Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗൾഫിൽ വിട്ടുതടങ്കലിലോ? അതോ നാട്ടിൽ കുടുംബത്തോടൊപ്പം അജ്ഞാത കേന്ദ്രത്തിലോ? ഷിഫ അൽ ജസീറ ഉടമയുടെ തിരോധാനത്തിൽ അഭ്യൂഹങ്ങൾ ഏറെ; ഡോ കെ ടി റബീഉള്ളയെ കാണാതായിട്ട് മാസങ്ങൾ ഏറെയായി; ബിസിനസ്സിലെ ആഭ്യന്തര പ്രശ്‌നങ്ങൾ പ്രവാസി വ്യവസായിയെ കുടുക്കിലാക്കിയെന്ന് റിപ്പോർട്ട്

ഗൾഫിൽ വിട്ടുതടങ്കലിലോ? അതോ നാട്ടിൽ കുടുംബത്തോടൊപ്പം അജ്ഞാത കേന്ദ്രത്തിലോ? ഷിഫ അൽ ജസീറ ഉടമയുടെ തിരോധാനത്തിൽ അഭ്യൂഹങ്ങൾ ഏറെ; ഡോ കെ ടി റബീഉള്ളയെ കാണാതായിട്ട് മാസങ്ങൾ ഏറെയായി; ബിസിനസ്സിലെ ആഭ്യന്തര പ്രശ്‌നങ്ങൾ പ്രവാസി വ്യവസായിയെ കുടുക്കിലാക്കിയെന്ന് റിപ്പോർട്ട്

എംപി റാഫി

മലപ്പുറം: പ്രമുഖ ഗൾഫ് വ്യവസായിയും ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ഉടമയുമായ ഡോ.കെ.ടി മുഹമ്മദ് റബീഉള്ളയെ കാണാതായിട്ട് മാസങ്ങൾ പിന്നിടുന്നു. ബിസിനസ് പ്രമുഖന്റെ 'തിരോധാന'ത്തിൽ അഭ്യൂഹങ്ങൾ പലതും പരക്കുന്നുണ്ടെങ്കിലും റബീഉള്ളയെ കുറിച്ച് അടുപ്പക്കാർക്ക് ആർക്കും തന്നെ കൃത്യമായ വിവരങ്ങളില്ല. ബിസിനസിലെ ആഭ്യന്തര പ്രശ്‌നവുമായി ബന്ധപ്പെട്ട് ഗൾഫിൽ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ചിലർ പറയുന്നു. എന്നാൽ നാട്ടിൽ കുടുംബവും അടുത്ത ബന്ധുക്കളുമൊത്ത് രഹസ്യ കേന്ദ്രത്തിൽ എവിടെയോ കഴിയുകയാണെന്നാണ് മറ്റു ചില അടുപ്പക്കാർ പറയുന്നത്.

കഴിഞ്ഞ മൂന്ന് മാസത്തിലധികമായി ഡോ.റബീഉള്ളയെ കുറിച്ച് യാതൊരു വിവരവുമില്ലത്രെ. ഗൾഫ് രാജ്യങ്ങളിൽ നിരവധി മെഡിക്കൽ സ്ഥാപനങ്ങളുടെ ഉടമയായ കെ.ടി റബീഉള്ളയുടെ തിരോധാനം ജീവനക്കാരേയും നാട്ടുകാരേയും അമ്പരപ്പിച്ചിട്ടുണ്ട്. ജീവകാരുണ്യ - സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന റബീഉള്ളയെ തേടി നിരവധി ആളുകൾ ഇപ്പോഴും എത്തുന്നുണ്ടെങ്കിലും എവിടെയുണ്ടെന്ന് ആർക്കും കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ല.

മലപ്പുറം വെസ്റ്റ് കോഡൂർ സ്വദേശിയാണ് ഡോ.കെ ടി റബീഉള്ള. ഭാര്യയും മൂന്ന് പെൺകുട്ടികളും ഒരാൺകുട്ടിയും അടങ്ങുന്നതാണ് കുടുംബം. ഗൾഫിൽ സാധാരണ ക്ലിനിക്കിൽ നിന്ന് തുടങ്ങി കാലക്രമേണ വലിയ മെഡിക്കൽ സാമ്രാജ്യം വരെ റബീഉള്ള കീഴടക്കി. ജി.സി.സി രാജ്യങ്ങളിലേക്കുള്ള റബീഉള്ളയുടെ ബിസിനസ് പെട്ടെന്നായിരുന്നു പടർന്ന് പന്തലിച്ചത്. ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപനമായ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിന്റെ ചെയർമാൻ & മാനേജിങ് ഡയറക്ടറാണിപ്പോൾ കെ.ടി റബീഉള്ള. സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ 20 ഹെൽത്ത് കെയർ യൂണിറ്റുകൾ, സൂപ്പൽ സ്‌പെഷ്യാലിറ്റി ആശുപത്രികൾ, ഫാർമസികൾ റബീഉള്ളയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. ഇതിനു പുറമെ നാസീം ജിദ്ധ മെഡിക്കൽ ഗ്രൂപ്പ്, നാസിം അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പ്, സഫ മക്ക മെഡിക്കൽ ഗ്രൂപ്പ്, ജസീറ പാലസ് റസ്റ്റോറന്റ് റിയാദ് എന്നീ സ്ഥാപനങ്ങളുടെ ചെയർമാനുമാണ് റബീഉള്ള.

ബിസിനസിൽ അനുദിനം വളർച്ച ഉണ്ടായിരുന്നെങ്കിലും ശത്രുക്കളും അതിനൊത്ത് വർധിച്ചു റബീഉള്ളക്ക്. സ്വന്തം പാളയത്തിൽ നിന്നു തന്നെയായിരുന്നു റബീഉള്ളക്ക് ശത്രുത ഏറെയും നേരിടേണ്ടി വന്നിരുന്നത്. ബിസിനസ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കേസും നിയമ പ്രതിസന്ധികളും റബീഉള്ളക്ക് ഇക്കാലയളവിൽ ഏറെ നേരിടേണ്ടി വന്നിരുന്നു. റബീഉള്ളയുടെ അയൽവാസിയും ബിസിനസ് പങ്കാളിയുമായ മുഹമ്മദുമായുണ്ടായ ബിസിനസ് തർക്കം അതി രൂക്ഷതയിലെത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കാൻ എത്തിയ പ്രൊഫഷണൽ സംഘം മുഹമ്മദിന്റെ മകൻ രാജഗിരി കോളേജിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥി ഫിറാസത്ത് മുഹമ്മദിനെ ഹോസ്റ്റലിൽ നിന്ന് ഇറക്കി തട്ടിക്കൊണ്ട് പോയത് ഏറെ ചർച്ചയായിരുന്നു. ഈ സംഭവത്തിൽ 2016 ഏപ്രിൽ ആദ്യത്തിൽ എറണാകുളം ഇൻഫോപാർക്ക് പൊലീസ് റബീഉള്ളയെ പ്രതിചേർത്ത് കേസെടുത്തിരുന്നു. എന്നാൽ പിന്നീട് ഈ കേസ് ഇരു കൂട്ടരും ഒത്തു തീർക്കുകയായിരുന്നു എന്നാണ് വിവരം.

തുടർന്നും വിവിധ ബിസിനസ് പ്രശ്‌നങ്ങൾ റബീഉള്ളയെ അലട്ടിയപ്പോയും ഇതിനെ തരണം ചെയ്ത് മുന്നോട്ടു പോകുകയായിരുന്നുവെന്ന് അടുപ്പക്കാർ പറയുന്നു. ബിസിനസ് പങ്കാളികളിൽ നിന്നും കൂടെ നിന്നവരിൽ നിന്നുമൊക്കെയായി റബീഉള്ളക്ക് പല തവണ 'പണി' കിട്ടിയിരുന്നതായി അദ്ദേഹത്തെ അടുത്തറിയാവുന്നവർ പങ്കുവെയ്ക്കുന്നു. വിശ്വസ്തരായി നിന്ന് പണം സ്വന്തം പോക്കറ്റിലാക്കി മുതലാളിയെ മുടിപ്പിച്ചവരും ഉണ്ടത്രെ. ഇപ്പോൾ കാണാതായ സംഭവത്തിൽ ബിസിനസിനെ ചൊല്ലിയുള്ള തർക്കമാണെന്നാണ് അറിയുന്നത്. എന്നാൽ ഇതിൽ കൃത്യമായ വിവരം ബന്ധപ്പെട്ട ആർക്കും പറയാൻ കഴിയുന്നുമില്ല.

കോഡൂരിലെ വീട്ടിൽ ആളനക്കമൊന്നുമില്ല. സന്ദർശകരെത്തുമ്പോൾ വീട്ടിലേക്ക് പ്രവേശനവും അനുവദിച്ചിരുന്നില്ല. വീട്ടിൽ ആരുമില്ലെന്ന മറുപടി സെക്യൂരിറ്റി തന്നെ നൽകും. എന്നാൽ റബീഉള്ള എവിടെയാണെന്ന് സെക്യൂരിറ്റിക്കോ പരിസരവാസികൾക്കോ അറിയില്ല. റബീഉള്ളയെ അപായപ്പെടുത്തി ബിസിനസ് തട്ടിയെടുക്കാനുള്ള ബന്ധുക്കളടക്കമുള്ള കൂടെയുള്ളവരുടെ ശ്രമമാണിതെന്ന് ചിലർ സംശയം പങ്കുവെയ്ക്കുന്നു.

അതേസമയം, വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയ റബീഉള്ളയുടെ സമ്പാദ്യം മറ്റു ചിലർ പറ്റിച്ച് കൈക്കലാക്കുന്നത് തടയാൻ കുടുംബവും അടുത്ത ബന്ധുക്കളും ഇടപെട്ട് 'ഒളി സങ്കേത'ത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ഗുണത്തിനും ശക്തമായി തിരിച്ചു വരാനുമായിരിക്കും ഇതെന്ന് അടുപ്പമുള്ള ചിലർ മറുനാടൻ മലയാളിയോട് പങ്കുവെച്ചു. എന്നാൽ റബീഉള്ളയുമായി ആർക്കും ഫോണിൽ പോലും ബന്ധപ്പെടാൻ സാധിക്കുന്നില്ല. പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ മൊബൈൽ ഫോൺ മാസങ്ങളായി സ്വിച്ച് ഓഫാണ്. റബീഉള്ളയുടെ വാട്‌സ് ആപ്പ് നമ്പറുകൾ അടക്കം ഡിസ്‌കണക്ട് ചെയ്തിരിക്കുന്നു. ആകെയുള്ളത് ഫേസ്‌ബുക്ക് പേജിൽ മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾ മാത്രമാണ്. ഇത് സ്റ്റാഫിലെ മറ്റാരോ ഇടുന്നതാകാം.

കഴിഞ്ഞ ആറ് മാസം മുമ്പ് കരിപ്പൂർ വിമാനത്താവളം വഴി റബീഉള്ള നാട്ടിലേക്കു വന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. പിന്നീട് വിദേശത്തേക്ക് മടങ്ങിയോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എങ്കിലും കഴിഞ്ഞ ആറ് മാസക്കാലം ഡോ.റബീഉള്ള എവിടെ എന്ന ചോദ്യം ബാക്കിയാകുകയാണ്. അഭ്യൂഹങ്ങളും സംസാരങ്ങളും പലതും പരക്കുന്നുണ്ടെങ്കിലും റബീഉള്ളയുടെ കുടുംബമോ ബന്ധുക്കളോ ഇതുവരെ പരാതിയുമായി രംഗത്ത് വന്നിട്ടില്ല.

അതേസമയം റബീഉള്ളയിൽ നിന്ന് കാരുണ്യ സഹായം ലഭിച്ചുകൊണ്ടിരുന്ന പല നിർധന കുടുംബങ്ങൾക്കും സഹായം നിലച്ച അവസ്ഥയാണ്. നിരവധി പേർ തൊഴിൽ ചെയ്യുന്ന സ്ഥാപന ഉടമ മാസങ്ങളായി കാണാനില്ല എന്നത് ജീവനക്കാരെയും ആശങ്കയിലാഴ്‌ത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP