക്കുന്നത്.ഏതാണ്ട് ഒരു വർഷത്തോളമായി തിരിച്ചടവ് പോലും ശുഷ്‌കമാണെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ഇതോടൊപ്പം 77 ലക്ഷം ദിർഹത്തിന്റെ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട ഒരു കേസും ഇദ്ദേഹത്തിനെതിരായി ദുബായിൽ ഉണ്ട്. ബാങ്കുകളിൽ നിന്ന് ഏതാണ്ട് 1000 കോടി രൂപ കടം വാങ്ങിയശേഷം മുങ്ങിയ ജുവലറി ഉടമയെ തന്ത്രപരമായാണ് ദുബായ് പൊലീസ് കുടുക്കിയതെന്നാണ് സൂചന. സാമ്പത്തിക കുറ്റകൃത്യമായതുകൊണ്ട് തന്നെ ജാമ്യം കിട്ടാൻ ഏറെ ബുദ്ധിമുട്ടും. അറ്റ്‌ലസ് ഗ്രൂപ്പിന്റെ പ്രതിസന്ധിയെക്കുറിച്ചു മുമ്പുതന്നെ ഊഹാപോഹങ്ങൾ സജീവമായിരുന്നു.

സ്വന്തം സ്ഥാപനത്തിന്റെ പരസ്യ ചിത്രത്തിൽ അഭിനയിച്ച് പ്രശസ്തി നേടിയ ദുബായ് മലയാളിയായ സ്വർണ്ണ വ്യാപാരി മുങ്ങിയതായാണു ആദ്യം വാർത്തകൾ വന്നത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി വളർന്ന സ്വർണ്ണ വ്യാപാര ശൃംഖലയുടെ ഉടമയായ മലയാളിയെ കാണാനില്ലെന്ന സൂചനയോടെയാണ് ദുബായിലെ ഗൾഫ് ന്യൂസ് ഉൾപ്പെടെയുള്ള പത്രങ്ങൾ റിപ്പോർട്ടു നൽകിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് പൊലീസ് അറസ്റ്റിന്റെ സൂചനകൾ കിട്ടിയത്. കുവൈറ്റിൽ തുടങ്ങി ദുബായ് വഴി കേരളത്തിലും വേരുറപ്പിച്ച വ്യാപാര സാമ്രാജ്യത്തിന്റെ മേധാവിയുടെ തകർച്ചയുടെ കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് . യുഎഇയിലെ 15 ബാങ്കുകളിലായി ഏകദേശം ആയിരം കോടി രൂപയുടെ ബാധ്യത ഇദ്ദേഹത്തിനുണ്ടെന്നാണ് സൂചന. ൗദി, കുവൈറ്റ്, ഒമാൻ, ഖത്തർ എന്നിവിടങ്ങളിൽ അറ്റ്‌ലസിനു ഷോറൂമുകളുണ്ട്.

മലയാളത്തിൽ സിനിമകൾ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അറ്റ്‌ലസ് രാമചന്ദ്രൻ. ദുബായിൽ തന്നെ പന്ത്രണ്ടോളം ഷോറുമുകളാണ് ഇദ്ദേഹത്തിന് ഉള്ളത്. പല ഷോറുമുകളിലും ജ്വലറി പേരിനു മാത്രമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. രണ്ടു മൂന്നുമാസമായി ജൂവലറി പൂട്ടിയതായും ഉടമ മുങ്ങിയതായും ഊഹോപോഹങ്ങളുണ്ടായിരുന്നു. ഷാർജ, അബുദാബി, റാസ് അൽ ഖൈമ, അൽ ഐൻ, അജ്മാൻ എന്നിവടങ്ങിലും ഇവർക്ക് ഷോറുമകളുണ്ട്. 30 വർഷം മുമ്പ് കുവൈറ്റിലാണ് ജ്വലറി ഗ്രൂപ്പ് തങ്ങളുടെ ആദ്യ ഷോറും തുടങ്ങിയത്. സന്ദർശകരിൽ നിന്നും അകന്നു നിൽക്കുകയാണ് ജുവലറി ഉടമയെന്ന സൂചനകൾ കഴിഞ്ഞ ഒരു മാസമായി പുറത്തു വന്നിരുന്നു . ബാങ്ക് പ്രതിനിധികൾ ഏതാനും മാസങ്ങളായി ഇദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിട്ടും കണ്ടു കിട്ടാനില്ലാതെ വന്നതോടെയാണ് പരാതി നൽകിയത്.

തുടർന്നാണ് യു എ ഇ യിലെ പതിനഞ്ചു ബാങ്കുകളുടെ പ്രതിനിധികൾ ഒത്തു ചേർന്ന് ഇദ്ദേഹം മുങ്ങിയതായി വാർത്ത നൽകുവാൻ തീരുമാനിച്ചത്. ഇതിനിടെയാണ് അറസ്റ്റുണ്ടായത്. കഴിഞ്ഞ ഏപ്രിലിൽ നികുതി വെട്ടിപ്പിനെ തുടർന്ന് ഇന്ത്യയിലെ ജ്വലറികളിൽ ആദായ നികുതി വകുപ്പു റെയ്ഡു നടത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ മാസം വിവിധ ബാങ്കുകളിൽ നിന്നായി 50 ദശലക്ഷം ദിർഹം (100 കോടി രൂപ) വായ്പയെടുത്തിരുന്നു. ബാങ്കുകൾ ഉടമയ്‌ക്കെതിരെ ദുബായ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ഇന്ത്യൻ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ നിന്നും 70 മില്യൺ ദിർഹം (125 കോടി രൂപ) വായ്പ എടുത്തിട്ടുണ്ടെന്നാണ് റിപ്പോർ്ട്ടുകൾ. ജൂണിൽ മുംബൈ സ്റ്റോക് എക്‌സേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട ജിഇഇ ഇഎൽ വൂളൻസ് എന്ന കമ്പനി സ്വന്തമാക്കിയ ഇദ്ദേഹം ഇതിനായി 100 കോടി രൂപ മുടക്കിയിരുന്നു.

സ്വർണ്ണ വ്യാപാര രംഗത്ത് നിന്നും റിയൽ എസ്റ്റേറ്റ് , ആരോഗ്യ മേഖലകളിലേയ്ക്ക് ബിസിനസ് ബന്ധം വിപുലീകരിച്ചിരുന്നെങ്കിലും അവ പ്രതീക്ഷിച്ച വിജയമായില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഏതായാലും രാമചന്ദ്രന്റെ അറസ്‌റ്റോടെ ശതകോടികളുടെ ബിസിനസ് സാമ്രാജ്യമാണ് തകരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP