Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൃശൂരിൽ നിന്ന് ഹെലികോപ്ടറിൽ പറന്നെത്തി മന്ത്രിസഭാ യോഗം; കൊല്ലത്ത് നിൽക്കാൻ കലോത്സവവും ഒഴിവാക്കി; ജില്ലാ സമ്മേളനങ്ങളിൽ ഉദ്ഘാടകനായി പിണറായി നിറയുമ്പോൾ ഒതുക്കപ്പെടുന്നത് പോളിറ്റ് ബ്യൂറോയുടെ സ്വന്തം 'ബേബി'; പാർട്ടി വേദികളിൽ നിറയുന്നത് മുഖ്യമന്ത്രിയും സെക്രട്ടറിയും മാത്രം; യച്ചൂരിയോട് എംഎ ബേബി പരിഭവം പറഞ്ഞെന്ന് സൂചന; ഇടപെട്ട് നാണംകെടാൻ മടിച്ച് ജനറൽ സെക്രട്ടറിയും; സിപിഎം കണ്ണൂർ ലോബിയുടെ നിയന്ത്രണത്തിൽ തന്നെ

തൃശൂരിൽ നിന്ന് ഹെലികോപ്ടറിൽ പറന്നെത്തി മന്ത്രിസഭാ യോഗം; കൊല്ലത്ത് നിൽക്കാൻ കലോത്സവവും ഒഴിവാക്കി; ജില്ലാ സമ്മേളനങ്ങളിൽ ഉദ്ഘാടകനായി പിണറായി നിറയുമ്പോൾ ഒതുക്കപ്പെടുന്നത് പോളിറ്റ് ബ്യൂറോയുടെ സ്വന്തം 'ബേബി'; പാർട്ടി വേദികളിൽ നിറയുന്നത് മുഖ്യമന്ത്രിയും സെക്രട്ടറിയും മാത്രം; യച്ചൂരിയോട് എംഎ ബേബി പരിഭവം പറഞ്ഞെന്ന് സൂചന; ഇടപെട്ട് നാണംകെടാൻ മടിച്ച് ജനറൽ സെക്രട്ടറിയും; സിപിഎം കണ്ണൂർ ലോബിയുടെ നിയന്ത്രണത്തിൽ തന്നെ

ബി രഘുരാജ്

കൊല്ലം: ഓഖി ഫണ്ടിൽ നിന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്ടർ യാത്ര വിവാദത്തിലായി. പിന്നീട് സർക്കാർ തീരുമാനം മരവിപ്പിച്ചു. പാർട്ടി ജില്ലാ സമ്മേളനങ്ങളിലേക്കുള്ള ഓട്ടത്തിനിടെയാണ് ഹെലികോപ്ടർ വില്ലനാകാനെത്തിയത്. ഇതിന് കാരണം പാർട്ടിയുടെ ചിട്ടകളാണ്. ജില്ലാ സമ്മേളനത്തിങ്ങളിൽ അതാത് സംസ്ഥാനത്തെ പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ സാന്നിധ്യം വേണമെന്നാണ് പൊതുവേയുള്ള രീതി. ഇതിന് വേണ്ടിയാണ് ഭരണം മറന്നുള്ള പിണറായിയുടെ യാത്രകൾ. അതിനിടെയാണ് പരാതിയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി എത്തുന്നത്. പോളിറ്റ് ബ്യൂറോ അംഗമെന്ന പരിഗണന ഒരു ജില്ലയിലും തനിക്ക് കിട്ടിയില്ലെന്ന് സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിയെ ബേബി അറിയിച്ചെന്നാണ് സൂചന.

കേരളത്തിൽ നിന്ന് സിപിഎമ്മിന് 4 പോളിറ്റ് ബ്യൂറോ അംഗങ്ങളാണുള്ളത്. എസ് രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, പിന്നെ എംഎ ബേബിയും. ജില്ലാ സമ്മേളനങ്ങളുടെ പ്രതിനിധി സമ്മേളനവും പൊതു സമ്മേളനവും പോളിറ്റ് ബ്യൂറോ അംഗങ്ങൾ ചെയ്യണമെന്നാണ് തത്വം. ഇതനുസിച്ചാണ് കേരളത്തിലും ജില്ലാ സമ്മേളനങ്ങൾ പുരോഗമിക്കുന്നത്. എല്ലായിടത്തും പോളിറ്റ് ബ്യൂറോ അംഗങ്ങളെ ഇതിനായി നിശ്ചയിച്ചു. എന്നാൽ 14 ജില്ലകളെ രണ്ടായി തരംതിരിച്ച് പിണറായിയും കോടിയേരിയും ആണ് ഉദ്ഘാടകന്മാർ. ചില ജില്ലകളിൽ പൊതു സമ്മേളനവും പ്രതിനിധി സമ്മേളനവും ഒരാൾ തന്നെ ഉദ്ഘാടനം ചെയ്തു. ഇത് നീതി കേടാണെന്നാണ് ബേബിയുടെ പക്ഷം. തന്റെ സ്വന്തം ജില്ലയായ കൊല്ലത്ത് പോലും തനിക്ക് മതിയായ അവസരമോ വേദിയോ നൽകിയില്ല. ഇത് അവഗണനയാണെന്ന് ബേബി പറയുന്നു.

പാർട്ടിയെ കൈപ്പടിയിൽ ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതുകൊണ്ടാണ് കണ്ണൂരിലെ പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ നേതൃത്വത്തിൽ ജില്ലാ സമ്മേളനങ്ങൾ തന്ത്രപരമായി നടക്കുന്നത്. ബേബിയെ സമ്മേളനങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നത് ശരിയല്ലെന്ന് അഭിപ്രായമുള്ളവരും ഉണ്ട്. എന്നാൽ ഇക്കാര്യം ആരും പുറത്തു പറയില്ല. അതു പറഞ്ഞാൽ അയാൾ പാർട്ടിക്ക് പുറത്താകും. ഇതാണ് അവസ്ഥ-എംഎ ബേബിയെ മാറ്റി നിർത്തുന്നതിനെ കുറിച്ച് സിപിഎം നിരീക്ഷകൻ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. സർക്കാരിനെതിരെ വിമർശനം ഉയരാൻ തക്കവണ്ണമുള്ള സാഹചര്യമുണ്ട്. കെഎം മാണിയുമായുള്ള ബന്ധവും സിപിഎം താൽപ്പര്യത്തിന് ചേരുന്നതല്ല. ഇത്തരം വിഷയങ്ങളിൽ സംഘടനാ കരുത്ത് കാട്ടി തീരുമാനങ്ങൾ എടുപ്പിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. പഴയതു പോലെ വി എസ് അച്യുതാനന്ദനും നടപടികളൊന്നും ചോദ്യം ചെയ്യുന്നില്ല-അദ്ദേഹം പറഞ്ഞു.

ഓഖിയിലെ ഹെലികോപ്ടർ യാത്ര സർക്കാരിന്റെ പ്രതിച്ഛായയെ തകർക്കുന്നതാണ്. ബാർ കോഴയിലെ പ്രതികളെ വിജിലൻസ് വെറുതെ വിടുന്നു. കൊല്ലത്താണ് വിഎസിന്റെ മട. ഇവിടെ ഇപ്പോഴും വി എസ് പക്ഷക്കാർ സജീവമാണ്. അതുകൊണ്ടാണ് തൃശൂരിലെ കലോത്സവം പോലും ഒഴിവാക്കി മുഖ്യമന്ത്രി കൊല്ലത്ത് എത്തിയത്. യഥാർത്ഥത്തിൽ സംഘടനാ പരമായി ബേബിയെ കൊണ്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യിക്കാമായിരുന്നു. അദ്ദേഹവും പോളിറ്റ് ബ്യൂറോ അംഗമാണ്. ഈ വസ്തത ചർച്ചയാക്കാൻ പോലും ആരും ആഗ്രഹിക്കുന്നില്ല. കൊല്ലം ലോക്‌സഭയിൽ ബേബിയെ നിർത്തി തോൽപ്പിച്ചതാണെന്ന ആരോപണവും ശക്തമാണ്. ഇതൊന്നും കൊല്ലത്ത് ചർച്ചയാകാതിരിക്കാൻ ബോധപൂർവ്വം ഇടപെടലുകൾ നടന്നു. ജില്ലാ സമ്മേളനങ്ങളിലെ സെമിനാറുകൾ മാത്രമാണ് ബേബിക്ക് ഇന്നുള്ള ആശ്വാസം-സിപിഎമ്മിലെ പ്രമുഖർ തന്നെ കാര്യങ്ങളെ വിലയിരുത്തുന്നത് ഇങ്ങനെയാണ്.

സിപിഎം സമ്മേളനങ്ങളിൽ ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഇത്രവലിയ സ്വാധീനം ഉണ്ടാകുന്നത്. ബേബിയെ കൂടി വിശ്വാസത്തിലെടുത്തിരുന്നുവെങ്കിൽ കേരളത്തിലെ സമ്മേളനങ്ങളിൽ ഈ പോളിറ്റ് ബ്യൂറോ അംഗത്തേയും സമർത്ഥമായി ഉപയോഗിക്കാം. പ്രെസീഡിയത്തിന്റെ ചുമതലയിൽ ബേബിയേയും ഇരുത്താം. ഇതോടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കാൻ പിണറായിക്ക് കഴിയും. പക്ഷേ ബേബിയെ മാറ്റുകയാണ് ചെയ്യുന്നത്. കേരളത്തിൽ നിന്നുള്ള മറ്റൊരു പോളിറ്റ് ബ്യൂറോ അംഗമായ എസ് രാമചന്ദ്രൻ പിള്ളയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ബേബിയെ സജീവമാക്കുകയാണ് വേണ്ടതെന്നാണ് സിപിഎമ്മിൽ പൊതുവേയുള്ള വിലയിരുത്തൽ.

ആലപ്പുഴയിലും കാര്യങ്ങൾ തകിടം മറിയും. എങ്ങനേയും തോമസ് ഐസക്കിനെ ഒതുക്കാനാണ് നീക്കം. പാർട്ടിക്കുള്ളിലെ എതിർ സ്വരങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമാണ് ഇത്. വിഎസിനെ മൂലയ്ക്കിരുത്തിയ അതേ തന്ത്രം ബേബിയിലും പ്രയോഗിക്കുകയാണ്. പോളിറ്റ് ബ്യൂറോ അംഗത്തിന് ഒരു പരിഗണനയും സംസ്ഥാന സമ്മേളനത്തിലും ലഭിക്കില്ലെന്ന് ഇവർ പറയുന്നു. കോടിയേരിയും പിണറായും തമ്മിൽ ഇക്കാര്യത്തിൽ ധാരണയുണ്ടായിട്ടുണ്ട്. ഇവർക്ക് താൽപ്പര്യമുള്ളവരുടെ കൂടാരമായി സംസ്ഥാന സമിതിയും മാറും. ഇതിന് വേണ്ട തയ്യാറെടുപ്പുകളാണ് ജില്ലാ സമ്മേളനത്തിൽ നടക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തെ ബേബി അതൃപ്തി അറിയിക്കുന്നതും. എന്നാൽ കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളിൽ ഇടപെടാനുള്ള കരുത്ത് യെച്ചൂരിക്കില്ല.

കേരളത്തിലും ത്രിപുരയിലും മാത്രമാണ് സിപിഎമ്മിന് ഭരണമുള്ളത്. ബംഗാളിലെ പ്രതാപം പോയി. ഇതോടെ സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വത്തിലും കേരള ഘടകത്തിന് മേൽകോയ്മ കൂടി. പ്രകാശ് കാരാട്ടിനൊപ്പമാണ് പിണറായിയും കോടിയേരിയും. അതുകൊണ്ട് തന്നെ യെച്ചൂരിയുടെ വാക്കുകളെ മുഖവിലയ്ക്ക് എടുക്കാൻ കേരളം തയ്യാറാവില്ല. കോൺഗ്രസുമായുള്ള ബന്ധത്തിലും ഈ എതിർപ്പ് പ്രകടമായിരുന്നു. യെച്ചൂരി കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യത്തിന് വേണ്ടി വാദിച്ചപ്പോൾ അതിനെ പ്രകാശ് കാരാട്ട് തള്ളിക്കളഞ്ഞു. പിബിയിലും കേന്ദ്ര കമ്മറ്റിയിലും പാർട്ടി ജനറൽ സെക്രട്ടറി ഒറ്റപ്പെട്ടു. ഈ സാഹചര്യത്തിന് കാരണമായത് കേരളത്തിൽ നിന്ന് പ്രകാശ് കാരാട്ടിന് കിട്ടിയ പിന്തുണയാണ്. അതുകൊണ്ട് തന്നെ ബേബിയുടെ പരാതിയിൽ യെച്ചൂരി നിസ്സഹായനുമാണ്.

കേരളത്തിൽ ഇതുവരെ ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായ ഒരിടത്തും വിമതപ്രശ്‌നമുണ്ടായില്ല. എല്ലായിടത്തും പിണറായി ആഗ്രഹിക്കുന്നതു പോലെയാണ് കാര്യങ്ങൾ നടക്കുന്നത്. പിണറായിയുമായി കോടിയേരി തീർത്തും നല്ല ബന്ധത്തില്ല. എങ്കിൽ പോലും പിണറായിയെ എതിർക്കാനുള്ള കരുത്ത് തനിക്കില്ലെന്ന് കോടിയേരിക്ക് അറിയാം. ഈ സാഹചര്യത്തിലാണ് ഇരു നേതാക്കളും ഒരു വഴിയിൽ മുന്നോട്ട് പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP