Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്നെ ടാർജറ്റ് ചെയ്യുന്നവർക്ക് പിന്നിൽ മഞ്ജു വാര്യർ ആണോ എന്ന് അറിയില്ല; ഞാൻ ലൈഫിൽ കാണാത്ത ആൾ അങ്ങനെയിങ്ങനെ വായിൽ തോന്നിയത് പറഞ്ഞാൽ എങ്ങനെയാ ശരിയാവുക..? നാളെ ഇത് ആരും അനുഭവിക്കരുത്; വെറുതെ മമ്മൂക്കായെ ഇതിൽ പിടിച്ചിടരുത്; ദിലീപ് മറുനാടനോട്

തന്നെ ടാർജറ്റ് ചെയ്യുന്നവർക്ക് പിന്നിൽ മഞ്ജു വാര്യർ ആണോ എന്ന് അറിയില്ല; ഞാൻ ലൈഫിൽ കാണാത്ത ആൾ അങ്ങനെയിങ്ങനെ വായിൽ തോന്നിയത് പറഞ്ഞാൽ എങ്ങനെയാ ശരിയാവുക..? നാളെ ഇത് ആരും അനുഭവിക്കരുത്; വെറുതെ മമ്മൂക്കായെ ഇതിൽ പിടിച്ചിടരുത്; ദിലീപ് മറുനാടനോട്

അർജുൻ സി വനജ്‌

കൊച്ചി: പൾസർസുനിയുമായി തനിക്ക് ഒരു ഇടപാടും ഇല്ലെന്ന് നൂറ് ശതമാനം ബോധ്യമുണ്ടെന്ന് നടൻ ദിലീപ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഓർമ്മയിൽ ഇതുവരെ അയാളെ കണ്ടിട്ടില്ല. കൂടെ നിന്ന് ഫോട്ടോയെടുക്കാൻ വരുന്നവരോട് പേരും അഡ്രസും ചോദിക്കാൻ പറ്റില്ലാല്ലോ.. തന്നെ ടാർജറ്റ് ചെയ്യുന്നവർക്ക് പിന്നിൽ മഞ്ചുവാര്യർ ആണോ എന്നത് അറിയില്ലെന്നും ദിലീപ് മറുനാടൻ മലയാളിക്ക്‌  അനുവദിച്ച് പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണ്ണ രൂപം

നിയമനടപടികൾ എങ്ങനെയാണ് ആലോചിക്കുന്നത്...?

ഇപ്പോഴത്തെ അന്വേഷണം നടക്കുന്നത് ഞാൻ കൊടുത്ത പരാതിയുടെ പുറത്താണ്. ഏപ്രിൽ 20 നാണ് പരാതി നൽകുന്നത്. പൾസർ സുനി എനിക്ക് അയച്ചു എന്ന് പറയുന്ന ഈ കത്തും ഞാൻ തന്നെയാണ് ഡിജിപിക്ക് കൈമാറിയതും. നാദിർഷയ്ക്കും എന്റെ മാനേജർ അപ്പുണ്ണിക്കും വന്ന ഫോൺ കോൾ വിവരങ്ങളും അമേരിക്കയിൽ പോയി വന്നതിന് ശേഷം കൈമാറിയിരുന്നു.

ഫെബ്രുവരിയിലായിരുന്നലോ ഈ കോൾ വന്നത്...?

എന്നാണ് കോൾ വന്നതെന്ന് അറിയില്ല. കോൾ വന്ന അന്ന് തന്നെ ഡിജിപിയെ വിളിച്ച് കാര്യങ്ങൾ അറിയിച്ചിരുന്നു. രണ്ട് മൂന്ന് ദിവസത്തിനകം ഡിറ്റൈൽസ് സഹിതം പരാതിയാക്കി അയച്ചു.

ഇപ്പോൾ നടക്കുന്ന വേട്ടയാടലിന് പിന്നിൽ ആരാകും എന്നാണ് കരുതുന്നത്...?

അതെനിക്ക് അറിയില്ല. ഓരോ ആൾക്കാർ ഓരോന്നും വാർത്തയാക്കുന്നു. ഞാനാണ് കത്തുകൊണ്ടുപോയി കൊടുത്തത്. പക്ഷെ മാധ്യമങ്ങൾ കണ്ടുപിടിച്ചുവെന്ന രീതിയിലാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്.

കാക്കനാട് ജയിലിൽ നിന്നുള്ള പേപ്പറും സീലുമാണ് ആ കത്തിലുള്ളതെന്ന് തെളിഞ്ഞിട്ടുണ്ട്..?

അത് ജയിലിൽ നിന്ന് വന്ന കത്താണോ, ആരാണ് എഴുതിയതെന്നും നമ്മുക്ക് അറിയില്ല. അതുകൊണ്ടാണ് പൊലീസിന് കൊടുത്തത്. സീൽ പുറത്ത് നിന്ന് ആർക്കും ഉണ്ടാക്കാലോ..? അങ്ങനെയാണോ എന്നും നമ്മുക്കറിയില്ലല്ലോ.. അത് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

അമ്മയുടെ യോഗം 28 നും 29 നുമായി നടക്കുകയാണ്. യോഗത്തിൽ പിന്തുണ ആവശ്യപ്പെടുമോ..?

ഞാൻ എന്തിനാ പിന്തുണ ആവശ്യപ്പെടുന്നത്.. ഞാൻ സത്യത്തിന്റെ ഭാഗത്തുനിന്നും ന്യായത്തിന് വേണ്ടിയല്ലേ സംസാരിക്കുന്നത്..? ഞാൻ ലൈഫിൽ കാണാത്ത ആൾ അങ്ങനെയിങ്ങനെ വായിൽതോന്നിയത് പറഞ്ഞാൽ എങ്ങനെയാ ശരിയാവുക..? നാളെ ഇത് ആരും അനുഭവിക്കരുത്. ആർക്ക് എന്തും എവിടേയും പറയാം എന്ന് പറഞ്ഞാൽ എങ്ങനെയാ ശരിയാവുക..?

സ്ത്രീകൾക്കുമാത്രമായി സംഘടന രൂപീകരിച്ചത് കുറച്ച് പേർക്കൊക്കെ അഭിപ്രായ വ്യത്യാസം ഉണ്ട് എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കുന്നുണ്ടല്ലോ..?

നാട്ടിൽ ഇഷ്ടം പോലെ സംഘടനകൾ ഉണ്ടാകും ഇതൊന്നും നമ്മുടെ വിഷയങ്ങളല്ല. ഞാൻ സംസാരിക്കുന്നത് എനിക്ക് പേഴ്സണലായി വന്ന അറ്റാക്കിനെക്കുറിച്ചാണ്. ഇവിടുത്തെ നിയമസംവിധാനങ്ങളെ വിശ്വസിച്ചാണ് ഞാൻ നിയമപരമായി നീങ്ങിയിരിക്കുന്നത്.

എന്തുകൊണ്ടാണ് ഒരു വാർത്ത സമ്മേളനം വിളിച്ച് പൊതുസമൂഹത്തിന് മുന്നിൽ ഒരു വിശദീകരണത്തിന് തയ്യാറാവത്തത്..?

ഞാൻ കൊടുത്ത പരാതിയുടെ പുറത്തല്ലേ വീണ്ടും അന്വേഷണം നടക്കുന്നത്. ശരിക്കും ഈ ഇഷ്യു ഉണ്ടായി അങ്ങോട്ട് മുങ്ങിപ്പോയത് അല്ലേ, എന്റെ തലയിലേക്ക് ഇടാനല്ലേ എല്ലാവരും ശ്രമിച്ചത്. അങ്ങനെ മുങ്ങിപ്പോവാൻ പാടില്ല, അതിന്റെ സത്യാവസ്ഥ പുറത്ത് വരണ്ടേ..?

താങ്കളും ഇന്നസെന്റും മമ്മൂട്ടിയെപ്പോയി കണ്ട്, മമ്മൂട്ടിയെക്കൊണ്ട് മുഖ്യമന്ത്രിയോട് അഭ്യാർത്ഥിപ്പിച്ചിട്ടാണ് ആദ്യം ടാർജറ്റ് ചെയ്യപ്പെടുന്നതിൽ നിന്ന് രക്ഷപ്പെട്ടതെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു..?

ഓൺലൈൻ പത്രത്തിൽ റിപ്പോർട്ട് ചെയ്യുന്നതിൽ എന്ത് സത്യാവസ്ഥയാണ് ഉള്ളത്..? കണ്ണടച്ച് പിടിച്ച് പൂച്ച പാലുകുടിക്കുന്ന രീതിയല്ലേ ഓൺലൈനുകളുടേത്.. ഞാൻ മമ്മുക്കയെ കണ്ടിട്ട് തന്നെ കുറേ നാളുകളായി. ആ മനുഷ്യന്റെ തലയിലേക്ക് ഒന്നും വെറുതെ എടുത്തിടരുതേ, പാവം വെറുതെ വിട്.

പൊതുസമൂഹത്തിന് എന്താണ് പറയാനുള്ളത്...?

പൊതു സമൂഹത്തിനോടല്ല, മാധ്യമങ്ങളോടാണ് എനിക്ക് ആദ്യം പറയാനുള്ളത്. വെറുതെ വാർത്തകൾ വളച്ചൊടിച്ച് വേറെ തലത്തിലേക്ക് ആക്കരുത്. ഇവിടെ നിയമവും കാര്യങ്ങളും ഉണ്ട്. സത്യസന്ധമായ വാർത്തകൾ റിപ്പോർട്ട് ചെയ്യൂ. നമ്മൾ സത്യത്തിന് വേണ്ടിയാണ് ഇവിടെ ഫൈറ്റ് ചെയ്യുന്നത്. സത്യം ജയിക്കുന്നതിന് വേണ്ടി കൂടെ നിൽക്കാൻ പറ്റുമെങ്കിൽ കൂടെ നിൽക്ക്. ദിലീപ് എന്നുപറയുന്ന നടനെ ഇല്ലാതാക്കാൻ ആരാണ് ശ്രമിക്കുന്നത്. ദിലീപ് എന്നുപറയുന്ന വ്യക്തിയല്ല അവിടെ ഇല്ലാതാവുന്നത്. ഒരാളെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ ഒന്നോർക്കണം,

അവർ കാരണം ഒരുപാട് കുടുംബങ്ങളിലാണ് അരി വേകുന്നത്. ദിലീപ് എന്ന് പറയുന്ന പേര് ഞാൻ ഒറ്റയ്ക്ക് ഉണ്ടാക്കിയതല്ല. ഒരുപാട് പേരുടെ ഉറക്കമളപ്പാണ് അത്. ആരുടെ അജണ്ടയാണ് ഇതിന് പിന്നിൽ..? എന്റെ ഓരോ സിനിമ വരുമ്പോഴും, ഇത്തരം വിവാദങ്ങൾ ഉണ്ടാകും. ഞാൻ ആരോട് എന്ത് തെറ്റ് ചെയ്തിട്ടാണ്. നല്ലതിന് വേണ്ടി മാത്രമല്ലേ ഞാൻ നിന്നിട്ടുള്ളൂ. ഞാൻ ചെയ്ത തെറ്റെന്താണെന്ന് മാധ്യമങ്ങൾ പറയണം.

ഇപ്പോൾ ടാർജെറ്റ് ചെയ്യപ്പെടുന്നതിന് പിന്നിൽ മഞ്ചുവാര്യർ ആണെന്നാണ് പല ഓൺലൈൻ മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്...?

എനിക്ക് അറിയില്ല. നിങ്ങൾക്ക് ഓൺലൈൻ മീഡിയക്കാരുമായി ബന്ധമില്ലേ..? അവരോട് ചോദിക്കൂ.

ഡിജിപിക്ക് കൊടുത്ത പരാതിയിൽ ആരുടെയെങ്കിലും പേര് ഉണ്ടോ..?

ഞാൻ ആരുടേയും പേര് പരാതിയിൽ കൊടുത്തിട്ടില്ല. എന്തൊക്കെയാണ് കാര്യങ്ങൾ എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. ഓഡിയോ ക്ലിപ്പിലുള്ള കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ. അത് നമ്മൾ അല്ല പറഞ്ഞത്. ഓഡിയോ ക്ലിപ്പിൽ പറയുന്നതാണ്. വിഷ്ണു പറഞ്ഞതാണ്. അവരുടെ അടുത്തുപോയി കുറേ ആളുകൾ നിർബന്ധിക്കുന്നു. എന്റെ പേര് പറയാൻ. ആ കാര്യങ്ങൾ മാത്രമാണ് പറഞ്ഞിട്ടുള്ളത്. ഒരു പൾസർ സുനി എന്റെ പേര് പറഞ്ഞലോ, ഒരു കത്തെഴുതിയാലോ വിശ്വസിക്കാൻ നിൽക്കുകയല്ലേ..?അപ്പം ഞാൻ എന്ത് ചെയ്യാനാ..?

പൾസർ സുനിയുമായി നേരത്തേ പരിചയമുണ്ടോ..?

ഞാൻ എന്റെ ലൈഫിൽ ഇയാളെ കണ്ടിട്ടില്ല. പിന്നെ എങ്ങനെയാണ് ഈ ബന്ധം എന്ന് എനിക്ക് മനസിലാവുന്നില്ല. എന്റെ ഓർമ്മയിൽ ഇയാളെ കണ്ടിട്ടില്ല. ആയിരക്കണക്കിന് ആളുകൾ ദിവസവും വന്ന് ഫോട്ടോ എടുക്കുന്നുണ്ട്. അവരെയൊന്നും നമ്മുക്ക് അറിഞ്ഞുകൂടാ. കൂടെ നിന്ന് ഫോട്ടോയെടുക്കാൻ വരുന്നവരോട് ആരാണ് എന്താണ് , അഡ്രസും ചോദിച്ച് ഫോട്ടോയ്ക്ക് നിൽക്കാൻ പറ്റില്ലല്ലോ..? നിങ്ങൾ ആരാണെന്ന് അറിയില്ല, അതുകൊണ്ട് ഫോട്ടോയെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞാൻ അവർക്ക് എത്ര വിഷമം ആകും...? ഒരു കലാകാരനും അങ്ങനെ ചെയ്യാൻ ആകില്ല. ഞാൻ ഇയാളുമായിട്ട്, ഒരു ഇടപാടുമില്ലെന്ന് എനിക്ക് നൂറ് ശതമാനം ബോധ്യമുള്ളതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP