Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുഷ്‌കറിനെ ചൊല്ലി ടൈംസ് നൗവിൽ തർക്കം; മൊഴി കൊടുക്കുന്നതിന് മുമ്പ് വാർത്ത നൽകണം; എല്ലാം പൊലീസിനോട് പറഞ്ഞിട്ട് പുറത്തുപറയാമെന്ന് മലയാളി മാദ്ധ്യമ പ്രവർത്തക; തീരുമാനം ഉന്നത മാനേജ്‌മെന്റ് എടുക്കും

പുഷ്‌കറിനെ ചൊല്ലി ടൈംസ് നൗവിൽ തർക്കം; മൊഴി കൊടുക്കുന്നതിന് മുമ്പ് വാർത്ത നൽകണം; എല്ലാം പൊലീസിനോട് പറഞ്ഞിട്ട് പുറത്തുപറയാമെന്ന് മലയാളി മാദ്ധ്യമ പ്രവർത്തക; തീരുമാനം ഉന്നത മാനേജ്‌മെന്റ് എടുക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സുനന്ദാ പുഷ്‌കറിന്റെ മരണത്തിൽ തന്നെ തേജോവധം ചെയ്യുന്ന ഒരു ചാനലുണ്ടെന്ന് ശശി തരൂർ തന്നെ ആരോപിച്ചിരുന്നു. വിടാതെ പിന്തുടർന്ന് അനാവശ്യവിവാദമുണ്ടാക്കിയത് ആ ചാനൽ തന്നെയെന്ന് മുൻ കേന്ദ്രമന്ത്രി പൊതു വേദിയിൽ പറഞ്ഞു. ചാനലിന്റെ പേരു പറഞ്ഞില്ലെങ്കിലും ഏതാണ് അതെന്ന് എല്ലാവർക്കും മനസ്സിലായി. ഞങ്ങളെ കുറിച്ചാണ് വിമർശനം ഉന്നയിച്ചതെന്ന് വ്യക്തമാക്കി ടൈംസ് നൗവിന്റെ എഡിറ്റർ ആ ക്രെഡിറ്റ് ഏറ്റെടുക്കുകയും ചെയ്തു. വാർത്തയാണ് പ്രധാനം വ്യക്തിയല്ലെന്ന നിലപാടാണ് ഏത് വിഷയത്തിലും അർണാബ് എടുക്കാറ്. ഈ നിലപാട് പക്ഷേ സുനന്ദാ പുഷ്‌കറിന്റെ കൊലക്കേസ് അന്വേഷണം വൈകിപ്പിക്കുമെന്നാണ് സൂചന.

മരണത്തിന് തൊട്ട് മുമ്പ് നിരവധി മാദ്ധ്യമപ്രവർത്തകരുമായി സുനന്ദ സംസാരിച്ചിരുന്നു. നളിനി സിംഗും ഹെഡ്‌ലൈൻ ടുഡേയിലെ രാഹുൽ കൻവറുമെല്ലാം സുനന്ദയുമായി ഫോണിൽ ബന്ധപ്പെട്ടവരാണ്. ഇവരോടെല്ലാം സുനന്ദ മനസ്സ് തുറന്നിരുന്നു. ഇവരെ പോലെ ടൈംസ് നൗവിന്റെ വനിതാ മാദ്ധ്യമ പ്രവർത്തകയും സുനന്ദയെ വിളിച്ചു. തിരുവനന്തപുരം സ്വദേശിയായ ഈ മാദ്ധ്യമ പ്രവർത്തകയുമായി സുനന്ദാ പുഷ്‌കറിന് വ്യക്തിപരമായ ബന്ധമുണ്ടായിരുന്നു. ഒപ്പം തരൂരിന്റെ ലോക്‌സഭാ മണ്ഡലം സ്വദേശിയെന്ന പരിഗണനയുമുണ്ട്. ഇവരേയും ഐപിഎല്ലിലേയും മറ്റും കള്ളക്കളികൾ സുനന്ദ അറിയിച്ചു. മരണത്തിന് ശേഷം രണ്ടാം ഘട്ടം അന്വേഷണം കടുപ്പിച്ചപ്പോൾ പൊലീസിന്റെ ശ്രദ്ധയിൽ ടൈംസ് നൗ ലേഖികയുടെ പേരുമെത്തി. മൊഴിയെടുക്കാൻ വിളിക്കുകയും ചെയ്തു. ലേഖിക ചെല്ലാമെന്നും സമ്മതിച്ചു.

ഇക്കാര്യം ചാനൽ എഡിറ്റോറിയലിന് അറിയിച്ചപ്പോഴാണ് പ്രശ്‌നം. സുനന്ദ പറഞ്ഞ കാര്യങ്ങളിലെ വാർത്താ പ്രാധാന്യം ചാനൽ എഡിറ്റോറിയലിന് മനസ്സിലായി. മൊഴി കൊടുക്കുന്നതിന് മുമ്പ് ചാനലിലൂടെ ഇവ ആളുകളേ കേൾപ്പിക്കാം. അതിന് ശേഷം മൊഴി നൽകാമെന്ന് അവർ ലേഖികയോട് വ്യക്തമാക്കി. മൊഴി കൊടുത്താൽ മറ്റ് ചാനലുകൾക്കും വിവരങ്ങൾ കിട്ടും. അവരും വാർത്ത നൽകും. അതിനാൽ എക്‌സ്‌ക്ലൂസീവായി വാർത്ത നൽകാമെന്ന് എഡിറ്റോറിയൽ നിലപാട് എടുത്തു. ഇതോടെ മാദ്ധ്യമ പ്രവർത്തക സംഘർഷത്തിലായി. പൊലീസിന് മൊഴി നൽകുന്നതാണ് അന്വേഷണത്തിന് നല്ലതെന്ന് വ്യക്തമാക്കുകയും ചെയ്തു.

തർക്കം മുറുകിയതോടെ മൊഴി കൊടുക്കാൻ പറഞ്ഞ ദിവസം മാദ്ധ്യമ പ്രവർത്തകയ്ക്ക് ഹാജരാകാൻ കഴിഞ്ഞില്ല. ചാനലിൽ ഒരു തീരുമാനം ഉണ്ടാക്കാൻ ഡൽഹി പൊലീസിന് അവധിയപേക്ഷ നൽകുകയാണ് ചെയ്തത്. ചാനലിന്റെ ടോപ്പ് മാനേജ്‌മെന്റാകും ഇനി എന്തു വേണമെന്ന് തീരുമാനിക്കുക. അത് അനുസരിക്കുമെന്ന നിലപാടിലാണ് മാദ്ധ്യമ പ്രവർത്തക. നളിനി സിംഗും രാഹുൽ കൻവറും ശശി തരൂരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന മൊഴികളാണ് നൽകിയത്. തരൂരിനെതിരെ നിർണ്ണായകമായ പലതും സുനന്ദ പുറത്തുവിടാൻ തീരുമാനിച്ച ശേഷമാണ് മരണമെന്ന് ഇരുവരും മൊഴി നൽകിയതായാണ് വിവരം.

ശശി തരൂരുമായി പാക് എഴുത്തുകാരി മെഹർ തരാറിനുള്ള ബന്ധത്തെക്കുറിച്ച് മരിക്കുന്നതിന് ആറുമാസം മുമ്പേ സുനന്ദ പുഷ്‌കർ അറിഞ്ഞിരുന്നുവെന്ന് മാദ്ധ്യമപ്രവർത്തകയും സുനന്ദയുടെ സുഹൃത്തുമായിരുന്ന നളിനി സിങ് മൊഴി നൽകി. എൺപതു മിനിട്ടോളം അന്വേഷണ സംഘം നളിനി സിങ്ങിനെ ചോദ്യം ചെയ്തു. മരിക്കുന്നതിനു മണിക്കൂറുകൾക്കുമുമ്പ് സുനന്ദയുമായി താൻ നടത്തിയ ടെലിഫോൺ സംഭാഷണത്തെക്കുറിച്ചാണ് അന്വേഷണ സംഘം പ്രധാനമായും ആരാഞ്ഞതെന്ന് സിങ് പറഞ്ഞു. സുനന്ദ പറഞ്ഞത് ഓർത്തെടുക്കാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥർ അവരുടെ ശബ്ദത്തിൽ എന്തെങ്കിലും തരത്തിലുള്ള വ്യത്യാസം ശ്രദ്ധയിൽപ്പെട്ടിരുന്നോയെന്നും ചോദിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗു (ഐ.പി.എൽ)മായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളുമുണ്ടായിരുന്നതായി സിങ് കൂട്ടിച്ചേർത്തു.

2013 ജൂൺ 27 ന് സുനന്ദയുടെ പിറന്നാൾ ദിനത്തിൽ അവരുടെ വസതിയിൽ നടത്തിയ പാർട്ടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ തരാറും തരൂരും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ആശങ്ക സുനന്ദ പങ്കുവച്ചിരുന്നു. തരാറും തരൂറും മൂന്നു ദിവസം ദുബായിൽ ഒരുമിച്ചു കഴിഞ്ഞിരുന്നുവെന്ന് ദുബായിലുള്ള ഉറ്റ സുഹൃത്തുക്കൾ അറിയിച്ചിരുന്നുവെന്നും അവർ പറഞ്ഞിരുന്നു. ഇതിനു ശേഷം മറ്റൊരു ദിവസം രാത്രി ഐ.പി.എല്ലിനെക്കുറിച്ചു തനിക്കു കുറച്ചു വസ്തുതകൾ പങ്കുവയ്ക്കാനുണ്ടെന്നു പറഞ്ഞ് സുനന്ദ വീണ്ടും വിളിച്ചു. ചാനൽ റിപ്പോർട്ടറെന്ന നിലയിലാണോ സംസാരിക്കേണ്ടതെന്നു ചോദിച്ചപ്പോൾ മൗനമായിരുന്നു മറുപടി. തുടർന്ന് എല്ലാക്കുറ്റവും താൻ ഏൽക്കുന്നുവെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുകയായിരുന്നുവെന്നും നളിനി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP