Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉന്നതർക്ക് കമ്മീഷനടിക്കാം; സപ്ലൈകോയിൽ ഇനി വൻകിടക്കാരുടെ ഉൽപ്പന്നങ്ങൾ മാത്രം; ചെറുകിടക്കാരെ ഒഴിവാക്കി; വിലവർദ്ധനയ്ക്കു പിന്നാലെ സർക്കാർ വക ജനദ്രോഹം

ഉന്നതർക്ക് കമ്മീഷനടിക്കാം; സപ്ലൈകോയിൽ ഇനി വൻകിടക്കാരുടെ ഉൽപ്പന്നങ്ങൾ മാത്രം; ചെറുകിടക്കാരെ ഒഴിവാക്കി; വിലവർദ്ധനയ്ക്കു പിന്നാലെ സർക്കാർ വക ജനദ്രോഹം

പാലക്കാട്: സപ്ലൈകോ വിപണനകേന്ദ്രങ്ങളിൽനിന്നു ചെറുകിട കമ്പനികളുടെ ഉത്പന്നങ്ങളും കുടിൽ വ്യവസായ ഉല്പന്നങ്ങളും ഒഴിവാക്കുന്നു.വില്പനയിൽ ഉയർന്നതോതിൽ കമ്മീഷൻ ലഭിക്കുന്ന വൻകിട കമ്പനികൾക്കു മാത്രം പ്രോത്സാഹനം നൽകിയാൽ മതിയെന്നാണ് തീരുമാനം. സപ്ലൈകോയിൽ സാധനങ്ങളുടെ വിലവർദ്ധനയ്ക്കു പുറകെയെത്തിയ ഈ തീരുമാനം നടപ്പിലായിത്തുടങ്ങിയതോടെ സപ്ലൈകോ വിപണനകേന്ദ്രങ്ങളിൽനിന്നു ചെറുകിട കമ്പനി ഉല്പന്നങ്ങൾ അപ്രത്യക്ഷമാവാൻ തുടങ്ങി. ഇതോടെ ബിസ്‌ക്കറ്റുകൾ, സോപ്പ്, വാഷിങ് പൗഡർ, ഫുഡ് സപ്ലിമെന്റുകൾ, മസാലപ്പൊടികൾ, അരി, ആട്ട പൊടികൾ തുടങ്ങിയവയെല്ലാം വൻകിട കമ്പനികളുടെ ഉല്പന്നങ്ങൾ മാത്രമേ ലഭിക്കൂ എന്ന നിലയിലായി.

വൻകിട കമ്പനിക്കാരെ സഹായിക്കാൻ അവരുടെ വില്പന ഏജന്റുമാരും സ്‌പ്ലൈകോ പീപ്പിൾ ബസാറുകളിൽ എത്തിത്തുടങ്ങി. മിക്ക പീപ്പിൾ ബസാറിലും പത്തിലേറെ കമ്പനികളുടെ വില്പന ഏജന്റുമാരുണ്ട്. ഓരോ കമ്പനിയുടേയും വില്പന ഏജന്റുമാർ അവരുടെ ഉല്പന്നങ്ങളുടെ സമീപത്തുനിന്നു വില്പന നടത്തുകയാണ് ചെയ്യുന്നത്. ഒറ്റനോട്ടത്തിൽ സപ്ലൈകോ ജീവനക്കാരെന്നു തെറ്റിദ്ധരിക്കപ്പെടുന്ന വിധത്തിലാണ് ഇതു ചെയ്യുന്നത്. ഓരോ കമ്പനിയും നേരിട്ടാണ് ഇതു ചെയ്യുന്നത്. ഇതോടെ സപ്ലൈകോ ബസാറുകളിലെ സ്ത്രീ തൊഴിലാളികൾക്ക് സാധനങ്ങൾ സ്റ്റാൻഡിൽ അടുക്കിവയ്ക്കുകയെന്നതു മാത്രമായി മാറി ജോലി. ഭാവിയിൽ ഇവരുടെ ജോലിസുരക്ഷയേയും ഇതു ബാധിക്കും.

ഉയർന്ന കമ്പനികളുടേതല്ലാത്ത നാടൻ കമ്പനികളുടെ ഉല്പന്നങ്ങൾ വിപണനത്തിനു വാങ്ങിയാൽ എന്തിനു വാങ്ങിയെന്ന വിശദീകരണം സപ്ലൈകോ മാനേജർമാർ നൽകേണ്ട അവസ്ഥയാണ്. വലിയ കമ്പനികളുടെ ഉല്പന്നങ്ങൾ മൊത്തമായി വാങ്ങി വിപണനത്തിനായി വരുന്നത് തിരുവനന്തപുരത്തുനിന്നു തന്നെയാണ്. ഇതിന്റെ പേരിൽ ഉയർന്ന കമ്മീഷൻ മറിയുന്നുമുണ്ട്.
കരിമ്പട്ടികയിൽ സർക്കാർ പെടുത്തിയ കമ്പനിയുടെ ഉല്പന്നങ്ങൾ പോലും അടുത്ത കാലത്ത് സപ്ലൈകോ വാങ്ങിയത് വിവാദമായിരുന്നു.

പപ്പടം, ഫിനോയിൽ, കൊണ്ടാട്ടം, ചില വറവുകൾ, കപ്പലണ്ടി മിഠായി തുടങ്ങി അപൂർവ്വം നാടൻ ഇനങ്ങൾ മാത്രമേ ഇനി മുതൽ സപ്ലൈകോയിൽ ലഭിക്കൂ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇവയൊന്നും കുത്തക കമ്പനികൾ ഇതേവരെ ഇറക്കാൻ തയാറാകാത്തതുകൊണ്ടാണ് ഇവയ്ക്കു ഓർഡർ ലഭിക്കുന്നത്. പ്രാദേശികമായി പ്രവർത്തിക്കുന്ന കമ്പനികളുടെ കറിപൗഡർ, അരിപ്പൊടി മുതലായവ ഗുണമേന്മയുണ്ടെങ്കിലും സപ്ലൈകോയിൽ ലഭ്യമാവില്ല. പതിനഞ്ചുരൂപയ്ക്ക് സപ്ലൈകോയുടെ ഒരു കിലോ ആട്ട ലഭിക്കുന്നത് മിക്ക ദിവസവും ഉണ്ടാകാറില്ല. ഒരു പ്രമുഖ കമ്പനിയെ സഹായിക്കുന്നതിനായി അവ മനപ്പൂർവം ലഭ്യമാക്കാത്തതാണ്. ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന സപ്ലൈകോ ഉല്പന്നങ്ങളായ ചായപ്പൊടി തുടങ്ങിയവ ഭാവിയിൽ നിർത്തലാക്കാനും നീക്കമുണ്ട്. വെളിച്ചെണ്ണ വില കൂടിയപ്പോൾ സബ്‌സിഡി നിർത്തലാക്കി ഒരു പ്രമുഖ കമ്പനിയുടെ വെളിച്ചെണ്ണ വില്പന തുടങ്ങിയിരുന്നു. പാവപ്പെട്ടവന് ഗുണം ചെയ്യുന്ന പൊതുവിതരണസംവിധാനമാണ് ഇത്തരം നീക്കത്തിലൂടെ ഇല്ലാതാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP