Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആർക്കും കയറി എന്തും ചെയ്യാം; കാലിക്കറ്റ് സർവ്വകലാശാലയുടെ കമ്പ്യൂട്ടർ ഡാറ്റകൾക്ക് ഒരു സുരക്ഷിതത്വവുമില്ല; വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന ഗുരുതര പ്രശ്‌നത്തോട് കണ്ണടച്ച് അധികാരികൾ

ആർക്കും കയറി എന്തും ചെയ്യാം; കാലിക്കറ്റ് സർവ്വകലാശാലയുടെ കമ്പ്യൂട്ടർ ഡാറ്റകൾക്ക് ഒരു സുരക്ഷിതത്വവുമില്ല; വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന ഗുരുതര പ്രശ്‌നത്തോട് കണ്ണടച്ച് അധികാരികൾ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഹോസ്റ്റൽ സൗകര്യങ്ങളും സുരക്ഷിതത്വവുമില്ലാതെ വിദ്യാർത്ഥികൾ ദുരിതം പേറേണ്ടി വരുന്നത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പതിവുകാഴ്ചയാണ്. എന്നാൽ ഹോസ്റ്റൽ വിഷയത്തിൽ മാത്രമല്ല, ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കമ്പ്യൂട്ടർ ഡാറ്റകൾക്കും ഇവിടെ യാതൊരു സുരക്ഷയുമില്ലെന്നതാണു വസ്തുത.

ആദ്യത്തെ സമ്പൂർണ വൈഫൈ കാമ്പസ് എന്ന് വൈസ്ചാൻസിലർ അടക്കമുള്ളവർ സ്വയം അവകാശപ്പെടുന്നുണ്ടെങ്കിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഡാറ്റാ ബേസ് ആപ്ലിക്കേഷൻ ആർക്കും കയറി എന്തും ചെയ്യാൻ പറ്റുന്ന അവസ്ഥയിലാണുള്ളത്. ഇത് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ അനേകം എയ്ഡഡ്, അൺഎയ്ഡഡ് കോളേജുകളെയാണ് ആശങ്കയിലാഴ്്ത്തിയിരിക്കുന്നത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ്, അൺഎയ്ഡഡ് കോളേജുകളിലെ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികളുടെ മുഴുവൻ അക്കാദമിക രേഖകളും യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത് സൂക്ഷിക്കൽ നിർബന്ധമാണ്. കോളേജിൽ പ്രവേശനം ലഭിച്ചതുമുതൽ ആദ്യ സെമസ്റ്റർ പരീക്ഷയുടെ അപേക്ഷക്ക് മുമ്പായി ഇതു പൂർത്തീകരിക്കേണ്ടതുമാണ്.

തുടർന്ന് ഓരോ പരീക്ഷയ്ക്കുമുമ്പും ഇന്റേണൽ, അറ്റെൻഡൻസ്, പ്രാക്റ്റിക്കൽ എന്നിവയുടെ മാർക്കുകളും ഈ ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. വിവിധ കോളേജുകൾ, കോഴ്‌സുകൾ, യു.ജി, പി.ജി തുടങ്ങിയ തരംതിരിവുകൾ അനുസരിച്ചാണ് രേഖകൾ സൂക്ഷിക്കുന്നത്. കോളേജ് അധികൃതർക്കും വിദ്യാർത്ഥികൾക്കും വെവ്വേറെ യൂസർ നെയിം, പാസ്‌വേഡ് ഉപയോഗിച്ച് ആവശ്യാനുസരണം രേഖകൾ സൂക്ഷിക്കുകയും അറിയുകയും ചെയ്യാവുന്നതാണ്.

എന്നാൽ സമാന്തരമായ പാസ്‌വേഡോ യൂസർ നെയിമോ ഉപയോഗിച്ച് രേഖകളിൽ എന്തു മാറ്റം വരുത്താനും വിവരണങ്ങൾ ഡിലീറ്റ് ചെയ്യാനും സാധിക്കുന്ന തരത്തിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഡേറ്റാ ബേസ് ആപ്ലിക്കേഷൻ സജ്ജികരിച്ചിരിക്കുന്നത്. ആപ്ലിക്കേഷന്റെ ബലഹീനത മുതലെടുത്തുകൊണ്ട് കോളേജിൽ നിന്നും യൂണിവേഴ്‌സിറ്റി അധികൃതർക്ക് നൽകുന്ന വിവിധ രേഖകളിൽ ക്രമക്കേട് നടത്തുന്നതും മാറ്റത്തിരുത്തലുകൾ വരുത്തുന്നതും നിത്യ സംഭവമാണ്.

പലർക്കും വലിയ അപകടങ്ങൾ വരെ സംഭവിക്കാറുണ്ട്. അറ്റെൻഡൻസിലോ, പരീക്ഷാ മാനദണ്ഡങ്ങളിലോ ആരെങ്കിലും മാറ്റത്തിരുത്തലുകൾ വരുത്തിയാൽ അവതാളത്തിലാകുന്നത് നിരപരാധികളായ വിദ്യാർത്ഥികളുടെ ഭാവിയാണ്. കൂടാതെ സ്വന്തം ഡാറ്റാ അക്കൗണ്ടിൽ നിന്നും വിവരങ്ങൾ നഷ്ടമാകുന്നതായി നിരവധി വിദ്യാർത്ഥികൾ പരാതിപ്പെട്ടിട്ടുമുണ്ട്. എന്നാൽ ഇതു കണ്ടെത്താനോ വേണ്ട പരിഹാരം കാണാനോ അധികൃതർക്കു സാധിച്ചിട്ടില്ല.

യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ് നിശ്ചലമാകുന്നതും ഇഞ്ചക്റ്റ് ചെയ്യപ്പെടുന്നതും നിത്യസംഭവമായതോടെ അധികൃതർക്കും ഇത് വലിയ തലവേദനയായിരിക്കുകയാണ്. എന്നാൽ വിക്കീപീഡിയയിലുൾപ്പടെ ഇന്റർനെറ്റിൽ സുലഭമായി ലഭിക്കാവുന്ന നോർമൽ ഐഡികളും പാസ്‌വേഡുകളുമാണ് ഇഞ്ചക്റ്റ് ചെയ്യുന്നതിനും ഹാക്ക് ചെയ്യുന്നതിനും ഇത്തരക്കാർ ഉപയോഗിക്കുന്നത്. വിവിധ തരത്തിലുള്ള എസ്.ക്യു.എൽ ഇഞ്ചക്ഷൻ കോഡുകളാണ് ഏത് പാസ്‌വേഡുകളും നിഷ്പ്രയാസം തുറക്കാൻ സാധ്യമാക്കുന്നത്. ഡാറ്റാ ആപ്ലിക്കേഷനുകൾക്ക് മാരകമായി അപകടം വരുത്തിവയ്ക്കാൻ പാകത്തിലുള്ള ഇഞ്ചക്ഷനുകളും ഇക്കൂട്ടത്തിലുണ്ട്.

സാധാരണക്കാരായ വിദ്യാർത്ഥികളാണ് അധികവും ഇത്തരം ഓപ്പറേഷനുകൾക്ക് വിധേയമാവുക. റിസൾട്ടുകളും മറ്റ് അപേക്ഷകളുമെല്ലാം യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിലൂടെ ആണെന്നതാണ് വിദ്യാർത്ഥികളിൽ കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നത്. സാങ്കേതികത്തകരാറെന്നുപറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് അധികൃതർ പലപ്പോഴും ചെയ്യാറുള്ളത്. എന്നാൽ ഇത്തരം ഇഞ്ചക്ഷനിലൂടെ വലിയ അപകടം വരുത്താൻ സാധിക്കുമെന്നും ഇതിന് പിന്നിൽ വലിയ ബുദ്ധിയും വൈദഗധ്യമുള്ളവരാകാമെന്നുമാണ് ഐ.ടി വിദഗ്ദ്ധർ പറയുന്നത്.

ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തുലാസിലാക്കുന്ന കമ്പ്യൂട്ടാർ ഡാറ്റാ ആപ്ലിക്കേഷന്റെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കണമെന്നുള്ള ആവശ്യം ഇതിനോടകം ശക്തമായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP