Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാറുടമകളേയും സർക്കാരിനേയും കുഴപ്പിക്കാൻ കേന്ദ്രം വരുന്നു; കേന്ദ്ര സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം ബാർ കോഴയുടെ വിശദാംശങ്ങൾ തേടി; ഇരു മുന്നണികളുടേയും മുഖം മൂടി കീറി അക്കൗണ്ട് തുറക്കാൻ നീക്കങ്ങൾ നടത്തി ബിജെപി

ബാറുടമകളേയും സർക്കാരിനേയും കുഴപ്പിക്കാൻ കേന്ദ്രം വരുന്നു; കേന്ദ്ര സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം ബാർ കോഴയുടെ വിശദാംശങ്ങൾ തേടി; ഇരു മുന്നണികളുടേയും മുഖം മൂടി കീറി അക്കൗണ്ട് തുറക്കാൻ നീക്കങ്ങൾ നടത്തി ബിജെപി

ബി രഘുരാജ്

കൊച്ചി: ബാർ കോഴ വിവാദത്തിൽ ബാറുടമകളും സർക്കാരും ഒരുപോലെ തോൽക്കുമോ? ഒടുവിൽ കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് അതിനുള്ള സാധ്യതയാണ് തെളിയുന്നത്. കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അവസരം തേടുന്ന ബിജെപി കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ബാർ കോഴ വിവാദത്തിൽ ഇടപെട്ട് അവസരം മുതലെടുക്കാൻ ശ്രമിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കേന്ദ്ര സാമ്പത്തിക രഹസ്യാന്വേഷണ ബ്യൂറോ ബാർ കോഴയുടെ വിശദാംശങ്ങൾ ശേഖരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇങ്ങനെ സംഭവിച്ചാൽ കോഴ കൊടുത്തവരും കോഴ വാങ്ങിയവരുമായ എല്ലാവരും കുഴപ്പത്തിലാകും. 20 കോടി രൂപ എവിടെ നിന്നെത്തി എന്നതിനെ കുറിച്ചുള്ള അന്വേഷണം പൂർത്തിയായാൽ സിബിഐയെ കൊണ്ട് കേസ് രജിസ്റ്റർ ചെയ്യിപ്പിച്ച് ഇരു മുന്നണികളേയും പ്രതിസന്ധിയിലാക്കാനാണ് നീക്കം.

ബാർകോഴയിലെ സാമ്പത്തിക ഇടപാടിന്റെ ഉറവിടം തേടി ആദായ നികുതി വകുപ്പിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ഇരുപത് കോടി രൂപയുടെ കോഴപ്പണമാണ് ബാറുടമകൾ വിവിധ രാഷ്ട്രീയക്കാർക്ക് നൽകിയതെന്നാണ് ആക്ഷേപം. ഈ ഇരുപത് കോടി രൂപയുടെ ഉറവിടം കണ്ടെത്താനാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയുടെ ശ്രമം. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ തന്ത്രം കൂടിയാണ് ഇത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സിൽ കേരളത്തിലെ രാഷ്ട്രീയം പാർട്ടിക്ക് അനുകൂലമാക്കുക എന്ന സ്വപ്‌നമാണുള്ളത്. ഇതിനുള്ള ഏറ്റവും നല്ല അവസരമായി ബാർ കോഴയെ ബിജെപി കാണുന്നു. ഇടത്-വലത് മുന്നണികളിൽപ്പെട്ടവർ ബാറുടമകളിൽ നിന്ന് കോഴ വാങ്ങിയെന്നാണ് വെളിപ്പെടുത്തൽ. അതുകൊണ്ട് തന്നെ ഇരു മുന്നണികളേയും ബാർ കോഴയിൽ കുടുക്കാം. ഇതിലൂടെ അഴിമതിക്കെതിരായ മുദ്രാവാക്യമുയർത്തി കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയവും അനുകൂലമാക്കാനാണ് ബിജെപി നീക്കം.

ബാർ പൂട്ടൽ ഒഴിവാക്കാനായി കള്ളപ്പണം തന്നെയാണ് ഉപയോഗിച്ചതെന്നാണ് ആദായ നികുതി വകുപ്പ് കരുതുന്നത്. ഇത് എവിടെ നിന്ന് എങ്ങനെ എത്തിയെന്നാണ് അന്വേഷണം. ബാർ കോഴയിൽ മന്ത്രി കെഎം മാണിക്കെതിരെ ഒരു കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശ് അതിൽ ഉറച്ചു നിൽക്കുകയാണ്. തെരഞ്ഞെടുപ്പ് ഫണ്ടായല്ല തുക നൽകിയതെന്നും വ്യക്തമാക്കുന്നു. കോഴപ്പണത്തിന് കണക്കിൽപ്പെട്ട തുക നൽകാനുമാകില്ല. അതുകൊണ്ട് തന്നെ കള്ളപ്പണം ഒഴുക്കിയാണ് ഉന്നതരെ സ്വാധീനിക്കാൻ ശ്രമിച്ചതെന്നാണ് ആദായ നികുതി വകുപ്പിന്റെ വിലയിരുത്തൽ.

പണത്തിന്റെ ഉറവിടത്തെ പറ്റി അന്വേഷണം നടക്കുന്നത് സംസ്ഥാന സർക്കാരിനും അറിയാം. ഏതൊക്കെ ബാറുടമകൾ എത്രതുക വീതം ഇതിന് നൽകിയെന്ന കണക്ക് ശേഖരിക്കുകയാണ് ആദായ നികുതി വകുപ്പ്. ഇങ്ങനെ നൽകിയ തുകയ്ക്ക് ബാറുടമാ സംഘടന രസീത് നൽകിയോ എന്നതാകും പ്രധാനമായും പരിശോധിക്കുക. രസീത് നൽകി കൈപ്പറ്റിയ തുക ബാറുടമാ അസോസിയേഷന്റെ അക്കൗണ്ടിൽ എത്തിയാൽ പിന്നെ കോഴയായി നൽകാനാകില്ല. അതുകൊണ്ട് തന്നെ സർക്കാർ മദ്യനയത്തെ അട്ടമിറിക്കാൻ വലിയ തോതിൽ കള്ളപ്പണം സംസ്ഥാനത്ത് ഒഴുകുന്നതായാണ് ആദായ നികുതി ഉദ്യോഗസ്ഥരുടെ നിരീക്ഷണം.

ധനമന്ത്രി കെഎം മാണി ഉൾപ്പെടെയുള്ളവർക്ക് ആദായ നികുതി വകുപ്പിന്റെ രഹസ്യ നിരീക്ഷണത്തെ കുറിച്ച് വിവരമുണ്ട്. ഈ സാഹചര്യത്തിലാണ് അഴിമതി ആരോപണം ഉന്നയിച്ച ബിജു രമേശിന് എതിരെ നിയമനടപടിക്ക് തുടക്കമിട്ട് വക്കീൽ നോട്ടീസ് അയച്ചതും. ഇതിലൂടെ കോഴ വാങ്ങിയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കാനും കഴിയും. അതിനിടെ ബിജു രമേശിന്റെ ദുബായ് യാത്രയുടെ വിശദാംശങ്ങൾ പരിശോധിക്കാനും കേന്ദ്ര ഏജൻസി ശ്രമം തുടങ്ങിയിട്ടുണ്ട്. ഏതായാലും കള്ളപ്പണം എത്താനുള്ള സാധ്യതകൾ വിശദീകരിച്ച് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകാനാണ് സാധ്യത.

അഴിമതിക്കെതിരെ സിബിഐയുടെ കണ്ണ് വേണമെന്ന തരത്തിലാകും ശുപാർശയെന്നാണ് സൂചന. അങ്ങനെ വന്നാൽ ബാർ കോഴയിലെ അഴിമതിക്കഥകളിൽ സിബിഐ നിരീക്ഷണം ഉറപ്പാകും. വ്യക്തമായ തെളിവുകൾ സംഘടിപ്പിച്ച ശേഷം കേസും രജിസ്റ്റർ ചെയ്യും. അതിനിടെ അന്വേഷണം അനുകൂലമാക്കാൻ ബിജു രമേശും ശ്രമം തുടങ്ങി. ബിജെപി സംസ്ഥാന നേതാക്കളുമായി ബിജുവിന് നല്ല ബന്ധമുണ്ട്. ആർഎസ്എസ് പിന്തുണയോടെയുള്ള ഹിന്ദു എക്കണോമിക് ഫോറമെന്ന സംഘടനയുടെ കേരളത്തിലെ സംഘാടകരിൽ പ്രധാനിയുമാണ് രാജധാനി ഗ്രൂപ്പിന്റെ ഉടമ. ഈ ബന്ധമെല്ലാം ഉപയോഗിച്ച് തനിക്ക് അനൂകലമായി കാര്യങ്ങൾ മാറ്റിയെടുക്കാനാണ് നീക്കം.

ബാർ കോഴയിൽ സിബിഐ അന്വേഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടതും ബിജുവാണ്. സിബിഐ അന്വേഷണം വന്നാൽ ബാർ കോഴയിലെ തെളിവെല്ലാം കൈമാറും. ബാർ അസോസിയേഷൻ നേതാവ് എന്ന നിലയിലാണ് താനിത് ചെയ്തതെന്ന് നിലപാട് എടുക്കും. പണം നൽകിയ ബാറുടമകളുടെ പേരും നൽകും. ഇതിനെല്ലാം പുറമേ വിഡിയോ ഓഡിയോ തെളിവും കൈമാറും. ഇതു ചെയ്യുന്നതോടെ കേസിൽ മാപ്പു സാക്ഷിയാകാമെന്നാണ് കണക്കുകൂട്ടൽ. കേരളത്തിലെ ബിജെപി ഘടകത്തിലെ ഉന്നതബന്ധത്തിലൂടെ ഇതിന് കഴിയുമെന്നാണ് ബിജുവിന്റേയും പ്രതീക്ഷ. ഇതെല്ലാം പലരുമായി സംസാരിച്ച് ഉറപ്പിച്ച ശേഷമാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നിരന്തരമായി ബിജു തന്നെ ഉയർത്തുന്നതെന്നാണ് സൂചന.

തന്നെ ചതിച്ച ബാറുടമകളുടെ പേരും പണം നൽകിയവരുടെ പട്ടികയിൽ ഉൾപ്പെടുത്തും. ഇതോടെ ഇവരുടെ സാമ്പത്തിക ഉറവിടവും അന്വേഷിക്കേണ്ടി വരും. ഇങ്ങനെ സർക്കാരിനേയും ബാറുടമകളിൽ തന്നെ എതിർക്കുന്നവരേയും വെട്ടിലാക്കാമെന്നാണ് ബിജുവന്റെ കണക്കുകൂട്ടൽ. എന്നാൽ കേരളാ കോൺഗ്രസിനോടും കെഎം മാണിയോടും ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും നല്ല മമതയുണ്ട്. കേരളത്തിൽ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായി മാണിയെ കൊണ്ടു വരാൻ നീക്കവും മുമ്പ് നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ബിജു രമേശിന് വഴങ്ങാതെ മാണിയെ രക്ഷിക്കുന്ന തരത്തിൽ കേന്ദ്ര അന്വേഷണ ഏജൻസി ഇടപെടൽ മതിയെന്ന വാദവും ബിജെപിയിൽ സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP