Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'പണപ്പെട്ടി' അൽമായരെ ഏല്പിക്കാൻ നിർദ്ദേശിച്ചുള്ള ഇടയലേഖനം വൈദികർ മുക്കി; 119 വർഷത്തിനുശേഷം ചേർന്ന വരാപ്പുഴ അതിരൂപതാ സിനഡിന്റെ ചരിത്രപ്രാധാന തീരുമാനം പള്ളികളിൽ വായിച്ചില്ല

'പണപ്പെട്ടി' അൽമായരെ ഏല്പിക്കാൻ നിർദ്ദേശിച്ചുള്ള ഇടയലേഖനം വൈദികർ മുക്കി; 119 വർഷത്തിനുശേഷം ചേർന്ന വരാപ്പുഴ അതിരൂപതാ സിനഡിന്റെ ചരിത്രപ്രാധാന തീരുമാനം പള്ളികളിൽ വായിച്ചില്ല

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ കീഴിലെ പള്ളികളിലെയും സ്ഥാപനങ്ങളിലേയും സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യാൻ അൽമായരുടെ സാമ്പത്തികകാര്യ സമിതി രൂപീകരിക്കണമെന്ന് അറിയിച്ചു കൊണ്ടുള്ള ഇടയലേഖനം വൈദികർ മുക്കി. 119 വർഷത്തിനു ശേഷം ചേർന്ന അതിരൂപതാ സിനഡാണ് ചരിത്രപ്രാധാന്യമുള്ള ഈ തീരുമാനം കൈക്കൊണ്ടത്.

ഈ തീരുമാനം അറിയിച്ചുകൊണ്ട് കഴിഞ്ഞ ഞായറാഴ്ച പള്ളികളിൽ വായിക്കാനായി അയച്ച ഇടയലേഖനമാണ് വൈദികർ ഒഴിവാക്കിയത്. വരാപ്പുഴ അതിരൂപത കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് പള്ളികളിലെ സാമ്പത്തിക നിർവ്വഹണചുമതല അൽമായരെ ഏൽപിച്ചുകൊണ്ടുള്ള തീരുമാനം സിനഡ് കൈക്കൊണ്ടത്. എന്നാൽ തൊണ്ണൂറു ശതമാനം പള്ളികളിലും ഈ ഇടയലേഖനം വൈദികർ വായിച്ചില്ല. വായിച്ച പള്ളികളിലാവട്ടെ ഇടവക അംഗങ്ങൾക്ക് വ്യക്തമായി കാര്യം മനസിലാകാത്ത രീതിയിൽ ഓടിച്ചു വായിക്കുകയായിരുന്നു.

ഓരോ ഇടവകയിലും വൈദഗ്ധ്യമുള്ള അൽമായരെ ഉൾപ്പെടുത്തി സാമ്പത്തികകാര്യ സമിതി ഉണ്ടാക്കണമെന്നായിരുന്നു ഇടയലേഖനത്തിലെ നിർദ്ദേശം. ഇങ്ങനെ ഒരു സമിതി ഉണ്ടായാൽ വൈദികർക്ക് പള്ളികളിലെ സാമ്പത്തികകാര്യങ്ങളിലുള്ള നിയന്ത്രണം നഷ്ടപ്പെടുമെന്ന ഭയമൂലം അവർ ഇടയലേഖനം വായിക്കാതെ ഒഴിവാക്കുകയായിരുന്നെന്നാണ് വിശ്വാസികൾ ആരോപിക്കുന്നത്.

അതിരൂപതയിലെ പള്ളികളിലെ ഓരോ കുടുംബ യൂണിറ്റുകളിൽനിന്നും ലീഡർ, സെക്രട്ടറി, ട്രഷറർ എന്നീ മൂന്നു ഭാരവാഹികളെ തിരഞ്ഞെടുക്കണം. ഇതിലൊരാൾ വനിത ആയിരിക്കണം. അതതു കുടുംബയൂണിറ്റിലെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യുക എന്നതാണ് ഇവരുടെ ഉത്തരവാദിത്വം. ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട കുടുംബയൂണിറ്റുകളുടെ ഭാരവാഹികളിൽനിന്ന് ഒരു വനിത അടക്കം മൂന്നുപേരെ ബ്ലോക്ക് ഭാരവാഹികളായി തെരഞ്ഞെടുക്കണം.

പല കുടുംബയൂണിറ്റുകൾ ചേർന്നതാണ് ഒരു ബ്ലോക്ക്. പിന്നീട് തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് സാമ്പത്തികകാര്യ സമിതിയിൽനിന്ന് ഒരു വനിത അടക്കം കേന്ദ്ര സാമ്പത്തിക കാര്യ സമിതിയെ തെരഞ്ഞെടുക്കണം. ഇവർക്കായിരിക്കും അതതു പള്ളികളുടേയും പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടേയും സാമ്പത്തിക നിർവ്വഹണ ചുമതല. ഇവരുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ അതിരൂപതാതലത്തിൽ പെർഫോമൻസ് അസെസ്‌മെന്റ് ബോർഡും ഉണ്ടായിരിക്കും. സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് അഭിപ്രായ ഐക്യത്തോടെ ആയിരിക്കണം.

ഇങ്ങനെ അല്ലാത വന്നാൽ ബാലറ്റ് പേപ്പർ അടക്കമുള്ള അഭികാമ്യമായ രീതി സ്വീകരിക്കാനും നിർദ്ദേശമുണ്ട്. ഈ തെരഞ്ഞെടുപ്പുകൾ ജൂൺ, ജൂലൈ മാസങ്ങളിലായി പൂർത്തിയാക്കണമെന്നും നിർദ്ദേശമുണ്ട്. എന്നാൽ അൽമായർ സാമ്പത്തിക നിർവ്വഹണം നടത്തണമെന്ന സിനഡ് തീരുമാനത്തെ അട്ടിമറിക്കാനാണ് വൈദികരുടെ നീക്കം. കത്തോലിക്കാ സഭയുടെ മറ്റു റീത്തുകളിലെല്ലാം സാമ്പത്തിക നിർവ്വഹണത്തിന് അൽമായരെ ഉൾപ്പെടുത്തുന്ന രീതി മുമ്പുതന്നെ നിലവിൽ വന്നതാണ്. എന്നാൽ ലത്തീൻ കത്തോലിക്കാ പള്ളികളിൽ ഇടവക വികാരി തന്നെയാണ് സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.

പള്ളികളിൽ കമ്മിറ്റികൾ ഉണ്ടെങ്കിലും തെരഞ്ഞെടുപ്പിലൂടെയല്ല ഇവരെ നിയോഗിക്കുന്നത്. മറിച്ച് വൈദികർ നിർദ്ദേശിക്കുന്ന ആളുകളെ കമ്മിറ്റി അംഗങ്ങൾ ആക്കുകയാണ് പതിവ്. ഈ രീതി മാറണമെന്ന വിശ്വാസികളുടെ കാലങ്ങളായുള്ള മുറവിളിയെ തുടർന്നാണ് സിനഡ് സാമ്പത്തിക കാര്യങ്ങളുടെ ചുമതല അൽമായർക്ക് നൽകാൻ തീരുമാനിച്ചത്. ലത്തീൻ കത്തോലിക്കാ രൂപതകളുടെ മാതാവെന്നാണ് വരാപ്പുഴ അതിരൂപത അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ അൽമായർ സാമ്പത്തികം ചെയ്യുന്ന രീതി ഇവിടെ നടപ്പായാൽ മറ്റു രൂപതകളിലും ഇത് നടപ്പാക്കേണ്ടിവരും, ഇതാണ് ലത്തീൽ സമുദായത്തിലെ എല്ലാ വൈദികരും ഭയപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP