Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇക്കുറി ഒറ്റ നേതാവിന്റെ പോലും ഫ്‌ളക്‌സ് വച്ച ബോർഡ് റോഡരികിൽ ഉണ്ടാകില്ല; സർക്കാർ ഉഴപ്പിയ ഫ്‌ളക്‌സ് നിരോധന നിയമം കർശനമാക്കാൻ കോടതി; തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്; സ്ഥാനാർത്ഥികളുടെ ഫ്‌ളക്‌സ് വച്ചാൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം ആയേക്കും; പൊരിവെയിലത്ത് വീടു കയറിയിറങ്ങി മടുക്കാൻ വിധിക്കപ്പെട്ടു സ്ഥാനാർത്ഥികൾ

ഇക്കുറി ഒറ്റ നേതാവിന്റെ പോലും ഫ്‌ളക്‌സ് വച്ച ബോർഡ് റോഡരികിൽ ഉണ്ടാകില്ല; സർക്കാർ ഉഴപ്പിയ ഫ്‌ളക്‌സ് നിരോധന നിയമം കർശനമാക്കാൻ കോടതി; തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്; സ്ഥാനാർത്ഥികളുടെ ഫ്‌ളക്‌സ് വച്ചാൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം ആയേക്കും; പൊരിവെയിലത്ത് വീടു കയറിയിറങ്ങി മടുക്കാൻ വിധിക്കപ്പെട്ടു സ്ഥാനാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിൽ ഒരു അത്ഭുതം സംഭവിക്കും. നാടുനീളെ കെട്ടി എഴുന്നള്ളിക്കുന്ന ഫ്‌ളക്‌സ് ബോർഡുകൾ അപ്രത്യക്ഷമാകും. കോടതി നിരോധിക്കുകയും സർക്കാർ നയമാക്കി അംഗീകരിക്കുകയും ചെയ്തിട്ടും നടപടികളില്ലാത്ത ഫ്‌ളക്‌സ് നിരോധനം കർശനമായി നടപ്പിലാക്കാൻ ഇന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചെടുത്ത തീരുമാനമാണു തെരഞ്ഞെടുപ്പിന്റെ സ്വഭാവം മാറ്റുക.

റോഡിന്റെ 50 മീറ്റർ ദൂരപരിധിയിൽ ഫ്‌ളക്‌സ് നിരോധിച്ചു കൊണ്ടുള്ള ഉത്തരവു നടപ്പാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പു കമ്മീഷനും ഇന്നു കോടതി നോട്ടീസ് നൽകി. അതുനടപ്പിലാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ കൂടി സമ്മതിച്ചാൽ നേതാക്കൾ പുലിവാലു പിടിക്കും. നിലവിലുള്ള നിയമത്തിന് അനുകൂലമായേ കമ്മീഷൻ നിലപാട് എടുക്കൂ എന്നാണു സൂചന. അങ്ങനെയാണെങ്കിലും റോഡിൽ നിന്ന് 50 മീറ്റർ അകലെ ഫ്‌ളക്‌സ് വയ്ക്കുന്നതു തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടലംഘനമായി മാറും. എല്ലാ ബോർഡുകൾക്കും ഇതു ബാധകമാണെങ്കിലും മറ്റു പരസ്യബോർഡുകൾ മാറ്റേണ്ട ചുമതല സർക്കാരിന്റെയാണ്. എന്നാൽ തെരഞ്ഞെടുപ്പു പ്രചാരണ ഫ്‌ളക്‌സുകളുടെ മേൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിമുറുക്കും.

റോഡായ റോഡു മുഴുവൻ ഫ്‌ളക്‌സും വാൾ പോസ്റ്ററുകളും ഭിത്തിയിലെഴുത്തും ഒക്കെ നടത്തി നിയമസഭാ തെരഞ്ഞെടുപ്പു കൊഴുപ്പിക്കാനിരിക്കുന്ന സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും കനത്ത തിരിച്ചടിയാകും ഇതെന്നു തീർച്ചയാണ്. റോഡുകളുടെ 50 മീറ്റർ അകലത്തിൽ മാത്രമേ ഫ്‌ളക്‌സ് ബോർഡുകളും പോസ്റ്ററുകളും മറ്റും പാടുള്ളൂ എന്ന സംസ്ഥാന സർക്കാരിന്റെ 'ഔട്ട് ഡോർ പരസ്യനയം' ഹൈക്കോടതി അംഗീകരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കും ബാധകമാകുക. ഹൈക്കോടതി നിബന്ധന തെരഞ്ഞെടുപ്പു കമ്മീഷൻ പരിഗണനയ്ക്കായി എടുത്തതിനാൽ റോഡുവക്കിലെ ഫ്‌ളക്‌സ് പോരും പോസ്റ്റർ യുദ്ധവും ഒഴിവാകുമെന്ന സൂചനയാണുള്ളത്.

റോഡരികിലെ ബോർഡുകളുടെയും ഫ്‌ളക്‌സുകളുടെയും കാര്യത്തിൽ പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷനിലെ അഡ്വ. ജോൺസൺ മനയനാനി ഫയൽ ചെയ്ത പൊതുതാൽപര്യ ഹർജി 2013 ഫെബ്രുവരി 21ന് തീർപ്പാക്കി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും വിധി പ്രസ്താവിച്ചിരുന്നു. വാഹനങ്ങൾക്കും വാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും അപകടമുണ്ടാക്കുന്ന തരത്തിലുള്ള പരസ്യ ബോർഡും മറ്റും വഴിയോരത്തു നിന്നു നീക്കം ചെയ്യണമെന്നു സർക്കാരിനും പൊലീസിനും കോടതിവിധിയിലൂടെ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

എന്നാൽ, ഏറെ നാൾ കഴിഞ്ഞിട്ടും ഈ കോടതി ഉത്തരവ് നടപ്പാക്കിയില്ല. അതിനെ തുടർന്ന് കോടതിയലക്ഷ്യ ഹർജി നൽകുകയും അടിയന്തര നടപടി എടുക്കാമെന്ന ഉറപ്പിന്മേൽ ഹർജി തീർപ്പാക്കുകയും ചെയ്തു. തീരുമാനങ്ങൾ നടപ്പാക്കാതെ വന്നപ്പോൾ വീണ്ടും സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ ഹർജി അഡ്വ. ജീവൻ മാത്യു മനയാനി മുഖേന ഹർജി ഫയൽ ചെയ്തു. തുടർന്ന് ഫ്‌ളക്‌സ് ബോർഡുകളും മറ്റും അടിയന്തരമായി നീക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. ചീഫ് ജസ്റ്റിസിന്റെ ഉത്തരവിനെ തുടർന്ന് 29.6.2015ൽ സംസ്ഥാന ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മിറ്റി സംസ്ഥാനത്തെ എല്ലാ ഫ്‌ളക്‌സ് ബോർഡും നീക്കാൻ ഉത്തരവിട്ടു. എന്നാൽ, ഫ്‌ളക്‌സ് നീക്കാൻ പുറത്തിറക്കിയ ഉത്തരവ് സംസ്ഥാന സർക്കാർ ഒരുമാസത്തിനകം മരവിപ്പിക്കുകയായിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്തു വീണ്ടും സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ ഹൈക്കോടതിയിൽ പോയി. ഇതിനെത്തുടർന്ന് ബോർഡുകളും മറ്റും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു നയം രൂപവൽക്കരിക്കാൻ സർക്കാർ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തി.

2015 ഒക്ടോബറിൽ സംസ്ഥാന റോഡ് സേഫ്റ്റി അഥോറിറ്റിയുടെ യോഗം നാറ്റ്പാക് തയ്യാറാക്കിയ ഔട്ട്‌ഡോർ പരസ്യ നയം അംഗീകരിക്കുകയും സർക്കാരിന് ശുപാർശ ചെയ്യുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഗതാഗതവകുപ്പ് 2007ലെ റോഡ് സുരക്ഷാനിയമപ്രകാരം 'കേരള സ്റ്റേറ്റ് പോളിസി ഓൺ ഔട്ട്‌ഡോർ അഡ്വർട്ടൈസിങ്' അംഗീകരിച്ചു. അതു നിയമമായി 2016 ഫെബ്രുവരിയിൽ പുറത്തിറങ്ങുകയും ചെയ്തു.

സംസ്ഥാന സർക്കാർ ഈ നയവും ഉത്തരവും ഹൈക്കോടതിയിൽ സമർപ്പിക്കുകയും കോടതി അത്അംഗീകരിക്കുകയും ചെയ്തു. വിശദവാദങ്ങൾക്കായി കേസ് അവധിക്കു വച്ചിരിക്കുകയാണ്. ഈ നയപ്രകാരം റോഡിന്റെ അതിർത്തിയിൽ നിന്ന് 50 മീറ്റർ അകലെ മാത്രമേ ഫ്‌ളക്‌സ് ബോർഡുകൾ അടക്കം ഏതു പരസ്യവും സ്ഥാപിക്കാനാകൂ. റോഡിനോടു ചേർന്നിരിക്കുന്ന സ്വകാര്യ വ്യക്തികളുടെ മതിലിലും കെട്ടിടങ്ങളിലും സ്ഥലങ്ങളിലും ഈ 50 മീറ്റർ ദൂരം ബാധകമാണ്.

കെട്ടിട ഉടമകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കുമൊക്കെ 0.2 മീറ്റർ നീളത്തിലും വീതിയിലും അറിയിപ്പു ബോർഡ് വയ്ക്കാനേ അനുമതിയുള്ളൂ. സർക്കാർ പരസ്യനയം ഉത്തരവായതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് അധികൃതർ ഫ്‌ളക്‌സുകൾ നീക്കം ചെയ്തിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഫ്‌ളക്‌സ് ബോർഡുകൾക്കും പോസ്റ്ററുകൾക്കും മറ്റുമുള്ള കർശന നിയന്ത്രണം രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും പ്രചാരണത്തിനു തടസമാകും. രാഷ്ട്രീയ കക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും 2016 ഫെബ്രുവരി രണ്ടിലെ സംസ്ഥാന സർക്കാരിന്റെ പരസ്യനയം ബാധകമാണെന്നും അതു കർശനമായി നടപ്പാക്കുന്നു എന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനും സർക്കാരും ഉറപ്പുവരുത്തണം എന്നും ആവശ്യപ്പെട്ട് സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ ചെയർമാൻ കെ സി ചാക്കോ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. ഹർജി കോടതി പരിഗണിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷനു നോട്ടീസ് അയക്കുകയും ചെയ്തു. തുടർനടപടികൾ ഉടൻ സ്വീകരിക്കുമെന്ന നിലപാടിലാണു കമ്മീഷൻ.

കർശനമായ നിലപാടു സ്വീകരിച്ചാൽ റോഡിന്റെ 50 മീറ്റർ ദൂരത്തിൽ പോസ്റ്ററുകൾ പോലും പരിക്കാനാകില്ല. മതിലുകളിൽ പോസ്റ്ററുകൾ പതിക്കുന്ന രീതിക്ക് അന്ത്യമാകുന്നതോടെ പഴയകാലങ്ങളിലേതു പോലെ വീടുവീടാന്തരം കയറിയലഞ്ഞു സ്ഥാനാർത്ഥികൾ വോട്ടുപിടിക്കേണ്ടി വരുമെന്ന നിലയിലേക്കാണു കാര്യങ്ങൾ പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP