Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളാപ്പള്ളി നിർദ്ദേശിക്കുന്നവർക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ 30 സീറ്റ് നൽകും; പഞ്ചായത്തിൽ ചോദിക്കുന്നത്രയും സീറ്റുകളും; കേന്ദ്ര സർവ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റേ പേര്; ശ്രീനാരായണീയ പ്രസ്ഥാനങ്ങൾക്ക് ഇഷ്ടംപോലെ കേന്ദ്ര ഫണ്ടും; എസ്എൻഡിപി-ബിജെപി സഖ്യത്തിന്റെ ഭാഗമായി അമിത് ഷാ ഉറപ്പ് നൽകിയത് ഇവയൊക്കെ

വെള്ളാപ്പള്ളി നിർദ്ദേശിക്കുന്നവർക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ 30 സീറ്റ് നൽകും; പഞ്ചായത്തിൽ ചോദിക്കുന്നത്രയും സീറ്റുകളും; കേന്ദ്ര സർവ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റേ പേര്; ശ്രീനാരായണീയ പ്രസ്ഥാനങ്ങൾക്ക് ഇഷ്ടംപോലെ കേന്ദ്ര ഫണ്ടും; എസ്എൻഡിപി-ബിജെപി സഖ്യത്തിന്റെ ഭാഗമായി അമിത് ഷാ ഉറപ്പ് നൽകിയത് ഇവയൊക്കെ

ബി രഘുരാജ്‌

ന്യൂഡൽഹി: എസ് എൻ ഡി പിയുടെ പിന്തുണ ലഭിക്കുന്നതിന് ബദലായി വെള്ളപ്പള്ളി നടേശന് ഗവർണ്ണർ സ്ഥാനമോ മകൻ തുഷാർ വെള്ളാപ്പള്ളിക്ക് എംപി സ്ഥാനമോ ബിജെപി നൽകില്ല. ഇത്തരം വലിയ പദവികൾ നൽകാതെ തന്നെ എസ് എൻ ഡി പിയുമായി ബിജെപി സഹകരണം ഉറപ്പാക്കും. കാസർഗോട്ടെ കേന്ദ്ര സർവ്വകലാശാലയ്ക്ക് ശ്രീ നാരായണ ഗുരുദേവന്റെ പേര് നൽകും. ഇതിനൊപ്പം എസ് എൻ ഡി പിയുടെ നേതൃത്വത്തിലെ സംഘടനകൾക്ക് പ്രവർത്തനം സജീവമാക്കാൻ കേന്ദ്ര ഫണ്ടും ലഭ്യമാക്കും. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എസ് എൻ ഡി പിയുടെ ആവശ്യങ്ങൾക്ക് അർഹിക്കുന്ന പരിഗണനയും നൽകും. ഇതിന്റെ ഭാഗമായി 30ഓളം നിയമസഭാ മണ്ഡലങ്ങളിൽ എസ് എൻ ഡി പി നിർദ്ദേശിക്കുന്നവരെ ബിജെപി മത്സരിക്കും.

എസ്എൻഡിപി നേതൃത്വം മുന്നോട്ടുവയ്ക്കുന്ന ഉപാധികൾ ഭാഗീകമായി അംഗീകരിച്ചു രാഷ്ട്രീയ സഖ്യമുണ്ടാക്കാൻ ബിജെപി കേന്ദ്രനേതൃത്വം തീരുമാനിച്ചു. എസ്എൻഡിപി നേതൃത്വവുമായി ബിജെപി ചർച്ച തുടരും. എന്തുകൊണ്ട് ഗവർണ്ണർ സ്ഥാനവും എംപി സ്ഥാനവും നൽകാനികില്ലെന്ന് എസ് എൻ ഡി പി നേതൃത്വത്തെ ബിജെപി അറിയിച്ചിട്ടുണ്ട്. ബിജെപി മുന്നോട്ട് വച്ച ഫോർമുലയിൽ വെള്ളപ്പാള്ളയും തൃപ്തനാണെന്നാണ് സൂചന. സഖ്യം വൻ വിജയമായാൽ വെള്ളാപ്പള്ളിയുടെ ബാക്കി ഉപാധികളും പരിഗണിക്കും. ഈഴവ താൽപ്പര്യത്തിനപ്പുറം വ്യക്തിപരമായ സ്ഥാനങ്ങൾ വെള്ളാപ്പള്ളിക്കും തുഷാറിനും നൽകുന്നത് രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

ബിജെപി കേരള ഘടകത്തെ ശക്തിപ്പെടുത്താനായി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു തയാറാക്കിയ സംഘടനാ റിപ്പോർട്ടിലെ നിർദേശങ്ങൾ ഉടൻ നടപ്പാക്കും. സംസ്ഥാന കോർ ഗ്രൂപ്പിലും ജില്ലാ അധ്യക്ഷസ്ഥാനങ്ങളിലും ബഹുഭൂരിപക്ഷവും മുന്നാക്കക്കാരാണെന്നത് ജാതീയ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ പുനഃസംഘടനയുണ്ടാകും. അപ്പോൾ വെള്ളാപ്പള്ളിയുടെ നോമിനകൾക്ക് മുന്തിയ പരിഗണന നൽകും. അങ്ങനെ പിന്നോക്ക സമുദായ സാന്നിധ്യം ബിജെപിയിൽ ശക്തമാക്കാനാണ് നീക്കം. ശ്രീനാരായണീയ പ്രസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ പ്രഥമ പരിഗണന നൽകും. മുൻ മുഖ്യമന്ത്രി ആർ ശങ്കറിനെ പോലുള്ള ഈഴവ സമുദായ നേതാക്കളുടെ ഓർമ്മ നിലനിർത്താനും കേന്ദ്രം ഇടപെടും.

ബിജെപിക്കു വേണ്ടി രാഷ്ട്രീയ എതിരാളികളുമായി ഏറ്റുമുട്ടുന്നതും ജയിലിൽ പോകുന്നതും പിന്നാക്ക സമുദായങ്ങളിലുള്ളവരാണെങ്കിലും ഭാരവാഹിത്വത്തിൽ പിന്നാക്കക്കാർ തഴയപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളിൽ പിന്നാക്ക നേതാക്കളെ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പു വിജയങ്ങളുണ്ടാക്കിയ 'സോഷ്യൽ എൻജിനീയറിങ്' തന്ത്രം കേരളത്തിലും പരീക്ഷിക്കാനാണു ശുപാർശ. സംഘടനാ തിരഞ്ഞെടുപ്പ് ആരംഭിക്കുമ്പോൾ ബൂത്തുതലം മുതൽ പിന്നാക്ക, ദലിത് വിഭാഗക്കാരെ നേതൃനിരയിലെത്തിക്കാൻ ശ്രദ്ധിക്കണമെന്നു റാം ലാൽ നിർദേശിച്ചു.

ബിജെപിയുടെ സംഘടനാ തലത്തിൽ പ്രസിഡന്റ് അമിത് ഷാ കഴിഞ്ഞാൽ സംഘടനാ ജനറൽ സെക്രട്ടറി റാം ലാലാണ് രണ്ടാമൻ. ആർഎസ്എസ് പ്രചാരകൻ കൂടിയായ റാം ലാൽ തന്നെയാണ് ഇപ്പോൾ എസ് എൻ ഡി പിയുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. എൻഎസ്എസ് അടക്കമുള്ള സമുദായ നേതൃത്വത്തെ ബിജെപിക്ക് ഒപ്പം കൂട്ടാൻ മുതിർന്ന നേതാവ് പിഎസ് ശ്രീധരൻ പിള്ളയോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മോദി സർക്കാരിനെ പരസ്യമായി എൻഎസ്എസ് തള്ളിപ്പറയരുതെന്ന് ഉറപ്പാക്കാനാണ് നീക്കം. ഇത് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി വ്യക്തിപരമായി ബന്ധമുള്ള ശ്രീധരൻപിള്ള സാധിച്ചെടുത്തതായാണ് ബിജെപി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് എസ് എൻ ഡി പിക്ക് വലിയ സ്ഥാനമാനങ്ങൾ ബിജെപി നൽകേണ്ടെന്ന് തീരുമാനിച്ചതും.

എസ് എൻ ഡിപിയുടെ കാര്യത്തിൽ കേരളത്തിലെ ബിജെപി ജില്ലാ ഘടകങ്ങളുടെ നിലപാടറിയാൻ കഴിഞ്ഞദിവസം റാം ലാൽ കൂടിയാലോചന നടത്തിയിരുന്നു. സമുദായ സംഘനകളുമായുള്ള സഹകരണത്തിൽ ജില്ലാ ഘടകങ്ങൾക്കും അനുകൂല നിലപാടാണ് ഉള്ളത്. ഇക്കാര്യം റാം ലാൽ പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായെ അറിയിച്ചു. ഇതോടെയാണ് ബിജെപി-എസ്എൻഡിപി സഹകരണത്തിലെ എല്ലാ കടമ്പകളും അവസാനിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എസ് എൻ ഡി പി നിർദ്ദേശിക്കുന്നവർക്ക് സ്ഥാനാർത്ഥിത്വം നൽകുന്നത് ഗുണകരമാകുമെന്ന് വിലയിരുത്തൽ തന്നെയാണ് ബിജെപി ജില്ലാ നേതൃത്വത്തിനുമുള്ളത്. തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും എസ്എൻഡിപി സഹകരണം ഗുണകരമാകുമെന്ന് തന്നെയാണ് ഭൂരിപക്ഷ അഭിപ്രായം.

അമിത് ഷാ കഴിഞ്ഞ മാസം എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരുമായി ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയായിരുന്നു ഇടനിലക്കാരൻ. തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ പിന്നാക്ക സമുദായങ്ങളുടെ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു ബിജെപിയുമായി ചേർന്നു മുന്നണിയുണ്ടാക്കണമെന്ന നിർദേശമാണു പരിഗണനയിലുള്ളത്. തുടർ ചർച്ചകളിലൂടെ മാത്രമേ ഇക്കര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. ഏതായാലും രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയാലും ഇല്ലെങ്കിലും സഹകരണം ഉറപ്പാകുന്ന തരത്തിലേക്ക് കാര്യങ്ങളെത്തി കഴിഞ്ഞു.എസ്എൻഡിപിയുടെ സംഘടനാശക്തി പരിഗണിച്ചു മുന്നണിയിൽ ബിജെപിക്കു തുല്യമായ പരിഗണന ലഭിക്കണമെന്നതാണു എസ്എൻഡിപി നേതൃത്വം മുന്നോട്ടുവയ്ക്കുന്ന മുഖ്യ ഉപാധി. ഇത് അംഗീകരിക്കപ്പെടും.

സഖ്യം വിജയകരമായാൽ തുഷാർ വെള്ളാപ്പള്ളിക്കു കേന്ദ്രമന്ത്രി സ്ഥാനം നൽകണമെന്നു വിഎച്ച്പി നേതൃത്വം ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് അമിത് ഷായുടെ നിലപാട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യത്തിൽ കർശന നിലപാടാണ് എടുത്തത്. ഇതോടെ കാര്യങ്ങൾ വിഎച്ച്പി നേതാക്കൾ വഴി വെള്ളാപ്പള്ളിയെ ബിജെപി അറിയിച്ചു. അതിന് ശേഷമാണ് പുതിയ ഫോർമുല തയ്യാറായത്. ഈ സാഹചര്യത്തിലായിരുന്നു ജില്ലാ നേതൃത്വത്തോടുള്ള അഭിപ്രായം തേടൽ ബിജെപിക്കു തിരഞ്ഞെടുപ്പു വിജയമുണ്ടാകാൻ എസ്എൻഡിപിയുമായുള്ള സഖ്യം അനിവാര്യമാണെന്നും സഖ്യം യാഥാർഥ്യമാക്കണമെന്നുമാണു സംസ്ഥാന ഭാരവാഹികളും 11 ജില്ലാ പ്രസിഡന്റുമാരും റാം ലാലിനെ അറിയിച്ചത്. സമാന്തരമായി എൻഎസ്എസ് നേതൃത്വവുമായും അടുപ്പം സ്ഥാപിക്കണമെന്നു മൂന്നു ജില്ലാ പ്രസിഡന്റുമാർ അഭിപ്രായപ്പെട്ടു.

എന്നാൽ എസ്എൻഡിപിയുടെ ആവശ്യങ്ങളോടുള്ള താൽപ്പര്യം പോലും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശങ്ങളോട് കേന്ദ്ര സർക്കാർ പ്രകടിപ്പിക്കുന്നില്ലെന്ന പരാതിയും റാംലാലിന് മുന്നിലെത്തിയിട്ടുണ്ട്. കേന്ദ്ര ബോർഡുകളിലെ നിയമനങ്ങളിൽ ഉൾപ്പെടെ കേരളത്തിനു പരിഗണന ലഭിച്ചില്ലെന്നാണ് അവർ കുറ്റപ്പെടുത്തൽ. കയർ ബോർഡ് ചെയർമാൻ സ്ഥാനത്തേക്കു സംസ്ഥാന ഘടകം ശുപാർശ ചെയ്തിരുന്ന മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭൻ നിയമനം വൈകുന്നതിൽ പ്രതിഷേധിച്ചു നേതൃയോഗങ്ങളിൽ നിന്നു വിട്ടുനിൽക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP