Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുധാകരനെ മാത്രമല്ല പിജെ കുര്യനേയും കൊടിക്കുന്നിലിനേയും രാജ്‌മോഹൻ ഉണ്ണിത്താനേയും അബ്ദുള്ളക്കുട്ടിയേയും നോട്ടമിട്ട് ബിജെപി; കോൺഗ്രസ് തകരുമെന്ന് തോന്നിയപ്പോൾ കാട്ടിയ ആവേശം വിട്ട് നേതാക്കൾ; രാഹുൽ വീണ്ടും ശക്തനായതും മോദിക്കെതിരെ ജനവികാരം ഉയർന്നതും ചർച്ചകൾ പൊളിയാൻ കാരണമായി; അടുത്ത തെരഞ്ഞെടുപ്പിൽ കേന്ദ്ര-കേരള ഭരണം പോയാൽ ബിജെപിയിലേക്ക് ചേക്കേറാൻ തയ്യാറായി അനേകം നേതാക്കൾ; വിഡി സതീശന്റേയും വിടി ബൽറാമിന്റെയും പേര് വലിച്ചിഴക്കുന്നത് സിപിഎം

സുധാകരനെ മാത്രമല്ല പിജെ കുര്യനേയും കൊടിക്കുന്നിലിനേയും രാജ്‌മോഹൻ ഉണ്ണിത്താനേയും അബ്ദുള്ളക്കുട്ടിയേയും നോട്ടമിട്ട് ബിജെപി; കോൺഗ്രസ് തകരുമെന്ന് തോന്നിയപ്പോൾ കാട്ടിയ ആവേശം വിട്ട് നേതാക്കൾ; രാഹുൽ വീണ്ടും ശക്തനായതും മോദിക്കെതിരെ ജനവികാരം ഉയർന്നതും ചർച്ചകൾ പൊളിയാൻ കാരണമായി; അടുത്ത തെരഞ്ഞെടുപ്പിൽ കേന്ദ്ര-കേരള ഭരണം പോയാൽ ബിജെപിയിലേക്ക് ചേക്കേറാൻ തയ്യാറായി അനേകം നേതാക്കൾ; വിഡി സതീശന്റേയും വിടി ബൽറാമിന്റെയും പേര് വലിച്ചിഴക്കുന്നത് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തെരഞ്ഞെടുപ്പ് നാഗാലാന്റ് മോഡലാണ് കേരളത്തിന് ഉചിതമെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വിലയിരുത്തൽ. കേരളത്തിൽ താമര വിരിയിക്കാനുള്ള കരുത്ത് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് ഇല്ലെന്നും വിലയിരുത്തുന്നു. ത്രിപുരയിലേതിന് സമാനമായി കോൺഗ്രസ് നേതാക്കളെ മുഴുവൻ ബിജെപിയിലെത്തിക്കുക കേരളത്തിൽ അസാധ്യമാണ്.

അതുകൊണ്ട് നാഗാലാന്റിലേതിന് സമാനമായി ജനസ്വാധീനമുള്ള നേതാക്കളെ ബിജെപി പക്ഷത്തേക്ക് എത്തിക്കാനാണ് അമിത് ഷാ ആഗ്രഹിക്കുന്നത്. ഇതിന് വേണ്ടിയാണ് കണ്ണൂരിലെ കോൺഗ്രസ് നേതാവ് കെ സുധാകരനുമായുള്ള ചർച്ചകൾക്ക് ബിജെപി ശ്രമിച്ചത്. സുധാകരനൊപ്പം രാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുര്യനേയും എൻഡിഎയിൽ എത്തിക്കാൻ അമിത് ഷായ്ക്ക് ആഗ്രമുണ്ട്. കോൺഗ്രസുമായി അഭിപ്രായ ഭിന്നതകളുള്ള രാജ്‌മോഹൻ ഉണ്ണിത്താൻ, അബ്ദുള്ളക്കുട്ടിയേയും ബിജെപി നോട്ടമിടുന്നു. പിന്നോക്ക നേതാവായ കൊടിക്കുന്നിൽ സുരേഷിനോടും താൽപ്പര്യമുണ്ട്.

കേന്ദ്രത്തിൽ നരേന്ദ്ര മോദി ഭരണതുടർച്ചയുണ്ടാക്കുമെന്ന പ്രതീക്ഷ നിലനിർത്തിയാണ് കോൺഗ്രസ് നേതാക്കളെ അടർത്തിയെടുക്കാൻ ശ്രമം നടത്തിയത്. എന്നാൽ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ തിരിച്ചടി ചർച്ചകളുടെ താളം തെറ്റിച്ചു. പല കോൺഗ്രസുകാരും അടുക്കാതെയായി. കോൺഗ്രസ് അധ്യക്ഷനായി മാറിയ രാഹുൽ ഗാന്ധി കരുത്തനാകുന്നതും മോദിക്കെതിരെ പ്രതിപക്ഷ ബദലിന്റെ സാധ്യത ഉയരുന്നതുമായിരുന്നു ഇതിന് കാരണം.

കേരളത്തിൽ പിണറായി വിജയൻ സർക്കാരും പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ അടുത്ത നിയമസഭയിൽ കോൺഗ്രസിന് അധികാരം കിട്ടിയേക്കാവുന്ന സ്ഥിതി വന്നു. ഇതോടെ കേരളത്തിലെ കോൺഗ്രസ് നേതാക്കളെല്ലാം ബിജെപിയോട് അകലം പാലിച്ചു. വ്യക്തമായ പദ്ധതിയോടെയാണ് ബിജെപി നേതാക്കളെ പോലും തെരഞ്ഞെടുത്തത്. പലരുമായി ചർച്ച നടത്തി. മറ്റുള്ളവരോട് ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചു. ഇതിനിടെയാണ് ഗുജറാത്തിലെ ഫലം പുറത്തുവന്നത്.

മധ്യകേരളത്തിലെ ന്യൂനപക്ഷ മനസ്സ് അനുകൂലമാക്കാനാണ് പിജെ കുര്യനെ അടുപ്പിക്കാൻ ബിജെപി ശ്രമിക്കുന്നത്. രാജ്യസഭാ ഉപാധ്യക്ഷനായ കുര്യനോട് പ്രധാനമന്ത്രി മോദിക്ക് പ്രത്യേക താൽപ്പര്യവും ഉണ്ട്. ക്രൈസ്തവ വോട്ടുകളിൽ സ്വാധീനമുള്ള പത്തനംതിട്ടയിലെ പ്രമുഖനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി പക്ഷത്ത് എത്തിക്കാൻ നീക്കം നടത്തിയത്. എന്നാൽ കുര്യൻ ഇതിനോട് സമ്മതം മൂളിയിട്ടില്ല. മലബാറിൽ കരുത്തനായ നേതാവാണ് സുധാകരൻ.

സിപിഎമ്മിനെതിരായ വികാരം ആളിക്കത്തിച്ച് ബിജെപിക്ക് വോട്ട് എത്തിക്കാൻ സുധാകരന് കഴിയും. ഇത് മനസ്സിലാക്കിയാണ് സുധാകരനുമായും ചർച്ചകൾക്ക് ശ്രമിച്ചത്. അബ്ദുള്ളക്കുട്ടിയെ മുസ്ലിം മതന്യൂനപക്ഷത്തിന്റെ മുഖമാക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിലെ പിന്നോക്കക്കാരുടെ നേതാവായ കൊടിക്കുന്നിലിനേയും വ്യക്തമായ ലക്ഷ്യവുമായാണ് ബിജെപിയിലേക്ക് അടുപ്പിക്കാൻ ശ്രമം നടന്നത്. ഇവരോട് ബിജെപിയിൽ ചരാൻ താൽപ്പര്യക്കുറവുണ്ടെങ്കിൽ സ്വന്തം പാർട്ടിയുണ്ടാക്കി എൻഡിഎ മുന്നണിയുടെ ഭാഗമാകാനായിരുന്നു നിർദ്ദേശിക്കാൻ അമിത് ഷാ ഉദ്ദേശിച്ചത്.

കേരളത്തിൽ എൻഡിഎ തീർത്തും ദുർബ്ബലമാണ്. ബി ഡി ജെ എസിന് രാഷ്ട്രീയ അടിത്തറയില്ല. വോട്ട് സമാഹരിക്കാൻ കഴിയുന്ന വെള്ളാപ്പള്ളി നടേശൻ ഇടത് ക്യാമ്പ് ലക്ഷ്യമിടുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസിലെ വമ്പന്മാരെ അണിനിരത്തി എൻഡിഎ ശക്തിപ്പെടുത്താൻ ശ്രമിച്ചത്. ഇത് മനസ്സിലാക്കിയാണ് സുധാകരൻ ബിജെപിയിലേക്ക് പോകുന്നുവെന്ന ചർച്ച സിപിഎം സജീവമാക്കിയത്. ഇതോടെ ബിജെപിയെ പരസ്യമായി തള്ളിപ്പറയേണ്ട സ്ഥിതി സുധാകരന് വന്നു.

ഫലത്തിൽ ബിജെപിയുടെ നീക്കത്തെ പൊളിക്കുകയാണ് സിപിഎം ചെയ്തത്. ഇനി ഉടനൊന്നും പ്രമുഖ നേതാക്കൾ ആരും കേരളത്തിൽ നിന്ന് ബിജെപിയിലേക്ക് പോകില്ല. വിഡി സതീശനേയും വിടി ബൽറാമനേയും പോലുള്ള നേതാക്കളേയും ഈ ചർച്ചകളുടെ ഭാഗമാക്കാൻ സിപിഎം ശ്രമിച്ചു. ഇടതുപക്ഷത്തിനെതിരെ നിരന്തര ആരോപണം ഉന്നയിക്കുന്ന സതീശിനേയും ബൽറാമിനേയും കോൺഗ്രസ് അണികളിൽ നിന്ന് അകറ്റാനായിരുന്നു നീക്കം. മോദിയുടെ കടുത്ത വിമർശകരായ സതീശനേയും ബൽറാമിനേയും കുറിച്ച് ബിജെപി ചിന്തിച്ചിട്ടു പോലുമില്ലെന്നതാണ് വസ്തുത.

സജീവ രാഷ്ട്രീയത്തിൽ തുടരുമെന്ന വ്യക്തമായ സൂചന നൽകി സോണിയ ഗാന്ധി രംഗത്തു വന്നതും കേരളത്തിലെ കോൺഗ്രസിന് ആശ്വാസമാണ്. പാർട്ടി ആവശ്യപ്പെട്ടാൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സോണിയ പറഞ്ഞു. 19 വർഷം പാർട്ടി തലപ്പത്തിരുന്ന സോണിയ ഏതാനും മാസങ്ങൾക്കു മുൻപാണ് പാർട്ടി അധ്യക്ഷ സ്ഥാനം മകൻ രാഹുൽ ഗാന്ധിക്കു കൈമാറിയത്.

ഇതോടെ എഴുപത്തിയൊന്നുകാരിയായ സോണിയ സജീവ രാഷ്ട്രീയത്തിൽ നിന്നു പിന്മാറുമെന്നും അഭ്യൂഹമുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്. ഇതോടെ സോണിയ തന്നെ അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുമെന്ന് ഉറപ്പായി. അങ്ങനെ വന്നാൽ ബിജെപിക്കെതിരെ ശ്ക്തമായ മത്സരം കാഴ്ച വയ്ക്കാൻ കോൺഗ്രസിനാകും. അതുവരെ കേരളത്തിലെ നേതാക്കളാരും ബിജെപിയുമായി ചർച്ചയ്ക്ക് ഇനി തയ്യാറാകില്ല. എന്നാൽ ലോക്‌സഭയിൽ കോൺഗ്രസ് സമ്പൂർണ്ണ പരാജയത്തിലേക്ക് പോയാൽ കാര്യങ്ങൾ മാറി മറിയും.

25 വർഷമായി സിപിഎം അടക്കി ഭരിച്ചിരുന്ന ത്രിപുര എന്ന സംസ്ഥാനം ഒറ്റയടിക്ക് കീഴ്പ്പെടുത്തിയിരിക്കുകയാണ് ബിജെപി. ബംഗാളിൽ മമത ബാനർജി സിപിഎമ്മിനെ തുരത്തിയതിനേക്കാൾ വലിയ വിജയം ആയിരുന്നു ത്രിപുരയിൽ ബിജെപി നേടിയത്. ഒരു അഴിമതി ആരോപണം പോലും നേരിടാത്ത മണിക് സർക്കാരിന്റെ സർക്കാരിനെ ആണ് ഒറ്റയടിക്ക് ബിജെപി നിലംപരിശാക്കിയത്. അതും ത്രിപുര നിയമസഭയിൽ ആദ്യമായി അക്കൗണ്ട് തുറന്നപ്പോൾ തന്നെ.

ഈ ആത്മവിശ്വാസത്തിൽ കേരളത്തിനായി പുതിയ തന്ത്രങ്ങൾ അമിത് ഷാ ഒരുക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ കേരളവും മ്ാറി ചിന്തിക്കുമെന്നാണ് അമിത് ഷായുടെ പ്രതീക്ഷ. എന്നാൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ പോലെ അല്ല കേരളം. രാഷ്ട്രീയമായും സാസ്‌കാരികമായും തികച്ചും വ്യത്യസ്തമാണ് കേരളത്തിന്റെ ഭൂമിക. അതുകൊണ്ട് തന്നെ ബിജെപിക്ക് കേരളത്തിൽ ക്ലച്ച് പിടിക്കുക അത്ര എളുപ്പമല്ലെന്നും അമിത് ഷായ്ക്ക് അറിയാം.

അടുത്ത കാലത്തൊന്നും കേരളത്തിൽ ഭരണ തുടർച്ച ഉണ്ടായിട്ടില്ല. അഞ്ച് വർഷം കഴിയുമ്പോൾ അടുത്ത മുന്നണിയെ പരീക്ഷിക്കുക എന്നതാണ് കേരളത്തിന്റെ ഒരു ശൈലി. അതുകൊണ്ട് തന്നെ ഭരണ കേന്ദ്രങ്ങളിൽ തുടർച്ചയായ അപ്രമാദിത്തം ഒരു പാർട്ടിക്കും അവകാശപ്പെടാനില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് കരുനീക്കം. ന്യൂനപക്ഷ വോട്ടുകൾ ഏറെ നിർണായകമായ സംസ്ഥാനം ആണ് കേരളം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾ ഇവിടെ ശക്തവും ആണ്.

ഈ വിഭാഗത്തിലേക്ക് കടന്നുകയറാനാണ് ബിജെപി ശ്രമം. കേരളത്തിൽ അമിത് ഷായുടെ പദ്ധതികൾ ഒന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിൽ സംസ്ഥാന നേതൃത്വത്തെ പിരിച്ചുവിടാൻ സാധ്യത ഏറെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP