Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐപി ബിനുവിനെ അറസ്റ്റ് ചെയ്യാൻ ഡിജിപിക്ക് പിണറായിയുടെ നിർദ്ദേശം; സി.പി.എം പ്രതിച്ഛായ തകർത്ത കൗൺസിലർ കുടുങ്ങും; അടിച്ചു തകർക്കുമ്പോൾ കാഴ്ചക്കാരയ പൊലീസുകാർക്ക് സസ്പെൻഷൻ; ബിജെപി ഓഫീസ് ആക്രമിച്ചവരെ പിടികൂടാൻ പ്രത്യേകസംഘം; നഗരത്തിൽ പ്രകടനങ്ങൾക്കും നിരോധനം: തിരുവനന്തപുരത്ത് പൊലീസ് ഇടപെടൽ ശക്തമാകും

ഐപി ബിനുവിനെ അറസ്റ്റ് ചെയ്യാൻ ഡിജിപിക്ക് പിണറായിയുടെ നിർദ്ദേശം; സി.പി.എം പ്രതിച്ഛായ തകർത്ത കൗൺസിലർ കുടുങ്ങും; അടിച്ചു തകർക്കുമ്പോൾ കാഴ്ചക്കാരയ പൊലീസുകാർക്ക് സസ്പെൻഷൻ; ബിജെപി ഓഫീസ് ആക്രമിച്ചവരെ പിടികൂടാൻ പ്രത്യേകസംഘം; നഗരത്തിൽ പ്രകടനങ്ങൾക്കും നിരോധനം: തിരുവനന്തപുരത്ത് പൊലീസ് ഇടപെടൽ ശക്തമാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി ഓഫീസ് ആക്രമണത്തിന് നേതൃത്വം നൽകിയ കൗൺസിലർ ഐപി ബിനു കുടുങ്ങും. ബിനുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ഇന്ന് പുലർച്ചെ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തെതുടർന്ന് രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷനുമുണ്ട്.. ഉത്തരവാദിത്തനിർവഹണത്തിൽ വീഴ്ച വരുത്തിയ രണ്ട് പൊലീസുകാർക്ക് നേരെയാണ് നടപടിയെടുത്തിരിക്കുന്നത്.

സംഭവ സമയത്ത് ഒരു പൊലീസുകാരൻ മാത്രമാണ് അക്രമികളെ എതിർത്തത്. അപ്പോൾ നിഷ്‌ക്രിയരായി നോക്കിനിന്ന രണ്ട് പേർക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. സിസി ടിവി ക്യാമറയിലും ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പ്രതിരോധം തീർത്ത സിവിൽ പൊലീസുകാരൻ ഇപ്പോൾ ആശുപത്രിയിലാണ്. നേരത്തെ പൊലീസുകാരാണ് അക്രമികൾക്ക് ഗേറ്റ് തുറന്ന് കടുത്തത് എന്നുള്ള ആരോപണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി. രമേശ് രംഗത്തുവന്നിരുന്നു. അക്രമണത്തെ തുടർന്ന് തലസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് പ്രകടനത്തിന് നിരോധനമുണ്ട്. പാർട്ടി ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് നഗരത്തിൽ പ്രകടനം നടത്തുമെന്ന് ബിജെപി അറിയിച്ചിരുന്നു.

വിവിധ സ്ഥലങ്ങളിലെ ആക്രമണത്തിൽ ആറ് ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിലും ഒരു പക്ഷത്തിന് മാത്രമാണ് കസ്റ്റഡിയിൽ എടുക്കുന്നു എന്ന ബിജെപി ആരോപിച്ച് രംഗത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് പാർട്ടി ഓഫീസുകൾക്ക് സുരക്ഷ ഉയർത്തിയിട്ടുണ്ട്.തലസ്ഥാനത്തെ അതിക്രമം പൊലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. സിറ്റിയിലെ പത്തോളം എസ്.ഐമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണവും അറസ്റ്റും തുടരുകയാണ്. ബിജെപി ഓഫീസ് ആക്രമിച്ചവരെ പിടികൂടാൻ പ്രത്യേകസംഘവും രൂപീകരിച്ചു. കെ.പി. ആക്ട് പ്രയോഗിച്ച് അടുത്ത ദിവസം നഗരത്തിൽ ജാഥകളും മറ്റും നിരോധിച്ച് ഉത്തരവിറക്കുകയും ചെയ്തു. ഡിവൈഎഫ്ഐ നേതാവും കൗൺസിലറുമായി ബിനുവിനെതിരെ ശക്തമായ നടപടി വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സിപിഎമ്മിനെ യുവ നേതാവിന്റെ പ്രവർത്തി തീർത്തും പ്രതിരോധത്തിലാക്കിയെന്ന് മുഖ്യമന്ത്രി വിലയിരുത്തുന്നു.

സ്ത്രീ പീഡനക്കേസുകളിലെ ഇടപെടലിലൂടെ സർക്കാർ പ്രതിച്ഛായ കൂട്ടി. ഇതിനിടെയാണ് ബിജെപി ഓഫീസിലേക്ക് സി.പി.എം കൗൺസിലർ ആക്രമണം നടത്തിയത്. ഇക്കാര്യത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയോട് വിശദീകരണവും തേടും. തന്റെ അറിവില്ലാതെയാണ് എല്ലാം നടന്നതെന്ന നിലപാടിലാണ് സി.പി.എം സെക്രട്ടറിയെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഐപി ബിനുവിനെതിരെ നടപടി വരുന്നത്. ബിജെപി ഓഫീസ് ആക്രമണം പാർട്ടിക്ക് പേരുദോഷമായെന്ന് മുഖ്യമന്ത്രി വിലയിരുത്തുന്നു. അതുകൊണ്ട് കൂടിയാണ് ബിനുവിനെതിരെ നടപടിക്ക് ശുപാർശ ചെയ്തത്.

നഗരത്തിൽ സിപിഐ എം നേതാക്കളുടെ വീടുകൾ ആർഎസ്എസ-്ബിജെപിയുടെ നേതൃത്വത്തിൽ ആക്രമിച്ചുവെന്ന് ആരോപണവുമുണ്ട്. വ്യാഴാഴ്ച പുലർച്ചെ തുടങ്ങിയ ആക്രമണം രാത്രിയായതോടെ നഗരത്തിൽ മൂർച്ഛിക്കുകയായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കാട്ടാക്കട ശശി, ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദർ, കളിപ്പാൻകുളം വാർഡ് കൗൺസിലർ റസിയാബീഗം, ഡിവൈഎഫ്‌ഐ ബ്‌ളോക്ക് പ്രസിഡന്റ് ആർ ഉണ്ണി എന്നിവരുടെ വീടുകൾക്കു നേരെയാണ് ആക്രമണം ഉണ്ടായത്. അതേസമയം സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റേത് ഉൾപ്പടെ 6 കാറുകൾ അക്രമി സംഘം അടിച്ചു തകർത്തു. വെള്ളിയാഴ്ച അർധരാത്രി ഒന്നരയോടെയാണ് ആക്രമണം നടന്നത്.

ചാലയിൽ സിപിഐ എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.കാട്ടാക്കട ശശിയുടെ വീടിനു നേരെയുണ്ടായ ആകമണത്തിൽ മുൻഭാഗത്തെ ജനൽ ചില്ലുകൾ മുഴുവൻ തകർന്നു. ശശിയും കുടുംബാംഗങ്ങളും സമീപ വീട്ടുകാരും ശബ്ദംകേട്ട് ലൈറ്റിട്ട് പുറത്തിറങ്ങിയപ്പോൾ മൂന്നുപേരും ബൈക്കിൽ ആനാകോട് ഭാഗത്തേക്ക് രക്ഷപ്പെട്ടു. സിപിഐ എം ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദറിന്റെ മണക്കാട് യമുന നഗറിലുള്ള വീട് വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് അക്രമിച്ചത്. മാരകായുധങ്ങളുമായി ബൈക്കുകളിലായെത്തിയ മുപ്പതംഗ സംഘമാണ് ആക്രമണം നടത്തിയത്. വാൾ ഉപയോഗിച്ച് ഗേറ്റ് വെട്ടിപ്പൊളിച്ച് അകത്തുകയറിയ ഒരു സംഘം കാർ, സ്‌കൂട്ടർ എന്നിവ ആദ്യം തകർത്തു. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർ വീടിന്റെ മുൻവാതിൽ കമ്പിപ്പാര, വാൾ എന്നിവ ഉപയോഗിച്ച് വെട്ടിപ്പൊളിക്കാൻ ശ്രമിച്ചു. അകത്തുള്ള സ്ത്രീകളുടെ കൂട്ടക്കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെട്ടു.

സുന്ദറിന്റെ വീട് ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് ഡിവൈഎഫ്‌ഐ ചാല ബ്‌ളോക്ക് പ്രസിഡന്റ് ആർ ഉണ്ണിയുടെ ആറ്റുകാൽ ക്ഷേത്രത്തിനു സമീപത്തെ വീടിനു നേരെയും ആക്രമണുണ്ടായി. വീടിനകത്തു കടന്ന സംഘം ടിവിയും മറ്റു ഗൃഹോപകരണങ്ങളും അടിച്ചുതകർത്തു. മുൻ വശത്തുണ്ടായിരുന്ന മിനി ലോറിയും ബൈക്കും അടിച്ചുതകർത്തു. വിവരമറിഞ്ഞ് പാർട്ടി ചാല ഏരിയ സെക്രട്ടറി സുന്ദർ ഇവിടെയെത്തിയ സമയത്തായിരുന്നു സുന്ദറിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്. ആക്രമണവിവരം അറിഞ്ഞ് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും മറ്റു നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും നേതാക്കളുടെ വീടുകളിലെത്തി.

പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ഉണ്ടായ ആക്രമണം സിപിഎമ്മിന്റെ നേതൃത്വത്തിലാണെന്ന് ആരോപണം ഉയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP