Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരുത്തനായ ഉമ്മൻ ചാണ്ടി ഇനി ഒരു വിട്ടു വീഴ്ചയ്ക്കുമില്ല; വിഎസിനെതിരെ ആദ്യ കരുനീക്കം; പ്രതിപക്ഷ നേതാവിന്റെ മകൻ അരുൺകുമാറിനെതിരായുള്ള കേസ് ശക്തമാക്കി ഉടൻ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം; മുഖ്യമന്ത്രി പദ മോഹം ഉപേക്ഷിച്ചില്ലെങ്കിൽ ചെന്നിത്തലയ്ക്ക് ദോഷം ചെയ്യും

കരുത്തനായ ഉമ്മൻ ചാണ്ടി ഇനി ഒരു വിട്ടു വീഴ്ചയ്ക്കുമില്ല; വിഎസിനെതിരെ ആദ്യ കരുനീക്കം; പ്രതിപക്ഷ നേതാവിന്റെ മകൻ അരുൺകുമാറിനെതിരായുള്ള കേസ് ശക്തമാക്കി ഉടൻ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം; മുഖ്യമന്ത്രി പദ മോഹം ഉപേക്ഷിച്ചില്ലെങ്കിൽ ചെന്നിത്തലയ്ക്ക് ദോഷം ചെയ്യും

ബി രഘുരാജ്‌

തിരുവനന്തപുരം: അരുവിക്കരയിൽ ശബരിനാഥൻ ജയിച്ചതോടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുന്നണിയിലും പാർട്ടിയിലും ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവായി മാറി. തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ മുന്നിൽ നിൽക്കുന്നവർക്ക് അതേ നാണയത്തിൽ മറുപടി നൽകാനാണ് തീരുമാനം. പാർട്ടിക്കുള്ളിൽ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പിന് വ്യക്തമായ സന്ദേശങ്ങൾ മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. ആഭ്യന്തര വകുപ്പുപയോഗിച്ച് ചെന്നിത്തല തനിക്കൊപ്പമുള്ളവർക്കെതിരെ നീങ്ങിയാൽ വകുപ്പു പോലും എടുത്തു മാറ്റുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇതിനൊപ്പം പ്രതിപക്ഷ നേതാവിനെതിരേയും നടപടികൾ ശക്തമാക്കും.

ഭൂമി തട്ടിപ്പ് കേസിൽ വി എസ് അച്യുതാനന്ദൻ പ്രതിയായി എഫ് ഐ ആർ ഉണ്ട്. എന്നാൽ ഈ കേസിൽ സുപ്രീംകോടതി ഇടപെടൽ ഉള്ളതിനാൽ സർക്കാരിന് മുന്നോട്ട് പോകാൻ കഴിയുന്നുമില്ല. ഈ സാഹചര്യത്തിൽ വിഎസിന്റെ മകൻ അരുൺകുമാറിനെതിരായ എല്ലാ വിജിലൻസ് കേസും കടുപ്പിക്കും. അരുൺകുമാറിനെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ വേണമെന്ന് വിജിലൻസിലെ വിശ്വസ്തരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. കുറ്റപത്രവും ഉടൻ നൽകണമെന്നാണ് ആവശ്യം. തദ്ദേശ തരെഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവിന്റെ മകൻ അഴിമതിക്കേസിൽ കുടങ്ങിയത് പ്രചരണായുധമാക്കാനാണ് നീക്കം. ഇതിലൂടെ വി എസ് പ്രചരണത്തിൽ ഉയർത്താനിടയുള്ള അഴിമതികളുടെ മൂർച്ച കുറയ്ക്കാമെന്നാണ് വിലയിരുത്തൽ.

ഐഎച്ച്ആർഡിയിലെ നിയമനത്തിലും കയർഫെഡ് വിവാദത്തിലും അരുൺകുമാർ വിജിലൻസ് കേസ് നേരിടുന്നുണ്ട്. ഐഎച്ച്ആർഡിയിലെ ഉദ്യോഗക്കയറ്റ വിവാദത്തിൽ നിയമസഭാ സമിതിയും അരുൺകുമാർ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ബാർ കോഴയിലും സോളാറിലും തനിക്കെതിരെ പ്രതിപക്ഷം നിരന്തര ആക്രമണങ്ങൾ തുടരുന്നതിനാൽ അരുൺകുമാറനേയും വെറുതെ വിടേണ്ടെന്നാണ് നിലപാട്. എ ഗ്രൂപ്പിലെ വിശ്വസ്തരോട് മുഖ്യമന്ത്രി തന്നെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. പഴുതുകളടച്ച് അരുൺകുമാറിനെ അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം. അരുവിക്കരയിലെ വിജയത്തിന്റെ കരുത്തിൽ ഇതുമായി ബന്ധപ്പെട്ട മറ്റ് വിവാദങ്ങൾ മറയ്ക്കാനുമാകും. അതോടൊപ്പം വിഎസിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ തകർക്കുകയും ചെയ്യാമെന്നാണ് മുഖ്യമന്ത്രിയുടെ കണക്കുകൂട്ടൽ. നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഐ(എം) നിരയിൽ വിഎസിന് മാത്രമേ ആളുകളെ ആകർഷിക്കാൻ കഴിയൂ. മകനെതിരായ നടപടിയിലൂടെ വിഎസിനെ തളർത്തിയാൽ മികച്ച വിജയവുമായി അധികാരത്തിൽ തിരിച്ചെത്താമെന്നാണ് ഉമ്മൻ ചാണ്ടിയുടെ പ്രതീക്ഷ.

വി.എ.അരുൺകുമാറിന്റെ നിയമനത്തിൽ വ്യാപകമായ ക്രമക്കേട് നടന്നതായാണ് നിയമസഭാ സമിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. ഐ.സി.ടി അക്കാദമി ഡയരക്ടർ, ഐ.എച്ച്.ആർ.ഡി. അഡീഷണൽ ഡയരക്ടർ എന്നീ തസ്തികകളിൽ വി.എ.അരുൺകുമാറിന് നിയമനം നൽകിയത് എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണെന്നും അന്നത്തെ മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദന്റെ ഓഫീസ് ഇതിനായി നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നുമാണ് നിയമസഭാ സമിതി റിപ്പോർട്ടിലുള്ളത്.ഐ.എച്ച്.ആർ.ഡിയിൽ അസിസ്റ്റന്റ് ഡയരക്ടറായി നേരിട്ടുള്ള നിയമനം ലഭിച്ച അരുൺകുമാർ 12 വർഷം കൊണ്ട് സർവകലാശാലാ പ്രോ വി സിയുടെ തസ്തികക്ക് തുല്യമായ അഡീഷണൽ ഡയരക്ടർ സ്ഥാനത്ത് എത്തി. ഇതിൽ അരുൺകുമാറിനെതിരെ വിജിലൻസ് അന്വേഷണം നടക്കുകയാണ്. എന്നാൽ അരുൺകുമാറിനെ പ്രെമോഷൻ കിട്ടിയതിൽ കുറ്റക്കാരനായി കാണാൻ കഴിയില്ലെന്ന വാദവുമുണ്ട്. പക്ഷേ കയർഫെഡ് അഴിമിതിയിൽ അരുൺകുമാറിനെ തളയ്ക്കാമെന്നാണ് മുഖ്യമന്ത്രിക്ക് കിട്ടയി നിയമോപദേശം.

നായനാർ സർക്കാറിന്റെ കാലത്താണ് അരുൺകുമാറിന് ഐ.എച്ച്.ആർ.ഡിയിൽ അസിസ്റ്റന്റ് ഡയരക്ടറായി നിയമനം ലഭിച്ചത്. 18 അപേക്ഷകർ ഉണ്ടായിരുന്നെങ്കിലും ഒന്നാം റാങ്ക് ലഭിച്ചതിനെ തുടർന്നായിരുന്നു ജോലി ലഭിച്ചത്. എം.സി.എയും രണ്ടുവർഷത്തെ പ്രവർത്തന പരിചയവുമായിരുന്നു യോഗ്യതയായി നിശ്ചയിച്ചിരുന്നത്. ഒരു വർഷത്തെ പ്രൊബേഷൻ പൂർത്തിയാക്കുന്നതിന് മുമ്പ് കയർഫെഡ് എം ഡിയായി നിയമിതനായി. രണ്ടു വർഷത്തിന് ശേഷം ഐ.എച്ച്.ആർ.ഡിയുടെ കട്ടപ്പനയിലെ കോളജിൽ പ്രിൻസിപ്പലായി നിയമിച്ചു. അദ്ധ്യാപനപരിചയം ഇല്ലായിരുന്നെങ്കിലും ഏഴുവർഷത്തെ ഭരണപരിചയത്തിന്റെ പേരിലായിരുന്നു നിയമനം. ഈ നാല് ആരോപണങ്ങളാണ് നിയമസഭാ സമിതി സമിതി അന്വേഷിച്ചത്. വിവാദങ്ങൾ കത്തിനിൽക്കെ അരുൺ കുമാർ മെച്ചപ്പെട്ട ജോലിതേടി നീണ്ട അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഒന്നുകിൽ ഈ വിഷയങ്ങൾ കുത്തിപ്പൊക്കി അറസ്റ്റ് ചെയ്യുക. അല്ലാത്ത പക്ഷം ഉടൻ കുറ്റപത്രം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് വിജിലൻസിന് മുന്നിൽ ഉമ്മൻ ചാണ്ടി വച്ചിരിക്കുന്നത്.

കയർ ഫെഡുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്തെ വിജിലൻസ് അന്വേഷണം അവസാനിച്ചെങ്കിലും വെയർഹൗസ് എം.ഡി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ വീണ്ടും അന്വേഷണം നടക്കുകയാണ്. ഇതിന് പിന്നിലും മുഖ്യമന്ത്രിയാണെന്ന് വിലയിരുത്തലുണ്ട്. ഈ കേസിലാകും അരുൺകുമാറിന് കുരുക്കുവീഴുക. ഐഎച്ച്ആർഡി വിഷയത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയെ പോലും കേസിൽ കുടുക്കാൻ വഴിയുണ്ട്. ഇതെല്ലാം പ്രതിപക്ഷത്തേയും മുഖ്യമന്ത്രിയുടെ അടുപ്പക്കാർ അറിയിച്ചിട്ടുണ്ട്. ബാർ കോഴയിലും സോളാറിലും ഉറച്ച നിലപാട് തുടർന്നാൽ അരുൺകുമാർ കേസിലും കണ്ണടയ്ക്കില്ലെന്നാകും നിലപാട്. സോളാർ കേസിൽ വി എസ് അച്യുതാനന്ദൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ കരുനീക്കമെന്നാണ് വിലയിരുത്തലുകൾ. ഏതായാലും അരുവിക്കര നൽകിയ കരുത്തിൽ എതിരാളികളെ നിലയ്ക്ക് നിർത്താൻ തന്നെയാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം.

ശ്രീവിദ്യയുടെ സ്വത്ത് വിഷയത്തിൽ കെബി ഗണേശ് കുമാറിനെതിരേയും കേസ് ശക്തമാക്കും. പിസി ജോർജിനെതിരെ ജഗതി വിഷയം ഉയർത്തികൊണ്ട് വരാനാണ് നീക്കം. ജഗതിയുടെ രണ്ടാം ഭാര്യയുടെ മകൾ ശ്രീലക്ഷ്മിയിൽ എന്ന് പരാതി എഴുതി വാങ്ങുന്നത് പോലും പരിഗണനയിലുണ്ട്. പ്രതിപക്ഷത്തുനിന്നുള്ളതിനെക്കാൾ കൂടുതൽ ആക്രമണമാണ് അടുത്തകാലത്ത് ഉമ്മൻ ചാണ്ടി സ്വന്തം പാളയത്തിൽ നിന്നും നേരിട്ടിരുന്നത്. തൽക്കാലത്തേക്കെങ്കിലും ഉമ്മൻ ചാണ്ടിക്കെതിരെ ഒരു നീക്കം നടത്താൻ ഇനി കോൺഗ്രസിൽ ആരും തയാറാവില്ല. ഇത് രമേശ് ചെന്നിത്തലയെ അപ്രസക്തനാകുന്ന തരത്തിൽ നീങ്ങിയാൽ അതിശയപ്പെടേണ്ടതില്ല.

അരുവിക്കര വിജയത്തോടെ ഹൈക്കമാണ്ട് പിന്തുണയും മുഖ്യമന്ത്രിക്ക് കൂടിയിട്ടുണ്ട്. ഭരണതുടർച്ചയ്ക്ക് ഉമ്മൻ ചാണ്ടി അനിവാര്യതയാണെന്ന തോന്നൽ ഹൈക്കമാണ്ടിൽ ഉണ്ടാക്കാനും കഴിഞ്ഞു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്ക് എതിരായ പരാതികൾ എഐസിസി എടുക്കുകയുമില്ല. അതുകൊണ്ട് തന്നെ കോൺഗ്രസിനുള്ളിലെ എതിരാളികൾക്കെതിരേയും ശക്തമായി നീങ്ങാൻ മുഖ്യമന്ത്രിക്ക് ഇനിയുള്ള ദിനങ്ങളിൽ കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP