Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എരുമേലി എയർപോർട്ട് ആരു തുടങ്ങിയാലും കെപി യോഹന്നാൻ സഹായിക്കും; ബിലിവേഴ്‌സ് ചർച്ച് മെത്രാപൊലിത്തക്ക് വേണ്ടത് തർക്ക സ്ഥലം വിറ്റ് കിട്ടുന്ന പണം മാത്രം; സർക്കാരിനെ കൊണ്ട് വിലകൊടുത്ത് വാങ്ങിപ്പിക്കാൻ എന്ന് പറഞ്ഞ് കയറി ഇറങ്ങുന്നത് നിരവധി പേർ; രാജീവ് ജോസഫിന്റെ നീക്കത്തേക്കാൾ യോഹന്നാന് വിശ്വാസം കെജിഎസിനെ തന്നെ

എരുമേലി എയർപോർട്ട് ആരു തുടങ്ങിയാലും കെപി യോഹന്നാൻ സഹായിക്കും; ബിലിവേഴ്‌സ് ചർച്ച് മെത്രാപൊലിത്തക്ക് വേണ്ടത് തർക്ക സ്ഥലം വിറ്റ് കിട്ടുന്ന പണം മാത്രം; സർക്കാരിനെ കൊണ്ട് വിലകൊടുത്ത് വാങ്ങിപ്പിക്കാൻ എന്ന് പറഞ്ഞ് കയറി ഇറങ്ങുന്നത് നിരവധി പേർ; രാജീവ് ജോസഫിന്റെ നീക്കത്തേക്കാൾ യോഹന്നാന് വിശ്വാസം കെജിഎസിനെ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: എരുമേലി വിമാനത്താവളവുമായി ബന്ധപ്പെട്ട ചർച്ചകൾ പുതു വഴിയിലേക്ക്. വിമാനത്താവള നിർമ്മാണത്തിന് അംഗീകരാം നേടിയെടുക്കുന്ന ആരേയും സഹായിക്കാൻ തയ്യാറാണെന്ന് ബിലിവേഴ്‌സ് ചർച്ച് മെത്രാൻ കെപി യോഹന്നാൻ നിലപാട് എടുത്തു. രാജീവ് ജോസഫും കെജിഎസ് ഗ്രൂപ്പുമാണ് എരുമേലി എയർപോർട്ടിനായി സജീവമായുള്ളത്. ഇതിൽ കെജിഎസിനോടാണ് യോഹന്നാന് കൂടുതൽ താൽപ്പര്യം. കെട്ടുറപ്പുള്ള പ്രസ്ഥാനമായ കെജിഎസിന് സാമ്പത്തിക സുസ്ഥിരതയും ഉണ്ട്. അതുകൊണ്ട് കെജിഎസിന് കൂടുതൽ പരിഗണന നൽകാനാണ് തീരുമാനം. കാശ് നൽകി ചെറുവള്ളി എസ്റ്റേറ്റ് വാങ്ങുകയെന്നതാണ് യോഹന്നാന്റെ ആവശ്യം. സർക്കാരിനെ കൊണ്ട് ഏറ്റെടുപ്പിക്കാൻ ശ്രമിച്ചാൽ നിയമപോരാട്ടത്തിലൂടെ പദ്ധതി വൈകിപ്പിക്കുമെന്നാണ് ബിലിവേഴ്‌സ് ചർച്ചിന്റെ നിലപാട്.

കെജിഎസുമായി കെപി യോഹന്നാൻ പലവട്ടം ചർച്ച നടത്തിക്കഴിഞ്ഞു. തനിക്ക് വിമാനത്താവള കമ്പനിയിൽ ഓഹരി വേണ്ടെന്നും അറിയിച്ചു. ഇതോടെ കെജിഎസിനും താൽപ്പര്യം കൂടിയിട്ടുണ്ട്. അപ്പോഴും വെല്ലുവിളികൾ ഏറെയാണ്. കെപി യോഹന്നാന് പണം നൽകി പദ്ധി നടപ്പാക്കുന്നതിനെ ബിജെപി എതിർക്കുകയാണ്. ഇത് മാറ്റിയെടുക്കാൻ കഴിഞ്ഞാൽ മാത്രമേ പദ്ധതി യാഥാർത്ഥ്യമാകൂവെന്നതാണ് വിലയിരുത്തൽ. ഇതിന് പ്രാദേശിക ബിജെപി നേതൃത്വത്തെ സ്വാധീനിക്കാനാണ് നീക്കം. ഇതിന് കഴിഞ്ഞാൽ ചെറുവള്ളി എസ്റ്റേറ്റ് കെജിഎസിന് യോഹന്നാൻ കൈമാറും. ഇത് സംഭവിച്ചാൽ പാരിസ്ഥിതിക അനുമതിയും ലഭിക്കും. ആറന്മുളയിൽ ബിജെപിയുടെ എതിർപ്പാണ് കെജിഎസിന് വിനയായത്. ഇതോടെ പരിസ്ഥിതി അനുമതി കിട്ടിയാലും പദ്ധതി തുടങ്ങാൻ പറ്റാത്ത സ്ഥിതി വന്നു. യോഹന്നാനും കെജിഎസും ഒരുമിക്കുമ്പോൾ രാജീവ് ജോസഫിന്റെ സാധ്യതകൾ അടയുകയാണ്.

ആറന്മുള വിമാനത്താവളത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്ന വേളയിൽ തന്നെയാണ് ഇൻഡോ ഹെറിറ്റേജ് ഇന്റർനാഷണൽ എയ്‌റോപോളിസ് എന്ന കടലാസുകമ്പനിയുടെ പേരിൽ എരുമേലി വിമാനത്താവളത്തെ കുറിച്ചുള്ള ചർച്ചകൾ സമാന്തരമായി തുടങ്ങിയത്. പ്രവാസികൾ ഏറെയുള്ള പത്തനംതിട്ട ജില്ലയിലേക്ക് ഒഴുകിയെത്തുന്ന പ്രവാസി പണം കണ്ടു തന്നെയായിരുന്നു ഈ ചരടുവലികൾ. ഇതിന് നേതൃത്വം നൽകിയത് രാജീവ് ജോസഫിന്റെ കടലാസു സംഘടന തന്നെയായിരുന്നു. ആറന്മുള അടഞ്ഞ അധ്യായം ആയതോടെ എരുമേലിയിലെ വിമാനത്താവള ചർച്ചകൾ കൂടുതൽ സജീവമായി. എന്നാൽ, സർക്കാർ തലത്തിൽ ഒരു തീരുമാനം വരുന്നതിന് മുമ്പായി തന്നെ രാജീവ് ജോസഫും സംഘവും പണപ്പിരിവ് തുടങ്ങിയിട്ടുണ്ട്. പ്രവാസികളെ ലക്ഷ്യമിട്ട് തന്നെയാണ് ഈ പണപ്പിരിവ് ഊർജിതമായി നടക്കുന്നത്. ഇത് മനസ്സിലാക്കിയാണ് കെജിഎസുമായി കൈകോർക്കാൻ യോഹന്നാൻ തയ്യാറായത്. കെജിഎസുമായി പലവട്ടം ബിലിവേഴ്‌സ് ചർച്ച് അധികൃതർ ചർച്ച നടത്തിയതായി മറുനാടന് വിശ്വസനീയമായ വിവരം ലഭിച്ചു. യോഹന്നാനെ പിണക്കാതെ ബിജെപിക്കാരെ ഒപ്പം നിർത്താനാണ് ശ്രമം. സംസ്ഥാന സർക്കാർ ഈ പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും കെജിഎസ് വിലയിരുത്തുന്നു.

പത്തനംതിട്ടയിലെ ചെറുവള്ളി, ളാഹ എസ്റ്റേറ്റുകൾ വിമാനത്താവളത്തിന് അനുയോജ്യമാണെന്നും പഠനം നടത്തിയെന്നും അവകാശപ്പെട്ട് സ്വയം മുന്നോട്ടുവന്നത് രാജീവ് ജോസഫാണ്. എന്നാൽ നിരവധി ആരോപണവും ആക്ഷേപവുമുള്ള രാജീവ് ജോസഫുമായി സഹകരിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുമുണ്ട്. ഇതോടൊപ്പം ഡിസംബർ അവസാനവാരം കൈരളി ടിവി റാന്നിയിൽ നടത്തിയ റാന്നിഫെസ്റ്റിൽ മുഖ്യ സ്‌പോൺസർമാരായി എത്തിയ കമ്പനി ഫെസ്റ്റിവൽ വേദിയിൽവച്ച് വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുകയും അതിലൂടെ കമ്പനിയുടെ ഷെയർ എടുക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചുതുടങ്ങുകയും ചെയ്തിരിക്കുകയാണ്. രാജീവ് ജോസഫിന്റെ ഈ നീക്കങ്ങളെല്ലാം സംശയാസ്പദമാണ്. ഇത് പിണറായി സർക്കാരും തിരിച്ചറിഞ്ഞു കഴിഞ്ഞു.

വിമാനത്താവള കമ്പനിയെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപനങ്ങൾക്കപ്പുറത്ത് ഒരു നടപടിയും ആരംഭിച്ചിട്ടില്ലെന്നിരിക്കെ ആ വിമാനത്താവളം തുടങ്ങുന്നത് ഞങ്ങളാണെന്ന പ്രഖ്യാപനവുമായി കടലാസു കമ്പനിയുടെ എംഡിയായ രാജീവ് ജോസഫ് രംഗത്തുവരികയും കമ്പനിയുടെ പേരിൽ ഷെയർ പിരിക്കാൻ നടപടി തുടങ്ങുകയും ചെയ്തിരിക്കുകയാണ്. സർക്കാർ തലത്തിൽ ആലോചന വരുന്നതിന് മുമ്പുതന്നെ വിമാനത്താവളത്തിന് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ട് എന്നു പേരുമിട്ട് അടുത്ത ദിവസം വരെ ഒരു ഫേസ്‌ബുക്ക് പേജുമാത്രം തുറന്ന് പ്രചരണം നടത്തി. ഇതിന് പിന്നാലെയാണ് വെബ്‌സൈറ്റ് വഴി പണം പിരിക്കുന്നത്. ഇതെല്ലാം സർക്കാരിന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. ഇത് മനസ്സിലാക്കി കൂടിയാണ് കെജിഎസുമായി ഒരുമിച്ച് നീങ്ങാൻ കെപി യോഹന്നാൻ തയ്യാറാകുന്നത്. എരുമേലി എയർപോർട്ടിനായി സ്ഥലം കൈമാറി വിമാനത്താവളക്കമ്പനിയിൽ ഓഹരിയെടുക്കാനായിരുന്നു യോഹന്നാന്റെ ആദ്യ ശ്രമം.

ഇതിനെതിരെ എതിർപ്പ് ശക്തമായി. വിമാനത്താവളക്കമ്പനിക്ക് വേണ്ടി ആദ്യമെത്തിയ സ്ഥലം എംഎൽഎ പിസി ജോർജ് പോലും വിമാനത്താവളമാണ് വലുതെന്ന് പ്രഖ്യാപിച്ചു. ഇതോടെ ഓഹരിയെന്ന മോഹം യോഹന്നാന് പൊലിഞ്ഞു. എങ്ങനെയെങ്കിലും സ്ഥലം വിറ്റ് കാശ് വാങ്ങുകയെന്നതായി ലക്ഷ്യം. ഹാരിസണിൽ നിന്നാണ് ചെറുവള്ളി എസ്റ്റേറ്റ് യോഹന്നാൻ വാങ്ങുന്നത്. പാട്ടക്കരാർ തീർന്ന ഭൂമി വ്യാജ രേഖ ചമച്ചാണ് യോഹന്നാന് ഹാരിസൺ കൈമാറിയതെന്നാണ് ആരോപണം. എന്നാൽ ഇതിൽ തനിക്ക് പങ്കില്ലെന്നാണ് യോഹന്നാന്റെ വാദം. അതുകൊണ്ട് ചെറുവള്ളി എസ്‌റ്റേറ്റിന് ചെലവിട്ടതെങ്കിലും തിരിച്ചു കിട്ടണം. എങ്കിൽ ഭൂമിയിലുള്ള സർവ്വ അവകാശവും വിമാനത്താവള കമ്പനിക്ക് നൽകാമെന്നാണ് യോഹന്നാന്റെ പക്ഷം. ശബരിമലയുടെ പേരിലായതിനാൽ ആരും എതിർക്കില്ലെന്നും യോഹന്നാൻ പറയുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കണമെങ്കിൽ നൂലാമാലകൾ ഏറെയാണ്.

സർക്കാർ ഭൂമിയെന്ന് വിലയിരുത്തുന്ന സ്ഥലം കെജിഎസ് പണം കൊടുത്ത് യോഹന്നാനെ ഒഴിവാക്കിയാലും ഭൂമിയുടെ ഉടമസ്ഥാവകാശം അവർക്ക് ലഭിക്കില്ല. സർക്കാർ ഭൂമിയായി തന്നെ തുടരും. അതുകൊണ്ട് ഈ ഭൂമിയിൽ വിമാനത്താവളത്തിന് അപേക്ഷിക്കാൻ കെജിഎസിന് കഴിയില്ല. സർക്കാർ മുൻകൈയെടുത്താൽ വിമാനത്താവള നിർമ്മാണ കമ്പനിയെ കണ്ടെത്താൻ ആഗോള ടെൻഡറും വിളിക്കേണ്ടി വരും. ഈ സാഹചര്യങ്ങൾ ഒഴിവാക്കുമെന്ന് ഉറപ്പിച്ചാൽ മാത്രമേ യോഹന്നാനാന് പണം നൽകിയിട്ട് കാര്യമുള്ളൂവെന്ന് കെജിഎസും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ സർക്കാരിന് മാത്രമേ ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളമെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ കഴിയൂ. അല്ലാത്ത പക്ഷം യോഹന്നാനിൽ നിന്ന് ഭൂമി ഏറ്റെടുത്ത് കെജിഎസിന് സർക്കാർ വിൽക്കണം. ഇങ്ങനെ പല സാധ്യതകളും ഏരുമേലിയിൽ ചർച്ചയാകുന്നുണ്ട്.

വിമാനത്താവളം സഭയുടെ വിഷയമല്ലെന്ന് ബിലീവേഴ്‌സ് ചർച്ച്

അതേസമയം എരുമേലി വിമാനത്താവളവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുമ്പോൾ ഇതിനെയെല്ലാം നിഷേധിച്ച് ബിലീവേഴ്‌സ് ചർച്ച് രംഗത്തെത്തി. പത്തനംതിട്ടയിൽ എവിടെ വേണമെങ്കിലും വിമാനത്താവളം വന്നുകൊള്ളട്ടെ, അത് തങ്ങളുടെ വിഷയമല്ലെന്ന് ബിഷപ്പ് യോഹന്നാനോട് അടുത്തവൃത്തങ്ങൾ വ്യക്തമാക്കി. എയിർപോർട്ട് വരുന്നതിനോട് എതിർപ്പില്ല, എന്നാൽ, ചെറുവള്ളി എസ്റ്റേറ്റ് വിട്ടുകൊടുക്കുന്ന കാര്യം തങ്ങളുടെ അജണ്ടയിൽ ഇല്ലെന്നും സഭാവക്താവ് വ്യക്തമാക്കി. ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇപ്പോൾ ഹൈക്കോതതിയുടെ പരിഗണനയിലാണ്. ഈ കേസിലെ വിധി എന്തുതന്നെയായാലും അത് അംഗീകരിക്കും. രാജമാണിക്യം തയ്യാറാക്കിയ റിപ്പോർട്ടിൽ ചെറുവള്ളി എസ്‌റ്റേറ്റ് സർക്കാർ ഏറ്റെടുക്കണമെന്ന നിർദേശില്ലെന്നും അവർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP