Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാബുവിന്റെ വാക്കു വിശ്വസിച്ച് ബാർ ലൈസൻസ് കിട്ടാൻ ത്രീസ്റ്റാറാക്കിയ ബാറുടമകൾ വമ്പൻ പ്രതിസന്ധിയിൽ; ടേപ്പുമായി എത്തി അളക്കുന്ന സിങ്കം അനുമതിയില്ലാതെ സൗകര്യം വർദ്ധിപ്പിച്ചിതന്റെ പേരിൽ നടപടിയെടുക്കുന്നു; പുതുക്കി പണിത ഭാഗം പൊളിക്കേണ്ടി വരുമോ എന്ന ഭയത്തിൽ ബാറുടമകൾ

ബാബുവിന്റെ വാക്കു വിശ്വസിച്ച് ബാർ ലൈസൻസ് കിട്ടാൻ ത്രീസ്റ്റാറാക്കിയ ബാറുടമകൾ വമ്പൻ പ്രതിസന്ധിയിൽ; ടേപ്പുമായി എത്തി അളക്കുന്ന സിങ്കം അനുമതിയില്ലാതെ സൗകര്യം വർദ്ധിപ്പിച്ചിതന്റെ പേരിൽ നടപടിയെടുക്കുന്നു; പുതുക്കി പണിത ഭാഗം പൊളിക്കേണ്ടി വരുമോ എന്ന ഭയത്തിൽ ബാറുടമകൾ

ബി രഘുരാജ്‌

തിരുവനന്തപുരം: നിലവാരമില്ലാത്ത ടൂ സ്റ്റാർ ബാറുകൾ പൂട്ടുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തവുകളാണ് ബാർ കോഴ ആരോപണത്തിൽ വരെയെത്തിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ടു സ്റ്റാർ ബാറുകൾ പൂട്ടാൻ കോടതി ഉത്തരവ് വന്നപ്പോൾ അത് നടപ്പാക്കിയേ പറ്റൂവെന്ന് കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തല നിലപാട് എടുത്തു. നിലവാരം കൂട്ടി എല്ലാവർക്കും ലൈസൻസ് എന്നതായിരുന്നു എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു എടുത്ത നിലപാട്. ടു സ്റ്റാർ ബാറുകൾക്ക് പൂട്ടുവീഴാതിരിക്കാൻ എല്ലാ ഉറപ്പും അക്കാലത്ത് ബാറുടമകൾക്ക് യുഡിഎഫ് സർക്കാരിലെ എക്‌സൈസ് മന്ത്രിയിൽ നിന്നു ലഭിച്ചതായും ആക്ഷേപമെത്തി. എന്തായാലും അക്കാലത്ത് ടു സ്റ്റാർ ബാറുകളെല്ലാം പുതുക്കുകയായിരുന്നു മുതലാളിമാർ. അങ്ങനെ എല്ലാം ത്രിസ്റ്റാറുകളായി. പക്ഷേ സുധീരന്റെ നിർബന്ധം കാര്യങ്ങൾ മാറ്റി മറിച്ചു. ഫൈവ് സ്റ്റാർ ബാറുകൾക്ക് മാത്രമായി ബാർ ലൈസൻസ് നൽകുന്ന നയവുമെത്തി.

ഇതിനിടെ ബാക്കി ബാറുകൾക്ക് ആശ്വാസമാകാൻ ചെറിയ സഹായവും എക്‌സൈസ് മന്ത്രി ചെയ്തു. അതായിരുന്നു എല്ലാ ബാറുകൾക്ക് നൽകിയ വൈൻ ആൻഡ് ബിയർ പാർലർ ലൈസൻസ്. പക്ഷേ ഇപ്പോൾ അതും വിനയാവുകയാണ്. എക്‌സൈസ് കമ്മീഷണറായി ഋഷിരാജ് സിങ് എത്തിയതോടെ പണ്ട് ചെറുകിട ബാറുകളായിരുന്ന ബിയർ പാർലറുകളിലൊക്കെ റെയ്ഡാണ്. ബിയർ പുറത്തേക്ക് കൊടുത്തയ്ക്കാൻ പാടില്ലെന്നാണ് എക്‌സൈസ് കമ്മീഷണർ പറയുന്നത്. ഇതിന്റെ പേരിൽ പല ബാറുകളും പൂട്ടി. എന്നാൽ അതിലും അപ്പുറമുള്ള പ്രതിസന്ധി ചെറുകിട ബാറുകളിലെ ബിയർ-വൈൻ പാർലറുകൾ നേരിടുന്നു. അതായത് എക്‌സൈസ് മന്ത്രിയായിരിക്കെ ബാർ ലൈസൻസ് തരുമെന്ന ബാബുവിന്റെ ഉറപ്പ് കേട്ട് ബാർ പുതുക്കിയവരെല്ലാം പുലിവാല് പിടിച്ചു.

ടു സ്റ്റാറിൽ നിന്നും ത്രീ സ്റ്റാർ നിലവാരത്തിലേയ്ക്ക് മാറ്റിയാൽ ലൈസൻസ് കിട്ടുമെന്ന് യുഡിഎഫ് മന്ത്രി പറഞ്ഞതനുസരിച്ച് നിരവധി ബാറുകളും, ഹോട്ടലുകളും മോടിപിടിപ്പിച്ചിരുന്നു. അതുകൊണ്ട് പ്രയോജനം ഒന്നും ഉണ്ടായില്ല എന്നു മാത്രമല്ല ഇപ്പോൾ അത് തിരിച്ചടിയാവുകയും ചെയ്തിരിക്കുന്നു എന്നാണവർ പറയുന്നത്. എക്‌സൈസ് കമ്മിഷണറുടെ അനുമതിയില്ലാതെ ബാറിന്റെ പ്ലാൻ മാറ്റിയെന്ന് പറഞ്ഞും ഇപ്പോൾ കേസ് എടുക്കുന്നുണ്ട്. ടേപ്പുമായി എത്തി ഋഷിരാജ് സിങ് എല്ലാ ബിയർ പാലറും അളന്നു നോക്കുകയാണ്. ഈ അളന്നു നോക്കലിൽ ടു സ്റ്റാർ ബാറുകളായി എക്‌സൈസ് കമ്മീഷണറുടെ രേഖകളിൽ ഉള്ളതിനേക്കാൾ സ്ഥലം ഉണ്ട്. അനുമതി വാങ്ങാതെയാണ് ഈ മാറ്റം വരുത്തിയതെന്നതും യാഥാർത്ഥ്യമാണ്. ഇങ്ങനെ മിക്കവാറും എല്ലാ ടു സ്റ്റാർ ബാറുകളും വിപുലീകരണത്തിന് വിധേയമായവയാണ്.

എന്നാൽ ഇപ്പോൾ ഏരിയ കൂടി എന്ന പേരിൽ കേസ് എടുക്കുകയാണ് ഇപ്പോൾ ഋഷിരാജ് സിങ്. ഇതോടെ ബാബുവിന്റെ വാക്ക് കേട്ട് ബാറുകൾ മോടി പിടിച്ചവർ വെട്ടിലായിരിക്കുകയാണ്. ബാറുകൾ മോടി പിടിപ്പിച്ചാലും മാറ്റം വരുത്തിയാലും എക്‌സൈസ് കമ്മീഷണറെ അറിയിക്കണമെന്നാണ് ചട്ടം. എന്നാൽ ടു സ്റ്റാർ ബാറുകൾക്ക് പൂട്ടു വീഴാനുള്ള സാധ്യതയെ മറികടക്കാൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അതീവ രഹസ്യമായ നീക്കമാണ് നടന്നത്. ഗുണനിലവാര പരിശോധനയെ തൃപ്തിപ്പെടുത്താൻ അടിമുടി അഴിച്ചുമാറ്റം നടത്തി. ഇതൊന്നും എക്‌സൈസ് കമ്മീഷണറെ അറിയിച്ചതുമില്ല. മന്ത്രിയല്ലേ പറയുന്നത് ലൈസൻസ് കിട്ടുന്നതിന് മുമ്പ് എല്ലാം ചെയ്യാമെന്നും അവർ കണക്ക് കൂട്ടി. എന്നാൽ സുധീരന്റെ എതിർപ്പോടെ ഒന്നും നടന്നില്ലെന്ന് മാത്രമല്ല. ത്രിസ്റ്റാർ ബാറുകൾക്ക് പോലും പൂട്ടുവീഴുകയും ചെയ്തു.

ഇടത് സർക്കാർ അധികാരത്തിലെത്തുമ്പോൾ മദ്യനയത്തിൽ നയം മാറ്റവും പ്രതീക്ഷിച്ചു. എന്നാൽ തീർത്തും അപ്രതീക്ഷിതമായി ഋഷിരാജ് സിങ് എക്‌സൈസ് കമ്മീഷണറായി. ഐഎഎസുകാരുടെ പ്രത്യേക പദവിയെ ഋഷിരാജിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിലൂടെ മാറ്റി വയ്ക്കുകയായിരുന്നു. എക്‌സൈസ് കമ്മീഷണറുടെ പദവിയിൽ ഐപിഎസുകാരനെ നിയമിക്കാൻ പ്രത്യേക ഉത്തരവും ഇറക്കി. എക്‌സൈസ് ആസ്ഥാനത്ത് എത്തിയ ശേഷം പതിവ് പോലെ റെയ്ഡുകൾ കാര്യക്ഷമമാക്കി. ടു സ്റ്റാറുകളിൽ ബിയർ പാർലറുകളായ ചെറുകിടക്കാരെയാണ് ഋഷിരാജ് നോട്ടമിട്ടത്. ഇവിടെ ബാറുകളെല്ലാം പുതുക്കിയിട്ടുണ്ടാകുമെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണം. അങ്ങനെ പതിവ് തെറ്റിച്ച് ടേപ്പുമായി ബാറുകളിൽ എക്‌സൈസ് കമ്മീഷണറെത്തി.

മദ്യത്തിന്റെ നിലവാരമോ കച്ചവടത്തിലെ കള്ളക്കളിയോ ഒന്നും കമ്മീഷണർ നോക്കുന്നില്ല. നേരെ അളവെടുപ്പിലേക്ക് കടക്കും. എക്‌സൈസ് ഓഫീസിലെ രേഖകളിൽ ഉള്ളതിനേക്കാൾ മാറ്റങ്ങൾ വന്നിരിക്കുന്നുവെന്ന് ഉറപ്പുവരുത്തും. അതിന് ശേഷം നടപടികൾക്ക് ഫയലും തുറക്കും. ആരെ വഴി സ്വാധീനിക്കാനും കഴിയുന്നതുമില്ല. അങ്ങനെ പുതുക്കി പണിതവ പൊളിച്ച് പഴയ നിലവാരത്തിലേക്ക് മാറ്റേണ്ടി വരുമോ എന്ന ഭയത്തിലാണ് ചെറുകിട ബാറുടമകൾ. അനധികൃത നിർമ്മാണം എന്ന പേരിൽ നടപടിക്ക് ഋഷിരാജ് സിങ് ഇറങ്ങി പുറപ്പോട്ടാൽ അത് വേണ്ടി വരും. എക്‌സൈസ് മന്ത്രി ബാബുവിന്റെ വാക്ക് മറ്റൊരർത്ഥത്തിൽ കൂടി കുഴിയിൽ ചാടിച്ചെന്ന് തിരിച്ചറിയുകയാണ് ഇത്തരം ബാർ-വൈൻ പാർലറുകളിലെ ഉടമകൾ. ഇതുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പിനും മറ്റും ലക്ഷങ്ങൾ നഷ്ടമായിരുന്നു. ഇതിന് പുറമേയാണ് പുതിയ തിരിച്ചടിയും.

2014 ഏപ്രിൽ മാസത്തോടെയാണ് കേരളരാഷ്ട്രീയത്തെ ഇളക്കിമറിച്ച ബാർ വിഷയത്തിന്റെ ആരംഭം. 2014 മാർച്ച് 31 കേരളത്തിൽ പ്രവർത്തിച്ചിരുന്നത് 740 ബാറുകളായിരുന്നു. ഇവയിൽ 10 എണ്ണം കോടതിനടപടികളുമായി ബന്ധപ്പെട്ട് അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് നിലവാരമില്ല എന്ന കണ്ടെത്തലിനെ തുടർന്ന് 418 ബാറുകൾക്ക് സർക്കാർ ലൈസൻസ് പുതുക്കി നൽകിയില്ല. ഈ ബാറുകളിൽ മിക്കവയും ടു സ്റ്റാറുകളായിരുന്നു. ഇവയ്ക്ക് ത്രി സ്റ്റാറുകളാക്കി മാറ്റി അനുമതി നൽകാനുള്ള നീക്കവും ഇതിനിടെ തുടങ്ങി. ഈ സാഹചര്യത്തിലായിരുന്നു ബാറുകളുടെ മോടി പിടിപ്പിക്കൽ. എന്നാൽ ഘട്ടം ഘട്ടമായുള്ള മദ്യനിരോധനമെന്ന വാദമുയർത്ത് 418 ബാറുകൾക്കെതിരെ സുധീരൻ കടുത്ത നിലപാട് എടുത്തു.

ഇതോടെ പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു മാത്രം ബാർ ലൈസൻസ് മതിയെന്ന് സർക്കാരിന്റെ ഉത്തരവുമെത്തി. എന്നാൽ ടൂ സ്റ്റാർ അടക്കമുള്ള എല്ലാ ബാറുകൾക്കും ബിയർ-വൈൻ പാർലറായി മാറാൻ അവസരമൊരുക്കാനും യുഡിഎഫ് തയ്യാറാവുകയായിരുന്നു. ഈ ബാറുകളാണ് ഇപ്പോൾ ഋഷിരാജ് സിംഗിന്റെ റെയ്ഡിൽ വിറയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP