Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാം യെസ് ആകുന്ന വിധം ചോദ്യങ്ങൾ; എല്ലാ ചോദ്യങ്ങൾക്കും യെസ് പറയാൻ അമ്പിളിക്ക് മുൻകൂട്ടി നിർദ്ദേശം നൽകി; ക്ലിഫ് ഹൗസിൽ വച്ചാണോ പണം നൽകിയതെന്ന ചോദ്യത്തിനും ഉത്തരം യെസ് തന്നെ; ചെന്നിത്തലയുടെ വഞ്ചനയിൽ പൊട്ടി തെറിച്ച് മാണി

എല്ലാം യെസ് ആകുന്ന വിധം ചോദ്യങ്ങൾ; എല്ലാ ചോദ്യങ്ങൾക്കും യെസ് പറയാൻ അമ്പിളിക്ക് മുൻകൂട്ടി നിർദ്ദേശം നൽകി; ക്ലിഫ് ഹൗസിൽ വച്ചാണോ പണം നൽകിയതെന്ന ചോദ്യത്തിനും ഉത്തരം യെസ് തന്നെ; ചെന്നിത്തലയുടെ വഞ്ചനയിൽ പൊട്ടി തെറിച്ച് മാണി

തിരുവനന്തപുരം: കെഎം മാണി കടുത്ത ദേഷ്യത്തിലാണ്. കേരളം കണ്ട ഏറ്റവും വലിയ കള്ളൻ ആണ് താൻ എന്ന് വരുത്തി തീർക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ ഗൂഢാലോചന അനുനിമിഷം വെളിപ്പെടുമ്പോൾ ഉണ്ടാകുന്നത് ആത്മരോഷം. ചരിത്രത്തിൽ ആദ്യമായി സാക്ഷിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കുകയും ഒരാഴ്ചയോളം പരിശോധനാ റിപ്പോർട്ട് സംബന്ധിച്ച വിവാദം കത്തിക്കയറുകയും ചെയ്തതിൽ ആഭ്യന്തര വകുപ്പിനുള്ള പങ്ക് ചെറുതല്ലെന്ന ഉറച്ച വിശ്വാസത്തിലാണ് മാണി. നുണ പരിശോധനാ ഫലം പുറത്ത് വന്നതോടെ മാണിയുടെ ദേഷ്യം ഇരട്ടിച്ചു. എല്ലാ ചോദ്യങ്ങൾക്കും യെസ് എന്ന ഉത്തരം പറയുന്ന തരത്തിലാണ് ചോദ്യങ്ങൾ തയ്യാറാക്കിയതെന്നും അങ്ങനെ ഉത്തരം പറഞ്ഞാൽ മതിയെന്നും അമ്പിളിക്ക് നിർദ്ദേശം നൽകിയിരുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ബാർ കോഴക്കേസിൽ ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ നുണപരിശോധനാഫലം മന്ത്രി കെ.എം. മാണിക്ക് എതിരല്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പിനെതിരെ കടുത്ത നിലപാടിന് മാണി തയ്യാറെടുക്കുന്നത്. എല്ലാ ചോദ്യങ്ങൾക്കും ഉവ്വെന്ന് ഉത്തരം നൽകിയാണ് നുണപരിശോധനയിൽ അമ്പളി അനുകൂലഫലം നേടിയെടുത്തത്. എന്ത് ചോദിച്ചാലും യെസ് എന്ന് പറഞ്ഞാൽ മതിയെന്ന് പഠിപ്പിച്ചതിന്റെ ഫലമാണിതെന്നാണ് വിശകലനം. അതുകൊണ്ട് തന്നെ ബാർ കോഴയിലെ നിയമോുപദേശം മാണിക്ക് കുറ്റപത്രം നൽകുന്നതിന് എതിരാകുമെന്നാണ് സൂചന. എന്നാൽ ആഭ്യന്തര വകുപ്പിലെ ഉന്നതർ ഇതിനേയും അട്ടിമറിക്കുമെന്ന് മാണിക്ക് സംശയമുണ്ട്.

മാണി ഉൾപ്പെട്ട ബാർകോഴ കേസിൽ രണ്ടു ദിവസത്തിനുള്ളിൽ വിജിലൻസിന് നിയമോപദേശം ലഭിക്കും. കേസുമായി ബന്ധപ്പെട്ട് എസ്‌പി: ആർ. സുകേശൻ സമർപ്പിച്ച വസ്തുതാ റിപ്പോർട്ട് കഴിഞ്ഞ ദിവസം നിയമോപദേഷ്ടാവിനു കൈമാറിയിരുന്നു. കേസിൽ മന്ത്രി കെ.എം.മാണിക്കെതിരേ ശക്തമായ തെളിവുകളില്ലെന്നു റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, വിജിലൻസ് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റപത്രം നൽകണമോ വേണ്ടയോ എന്നകാര്യം നിയമോപദേശത്തിനുശേഷം തീരുമാനിക്കും. എന്നാൽ അടിസ്ഥാനപരമായി മാണി കോഴ വാങ്ങിയെന്ന് സാധൂകരിക്കുന്ന ഒന്നുമില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ മാണിക്കെതിരെ നിയമോപദേശം നൽകാൻ നിയമോപദേഷ്ടാവിൽ സമ്മർദ്ദവുമുണ്ട്. സാക്ഷിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയ ആദ്യ സംഭവമാണ് ഇത്. വിജിലൻസാണ് ആവശ്യപ്പെട്ടതും. മാണിയെ കുടുക്കാൻ വിജിലൻസിലെ ചിലർ നടത്തിയ തന്ത്രപരമായ നീക്കമാണ് നുണപരിശോധനയെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.

ഒരു സുപ്രധാനചോദ്യവും അതിന് അമ്പിളി നൽകിയ മറുപടിയുമാണു നുണപരിശോധനാഫലം മാണിക്ക് അനുകൂലമാണെന്ന വിലയിരുത്തലിനു കാരണം. ക്ലിഫ് ഹൗസിൽനിന്നു പ്ലാസ്റ്റിക് ബാഗ് ഉണ്ണി(രാജ്കുമാർ)ക്ക് എടുത്തുകൊടുത്തിരുന്നോ എന്ന ചോദ്യത്തിന് ഉവ്വ് എന്നായിരുന്നു ഉത്തരം. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയാണു ക്ലിഫ് ഹൗസ്. കെ.എം. മാണിയുടേതു ക്ലിഫ് ഹൗസ് വളപ്പിലെ പ്രശാന്തും. അപ്പോൾ, ക്ലിഫ് ഹൗസിൽനിന്നു പ്ലാസ്റ്റിക് ബാഗ് എടുത്തുകൊടുത്തിരുന്നോ എന്ന ചോദ്യത്തിന്, ഇല്ലന്നായിരുന്നു മറുപടി ലഭിക്കേണ്ടിയിരുന്നത്. പ്രശാന്തിൽ പണം കൈമാറിയെന്ന ആരോപണം സാധൂകരിക്കുന്ന മൊഴിയല്ല നുണപരിശോധനയിൽ അമ്പിളി നൽകിയത്. ഇതെങ്ങനെ സംഭവിച്ചു എന്നതാണ് ഉയരുന്ന ചോദ്യം. എല്ലാത്തിനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ രഹസ്യപിന്തുണയുണ്ടെന്നാണ് സംശയം. നിയമവൃത്തങ്ങളുടെ ഉപദേശ ം മനസ്സിലായതോടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരോട് മാണി കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

നുണപരിശോധനയിൽ ഉത്തരം നൽകുമ്പോൾ മാനിസകമായി എന്തെങ്കിലും സമ്മർദ്ദമോ സംശയമോ ഉണ്ടെങ്കിൽ യന്ത്രം രേഖപ്പെടുത്തും. എല്ലാ ചോദ്യത്തിനും യെസ് എന്ന ഉത്തരം നൽകാൻ ആരെങ്കിലും ഉപദേശിച്ചിട്ടുണ്ടെങ്കിൽ ഒരു ഭാവഭേദവുമില്ലാതെ യെസ് എന്ന് മറുപടി പറഞ്ഞാൽ മതി. വിജിലൻസ് തയ്യാറാക്കി കൊടുത്ത ചോദ്യങ്ങളാണ് പോളീഗ്രാഫ് ടെസ്റ്റിൽ വിദഗ്ധൻ ചോദിച്ചത്. അതുകൊണ്ട് തന്നെ മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളുടെ ഉത്തരം അമ്പിളിക്ക് നേരത്തെ പറഞ്ഞു കൊടുത്തു എന്നാണ് വിലയിരുത്തൽ. അതിനൊപ്പം യെസ് എന്ന ഉത്തരം മാത്രം വരേണ്ട ചോദ്യങ്ങളും അവതരിപ്പിച്ചു. ഇതാണ് സംഭവിച്ചത്. അതുകൊണ്ട് യാതൊരു അടിസ്ഥാനവും നുണപരിശോധനാ റിപ്പോർട്ടിനില്ലെന്നാണ് വിലയിരുത്തൽ.

പോളിഗ്രാഫ് ടെസ്റ്റിന്റെ ഫലം തെളിവായി സ്വീകരിക്കില്ലെന്നു സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. സാക്ഷിമൊഴികൾക്കാണു കോടതി മുമ്പാകെ സാധുത. ക്രിമിനൽ നടപടിച്ചട്ടം 161 പ്രകാരം, അന്വേഷണ ഏജൻസി എടുക്കുന്ന മൊഴിയുടെ അതേ മൂല്യമേ നുണപരിശോധനാ റിപ്പോർട്ടിനുമുള്ളൂ. അതുകൊണ്ടുതന്നെ ബാർ കോഴക്കേസിൽ ബിജു രമേശിന്റെ ബന്ധുവും ദീർഘകാല ഡ്രൈവറുമായ അമ്പിളിയുടെ മൊഴിക്കു സാധാരണ സാക്ഷിമൊഴിയുടെ സാധുതയേയുള്ളൂ. പോളിഗ്രാഫ് ടെസ്റ്റിന്റെ ആവിർഭാവം കുറ്റകൃത്യങ്ങൾ തെളിയിക്കാൻ സഹായകമായെന്നു വിലയിരുത്തുന്നവരുണ്ട്.

കലിഫോർണിയ സർവകലാശാലയിലെ ജോൺ അഗസ്റ്റസ് ലാർസൺ എന്ന വിദ്യാർത്ഥിയാണ് 1921ൽ പോളിഗ്രാഫ് യന്ത്രം കണ്ടുപിടിച്ചത്. ഇതോടെ കുറ്റവാളികൾ കുടുങ്ങുമെന്ന മട്ടിലായിരുന്നു കുറ്റാന്വേഷണരംഗത്തെ പ്രചാരണം. എന്നാൽ, പ്രതിയുടെ പോളിഗ്രാഫ് പരിശോധനയ്ക്കു നിയമസംവിധാനത്തിൽ പ്രാധാന്യമില്ല. തനിക്കെതിരേ സ്വയം തെളിവു നൽകാൻ പ്രതിക്കു കഴിയില്ലെന്ന നിഗമനമാണ് ഇതിനാധാരം. പോളിഗ്രാഫ് ടെസ്റ്റിനു വിധേയപ്പെടുന്ന പ്രതിയുടെ മൊഴിക്ക് കോടതികൾ പ്രാധാന്യം നൽകാറില്ല. സെൽവിയ്‌സ് കേസിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണന്റെ ബെഞ്ച് പോളിഗ്രാഫ് പരിശോധനാഫലം പ്രതിക്കെതിരേ ഉപയോഗിക്കാൻ പാടില്ലെന്നു വിധിച്ചിരുന്നു.

കുശലപ്രശ്‌നങ്ങളിലൂടെയാണു നുണപരിശോധനയാരംഭിക്കുന്നത്. പരിശോധനയ്ക്കു വിധേയപ്പെടുന്ന വ്യക്തിയുടെ മനോനില സാധാരണ ഗതിയിലായാൽ യഥാർഥ ചോദ്യങ്ങളിലേക്കു കടക്കും. ശരി അല്ലെങ്കിൽ തെറ്റ് എന്ന ഉത്തരം ലഭിക്കുന്ന വിധമാകും ചോദ്യങ്ങൾ. കളവാണു പറയുന്നതെങ്കിൽ നാഡിമിടിപ്പു കൂടും, രക്തസമ്മർദം ഉയരും, ശ്വാസവേഗം വർധിക്കും, കരചരണങ്ങളിൽ ഞരമ്പുകളുടെ സങ്കോചവികാസങ്ങൾ വ്യത്യസ്തമാകും. ഇത്രയും മാറ്റങ്ങൾ ഒരേസമയം ഗ്രാഫിൽ രേഖപ്പെടുത്തുന്നതോടെ ഉത്തരങ്ങൾ തെറ്റാണെങ്കിൽ പരിശോധകന് അതു ബോധ്യപ്പെടും. ബോധപൂർവം കളവു പറഞ്ഞ് പോളിഗ്രാഫിനെ പറ്റിക്കുന്ന വിദഗ്ധരുമുണ്ട്. അതുകൊണ്ടുതന്നെ ഇതു നിയമവിധേയമല്ലെന്നാണു സുപ്രീം കോടതിയുടെ നിരീക്ഷണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP