Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സേവന പ്രവർത്തനങ്ങൾക്കായി ഇന്നസെന്റും കൂട്ടരും രഹസ്യമായി യോഗം ചേർന്നു; താരങ്ങളുടെ സ്‌റ്റേജ് ഷോയിലൂടെ വീണ്ടും സജീവമാകാൻ ചർച്ച; ഇനി സംഘടനയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ദിലീപ്; മമ്മൂട്ടിക്കും താൽപ്പര്യം കുറഞ്ഞു; പ്രസിഡന്റാകാൻ കരുക്കൾ നീക്കി ഗണേശ് കുമാർ; മധുവിന്റെ പേരും സജീവ ചർച്ചയിൽ; മോഹൻലാലിനെ അധ്യക്ഷനും പൃഥ്വി രാജിനെ ജനറൽ സെക്രട്ടറിയാക്കിയും കൂടിയാലോചന; 'അമ്മ'യിലെ പ്രശ്‌നങ്ങളിൽ ജൂൺ വരെ ആശയക്കുഴപ്പം തുടരും

സേവന പ്രവർത്തനങ്ങൾക്കായി ഇന്നസെന്റും കൂട്ടരും രഹസ്യമായി യോഗം ചേർന്നു; താരങ്ങളുടെ സ്‌റ്റേജ് ഷോയിലൂടെ വീണ്ടും സജീവമാകാൻ ചർച്ച; ഇനി സംഘടനയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ദിലീപ്; മമ്മൂട്ടിക്കും താൽപ്പര്യം കുറഞ്ഞു; പ്രസിഡന്റാകാൻ കരുക്കൾ നീക്കി ഗണേശ് കുമാർ; മധുവിന്റെ പേരും സജീവ ചർച്ചയിൽ; മോഹൻലാലിനെ അധ്യക്ഷനും പൃഥ്വി രാജിനെ ജനറൽ സെക്രട്ടറിയാക്കിയും കൂടിയാലോചന; 'അമ്മ'യിലെ പ്രശ്‌നങ്ങളിൽ ജൂൺ വരെ ആശയക്കുഴപ്പം തുടരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദിലീപിന്റെ അറസ്റ്റിനെ തുടർന്നുള്ള പ്രതിസന്ധിക്ക് താര സംഘടനയായ അമ്മയിൽ പൂർണ്ണ പരിഹാരമാകുന്നില്ല. അതിനിടെ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ദിവസങ്ങൾക്ക് മുമ്പ് നടന്നു. സംഘടനയുടെ സേവന പ്രവർത്തനങ്ങൾ മുടങ്ങാതിരിക്കാനായിരുന്നു ഇടപെടൽ. പ്രസിഡന്റ് ഇന്നസെന്റിന്റെ നേതൃത്വത്തിലുള്ള യോഗത്തിൽ മോഹൻലാലോ മമ്മൂട്ടിയോ പങ്കെടുത്തില്ല. താമസിയാതെ മറ്റൊരു യോഗം കൂടി ഉടൻ ചേരും. അമ്മയുടെ ഐക്യം പുറംലോകത്ത് എത്തിക്കാൻ സ്‌റ്റേജ് ഷോ നടത്തുന്നത് സംഘടനയുടെ പരിഗണനയിലുണ്ട്. ഇതിനായാകും എക്‌സിക്യൂട്ടീവ് ഉടൻ ചേരുക. ജൂണിൽ പൊതു യോഗം വരെ മറ്റ് സംഘടനാ പ്രശ്‌നങ്ങൾ ചർച്ച ചെയ്യില്ല. ദിലീപിനെ പുറത്താക്കിയ അവൈലബിൾ എക്‌സിക്യൂട്ടീവ് തീരുമാനത്തിനും എക്‌സിക്യൂട്ടീവ് അംഗീകാരം നൽകിയിട്ടില്ല.

ദിലീപ് വിഷയം ഇനി ചർച്ച ചെയ്യാൻ ഇടയില്ല. നടിയെ ആക്രമിച്ച കേസിലെ കോടതി വിധി വരും വരെ നിലവിലെ സ്ഥിതി തുടരും. അതിനിടെ ഇനി അമ്മയിലേക്കില്ലെന്ന് ദിലീപ് അറിയിച്ചു കഴിഞ്ഞു. സംഘടനാ പ്രവർത്തനത്തിന് സമയം കളയാനില്ലെന്നാണ് ജനപ്രിയ നായകന്റെ നിലപാട്. അടുത്ത പൊതുയോഗത്തിൽ സ്ഥാനം ഒഴിയുമെന്ന് ഇന്നസെന്റും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമവായം ഉണ്ടാക്കാൻ മുതിർന്ന നടന്മാർ നീക്കം തുടങ്ങിയിട്ടുണ്ട്. പ്രസിഡന്റാകാൻ ഗണേശ് കുമാർ കരുക്കൾ നീക്കുന്നുണ്ട്. ദിലീപ് അനുകൂലികളുടെ പിന്തുണയാണ് ഗണേശ് ലക്ഷ്യമിടുന്നത്. എന്നാൽ എല്ലാ വിഭാഗവും പിന്തുണയ്ക്കാൻ തയ്യാറല്ല. മുതിർന്ന നടൻ മധുവിനെ പ്രിസിഡന്റാക്കണമെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. എന്നാൽ സംഘടനയെ മുന്നോട്ട് നയിക്കാൻ മോഹൻലാലാണ് നല്ലതെന്ന അഭിപ്രായമാണ് സജീവമാകുന്നത്. മോഹൻലാലിനെ പ്രസിഡന്റും പൃഥ്വി രാജിനെ ജനറൽ സെക്രട്ടറിയുമാക്കിയുള്ള പാക്കേജ് ചിലർ മുന്നോട്ട് വച്ചു കഴിഞ്ഞു.

സംഘടനയുടെ ചുമതലയിൽ നിന്ന് മമ്മൂട്ടിയും ഒഴിയും. നിലവിൽ ജനറൽ സെക്രട്ടറിയാണ് മമ്മൂട്ടി. ദിലീപ് വിഷയത്തിൽ മമ്മൂട്ടിക്കെതിരെ ഗണേശ് കുമാർ ചില നിലപാട് പ്രഖ്യാപനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അമ്മയോട് മമ്മൂട്ടിക്ക് താൽപ്പര്യക്കുറവ് വരുന്നത്. ഏതായാലും സംഘടന തളരരുതെന്ന അഭിപ്രായം മോഹൻ ലാലിനുണ്ട്. സിനിമയിലെ വനിതാ കൂട്ടായ്മയും ലാലിനൊപ്പമാണ്. ഇതും മോഹൻലാലിനെ പ്രസിഡന്റാക്കാനുള്ള നീക്കങ്ങൾക്ക് കാരണമാണ്. എന്നാൽ ലാലും വിഷയത്തിൽ മനസ്സ് തുറക്കുന്നില്ല. സിനിമാ തിരക്കുകളുമായി ഓടുന്ന ലാൽ നിശബ്ദത തുടരുകയാണ്. യുവാക്കളുടെ പ്രതിനിധിയായ പൃഥ്വിരാജിനെ സംഘടനയുടെ നേതൃത്വം ഏൽപ്പിക്കുന്നത് എല്ലാവരേയും തൃപ്തരാക്കാൻ വേണ്ടിയാണ്. ദിലീപ് വിഷയത്തിൽ പൃഥ്വി രാജ് എടുത്തത് ഉറച്ച തീരുമാനങ്ങളായിരുന്നു. സിനിമയിലെ വനിതാ കൂട്ടായ്മയ്ക്കും പ്രാധാന്യം നൽകും.

ദിലീപിന്റെ അറസ്റ്റോടെ താര സംഘടന തകർന്നുവെന്ന പ്രതീതിയാണ് പുറമേയുള്ളത്. ജനപ്രിയ നായകന്റെ അറസ്റ്റുണ്ടാക്കിയ പ്രതിസന്ധിയിൽ നിന്ന് മലയാള സിനിമ മുക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ എല്ലാവരും ഒറ്റക്കെട്ടാണെന്ന് പുറം ലോകത്തെ അറിയിക്കണം. അതിന് വേണ്ടിയാണ് സ്‌റ്റേജ് ഷോ നടത്തുന്നത്. മുതിർന്ന താരങ്ങൾക്ക് നൽകുന്ന പെൻഷൻ മുടങ്ങാനും പാടില്ല. ഈ തിരിച്ചറിവുകളുടെ അടിസ്ഥാനത്തിലാണ് അമ്മയുടെ എക്‌സിക്യൂട്ടീവ് ഇന്നസെന്റിന്റെ നേതൃത്വത്തിൽ നടന്നത്. സാമ്പത്തിക കാര്യങ്ങളിൽ എക്‌സിക്യൂട്ടീവ് തീരുമാനം സംഘടനയ്ക്ക് അനിവാര്യതയാണ്. ഈ ടേമോടെ സ്ഥാനം ഒഴിയുമെന്ന് ഇന്നസെന്റ് വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിലും സംഘടനയുടെ ദൈനംദിന പരിപാടികൾ മുടങ്ങാതിരിക്കാനുള്ള കരുതലാണ് ഇന്നസെന്റ് എടുക്കുന്നത്. മോഹൻലാലിനോടും മമ്മൂട്ടിയോടും ഇന്നസെന്റ് കാര്യങ്ങൾ ചർച്ച ചെയ്യുന്നുമുണ്ട്. മമ്മൂട്ടിയും അടുത്ത തവണ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയും.

ഈയിടെ കെ.ബി ഗണേശ്‌കുമാറുമായി ദിലീപ് ചർച്ച നടത്തിയിരുന്നു. ഗണേശ്‌കുമാറിന്റെ പത്തനാപുരത്തെ വീട്ടിൽ വച്ചാ.ിരുന്നു് കൂടിക്കാഴ്ച. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായതിനു പിന്നാലെ നടൻ ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കിയ നടപടിയെ വിമർശിച്ച് അമ്മ വൈസ് പ്രസിഡന്റുകൂടിയായ കെ.ബി ഗണേശ്‌കുമാർ എംഎ‍ൽഎ. രംഗത്തെത്തിയിരുന്നു അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ദിലീപിനെ പുറത്താക്കണമെന്ന് പറഞ്ഞത് മമ്മൂട്ടിയാണെന്നും പൃഥ്വിരാജിനെപ്പോലുള്ളവരെ പ്രീണിപ്പിക്കാൻ വേണ്ടിയാണിത് ചെയ്തതെന്നാണ് താൻ കരുതുന്നതെന്നും ഗണേശ്‌കുമാർ പറഞ്ഞിരുന്നു. അമ്മയുടെ ഭാഗമാകാൻ താൽപര്യമുണ്ടെങ്കില് ഇനി ദിലീപിന് അമ്മയിലേക്ക് വരാമെന്നും അദ്ദേഹത്തിന്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ പൊന്നുകൊണ്ടു പുളിശേരി വെച്ചുതരാമെന്ന് പറഞ്ഞാലും അമ്മയിലെന്നല്ല ഒരു അസോസിയേഷനും ചേരില്ലെന്നും ഗണേശ് കുമാർ പറഞ്ഞിരുന്നു. ഇതാണ് മമ്മൂട്ടിയെ സംഘടനയിൽ നിന്ന് അകറ്റിയത്.

ഇതിന് പിന്നാലെ ഗണേശിന്റെ പിന്തുണയോടെ അമ്മയുടെ അധ്യക്ഷനാകാൻ ഗണേശ് കരുനീക്കം തുടങ്ങി. എന്നാൽ മോഹൻലാലും മമ്മൂട്ടിയും പോലും ഇത് അംഗീകരിക്കുന്നില്ല. വിവാദങ്ങളില്ലാത്ത വ്യക്തി അധ്യക്ഷനാകണമെന്നാണ് അവരുടെ നിലപാട്. മധുവിലേക്കും ബാലചന്ദ്ര മേനോനിലേക്കും ചർച്ചകളെത്തി. ഇതിനിടെയാണ് മോഹൻലാലാണ് സംഘടനയെ നയിക്കാൻ ഉചിതമാണെന്ന ചിന്ത സജീവമായത്. എല്ലാ ഗ്രൂപ്പുകളിലും മോഹൻലാലിന് പിന്തുണ കിട്ടി. പൃഥ്വിരാജിനെ ജനറൽ സെക്രട്ടറിയാക്കുന്ന ഫോർമുലയും പരിഗണനയിലുണ്ട്. എന്നാൽ ഇതിനെ ദിലീപ് അനുകൂലികൾ എങ്ങനെ കാണുമെന്നതാണ് ഉയരുന്ന ചോദ്യം. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ കർശന നിലപാട് എടുത്ത വ്യക്തിയാണ് പൃഥ്വി. താൻ സംഘടന പിടിക്കുമെന്ന് പൃഥ്വി പറഞ്ഞെന്ന് പോലും വാർത്തകളെത്തി. ഇതെല്ലാം പൃഥ്വിയുടെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

അമ്മയുടെ അടുത്ത ഭാരവാഹി തെരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ കൂടെയാകരുതെന്ന ചിന്തയും പ്രബലമാണ്. അതുകൊണ്ട് തന്നെ സമവായ ചർച്ചകൾ വരും ദിവസങ്ങളിൽ പുരോഗമിക്കും. ജൂണിൽ മാത്രമേ പൊതുയോഗം ചേരേണ്ട ആവശ്യമുള്ളൂ. അതിനുള്ളിൽ മോഹൻലാലിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി സംഘടനയുടെ നേതൃത്വം ഏറ്റെടുപ്പിക്കാനാണ് നീക്കം. ദിലീപ് അനുകൂലികളും മറു വിഭാഗവും തമ്മിലെ എതിർപ്പ് ശക്തമായി തുടരുന്നുവെന്ന യാഥാർഥ്യവും ഉണ്ട്. ഇത് സംഘടനയുടെ പിളർപ്പിലേക്ക് കാര്യങ്ങളെത്തുമെന്ന് സൂചനയുണ്ടായിരുന്നു. അതുകൊണ്ടാണ് സംഘടനയിൽ നിന്ന് സ്വയം മാറി നിൽക്കാൻ ദിലീപ് തീരുമാനിച്ചത്. നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയാലും ദിലീപ് അമ്മയുമായി ഇനി സഹകരിക്കില്ലെന്നാണ് സൂചന.

ദിലീപ് വിവാദത്തിന്റെ പേരിൽ നിലവിലെ ഭാരവാഹികളെല്ലാം രാജിവയ്ക്കണമെന്ന ആവശ്യം അമ്മയിലെ ഒരു വിഭാഗം ഉയർത്തിയിരുന്നു. ഇത് ഇന്നസെന്റും മോഹൻലാലുമെല്ലാം അംഗീകരിച്ചിരുന്നു. മമ്മൂട്ടിയും സ്ഥാനം ഒഴിയാൻ സന്നദ്ധനായിരുന്നു. എന്നാൽ പകരം ആരും ഈ സ്ഥാനങ്ങൾ ഏറ്റെടുക്കാൻ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പുതിയ നേതൃത്വത്തെ കണ്ടെത്താൻ ചർച്ച നടക്കുന്നത്. നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ദിലീപ് അറസ്റ്റിലായതിന് തൊട്ട് പിന്നാലെയാണ് അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കിയത്. അതുവരെ ദിലീപിനൊപ്പം എന്ന നിലപാടായിരുന്നു അമ്മ കൈക്കൊണ്ടിരുന്നത്. നടിക്കൊപ്പവും ദിലീപിനൊപ്പവും അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ നടി ആക്രമിക്കപ്പെട്ട സംഭവം ചർച്ചയാവുക പോലുമുണ്ടായില്ല. നടിക്കൊപ്പവും ദിലീപിനൊപ്പവും എന്ന വഴുക്കൻ നിലപാടായിരുന്നു അമ്മയുടേത്. എന്നാൽ അറസ്റ്റോടെ അമ്മയ്ക്ക് ദിലീപിനെ പുറത്താക്കാതെ നിവൃത്തിയില്ലെന്നായി മമ്മൂട്ടിയുടെ വീട്ടിലെ യോഗം മമ്മൂട്ടിയും മോഹൻലാലും അടക്കം പങ്കെടുത്ത അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചത്.

മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന യോഗത്തിലെ ആ തീരുമാനം ഏകകണ്ഠമായിരുന്നു എന്നാണ് അന്ന് പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞത്. നടിക്കൊപ്പം നിൽക്കുന്നവർ വിമൻ ഇൻ സിനിമ കളക്ടീവിന്റേയും പൃഥ്വിരാജ് അടക്കമുള്ള യുവതാരങ്ങളുടേയും ശക്തമായ നിലപാട് മൂലമാണ് ദിലീപിനെ അമ്മയിൽ നിന്നും അതിവേഗം പുറത്താക്കുന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. ഇതിനെയാണ് ഗണേശ് വിമർശിച്ചത്. എന്നാൽ അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കിയിട്ടില്ല എന്നാണ് ചിലർ പറയുന്നത്. അമ്മയിലെ ദിലീപിന്റെ അംഗത്വത്തെ കുറിച്ചു പോലും സമ്പൂർണ്ണ ആശയക്കുഴപ്പമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP