Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാർഷിക ജനറൽബോഡി മീറ്റിങ്ങ് നടക്കുംമുമ്പ് മിനിറ്റ്‌സ് തയ്യാറെന്നു രേഖകൾ; മാനേജ്‌മെന്റിനെതിരെ കേസുമായി നിക്ഷേപകർ: ഇന്ത്യാ വിഷനിലെ തിരിമറികൾ മന്ത്രി മുനീറിന്റെ സ്ഥാനം തെറിപ്പിക്കുമോ?

വാർഷിക ജനറൽബോഡി മീറ്റിങ്ങ് നടക്കുംമുമ്പ് മിനിറ്റ്‌സ് തയ്യാറെന്നു രേഖകൾ; മാനേജ്‌മെന്റിനെതിരെ കേസുമായി നിക്ഷേപകർ: ഇന്ത്യാ വിഷനിലെ തിരിമറികൾ മന്ത്രി മുനീറിന്റെ സ്ഥാനം തെറിപ്പിക്കുമോ?

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ സമ്പൂർണ വാർത്താ ചാനലായി തുടങ്ങിയ ഇന്ത്യാവിഷനിലെ ആഭ്യന്തരപ്രശ്‌നങ്ങളും തിരിമറികളും മന്ത്രി എംകെ മുനീറിന്റെ രാഷ്ട്രീയഭാവി തന്നെ അനിശ്ചിതത്വത്തിലാക്കുമോ? നിക്ഷേപകരും ഡയറക്ടർമാരും മാത്രമല്ല ജീവനക്കാരും നിയമനടപടികളുമായി മുന്നോട്ട് പോകുന്ന ഇന്ത്യാ വിഷന്റെ വാർഷിക ജനറൽ ബോഡി മീറ്റിങ്ങിന്റെ മിനിറ്റ്‌സ് യോഗത്തിനു മുമ്പ് തട്ടിക്കൂട്ടി ഉണ്ടാക്കുന്ന രേഖകളാണ് ഒടുവിൽ പുറത്ത് വന്നിരിക്കുന്നത്. യോഗത്തിൽ പങ്കെടുക്കാൻ ഒരു സാധ്യതയുമില്ലാത്ത ഓഹരി ഉടമകൾ ഈ യോഗത്തിൽ പങ്കെടുത്തതായും അവിടെ എടുത്ത തീരുമാനങ്ങൾ അംഗീകരിച്ചതായും സ്ഥാപിക്കുന്ന വ്യാജരേഖ സൃഷ്ടിച്ചു തുടങ്ങി എന്നാണ് മറുനാടൻ മലയാളിക്ക് ലഭിച്ച രേഖകൾ വെളിപ്പെടുന്നത്.

ഹാജരാകുന്ന ഓഹരി ഉടമകൾ സ്വന്തം പേരെഴുതി ഒപ്പിട്ട് തീരുമാനങ്ങൾ അംഗീകരിച്ചതായോ വിയോജിച്ചതായോ രേഖപ്പെടുത്തണം എന്നാണ് നിയമം. എന്നാൽ യോഗം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ യോഗത്തിന്റെ മിനിറ്റ്‌സിന്റെ വ്യാജ ഒപ്പ് ശേഖരണം നടക്കുകയാണ്. സെപ്റ്റമ്പർ 30ന് കൊച്ചി കലൂർ റിന്യൂവൽ സെന്ററിൽ നടക്കാനിരിക്കുന്ന യോഗത്തിൽ തങ്ങൾ ഹാജരായി എന്ന് ഓഹരി ഉടമകളുടേതായി സൃഷ്ടിക്കുന്ന രേഖയാണിത്. ചാനലിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ പോലും ഇപ്പോൾ ചാനൽ ചെയർമാൻ എം.കെ.മുനീറോ റസിഡന്റ് ഡയറക്ടർ ജമാലുദീൻ ഫറൂക്കിയോ അല്ലാതെ ആരും പങ്കെടുക്കാറില്ല. ഓഹരി ഉടമകളുടെ വാർഷിക ജനറൽ ബോഡിയിൽ വളരെ ചുരുക്കം പേരും. ഇതിന്റെ പേരിൽ ആണ് വർഷങ്ങളായി വ്യാജ രേഖകൾ സൃഷ്ടടിച്ച് തട്ടിപ്പുകൾ നടത്തുന്നത്. ജീവനക്കാർക്ക് നൽക്കാനുള്ള കോടികളുടെ ആനുകൂല്യങ്ങൾ തട്ടിച്ചെടുത്തത് കൂടാതെ ചാനലിലേക്ക് ജീവനക്കാരുടെ തൊഴിൽപരമായ സംഭവാനയുടെ ഫലമായി വന്ന കോടികളും അപഹരിക്കപ്പെടുകയായിരുന്നു. ചാനൽ ഡയറക്ടർമാർ ഒന്നടങ്കം തന്നെ ഈ തട്ടിപ്പ് തിരിച്ചറിഞ്ഞ് ചാനലിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. പ്രഫഷണലായ രീതിയിൽ അവർ നടത്തുന്ന മറ്റ് ബിസിനസുകളെ ഈ തട്ടിപ്പ് ബാധിക്കും എന്നതാണ് അവർ നേരിടുന്ന പ്രശ്‌നം. ചാനലിലെ പ്രതിസന്ധി മൂലം മികച്ച പ്രഫഷണലുകളായ ജീവനക്കാരുടെ വൻ നിര കഴിഞ്ഞ ഒരു വർഷത്തിനിടെ ചാനൽ വിട്ടിരുന്നു. അവശേഷിക്കുന്നവരിൽ വലിയൊരു വിഭാഗം ചാനൽ വിടാനുള്ള തയാറെടുപ്പിലുമാണ്. ചാനലിലെ സാങ്കേതികവും സാമ്പത്തികവുമായ പ്രതിസന്ധിക്ക് പുറമേ മാനേജ്‌മെന്റിന്റെ വൻ തിരിമറികൾക്ക് കൂട്ട് നിൽക്കുന്നതിലെ ധാർമിക പ്രതിസന്ധിയാണ് പലരും നേരിടുന്നത്. സൂമഹത്തിലെ മറ്റുള്ളവരെ ചോദ്യം ചെയ്യുമ്പോൾ അതിനുള്ള അർഹത നഷ്ടപ്പെടുന്നത് ചാനലിലുള്ള യുവ മാദ്ധ്യമ പ്രവർത്തകരെ ആകെ കുഴക്കുകയാണ്.

ചാനിൽ ഓഹരി നൽക്കാമെന്ന് വാഗ്ദാനം നൽകി അനേകം പേരിൽ നിന്ന് പണം അപഹരിച്ചതിന് നിരവധി കേസുകളാണ് നിലവിലുള്ളത്. ഇന്ത്യാവിഷന്റെ വൈസ് ചെയർമാനാക്കാമെന്ന വാഗ്ദാനം നൽകി ഗൾഫ് മലയാളിയിൽ നിന്ന് പണം തട്ടിയത് സംബന്ധിച്ച പരാതി കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ മുന്നിലുണ്ട്. മുനീറിന്റെ കുടുംബസുഹൃത്തായ കോഴിക്കോട് സിവിൽസ്റ്റേഷനടുത്തുള്ള പി എം അബ്ദുൾഷമീമാണ് പണംവാങ്ങി വ്യാജ ഓഹരി സർട്ടിഫിക്കറ്റ് നൽകി വഞ്ചിച്ചെന്ന പരാതി നൽകിയത്. 

1.18 കോടി രൂപ മുനീറിന് നൽകിയതായാണ് ഇയാൾ പറയുന്നത്. വ്യാജ ഓഹരി സർട്ടിഫിക്കറ്റാണ് ഇയാൾക്ക് കൈമാറിയത്. സംഭവത്തിൽ മുഖ്യമന്ത്രിയടക്കം ഇടപെട്ടിരുന്നു. മന്ത്രി നേരിട്ട് സമീപിച്ചാണ് കുവൈത്തിൽ ബിസിനസുകാരനായിരുന്ന അബ്ദുൾഷമീമിനെ ചാനൽ വൈസ് ചെയർമാനാക്കാമെന്ന് പറഞ്ഞത്. ഇതിനായാണ് പണം ആവശ്യപ്പെട്ടത്. കേസിൽ ചാനൽ ചെയർമാൻ എം.കെ.മുനീറിന്റെ വീട് ജപ്തി ചെയ്യാൻ അടുത്തിടെ കോഴിക്കോട് കോടതി ഉത്തരവായിരുന്നു. ഇതിന്റെ തുടർച്ചയയാണ് ഓഹരി ഉടമകളെ മറ്റ് തരത്തിൽ വഞ്ചിക്കുന്നതിന്റെയും രേഖകൾ പുറത്ത് വരുന്നത്. മറ്റൊരു കേസിൽ എംകെ മുനീറിന്റെ പേരിൽ നിയമനടപടി ഉറപ്പായിട്ടുണ്ട്. ചാനലിനായി കരാറുകാരിൽനിന്നും പണം വാങ്ങിയതടക്കം നിരവധി അഴിമതി ആരോപണങ്ങൾ മുനീറിനെതിരെ നേരത്തെയും ഉയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് കേസുകളും നിലവിലുണ്ട്. ഈ കേസുകൾ എല്ലാം കൂടി ഇന്ത്യാവിഷന്റെ ഭാവി തകർക്കുകയും മുനീറിന്റെ മന്ത്രി സ്ഥാനം തെറിപ്പിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP