Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടിയും പൾസർ സുനിയും സുഹൃത്തുക്കളാണെന്ന് താനാരോടും പറഞ്ഞിട്ടില്ല; എന്റെ മകനും നടിയുമായി വഴിവിട്ട ബന്ധവുമില്ല; മകന്റെ സിനിമയിൽ അഭിനയിച്ചതിനാൽ കാറു ചോദിച്ചപ്പോൾ നൽകി; ഞാൻ വിചാരിച്ചിരുന്നുവെങ്കിൽ എല്ലാം ഒതുക്കി തീർക്കാമായിരുന്നു; ദിലീപിന്റെ വെളിപ്പെടുത്തൽ തള്ളി സംവിധായകൻ ലാൽ; നടിക്കെതിരായ പരാമർശം ജനകീയ നായകനെ ഒറ്റപ്പെടുത്തും

നടിയും പൾസർ സുനിയും സുഹൃത്തുക്കളാണെന്ന് താനാരോടും പറഞ്ഞിട്ടില്ല; എന്റെ മകനും നടിയുമായി വഴിവിട്ട ബന്ധവുമില്ല; മകന്റെ സിനിമയിൽ അഭിനയിച്ചതിനാൽ കാറു ചോദിച്ചപ്പോൾ നൽകി; ഞാൻ വിചാരിച്ചിരുന്നുവെങ്കിൽ എല്ലാം ഒതുക്കി തീർക്കാമായിരുന്നു; ദിലീപിന്റെ വെളിപ്പെടുത്തൽ തള്ളി സംവിധായകൻ ലാൽ; നടിക്കെതിരായ പരാമർശം ജനകീയ നായകനെ ഒറ്റപ്പെടുത്തും

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചർച്ചയിൽ സിനിമാ ലോകത്ത് നടൻ ദിലീപ് ഒറ്റപ്പെടും. നടിയും പൾസർ സുനിയുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഈ സൗഹൃദമാണ് എല്ലാത്തിനും കാരണമെന്നും ദിലീപ് ആരോപിച്ചിരുന്നു. ഈ വിവരങ്ങൾ തന്നോട് സംവിധായകൻ ലാൽ പറഞ്ഞെന്നായിരുന്നു ദിലീപിന്റെ പ്രതികരണം. എന്നാൽ താൻ ആരോടും ഒന്നും പറഞ്ഞിട്ടില്ലെന്ന നിലപാടിലാണ് സംവിധായകൻ ലാൽ. തന്റെ മകന്റെ സിനിമയിലാണ് നടി അഭിനയിച്ചിരുന്നത്. അതു മാത്രമാണ് ബന്ധം. നടിയും പൾസർ സുനിയും തമ്മിൽ സുഹൃത്തുക്കളാണോ എന്ന് തനിക്ക് അറിയില്ല. അങ്ങനെ അവരെ ഒരിടത്തും കണ്ടിട്ടുമില്ല. തീർത്തും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ദിലീപ് പറയുന്നതെന്നാണ് സംവിധായകൻ ലാലിന്റെ നിലപാട്. ദിലീപിന്റെ ചാനൽ വെളിപ്പെടുത്തൽ കേട്ട് ഞെട്ടിയെന്നും ലാൽ സുഹൃത്തുക്കളോട് പറഞ്ഞു.

എനിക്ക് താൽപ്പര്യം സിനിമയോട് മാത്രമാണ്. എന്റെ മകനും സിനിമയിലാണ്. മകന്റെ സിനിമയിൽ അഭിനയിക്കുമ്പോഴാണ് ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത്. നടി കാറു ചോദിച്ചപ്പോൾ നൽകി. അത്രമാത്രം. തന്റെ വീട്ടിലേക്കാണ് ആ കുട്ടി ആദ്യം എത്തിയത്. എല്ലാ പ്രശ്‌നവും എനിക്ക് ഒതുക്കി തീർക്കാമായിരുന്നു. ഇപ്പോൾ എന്റെ മകനും നടിയുമായി ബന്ധമുണ്ടെന്ന് ചിലർ പറയുന്നു. ഇത് തീർത്തും അടിസ്ഥാന രഹതിമാണ്. നടിക്കും പൾസർ സുനിക്കും ബന്ധമുണ്ടെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. ദിലീപിന്റെ വെളിപ്പെടുത്തൽ ഏത് സാഹചര്യത്തിലാണെന്നും അറിയില്ല. ഇതിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചനയോ ലക്ഷ്യമോ ഉണ്ടോയെന്നും തനിക്ക് അറിയില്ല. ദിലീപിന്റെ വെളിപ്പെടുത്തൽ തീർത്തും തെറ്റാണെന്നും ലാൽ പറയുന്നു. ഇതോടെ സിനിമയിൽ ദിലീപ് ഒറ്റപ്പെടുന്നുവെന്ന സൂചനയാണ് ഉണ്ടാകുന്നത്.

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിന് ശേഷം ഇതാദ്യമായി ഇന്ന് കൊച്ചിയിൽ അമ്മയുടെ യോഗം ചേരാനിരിക്കെ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമയിൽ രണ്ടു ചേരി രൂപപ്പെട്ടിരുന്നു. ദിലീപിനെ അനുകൂലിച്ച് ചിലർ രംഗത്ത് വന്നിരിക്കുമ്പോൾ എതിർക്കുന്നവർ മൗനം പാലിച്ച് അത് പ്രകടമാക്കാതിരിക്കുകയാണെന്നാണ് വിവരം. നടിയെ തട്ടിക്കൊണ്ടുപോയ സംഭവം നടന്ന ഉടൻ തന്നെ നടിക്ക് പിന്തുണ നൽകാൻ ചേർന്ന യോഗത്തിൽ ദിലീപും സംബന്ധിച്ചിരുന്നു. അന്ന് നടിക്ക് അനുകൂലമായാണ് ദിലീപ് സംസാരിച്ചത്. സംഭവത്തിൽ നടുക്കവും രേഖപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ പുതിയ പ്രസ്താവന ചർച്ചയാകുന്നത്. ദിലീപിനെ പിന്തുണച്ച പലരും ഇതോടെ മലക്കം മറിയുകായണ്.

അമ്മയുടെ യോഗം ഇന്ന് ചേരാനിരിക്കെ സിനിമയിൽ പുതിയതായി രൂപപ്പെട്ട വനിതാ സംഘടന സംഭവം ചർച്ച ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുള്ളതായിട്ടാണ് വിവരം. മഞ്ജു വാര്യർ ഉൾപ്പെടെയുള്ള വരുടെ അഭിപ്രായങ്ങൾ നിർണ്ണായകമാകുമെന്നും സൂചനയുണ്ട്. നടിമാരുടെ നിരയിൽ നിന്നും രമ്യാ നമ്പീശനും കുക്കു പരമേശ്വരനും ആണ് അമ്മയുടെ എക്സിക്യുട്ടീവ് കമ്മറ്റിയിലുള്ളത്. ദിലീപിനെതിരേ പൾസർ സുനി ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് ഇന്ന് കൊച്ചിയിൽ യോഗം ചേരുന്നത്. ഇതിനിടെയാണ് നടിയെ കടന്നാക്രമിച്ച ദിലീപിന്റെ പരാമർശം എത്തുന്നത്. നേരത്തെ സലിം കുമാറും സമാന ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ പിന്നീട് മാപ്പു പറഞ്ഞ് ഫെയ്‌സ് ബുക്കിൽ നിന്ന് അത് നീക്കം. ,ംഭവം വിവാദമായതോടെ വേണമെങ്കിൽ താൻ നുണപരിശോധനയ്ക്ക് വരെ തയ്യാറാണെന്നും ചിലർ തന്റെ കരിയർ നശിപ്പിക്കാൻ ശ്രമിക്കുന്നതായും ദിലീപ് ആരോപിച്ചിരുന്നു. സംഭവത്തിൽ ആക്രമണത്തിന് ഇരയായ നടി ഇതുവരെ ഒരു പരസ്യപ്രസ്താവനയും നടത്തിയിട്ടില്ല.

പൾസർ സുനി എഴുതിയ കത്തിനേപ്പറ്റിയും ഫോൺകോളിനേപ്പറ്റിയുമുള്ള വിവാദങ്ങൾ കത്തിനിൽക്കുമ്പോഴാണ് ഇരുവരും സുഹൃത്തുക്കളാണെന്ന ദിലീപിന്റെ പ്രതികരണം. റിപ്പോർട്ടർ ചാനലിലെ ന്യൂസ് നൈറ്റ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഭയങ്കര അടുപ്പത്തിലായിരുന്നു അവർ. ഗോവയിൽ ഒരുമിച്ചു പ്രവർത്തിച്ചിരുന്നു. അവർ വലിയ ഫ്രണ്ട്‌സായിരുന്നു എന്നൊക്കെ തന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്. അതാണ് അപകടത്തിനു വഴിവച്ചത്. താൻ ഒരിക്കലും ഇത്തരം ആൾക്കാരുമായി കൂട്ടുകൂടാൻ ഉദ്ദേശിക്കുന്നില്ല. അതിൽ വളരെ ശ്രദ്ധിക്കുന്നയാളാണ്. പൾസർ സുനിയെ തന്റെ ഓർമ്മയിൽ കണ്ടിട്ടില്ല. തന്റെ ലൊക്കേഷനിലുള്ള ഒരാളും കണ്ടിട്ടില്ല. തന്റെ കൂടെ ജോലി ചെയ്യുന്നവരും കണ്ടിട്ടില്ല- ദിലീപ് പറഞ്ഞു.

തന്റെ ഇമേജ് തകർക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. കരിവാരിത്തേയ്ക്കാൻ നിന്നുകൊടുക്കില്ല. ദിലീപ് ഒരു വ്യക്തിയല്ല, ഒരു ഇൻഡസ്ട്രിയിലെ ഒരുപാട് പേർ ഉറക്കമിളച്ച് ഉണ്ടാക്കിയെടുത്ത സ്ഥാപനമാണ്. താൻ ഇല്ലാതായാൽ അനവധി പേരെ അതു ബാധിക്കും. ആർക്കെങ്കിലും തന്നോടു പ്രശ്‌നമുണ്ടെങ്കിൽ നേരിട്ട് പറഞ്ഞോ, അഭിനയം നിർത്തി മാറി നിൽക്കാം. അതിന് ഒരു മടിയുമില്ല. നടിക്ക് അപകടം ഉണ്ടായതിൽ വിഷമമുണ്ട്. അങ്ങനെ സംഭവിച്ചു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അന്തസോടെ ഏറ്റു പറയും. തേജോവധം ചെയ്യുന്നവർക്കെതിരേ നിയമ നടപടി സ്വീകരിക്കും. ഏത് അന്വേഷണത്തിനും തയാറാണ്. പിന്നെ താൻ എന്തിന് ബലിയാടാകണമെന്നും ദിലീപ് ചോദിച്ചു.

നടിയെ ഇത്തരത്തിൽ അപമാനിച്ചത് ശരിയായില്ലെന്നാണ് പൊതുവേയുള്ള വികാരം. തനിക്ക് പിറകെയുള്ളവരെ പുറത്തു കൊണ്ടു വരുമെന്ന് ദിലീപും പറയുന്നു. ഇതോടെ നാളെ നടക്കുന്ന അമ്മയുടെ യോഗം നിർണ്ണായകമാകും. വലിയ ചേരി തിരിവുകൾ ഈ യോഗത്തിലുണ്ടാകും. മഞ്ജു വാര്യരും സംഘവും വലിയ പ്രതിഷേധം അമ്മയുടെ ജനറൽ ബോഡിയിൽ ഉയർത്തും. നടിയെ വ്യക്തിപരമായി അപമാനിച്ച് തകർക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. ദിലീപിന്റെ ഈ വാക്കുകളെ അനുകൂലിക്കാൻ സിനിമാ ലോകത്ത് ആരും എത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP