Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജയസൂര്യയുടെ കരുത്ത് കണ്ടെത്തി ലങ്കയെ ചാമ്പ്യന്മാരാക്കി; കോലിയുടെ ജൈത്രയാത്ര തുടങ്ങിയതും ഈ ഓസ്ട്രേലിയൻ കോച്ചിന് കീഴിൽ; ബംഗ്ലാ കടുവുകളുടെ വീര്യം പുറത്തെത്തിച്ചും ശ്രദ്ധേയനായി; ലോകോത്തര കോച്ചിനെ എത്തിച്ച് കേരളാ ക്രിക്കറ്റിനെ പിടിച്ചുയർത്താൻ കരുക്കൾ നീക്കി ടിസി മാത്യു; ഡേവ് വാട്മോർ കേരളാ പരിശീലകൻ ആയേക്കും

ജയസൂര്യയുടെ കരുത്ത് കണ്ടെത്തി ലങ്കയെ ചാമ്പ്യന്മാരാക്കി; കോലിയുടെ ജൈത്രയാത്ര തുടങ്ങിയതും ഈ ഓസ്ട്രേലിയൻ കോച്ചിന് കീഴിൽ; ബംഗ്ലാ കടുവുകളുടെ വീര്യം പുറത്തെത്തിച്ചും ശ്രദ്ധേയനായി; ലോകോത്തര കോച്ചിനെ എത്തിച്ച് കേരളാ ക്രിക്കറ്റിനെ പിടിച്ചുയർത്താൻ കരുക്കൾ നീക്കി ടിസി മാത്യു; ഡേവ് വാട്മോർ കേരളാ പരിശീലകൻ ആയേക്കും

അരുൺ ജയകുമാർ

തിരുവനന്തപുരം: കേരള ക്രിക്കറ്റിന്റെ മുഖം മാറ്റാൻ പുതു തന്ത്രങ്ങളുമായി കേരളാ ക്രിക്കറ്റ് അസോസിയേഷൻ. ലോകോത്തര പരിശീലകനെ എത്തിച്ച് താരങ്ങളിൽ ആത്മവിശ്വാസം വളർത്താനാണ് നീക്കം. ഈ സീസണിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കേരളാ ടീമിന്റെ പരിശീലകനായി ശ്രീലങ്കയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റർ ഡേവ് വാട്‌മോർ എത്തുമെന്നാണ് സൂചന. അന്താരാഷ്ട്രതലത്തിൽ ഏറെ ശ്രദ്ധേയനായ വാട്‌മോറുമായി ഇതുസംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. എല്ലാം ശുഭകരമാകുമെന്നാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ പ്രതീക്ഷ.

കഴിഞ്ഞ രഞ്ജി സീസണിൽ കേരളത്തിന്റെ പ്രകടനം മെച്ചപ്പെട്ടതായിരുന്നില്ല. ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താനും പ്രതിഭയുള്ള കൂടുതൽ യുവതാരങ്ങളെ ടീമിലേക്ക് കൊണ്ട് വരികയൂം ഇതിലൂടെ അടുത്ത ഗ്രൂപ്പിലേക്ക് യോഗ്യത നേടത്തക്ക പ്രകടനം നടത്തി ഭാവിയിലേക്ക് ടീമിനെ വാർത്തെടുക്കുകയെന്നതുമാണ് ലക്ഷ്യം. ഡേവ് വാട്മാേറുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും കേരളാ ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റിയെഴുതാൻ പോകുന്ന തീരുമാനമാണ് ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നതെന്നും ഒരു മുതിർന്ന കെസിഎ ഭാരവാഹി മറുനാടൻ മലയാളിയോട് പറഞ്ഞു. ബിസിസിയുടെ വൈസ് പ്രസിഡന്റായിരുന്ന ടിസി മാത്യുവാണ് ചർച്ചകൾക്ക് മുൻകൈയെടുത്തത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ മാത്യുവിനുള്ള പരിചയം തന്നെയാണ് മുതൽകൂട്ടായത്. കഴിഞ്ഞ സീസണിനിടെ ചെന്നൈയിൽ വച്ച് കേരളാ ക്രിക്കറ്റ് താരങ്ങളുമായി വാട്‌മോർ ആശയ വിനിമയം നടത്തിയിരുന്നു. ഇതിന് ശേഷമാണ് വാട്‌മോറിനെ കോച്ചാക്കാനുള്ള സാധ്യത കേരളം തേടിയത്.

ഡേവ് വാട്മോറിന്റെ വരവ് വലിയ പ്രതീക്ഷകളാണ് കേരളാ ക്രിക്കറ്റിന് നൽകുന്നത്. ചില്ലറക്കാരനല്ല വാട്മോറെന്ന് എല്ലാവർക്കുമറിയാം. ശരാശരി ടീമായിരുന്ന ശ്രീലങ്ക 1996ൽ ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിയത് വാട്മോറിന്റെ പരിശീലനത്തിലായിരുന്നു. പ്രതിഭകളെ കണ്ടെത്താനും അവരെ വേണ്ടപോലെ ഉപയോഗിക്കാനും പ്രത്യേകമായ കഴിവ് തന്നെയുണ്ട് വാട്മോറിന്. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് വാട്മോറിന്. ഈ ചരിത്രത്തിലാണ് കേരളാ ക്രിക്കറ്റിന്റെ പ്രതീക്ഷയും. കഴിഞ്ഞ സീസണിൽ മറ്റ് സംസ്ഥാനത്ത് നിന്നും കളിക്കാരെ കൊണ്ട് വന്നിരുന്നുവെങ്കിലും കേരളത്തിന് പ്രതീക്ഷിച്ച ഗുണം ലഭിച്ചിരുന്നില്ല. ഇഖ്ബാൽ അബ്ദുള്ളയും ജലജ് സക്സേനയും ടീമിലെത്തിയിട്ടും പ്രത്യേകിച്ച് ഗുണമൊന്നും ലഭിച്ചില്ല. കേരളത്തിന്റെ പ്രകടനം ഏറെ പിന്നോക്കം പോയി.

പതിവ് പോലെ തന്നെ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാതെയാണ് ഈ വർഷവും കേരളാ ടീം രഞ്ജി ട്രോഫിയിൽ പുറത്തായത്. വിജയ് ഹസാരെ ട്രോഫി ഏകദിന പരമ്പരയിലും ടീം പ്രാഥമിക റൗണ്ടിൽ തന്നെ പുറത്തായി. കഴിഞ്ഞ വർഷങ്ങളിൽ ട്വന്റി ട്വന്റി ക്രിക്കറ്റിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്ന ടീം ഈ സീസണിൽ ട്വന്റി ട്വന്റി ടൂർണമെന്റായ മുഷ്താഖ് അലി ട്രോഫിയിലും തിളങ്ങിയില്ല. കഴിഞ്ഞ വർഷം ബറോഡ, മുംബൈ ടീമുകൾക്ക് ഉൾപ്പടെ വെല്ലുവിളിയുയർത്തിയ ടീം ഈ സീസണിൽ അനായസ ജയത്തിലേക്ക് പോയ മത്സരങ്ങളിൽ പോലും അപ്രതീക്ഷിത തോൽവി ഏറ്റ് വാങ്ങിയിരുന്നു.

ഈ സാഹചര്യത്തിലാണ് കൂടുതൽ മിടുക്കരായ യുവാക്കളെ കണ്ടെത്തി ക്രിക്കറ്റിന്റെ വെല്ലുവിളികളെ അതിജീവിക്കുന്ന രീതിയിലുള്ള പരീശീലനം ലഭിക്കുന്നതിന് അവസരമൊരുക്കുക എന്ന തീരുമാനത്തിലേക്ക് കേരള ക്രിക്കറ്റ് അസോസിയേഷനെത്തിയത്. മുൻപ് ബാംഗ്ലൂർ സ്വദേശിയായ വേദം ഹരിഹരൻ പരിശീലകനായിരുന്ന സമയത്താണ് കേരളത്തിന്റെ യുവ നിര മികച്ച ഫോമിലെത്തിയത്. റോഹൻ പ്രേമും റൈഫി വിൻസന്റ് ഗോമസും സച്ചിൻ ബേബിയും അടക്കമുള്ള താരങ്ങളെ വളർത്തിയതിൽ വേദം ഹരിഹരന് നിർണ്ണായക പങ്കുണ്ടായിരുന്നു. ഈ കാലഘട്ടം കേരളാ ക്രിക്കറ്റിന് മികച്ചതായിരുന്നുവെന്ന് നിസംശ്ശയം പറയുകയും ചെയ്യാം. ഓസ്ട്രേലിയയിലെ പ്രമുഖ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലകൻ കൂടിയായിരുന്ന സമയത്താണ് റൈഫി, റോഹൻ അടക്കം ഇരുപത്തിയഞ്ചോളം താരങ്ങളെ അവിടെയെത്തിച്ച് അന്താരാഷ്ട്ര താരങ്ങൾക്ക് ഒപ്പം പരിശീലനം നൽകിയിരുന്നതും. ഇതിന് മുൻകൈയെടുത്തതും ടിസി മാത്യുവായിരുന്നു.

രണ്ട് സീസണിൽ കേരളത്തിനെ ഹരിഹരൻ പരിശീലിപ്പിച്ചു. രഞ്ചി ട്രോഫി എലൈറ്റ് ഡിവിഷനിലേക്ക് യോഗ്യത നേടുന്നതിന് തൊട്ടടുത്ത് വരെ ത്തെിയിരുന്നു. പിന്നീട് ഹരിഹരന് ശേഷം പരിശീലകരായത് മലയാളികളായിരുന്നു. ഇടക്കാലത്ത് സായ് രാജ് ബഹുതുലെ പരിശീലകനാവുകയും ചെയ്തു. കഴിഞ്ഞ സീസണിൽ സഞ്ചു സാംസണുമായുള്ള വിഷയങ്ങൾ ടീമിന്റെ പ്രകടനത്തെ ബാധിച്ചുവെന്നാണ് വിലയിരുത്തൽ.പിന്നീട് സീസണിന്റെ പാതി വഴിയിൽ പരിശീലകൻ പി ബാലചന്ദ്രനെ പുറത്താക്കുകയും മുൻ ഇന്ത്യൻ താരം ടിനു യോഹന്നാന് പരിശീകന്റെ ചുമതല നൽകുകയും ചെയ്തു. സീസണിന്റെ അവസാനം തിരിഞ്ഞ് നോക്കുമ്പോൾ കേരളത്തിന്റെ പ്രകടനം ശരാശരിയിലും താഴെ മാത്രം.

ഡേവ് വാട്മോർ എന്ന പരിശീലകന് പ്രായം ഇപ്പോൾ 62 കഴിഞ്ഞിരിക്കുന്നു. പഴയ കാലത്തെ പ്രതാപമില്ല കൂട്ടിന്. 9 മാസത്തെ കരാർ ബാക്കി നിൽകെയാണ് സിംബാബവെ ദേശീയ ടീമിനോട് വാട്മോർ ബൈ ബൈ പറഞ്ഞത്. ശ്രീലങ്കയിൽ ജനിച്ച ഓസ്ട്രേലിയൻ താരമാണ് വാട്മോർ 7 ടെസ്റ്റിലും ഒരു ഏകദിനത്തിലും മാത്രമാണ് വാട്മോർ ഓസ്ട്രേലിയൻ ജഴ്സിയണിഞ്ഞത്. കളിക്കാരനെന്ന നിലയിൽ വലിയ പ്രകടനമൊന്നും നടത്തിയില്ലെങ്കിലും പരിശീലകനെന്ന നിലയിൽ സമാനതകളില്ലാത്ത നേട്ടങ്ങളാണ് വാട്മോർ സ്വന്തം പേരിൽ കുറിച്ചത്. 1996ൽ ഒരു സാധ്യതയും കൽപ്പിക്കപ്പെടാതിരുന്ന ശ്രീലങ്കൻ ടീമിനെ ജേതാക്കളാക്കിയാണ് വാട്മോർ വരവറിയിച്ചത്. പിന്നീട് 2003ൽ ശ്രീലങ്കൻ ടീമിനെ സെമിവരെ എത്തിക്കുകയും ചെയ്തു.

2000ൽ ടെസ്റ്റ് അരങ്ങേറ്റം നടത്തിയിട്ടും മികച്ച പ്രകടനം നടത്താനാകാതിരുന്ന ബംഗ്ലാദേശിനെ ആദ്യ ടെസ്റ്റ് ജയത്തിലേക്ക് നയിച്ചത് വാട്മോറാണ്. ഒന്നിന് പിന്നാലെ ഒന്നായി ബംഗ്ലാദേശ് താരങ്ങൾ കൂടാരം കേറുകയും 100 റൺസ് പേലും നേടാനാകാത്തവരെന്ന ചീത്തപ്പേരും പേറിയിരുന്ന സമയത്താണ് വാട്മോർ ബംഗ്ലാദേശിന്റെ ചുമതലയേറ്റെടുക്കുന്നത്. 2007 ലോകകപ്പിൽ പ്രാഥമിക റൗണ്ടിൽ ഇന്ത്യയെ അട്ടിമറിച്ച് സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയിരുന്നു. തമീം ഇഖ്ബാൽ മുഷ്ഫിഖുർ റഹീം, ഷക്കീബ് അൽ ഹസൻ തുടങ്ങിയ താരങ്ങളെ ഉയർത്തികൊണ്ട വന്നതും വാട്മോറാണ്. പ്രതാപ കാലത്തെ ഒസ്ട്രേലിയൻ ടീമിനെ ബംഗ്ലാദേശ് പരാജയപ്പെടുത്തി ലോകത്തെ ഞെട്ടിച്ചതും വാട്മോറിന്റെ കീഴിലായിരുന്നു

പിന്നീട് 2008ൽ ഇപ്പോഴത്തെ ഇന്ത്യൻ നായകൻ വിരാട് കൊലിയുടെ നേതൃത്വത്തിലുള്ള ടീം അണ്ടർ 19 ലോക കിരീടം ചൂടിയതും വാട്മോറിന്റെ പരിശീലനത്തിലായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ വാട്മോറിനൈ ഇന്ത്യൻ ടീമിന്റെ പരിശീലകനായി നിയമിക്കാൻ ചില നീക്കങ്ങൾ നടന്നെങ്കിലും അവസാന നിമിഷം അത് നടക്കാതെ പോവുകയായിരുന്നു. ഐപിൽ ആദ്യ സീസൺ മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകനായിരുന്ന വാട്മോർ 2012ൽ അവരെ ചാമ്പ്യന്മാരാക്കിയാണ് മടങ്ങിയത്. 2012ൽ പാകിസ്ഥൻ പരിശീലകനായും വാട്മോർ സേവനമനുഷ്ടിച്ചിട്ടുണ്ട്.

കുഞ്ഞൻ ടീമുകളെകൊണ്ട് വൻ മരങ്ങളെ അട്ടിമറിപ്പിച്ച ശീലമുള്ള വാട്മോർ കേരളത്തിലേക്കെത്തുമ്പോൾ ഭാവി ശോഭനമാകുമെന്ന കടുത്ത ശുഭാപ്തി വിശ്വാസത്തിലാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും. ശ്രീലങ്കയിലും ബംഗ്ലാദേശിലും സൃഷ്ടിച്ച അദ്ഭുതങ്ങൾ ഇങ്ങ് ദൈവത്തിന്റെ സ്വന്തം നാട്ടിലും വാട്മോർ സൃഷ്ടിക്കുമെന്നാണ്  ഏവരും പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP