Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാഗ്യലക്ഷ്മി കൂട്ടബലാത്സംഗ ആരോപണം ഉന്നയിച്ചത് വടക്കാഞ്ചേരി മിണാലൂർ കൗൺസിലർ പി എൻ ജയന്തനെതിരെ; ഇരയാക്കപ്പെട്ട യുവതി പരാതി പിൻവലിച്ചത് പൊലീസിന്റെ സമ്മർദ്ദത്താലെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ്; ഇരയ്ക്ക് നീതികിട്ടാൻ മുഖ്യമന്ത്രിയെ നേരിൽ കാണുമെന്നും ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തൽ

ഭാഗ്യലക്ഷ്മി കൂട്ടബലാത്സംഗ ആരോപണം ഉന്നയിച്ചത് വടക്കാഞ്ചേരി മിണാലൂർ കൗൺസിലർ പി എൻ ജയന്തനെതിരെ; ഇരയാക്കപ്പെട്ട യുവതി പരാതി പിൻവലിച്ചത് പൊലീസിന്റെ സമ്മർദ്ദത്താലെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ്; ഇരയ്ക്ക് നീതികിട്ടാൻ മുഖ്യമന്ത്രിയെ നേരിൽ കാണുമെന്നും ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ കൂട്ട ബലാത്സംഗ കേസിലെ പ്രതികളാക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ മറുനാടൻ മലയാളി വെളിപ്പെടുത്തുന്നു. യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂർ വാർഡ് കൗൺസിലറായ പി എൻ ജയന്തനാണെന്നാണ് ആരോപണം എന്നാണ് മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായത്. ജയന്തന്റെ സഹോദരൻ ജിതേഷ് (26), ബിനീഷ് (25), ഷിബു (27) എന്നിവരാണ് കൂട്ട ബലാത്സംഗ ആരോപണം നേരിടുന്ന മറ്റുള്ളവർ.

നേരത്തേ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയതുപോലെ തൃശൂരിൽ ഒരു രാഷ്ട്രീയ നേതാവ് ഉൾപ്പെട്ട പീഡനാരോപണം ഈ വർഷം ആഗസ്റ്റിൽ രജിസ്റ്റർ ചെയ്യപ്പെട്ടത് ഈ കേസ് മാത്രമാണെന്നതിനാൽ ഇപ്പോഴത്തെ ആരോപണം ജയന്തനെതിരെ ആണെന്ന് വ്യക്തമാകുകയാണ്. 2014ൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി നൽകിയ പരാതിയെ തുടർന്നാണ് ഈ സംഭവത്തിൽ പൊലീസ് കേസെടുത്തത്. ഫോർട്ട്കൊച്ചി സ്വദേശിനിയായ യുവതി ഭർത്താവിനോടൊപ്പം തൃശ്ശൂരിൽ മുളംകുന്നത്തുകാവിനടുത്ത് താമസിച്ചുവരികയായിരുന്നു.

അത്താണി സിൽക്കിനു സമീപം പ്രതികളുടെ അയൽവാസിയായിരുന്നു ഇവരെന്നാണ് നേരത്തേയുള്ള റിപ്പോർട്ടുകളിലെ സൂചനകൾ. ആലുവയിൽ ജോലി ചെയ്യുന്ന ഭർത്താവിന് അപകടത്തിൽ പരിക്കുപറ്റിയെന്നറിയിച്ച് നാലുപേരും ചേർന്ന് കാറിൽ കയറ്റിക്കൊണ്ടുപോയിയെന്നും മെഡിക്കൽ കോളേജിനു സമീപം ആളൊഴിഞ്ഞ വീട്ടിൽ കയറ്റി ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോയിൽ പകർത്തുകയും ചെയ്തുവെന്നുമാണ് പരാതി.

പിന്നീട് വീഡിയോ ചിത്രങ്ങൾ കാട്ടി പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഭീഷണിയുള്ളതുകൊണ്ടാണ് പരാതി നൽകുവാൻ വൈകിയതെന്ന് യുവതി പരാതിയിൽ പറഞ്ഞിരുന്നു. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാതെ വന്നപ്പോൾ ക്രൈം ഡിറ്റാച്ച്മെന്റ് റൂറൽ ഡിവൈ.എസ്‌പി.ക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പേരാമംഗലം സിഐയുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. കൂട്ടബലാത്സംഗത്തിനാണ് കേസെടുത്തത്.

ഈ കേസ് കോടതിയിൽ എത്തിയെങ്കിലും പിന്നീട് പൊലീസിന്റെ സമ്മർദ്ദത്തെ തുടർന്ന് പിൻവലിച്ചുവെന്നാണ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തൽ. അന്വേഷണ ഉദ്യോഗസ്ഥൻ പലകുറി യുവതിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയെന്നും അപമാനിക്കുംവിധം ചോദ്യങ്ങൾ ചോദിച്ചുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു. യുവതിതന്നെ ഇന്ന് പതിനൊന്നരയോടെ പ്രതികളുടെ പേരും സംഭവങ്ങളും പത്രസമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം ജയലക്ഷ്മി മുഖ്യമന്ത്രിയെ കാണുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫെയ്സബുക്ക് പോസ്റ്റ് ഞാൻ പിൻവലിച്ചിട്ടില്ല. ആദ്യം അത് സുഹൃത്തുക്കൾക്ക് മാത്രം കാണാവുന്ന രീതിയിലായിരുന്നു, ഇപ്പോൾ അത് പബ്ലിക്കാക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

മൂന്നാഴ്ചമുമ്പ് ഈപെൺകുട്ടി തന്നെക്കാണാൻ വരികയായിരുന്നു എന്നാണ് ഭഗ്യലക്ഷ്മയുടെ വെളിപ്പെടുത്തൽ. അന്ന് മരണത്തിന്റെ വക്കിലായിരുന്നു അവർ. ഇരകൾക്കും ഇവിടെ ജീവിക്കാണം. മാധവിക്കുട്ടിയുടെ വാക്കുകൾ കടമെടുക്കുകയാണ്. ഡെറ്റോൾ വെള്ളത്തിൽ കുളിച്ചിട്ട് എന്റെ ശരീരത്തെ മാത്രമേ നിനക്ക് സ്പർശിക്കാനാവൂ.

മനസിനെ തൊടാൻ പോലും സാധിക്കില്ലെന്ന് ഉറക്കെ പറയണം. ഞാൻ ആപെൺകുട്ടിയെ ഇപ്പോൾ കൗൺസിലിങ് ചെയ്തു കൊണ്ടിരിക്കുകയാണ്. കോടതിയുടെ മുമ്പിൽ തെളിവാണ് പ്രധാനം. സൗമ്യക്കേസിൽ എല്ലാതെളിവും കൊടുത്തിട്ടും വളച്ചൊടിക്കപ്പെട്ടില്ലേ? അത്കൊണ്ട് നിയമ വ്യവസ്ഥയിൽ വിശ്വാസമില്ല. - ഭാഗ്യലക്ഷ്മി പറയുന്നു.

നേരിൽ സന്ദർശിച്ച് തനിക്കുനേരെ ഉണ്ടായ അക്രമം വിവരിച്ച വീട്ടമ്മയുടെ വാക്കുകൾ കഴിഞ്ഞദിവസമാണ് ഭാഗ്യലക്ഷ്മി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. ഏകദേശം 35, 40 വയസ്സ് പ്രായമുള്ള ഒരു മെലിഞ്ഞ സ്ത്രീ തന്നെ കാണാനെത്തിയ കാര്യവും അവർക്കുണ്ടായ ദുരനുഭവങ്ങളും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയതോടെ സംഭവം വലിയ ചർച്ചയായി മാറുകയായിരുന്നു. ഭാര്യയും ഭർത്താവും രണ്ട് കുട്ടികളുമടങ്ങുന്ന സ്നേഹമുള്ള ഒരു കൊച്ചു കുടുംബത്തിനാണ് ഇത്തരമൊരു ദുർഗതി നേരിട്ടതെന്നും ''ചേട്ടന് ചെറിയൊരു പ്രശ്നമുണ്ട് ചേച്ചി അത്യാവശ്യമായി ഒന്ന് ആശുപത്രിവരെ വരണമെന്ന്.'' പറഞ്ഞ് വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയ നാലുപേർ യുവതിയെ പിച്ചിച്ചീന്തുകയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കിയിരുന്നു.

ഭാഗ്യലക്ഷ്മി പോസ്റ്റിൽ വ്യക്തമാക്കിയത് ഇങ്ങനെ: ആശുപത്രിയുടെ വഴിയും വിട്ട് കാറ് വെറെയെങ്ങോട്ടോ പോകുന്നത് കണ്ട് അവൾക്ക് സംശയം തോന്നി. ദേഷ്യപ്പെട്ടു ഒച്ചവച്ചു..നാല് പുരുഷന്മാരുടെ ബലിഷ്ഠമായ കൈകൾക്ക് ഒരു സ്ത്രീയുടെ നിലവിളി ഇല്ലാതാക്കാൻ എന്ത് ബുദ്ധിമുട്ട്.? നഗരത്തിൽ നിന്ന് മാറി ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി,നാലുപേരും മാറി മാറി അവളെ പിച്ചി ചീന്തി..വിജനമായ ആ പ്രദേശത്ത് അവളുടെ നിലവിളിക്ക് ശക്തി പോരാതെ അതൊരു ദീനരോദനം മാത്രമായി..ആ രാക്ഷസന്മാർ തന്നെ അവളെ വീട്ടിൽ കൊണ്ടുവന്ന് എറിഞ്ഞിട്ട് പറഞ്ഞത്രേ,''നടന്നത് മുഴുവൻ ഞങ്ങൾ വീഡിയോ എടുത്തിട്ടുണ്ട്. നീയിത് ആരോടെങ്കിലും പറഞ്ഞാൽ...പിന്നെ അറിയാല്ലോ''.. ആരോടും ഒന്നും പറയാനുള്ള ധൈര്യമില്ലാതെ എന്ത് ചെയ്യണമെന്നറിയാതെ അവളൊരു ജീവശ്ശവം പോലെ നടന്നു..അവളുടെ പെരുമാറ്റത്തിലെ മാറ്റം കണ്ട് നിർബന്ധിച്ച് ചോദിച്ച ഭർത്താവിനോട് അവൾ നടന്നത് മുഴുവൻ പറഞ്ഞപ്പോഴേക്ക് മൂന്ന് മാസങ്ങൾകഴിഞ്ഞിരുന്നു..ഭർത്താവിന്റെ നിർബന്ധത്തിൽ കേസ് കൊടുത്തു. ആ നാല് പേരെയും സ്റ്റേഷനിൽ വിളിപ്പിച്ച് അവളുടെ മുൻപിൽ നിർത്തി പൊലീസ് ഉദ്യോഗസ്ഥൻ ചോദിച്ചു ''ഈ നാല് പേരാണോ ഈ പരാതിയിൽ പറഞ്ഞിരിക്കുന്നവർ.''?.''അതെ സാർ'' എന്ന് പറഞ്ഞ അവളോട് ചിരിച്ച്കൊണ്ട് ആ ഉദ്യോഗസ്ഥൻ പച്ചക്ക് ചോദിച്ചത്രേ ''ഇവരിൽ ആര് ചെയ്തപ്പോഴാണ് നിനക്ക് നല്ല സുഖം തോന്നിയത്?''ഈ വാചകം എന്റെ മുൻപിലിരുന്ന് പറയുമ്പോൾ അവൾ ഉറക്കെ നിലവിളിച്ച് കരയുകയായിരുന്നു..ഞാനും..

കരച്ചിലിനിടയിൽ അവൾ പറഞ്ഞു ' എന്റെ ചേച്ചീ ''ബലാത്സംഗം ചെയ്യപ്പെട്ടപ്പോൾ അനുഭവിച്ചതിനേക്കാൾ വേദനിച്ച് നിലവിളിച്ചു ഞാനന്ന്.''കുറച്ച് വെള്ളം കുടിച്ചിട്ട് അവൾ തുടർന്നു..''പിന്നീടങ്ങോട്ട് പൊലീസുകാരുടെ ചോദ്യങ്ങൾ കൊണ്ടുള്ള മാനസിക ബലാത്സംഗമായിരുന്നു ഒരാഴ്ചയോളം...സംഭവം നടന്ന് മൂന്ന് മാസങ്ങൾ കഴിഞ്ഞ് കേസ് കൊടുത്തതുകൊണ്ട് എന്റെ പക്കൽ തെളിവുകളൊന്നുമില്ല എന്ന ധൈര്യം തന്നെയാവാം അവരുടെ ഈ മാനസീക പീഡനങ്ങൾക്ക് കാരണം..അത് താങ്ങാവുന്നതിനപ്പുറമായാൽ സ്ത്രീക്ക്, മാനവുമില്ല,മാനഭംഗവുമില്ല,ബലാത്സംഗവുമില്ല.. ബലാത്സംഗത്തിനിരയായ ഒരു സ്ത്രീക്കും ഈ രാജ്യത്ത് നീതി കിട്ടില്ല എന്ന് ഉറപ്പായപ്പോൾ ഞാൻ കേസ് പിൻവലിച്ചു. -

ഈ അവസ്ഥ ആർക്കും ഉണ്ടാകരുതെന്നും ആ വ്ൃത്തികെട്ടവന്മാരെ ഒന്നും ചെയ്യാൻ സാധിക്കാത്തൊരു രാജ്യത്ത് ജനിക്കേണ്ടി വന്നതിൽ ലജ്ജിക്കുന്നുവെന്നും വ്യക്തമാക്കിയാണ് ഭാഗ്യലക്ഷ്മി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP