Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കമ്പിവടിയും സൈക്കിൾ ചെയിനും ഇടിക്കട്ടയുമായി മിന്നൽ ആക്രമണം; നിനക്ക് ഞങ്ങളെ പ്രതിയാക്കണമല്ലേടാ..എന്ന ആക്രോശം; മരിച്ചെന്ന് കരുതി അക്രമികൾ മടങ്ങിയപ്പോൾ പൊലീസ് എത്തിയത് രണ്ട് മണിക്കൂർ കഴിഞ്ഞ്; ജീവനുണ്ടെന്ന് അറിഞ്ഞപ്പോൾ അനാശാസ്യവും ചുമത്തി; പിന്നെ കോടതിയിൽ കുറ്റവിമുക്തി; സെൻകുമാറിന്റെ ഇന്റലിജൻസും സത്യം കണ്ടെത്തി; സൈബർ സഖാക്കളുടെ പ്രചരണങ്ങൾ വ്യാജം തന്നെ; ഫസൽ കേസിൽ സത്യം കണ്ടെത്തിയതിന് നേരിടേണ്ടി വന്നത് ക്രൂര പീഡനം; മുൻ ഡിവൈഎസ് പി രാധാകൃഷ്ണൻ മറുനാടനോട്

കമ്പിവടിയും സൈക്കിൾ ചെയിനും ഇടിക്കട്ടയുമായി മിന്നൽ ആക്രമണം; നിനക്ക് ഞങ്ങളെ പ്രതിയാക്കണമല്ലേടാ..എന്ന ആക്രോശം; മരിച്ചെന്ന് കരുതി അക്രമികൾ മടങ്ങിയപ്പോൾ പൊലീസ് എത്തിയത് രണ്ട് മണിക്കൂർ കഴിഞ്ഞ്; ജീവനുണ്ടെന്ന് അറിഞ്ഞപ്പോൾ അനാശാസ്യവും ചുമത്തി; പിന്നെ കോടതിയിൽ കുറ്റവിമുക്തി; സെൻകുമാറിന്റെ ഇന്റലിജൻസും സത്യം കണ്ടെത്തി; സൈബർ സഖാക്കളുടെ പ്രചരണങ്ങൾ വ്യാജം തന്നെ; ഫസൽ കേസിൽ സത്യം കണ്ടെത്തിയതിന് നേരിടേണ്ടി വന്നത് ക്രൂര പീഡനം; മുൻ ഡിവൈഎസ് പി രാധാകൃഷ്ണൻ മറുനാടനോട്

യദു നാരായണൻ

തിരുവനന്തപുരം: ഫസൽ വധക്കേസിൽ അന്വേഷണം കാരായിമാരിലേക്കെത്തിച്ച മുൻ ഡിവൈഎസ്‌പി രാധാകൃഷ്ണനു നേരെ സൈബർ ആക്രമണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാൻ ഞങ്ങൾ ശ്രമിക്കുന്നത്. ഫസൽ വധക്കേസിൽ അന്വേഷണം കാരായിമാരിലേക്ക് നീങ്ങിയപ്പോഴാണ് ഡിവൈഎസ്‌പിയായിരുന്ന കെ രാധാകൃഷ്ണനെ ചുമതലയിൽ നിന്നൊഴിവാക്കുന്നത്. തുടർന്ന് ആ വർഷം ഡിസംബറിൽ അനാശാസ്യമാരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തളിപ്പറമ്പിൽ വച്ച് അദ്ദേഹത്തെ അതിക്രൂരമായി മർദിച്ചു. ഇപ്പോൾ അദ്ദേഹത്തിന്റെ നിർണായക വെളിപ്പെടുത്തൽ പുറത്തുവന്നതിനെത്തുടർന്ന് വീണ്ടും പഴയ കേസിന്റെ പേരിൽ സൈബർ ആക്രമണവും നടത്തുന്നു.

പീഡനക്കേസ് പ്രതിയാണ് രാധാകൃഷ്ണനെന്നാണ് സിപിഎം സൈബർ പോരാളികൾ പറയുന്നത്. ഇയാളെ അറസ്റ്റ് ചെയ്യേണ്ടി വന്നതിന്റെ ദൃശ്യങ്ങളും പ്രചരിപ്പിച്ചു. എന്നാൽ ഈ അറസ്റ്റ് ചതിയായിരുന്നുവെന്നാണ് രാധാകൃഷ്ണൻ വ്യക്തമാക്കുന്നത്. ഫസൽ വധക്കേസിന്റെ അന്വേഷണത്തിൽ നിന്നു നീക്കി രണ്ടുമാസത്തിനുശേഷം ഡിസംബറിൽ ഒരു ഹർത്താൽ ദിനത്തിലാണ് രാധാകൃഷ്ണന് തളിപ്പറമ്പ് ഡിവൈഎസ്‌പിയുടെ ചുമതല ഏറ്റെടുക്കേണ്ടി വന്നത്. രാത്രി മടങ്ങുമ്പോൾ സുഹൃത്തായ രാജേഷിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ കയറി. ഈ സമയത്താണ് അമ്പതിനുമേൽവരുന്ന ആളുകൾ വീട്ടിലേക്ക് ഇടിച്ചു കയറി അതിക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് രാധാകൃഷ്ണൻ പറയുന്നു.

മരിച്ചെന്നു കരുതിയാണ് അക്രമികൾ മടങ്ങിയത്... രണ്ടരമണിക്കൂർ കഴിഞ്ഞു പൊലീസ് എത്താൻ. ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരിച്ചില്ലെന്നറിയുന്നത്. ഇതോടെ എവിടെ നിന്നോ ഒരു സ്ത്രീയെ എത്തിച്ച് അനാശ്യാസം ആരോപിക്കുകയായിരുന്നു. അന്ന് രാധാകൃഷ്ണനൊപ്പം മർദനമേറ്റ രാജേഷ് ഒരുമാസത്തിനുള്ളിലും അദ്ദേഹത്തിന്റെ ഡ്രൈവർ രാമചന്ദ്രൻ ഒരു വർഷത്തിനകവും മരിച്ചു. അന്വേഷണം നടക്കുന്ന സമയത്ത് സ്ത്രീയെ ക്രോസ് വിസ്താരം ചെയ്യണമെന്ന തന്റെ ആവശ്യം അംഗീകരിക്കപ്പെട്ടെങ്കിലും നാലു പ്രാവശ്യവും അവർ ഹാജരായില്ലെന്ന് രാധാകൃഷ്ണൻ വ്യക്തമാക്കി. ഇതോടെ കോടതിക്കും സത്യം ബാധ്യമായി. ഇതിന് പിന്നിലെ ഗൂഢാലോചനയും വ്യക്തമായി പുറത്തുവന്നു.

സംഭവത്തെ രാധാകൃഷ്ണൻ ഓർത്തെടുക്കുന്നത് ഇങ്ങനെ-കമ്പിവടി, സൈക്കിൾ ചെയിൻ, കേബിൾ, ഇടിക്കട്ട തുടങ്ങിയവയുമൊക്കെ ഉപയോഗിച്ചായിരുന്നു ക്രൂരമായ മർദനം. നാലുവശത്തുനിന്നും ആയുധങ്ങളുപയോഗിച്ചുള്ള മർദനമായിരുന്നു. കൊല്ലടാ എന്ന് ആർപ്പുവിളിച്ചുകൊണ്ടായിരുന്നു ആക്രമണം... നിനക്ക് ഞങ്ങളെ പ്രതിയാക്കണമല്ലേടാ... അറസ്റ്റുചെയ്യണമല്ലേടാ.. എന്ന് ചിലർ വിളിച്ചുപറയുന്നുണ്ടായിരുന്നു. അപ്പോഴാണ് അക്രമത്തിന്റെ കാരണം മനസിലായത്. പെട്ടെന്ന് മൂക്കിന് ഇരുമ്പുണ്ടകൊണ്ട് ഇടികിട്ടി. മൂക്കിൽ നിന്ന രക്തം ചീറ്റിത്തെറിച്ചു. അത് തറയിൽവീണ് അതിൽ ചവിട്ടി നിലത്ത് തലയിടിച്ച് വീണു. മരവിപ്പനുഭവിച്ച് തളർന്നുപോയി.

അപ്പോഴാണ് യൂണിഫോമും വസ്ത്രങ്ങളുമഴിച്ചുമാറ്റി പരിപൂർണ നഗ്‌നനാക്കി നട്ടെല്ല് അടിച്ചു തകർക്കുന്നത്. ചെവിയും മുഖവും ശരീരവുമെല്ലാം മുറിവുകളായിരുന്നു. മരിച്ചു എന്ന് ഉറപ്പുവരുത്തിയാണ് അവർ അവിടംവിട്ടുപോയത്. രണ്ടരമണിക്കൂർ നേരത്തേക്ക് അവിടേക്ക് ആരും വന്നില്ല. ഒരുകിലോമീറ്റർ അകലെയായിരുന്നു പൊലീസ് സ്റ്റേഷൻ എന്നോർക്കണം. സിപിഎമ്മിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇതെന്ന് മനസിലാക്കുന്നു. സിപിഐഎം നേതാവും തളിപ്പറമ്പ് മുനിസിപ്പൽ വൈസ് ചെയർമാനുമായ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ളവരാണ് അന്ന് മർദിച്ചത്. മരിച്ചില്ലെന്ന് മനസിലാക്കിയപ്പോഴാണ് എവിടെനിന്നോ ഒരു പെണ്ണിനെ എത്തിച്ച് കേസ്, അനാശാസ്യമാക്കി മാറ്റുന്നത്.-രാധാകൃഷ്ണൻ പറയുന്നു.

അനാശാസ്യ ആരോപണത്തെത്തുടർന്ന് രാധാകൃഷ്ണനെ അന്നത്തെ ഇടതുസർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് 2012 ൽ സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച അന്നത്തെ ഇന്റലിജൻസ് മേധാവി ടി പി സെൻകുമാർ രാധാകൃഷ്ണനെതിരേ നടന്ന അനാശാസ്യ ആരോപണം കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു. ഇതു വ്യക്തമാക്കി ഡിജിപിക്ക് അന്ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും യാതൊരു നടപടികളുമുണ്ടായില്ല. തുടർന്ന് കേസ് റദ്ദാക്കാൻ രാധാകൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചു. യഥാർത്ഥ പ്രതികളെ കണ്ടെത്തിയ ഉദ്യോഗസ്ഥന്റെ സൽപ്പേര് കളങ്കപ്പെടുത്താനുള്ള ശ്രമമാണിതെന്ന് ഹൈക്കോടതി കണ്ടെത്തുകയും അനാശാസ്യക്കേസ് റദ്ദാക്കുകയും ചെയ്തു. സസ്പെൻഷൻ പിൻവലിക്കാനും ജസ്റ്റിസ് വി രാംകുമാർ ഉത്തരവിട്ടിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പകപോക്കലാണിതെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു.

ഫസൽ വധക്കേസ് അന്വേഷണം സിപിഎം പവർത്തകരിലേക്കു തിരിഞ്ഞതിന്റെ പ്രതികാരത്തിലാണ് കെ.രാധാകൃഷ്ണനെ 2006ൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ ക്രൂരമായി മർദിച്ച് അനാശാസ്യക്കേസിൽ കുടുക്കിയതാണെന്ന് ഇന്റലിജൻസും കണ്ടെത്തിയിരുന്നു. 2012ൽ ഡിജിപിക്കു ലഭിച്ച പരാതിയെത്തുടർന്ന് ഇന്റലിജൻസ് മേധാവിയായിരുന്ന ടി.പി.സെൻകുമാറാണ് ഇക്കാര്യം അന്വേഷിച്ചത്. 2006 ഒക്ടോബറിൽ തലശേരിക്കു സമീപം എൻഡിഎഫ് പ്രവർത്തകനായിരുന്ന മുഹമ്മദ്ഫസൽ കൊല്ലപ്പെട്ട കേസിൽ ബിജെപിആർഎസ്എസ് പ്രവർത്തകരെയാണു സിപിഎം പഴിചാരിയിരുന്നതെങ്കിലും സിപിഎമ്മുകാരാണു യഥാർഥ പ്രതികളെന്ന് അന്നത്തെ ഡിസിആർബി ഡിവൈഎസ്‌പി കണ്ടെത്തിയിരുന്നു.

ഫസൽ കേസിൽ സിപിഎമ്മിലെ കാരായിമാരിലേക്ക് അന്വേഷണം തിരിഞ്ഞതോടെ അന്വേഷണം അവസാനിപ്പിക്കാൻ മുകളിൽനിന്നു തുടരെ നിർദ്ദേശം വന്നു. എന്നാൽ, കിട്ടിയെ തെളിവുകളുടെ അടിസ്ഥാനത്തിലും ഫോൺ വിളികൾ പരിശോധിച്ചതിലും ഉന്നതരായ പ്രതികളിലേക്കു രാധാകൃഷ്ണന്റെ അന്വേഷണം നീണ്ടു. പക്ഷേ, പത്താം ദിവസം ഇദ്ദേഹത്തെ അന്വേഷണച്ചുമതയിൽനിന്നു മാറ്റി. കൊടി സുനിയെ ചോദ്യം ചെയ്യാൻ വിളിച്ചതിന്റെ അടുത്ത ദിവസമാണു മാറ്റിയത്. രാധാകൃഷ്ണൻ നട്ടെല്ലിനു പരുക്കേറ്റ് ഒന്നര വർഷത്തോളം ചികിൽസയിലുമായിരുന്നു. ഇക്കാര്യമെല്ലാം വിശദമാക്കി 2012ൽ അന്വേഷണം നടത്തിയ സെൻകുമാർ ഡിജിപിക്കു റിപ്പോർട്ട് നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ല.

ഇത്തരമൊരു കേസാണ് രാധാകൃഷ്ണനെ സിപിഐഎം നേതാക്കളും സൈബർ അണികളും വീണ്ടും ഉന്നയിക്കുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പോലും രാധാകൃഷ്ണനെതിരേ അനാശാസ്യ ആരോപണം ഉന്നയിച്ചു. കോടതി വെറുതെ വിട്ട കേസിലാണ് ഇപ്പോഴും സിപിഎം ആക്രമണം തുടരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP