Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസിൽ ബാല ഗ്രൂപ്പുപോരും മുറുകി; ബാലജനവേദിക്ക് ബദലായി ഐ ഗ്രൂപ്പിന്റെ ബാലതരംഗം; ചെയർമാൻ ശരത്ചന്ദ്ര പ്രസാദിനെതിരെ എ ഗ്രൂപ്പുകാർ പരാതിയുമായി സുധീരന് മുന്നിൽ

കോൺഗ്രസിൽ ബാല ഗ്രൂപ്പുപോരും മുറുകി; ബാലജനവേദിക്ക് ബദലായി ഐ ഗ്രൂപ്പിന്റെ ബാലതരംഗം; ചെയർമാൻ ശരത്ചന്ദ്ര പ്രസാദിനെതിരെ എ ഗ്രൂപ്പുകാർ പരാതിയുമായി സുധീരന് മുന്നിൽ

എം പി റാഫി

മലപ്പുറം: ബാലസംഘടനകളെച്ചൊല്ലി കോൺഗ്രസിൽ ഗ്രൂപ്പുപോര് മുറുകുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ബാലസംഘടനയായ ജവഹർ ബാലജന വേദി നിലനിൽക്കെ ഐ ഗ്രൂപ്പ് നേതാക്കൾ ദേശീയബാലതരംഗം എന്ന സംഘടനയുമായി മുന്നോട്ടുപോയതാണ് കോൺഗ്രസിനകത്ത് ഗ്രൂപ്പുതിരിഞ്ഞുള്ള കലഹത്തിന് കാരണമായത്. ഈ മാസം 24 മുതൽ 26 വരെ ജവഹർ ബാലജനവേദിയുടെ സംസ്ഥാന ക്യാമ്പ് പാലക്കാട് നടന്നിരുന്നു. എന്നാൽ ഔദ്യോഗിക ബാലസംഘടനയുടെ സംസ്ഥാന ക്യാമ്പ് സമാപിച്ച് തൊട്ടടുത്ത ദിവസം തന്നെ മലപ്പുറത്ത് കോൺഗ്രസ് ഐ വിഭാഗം ദേശീയ ബാലതരംഗം സംസ്ഥാന ക്യാമ്പും സംഘടിപ്പിച്ചു. ഇതോടെ എ ഗ്രൂപ്പ് നേതാക്കൾ കെപിസിസി പ്രസിഡന്റ് വി എം സുധീരനെ പ്രശ്‌നം നേരിൽക്കണ്ടു ബോധിപ്പിക്കുകയായിരുന്നു.

ജവഹർ ബാലജനവേദി വിവിധ ജില്ലാ ഘടകങ്ങളിൽ സംഘടിപ്പിച്ച ക്യാമ്പിനു ശേഷമായിരുന്നു സംസ്ഥാന ക്യാമ്പ് പാലക്കാട്ട് സംഘടിപ്പിച്ചത്. എന്നാൽ ജില്ലാ-സംസ്ഥാന ഘടകങ്ങളിൽ നടന്ന ക്യാമ്പുകളിൽ ഒരു വിഭാഗം ഐ ഗ്രൂപ്പ് നേതാക്കൾ സഹകരിക്കാതിരിക്കുകയും, തുടർന്ന് പണപ്പിരിവ് നടത്തി മറ്റൊരു സംസ്ഥാന ക്യാമ്പ് തിരൂർ തുഞ്ചൻ പറമ്പിൽ സംഘടിപ്പിക്കുകയുമായിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയവരെയും ഇടതു പക്ഷത്തോടൊപ്പം പ്രവർത്തിക്കുന്ന കോൺഗ്രസ് വിമതരെയും ഉൾപ്പെടുത്തിയുള്ള സംഘാടകസമിതിയായിരുന്നു ബാലതരംഗം ക്യാമ്പിനായി രൂപീകരിച്ചിട്ടുള്ളത്. ഇതിനായി നേതൃത്വം കൊടുത്തതാകട്ടെ മുതിർന്ന കോൺഗ്രസ് നേതാക്കളുമാണ്. ഇതായിരുന്നു എ ഗ്രൂപ്പിനെ കൂടുതൽ ചൊടിപ്പിക്കാനുണ്ടായ കാരണം.

ഐ ഗ്രൂപ്പിലെ പ്രഗൽഭരുടെ മക്കളാണ് 30 ന് സമാപിക്കുന്ന ബാലതരംഗം ക്യാമ്പിലേക്ക് എത്തിയവരിൽ അധികവും. മുൻ എംഎ‍ൽഎ യായിരുന്ന ദേശീയ ബാലതരംഗം ചെയർമാൻ കൂടിയായ ടി.ശരത്ചന്ദ്രപ്രസാദിന്റെ നേതൃത്വത്തിലാണ് നാലുദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ വിവിധ സെഷനുകളിൽ ക്ലാസെടുക്കാനെത്തുന്നതും ഐ ഗ്രൂപ്പുകാരോ, ബന്ധമുള്ളവരോ ആണ്. മാത്രമല്ല, ക്യാമ്പിന്റെ ഉദ്ഘാടനം മന്ത്രി എ.പി അനിൽകുമാറും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമാണ്. അഞ്ചാം ക്ലാസ് മുതൽ +2 വരെയുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കുമാണ് ദർശൻ 2015 എന്ന പേരിൽ മലപ്പുറത്ത് ജി. കാർത്തികേയൻ നഗറിൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ക്യാമ്പിൽ വിവിധ രാഷ്ട്രീയപശ്ചാത്തലമുള്ള കുട്ടികളുണ്ടെന്നും ദേശീയ ബാല തരംഗം പതിനഞ്ചു വർഷമായി നിഷ്പക്ഷമായി പ്രവർത്തിക്കുന്ന ബാലസംഘടനയാണെന്നും ടി.ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.

അതേസമയം ബാലതരംഗമെന്ന പേരിൽ ഒരു വിഭാഗം നടത്തുന്ന ക്യാമ്പ് ഐ ഗ്രൂപ്പിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുകയാണെന്ന് എ ഗ്രൂപ്പ് ആരോപിച്ചു. ബാലതരംഗം ക്യാമ്പ് നടത്തുന്നതിനായി വൻതുക പിരിച്ചിട്ടുണ്ടെന്നും ഇതിൽ പകുതിയിലധികവും ഇവരുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ പാലക്കാട്ട് നടന്ന ജവഹർ ബാലജന വേദിയുടെ ക്യാമ്പ് ഉദ്ഘാടനത്തിനെത്തിയ വി എം സുധീരൻ മറ്റു ബാലസംഘടനകൾക്ക് കോൺഗ്രസുമായി ബന്ധമില്ലെന്ന് പരസ്യമായിത്തന്നെ പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP