Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂരിലെ അനുനയ നീക്കം പൊളിഞ്ഞു; എല്ലാം അംഗീകരിച്ച മുഖ്യമന്ത്രി സുധാകരനെ കണ്ടപ്പോൾ എല്ലാം മറന്നു; രാഗേഷിനെ ഫോണിൽ വിളിക്കാതെ ഉമ്മൻ ചാണ്ടിയുടെ മടക്കം; അഴിക്കോടും കണ്ണൂരും വിമതന്മാർക്ക് സാധ്യത

കണ്ണൂരിലെ അനുനയ നീക്കം പൊളിഞ്ഞു; എല്ലാം അംഗീകരിച്ച മുഖ്യമന്ത്രി സുധാകരനെ കണ്ടപ്പോൾ എല്ലാം മറന്നു; രാഗേഷിനെ ഫോണിൽ വിളിക്കാതെ ഉമ്മൻ ചാണ്ടിയുടെ മടക്കം; അഴിക്കോടും കണ്ണൂരും വിമതന്മാർക്ക് സാധ്യത

രഞ്ജിത് ബാബു

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിലെ കോൺഗ്രസ്സ് വിമതൻ പി.കെ.രാഗേഷിനെ അനുനയിപ്പിക്കാനുള്ള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രമവും അലസി. കണ്ണൂർ ഗസ്റ്റ് ഗൗസിൽ രാഗേഷിനെ വിളിച്ചു വരുത്തി ചർച്ച ചെയ്തതോടെ മുഖ്യമന്ത്രി നിർദ്ദേശിച്ച മൂന്നു കാര്യങ്ങൾ രാഗേഷ് അംഗീകരിച്ചിരുന്നു. ശേഷിക്കുന്ന കാര്യങ്ങളിൽ ഉദുമയിലെ സ്ഥാനാർത്ഥി കൂടിയായ കെ.സുധാകരനുമായി ചർച്ച നടത്തി പരിഹരിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്.

കാഞ്ഞങ്ങാട്ട് സുധാകരനുമായി ചർച്ച ചെയ്ത് തിരിച്ചുവരുമ്പോൾ വിളിക്കാമെന്നു പറഞ്ഞ മുഖ്യമന്ത്രിയെക്കുറിച്ച് പിന്നീടൊന്നും അറിയില്ലെന്ന് രാഗേഷ് പറയുന്നു. മുഖ്യമന്ത്രി കെ.സുധാകരനുമായി ചർച്ച ചെയ്തതോടെ എല്ലാം പൊളിയുകയായിരുന്നു. തന്റെ അപ്രമാദിത്വം അംഗീകരിക്കാത്തവരെ പാർട്ടിയിൽ വേണ്ടെന്ന പതിവ് നിലപാടിൽ സുധാകരൻ ഉറച്ചുനിന്നതോടെ മുഖ്യമന്ത്രി രാഗേഷിനു കൊടുത്ത ഉറപ്പുകളെല്ലാം പാഴ്‌വാക്കായി.

മുഖ്യമന്ത്രിയും രാഗേഷും നല്ല രീതിയിൽ അനുരഞ്ജനചർച്ചക്ക് തുടക്കമിട്ടെങ്കിലും ഡി.സി.സി. പ്രസിഡണ്ട് കെ.സുരേന്ദ്രൻ ഉടക്കുമായി രംഗത്തെത്തിയിരുന്നു. രാഗേഷ് വിഭാഗത്തിന്റെ കയ്യിലുള്ള പള്ളിക്കുന്ന് സഹകരണ ബാങ്കിൽ അച്ചടക്കം ലംഘിച്ചവരെ തിരിച്ചെടുക്കാൻ രാഗേഷ് തയ്യാറാവണമെന്ന് ഡി.സി.സി. പ്രസിഡണ്ട് വാദം ഉന്നയിച്ചു. ക്ഷുഭിതനായ രാഗേഷ് മുഖ്യമന്ത്രിയോട് ചോദിച്ചു. താങ്കളുടെ ഓഫീസിൽ താങ്കളുടെ മുണ്ടഴിച്ച് അക്രമിച്ചവനെ തിരിച്ചെടുക്കുമോ? കാര്യങ്ങൾ പിടികിട്ടിയതോടെ സുധാകരനുമായി ചർച്ച ചെയ്യാൻ കാഞ്ഞങ്ങാട്ടു പോയ മുഖ്യമന്ത്രിയുടെ അനുരഞ്ജന ശ്രമം പൊളിയുകയായിരുന്നു.

നേരത്തെ ജില്ലാ തലത്തിലും കെപിസിസി. നിയോഗിച്ച അനുരഞ്ജനസമിതിയും രാഗേഷുമായി ചർച്ച ചെയ്‌തെങ്കിലും ജില്ലാ നേതൃത്വം രാഗേഷിന്റെ ഡിമാന്റുകൾ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ഡി.സി.സി. നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാത്തതിനാൽ രാഗേഷ് കണ്ണൂർ കോർപ്പറേഷനിലെ വിമത കൗൺസിലറാവുകയും അദ്ദേഹത്തിന്റെ വോട്ടിന്റെ ബലത്തിൽ സിപിഐ.(എം). ന് മേയർ പദവി ലഭിക്കുകയും ചെയ്തു.

ഭരണനേതൃത്വവും കെപിസിസി.യുമെല്ലാം കെ.സുധാകരന്റെ അപ്രമാദിത്വത്തിന് കുട പിടിക്കുകയാണെന്ന് രാഗേഷ് വിഭാഗം ആരോപിക്കുന്നു. മുഖ്യമന്ത്രിക്കും കെപിസിസി.ക്കും സുധാകരനെ ഭയമാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കണ്ണൂർ ജില്ലയിൽ സുധാകരൻ നിരവധി കോൺഗ്രസ്സ് പ്രവർത്തകരെ വെട്ടിനിരത്തിയിട്ടുണ്ട്. അതിന്റെ ഫലമാണ് കോൺഗ്രസ്സിന്റെ കയ്യിലുള്ള ലോക്‌സഭാ സീറ്റും കണ്ണൂർ കോർപ്പറേഷനും നഷ്ടപ്പെടാൻ കാരണം. ഈ പാഠം ഉൾക്കൊണ്ട് പഠിക്കാൻ നേതൃത്വം തയ്യാറാവണമെന്ന് രാഗേഷ് വിഭാഗക്കാർ പറയുന്നു.

കണ്ണൂർ, അഴീക്കോട് നിയമസഭാ മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കാൻ രാഗേഷിനു മേൽ അണികളുടെ സമ്മർദ്ദം ഏറിയിരിക്കയാണ്. ഇനി കോൺഗ്രസ്സ് നേതൃത്വവുമായി ചർച്ച ചെയ്യേണ്ടതില്ലെന്ന അഭിപ്രായവും ശക്തമായിരിക്കയാണ്. കണ്ണൂർ ഡി.സി.സി.യുമായി ഇടഞ്ഞുനിൽക്കുന്ന പ്രവർത്തകരെ മുഴുവൻ ഏകോപിപ്പിച്ച് ജില്ലമുഴുവൻ സമാന്തര പ്രവർത്തനം വ്യാപിപ്പിക്കാൻ ഉറച്ചിരിക്കയാണ് രാഗേഷും അനുയായികളും.

കണ്ണൂർ, അഴീക്കോട് നിയമസഭാ മണ്ഡലങ്ങളിൽ ഐക്യ ജനാധിപത്യ സംരക്ഷണ മുന്നണി എന്ന പേരിലാണ് സ്ഥാനാർത്ഥികളെ നിർത്താൻ രാഗേഷ് വിഭാഗം ആലോചിക്കുന്നത്. രാഗേഷിന്റെ നീക്കത്തെ എൽ.ഡി.എഫ് ക്യാമ്പിൽ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. രാഗേഷിന് ഏറെ സ്വാധീനമുള്ള അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ 493 വോട്ടിനാണ് യു.ഡി.എഫ്. സ്ഥാനാർത്ഥിയായ കെ.എം. ഷാജി കഴിഞ്ഞ തവണ ജയിച്ചത്. അഴീക്കോട്ട് രാഗേഷോ മറ്റ് വിമതരോ മത്സരിക്കുകയാണെങ്കിൽ അത് യു.ഡി.എഫിന് കടുത്ത വിനയായി മാറും. രാഗേഷിനേയും കൂട്ടരേയും തിരിച്ചെടുക്കുന്നതിന് ഡി.സി.സി.യുടെ ഭാഗത്തു നിന്ന് അനുകൂല നിലപാടായിരുന്നില്ല.

എന്നാൽ മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ഏറെ പ്രതീക്ഷയിലായിരുന്നു രാഗേഷ് വിഭാഗം. ചർച്ചക്കിടയിൽ കയറി ഡി.സി.സി. പ്രസിഡണ്ട് പള്ളിക്കുന്ന് ബാങ്കിലെ അച്ചടക്ക ലംഘനം നടത്തിയവരെ തിരിച്ചെടുത്താലേ പ്രശ്‌ന പരിഹാരമാകൂ എന്ന നിലപാട് സ്വീകരിച്ചതാണ് ചർച്ച പൊളിയാൻ കാരണം. രാഗേഷ് വിഭാഗം ഇപ്പോഴും മുഖ്യമന്ത്രിയിൽ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP