Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വമ്പൻ സ്രാവുകളെ പിടിക്കാനിറങ്ങിയ അമിത് ഷായ്ക്ക് കിട്ടിയത് വെറും പരൽ മീൻ! താമര പിടിക്കാൻ പുതുതായി എത്തിയത് വെഞ്ഞാറമൂട് ശശി മാത്രം; പറയാൻ ഒന്നുമില്ലാത്തതിനാൽ വാർത്താസമ്മേളനം റദ്ദാക്കി; അടുത്ത വരവിൽ അത്ഭുതങ്ങൾ ഉണ്ടായേ മതിയാകൂവെന്ന് താക്കീത്; കേരളത്തിലെത്തിയ ബിജെപി അധ്യക്ഷന്റെ മടക്കം വെറുംകൈയോടെ

വമ്പൻ സ്രാവുകളെ പിടിക്കാനിറങ്ങിയ അമിത് ഷായ്ക്ക് കിട്ടിയത് വെറും പരൽ മീൻ! താമര പിടിക്കാൻ പുതുതായി എത്തിയത് വെഞ്ഞാറമൂട് ശശി മാത്രം; പറയാൻ ഒന്നുമില്ലാത്തതിനാൽ വാർത്താസമ്മേളനം റദ്ദാക്കി; അടുത്ത വരവിൽ അത്ഭുതങ്ങൾ ഉണ്ടായേ മതിയാകൂവെന്ന് താക്കീത്; കേരളത്തിലെത്തിയ ബിജെപി അധ്യക്ഷന്റെ മടക്കം വെറുംകൈയോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വലിയ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേരളത്തിലെ മൂന്ന് ദിവസത്തെ സന്ദർശനത്തിന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എത്തിയത്. കഴിഞ്ഞ മാസം ലക്ഷദ്വീപിൽ അമിത് ഷാ എത്തിയപ്പോൾ സംഭവിച്ചത് അൽഭുതങ്ങളായിരുന്നു. ലക്ഷദ്വീപിലെ എൻസിപിയുടെ ലോക്‌സഭാ അംഗം തന്നെ ബിജെപിക്കൊപ്പമായി. അങ്ങനെ ലക്ഷദ്വീപ് ബിജെപി പിടിച്ചു. കേരളത്തിലും ഇത്തരം വമ്പൻ സ്രാവുകളെ എത്തിക്കാനായിരുന്നു നീക്കം.

കേരളാ നേതാക്കളോട് ഇതുറപ്പാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ വലിയ പേരുകാരാരും ബിജെപി അധ്യക്ഷനിൽ നിന്ന് അംഗത്വമെടുക്കാൻ എത്തിയില്ല. തിരുവനന്തപുരത്ത് നടന്ന പൗര സംഗമത്തിൽ ബിജെപിയിൽ ചേരാമെന്ന് സമ്മതിച്ച് എത്തിയ പുറത്തു നിന്നൊരാൾ വെഞ്ഞാറമൂട് ശശി മാത്രമാണ്. ഇതു കാരണം പുതതായി പാർട്ടിയിലെത്തിയ പ്രമുഖന്റെ പേര് ആർ എസ് എസിന്റെ ജന്മഭൂമി പത്രം പോലും കൊടുത്തില്ല. ഇത്തരത്തിൽ പരിപാടി പൊളിഞ്ഞതിൽ കടുത്ത അതൃപ്തനാണ് അമിത് ഷാ.

സംഘടനാ തലത്തിലെ വീഴ്ചകളാണ് ഇതിന് കാരണമെന്ന് അമിത് ഷാ തിരിച്ചറിയുന്നു. ഗ്രൂപ്പിസത്തിൽ ആടിഉലയുന്ന സംസ്ഥാന നേതൃത്വം നേർവഴിക്ക് നടന്നേ മതിയാകൂവെന്ന് അമിത് ഷാ താക്കീത് നൽകി കഴിഞ്ഞു. കേരളത്തെ പിടിക്കാൻ വ്യക്തമായ പദ്ധതികളുമായി ഉടൻ അമിത് ഷാ എത്തും. ഈ സമയമാകുമ്പോൾ കേരള നേതാക്കളുടെ ഇടപെടലിൽ പൊതു സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്നവരെ ബിജെപിയിലെത്തിക്കാനുള്ള നടപടി കൂടിയേ തീരൂ. വെഞ്ഞാറമൂട് ശശിയെ പാർട്ടിയിലേക്ക് കൊണ്ടു വന്ന മഹത്വം ഈ വിമർശനത്തിനിടെ ആരും അമിത് ഷായ്ക്ക് മുമ്പിൽ വിളമ്പിയില്ല.

എന്നാൽ അമിത് ഷായുമായി അടുപ്പമുള്ള കേരളത്തിലെ ചിലർ പാർട്ടിയിലെത്തിയ വെഞ്ഞാറമൂട് ശശിയെ കുറിച്ച് അമിത് ഷായെ അറിയിച്ചു. സിപിഐയുടെ മുൻ ജില്ലാ സെക്രട്ടറിയായ വെഞ്ഞാറമൂട് ശശിയെ പാർട്ടി പുറത്താക്കി. ബെനറ്റ് എബ്രഹാമിനെ സ്ഥാനാർത്ഥിയാക്കിയ വിവാദമായിരുന്നു ഇതിന് കാരണം. അതിന് ശേഷം ഷിബു ബേബി ജോണിന്റെ ആർ എസ് പിയിലും ചേർന്നു. ഈ നേതാവാണ് ഇപ്പോൾ ബിജെപിയിൽ എത്തുന്നത്.

പൗര പ്രമുഖരുടെ യോഗത്തിൽ മുൻ അംബാസിഡർ ടിപി ശ്രീനിവാസൻ, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ബാബു പോൾ, ഐഎസ്ആർഒ മുൻ ചെയർമാൻ മാധവൻ നായർ, നടൻ ബാബു നമ്പൂതിരി, സംഗീതജ്ഞ ഓമനക്കുട്ടി, ഗായകൻ ജി വേണുഗോപാൽ എന്നിവരും എത്തി. എന്നാൽ ഇവരാരും ബിജെപിയിൽ ചേരാനെത്തിവരായിരുന്നില്ല. തലസ്ഥാനത്തെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടുമായുള്ള വ്യക്തിപരമായ അടുപ്പമായിരുന്നു ഇവരെ ട്രിവാണ്ട്രം ഹോട്ടലിലെ വേദിയിലെത്തിച്ചത്. ഇതും അമിത് ഷായുടെ ശ്രദ്ധയിലെത്തിയിട്ടുണ്ട്.

കർദിനാൾ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ച ഒരുക്കിയത് മുൻ ഡിജിപിയാണ്. അതിലും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലുകളൊന്നും ഉണ്ടായില്ല. പിപി മുകുന്ദനെ ക്ഷണിക്കാതെ പുതിയ ഓഫീസ് കല്ലിടലും വിവാദത്തിലായി. ഈ സാഹചര്യത്തിൽ ഇങ്ങനെ പോയാൽ പോരെന്ന കർശന നിർദ്ദേശം ബിജെപി നേതാക്കൾക്ക് അമിത് ഷാ നൽകി കഴിഞ്ഞു. കേരളം പിടിക്കാൻ ആർജ്ജവത്തോടെ ഒരുമിച്ച് നീങ്ങണമെന്നാണ് നിർദ്ദേശം.

ഇന്ന് വാർത്താ സമ്മേളനം നടത്താനും അമിത് ഷാ ആഗ്രഹിച്ചിരുന്നു. എന്നാൽ പറയാൻ പുതുതായൊന്നുമില്ലാത്തതിനാൽ വാർത്ത സമ്മേളനം വേണ്ടെന്ന നിലപാട് അമിത് ഷാ എടുക്കുകയായിരുന്നു. ആവശ്യത്തിന് പണം കേരള ഘടകത്തിന് നൽകുന്നുണ്ട്. ഇതൊക്കെ പാഴായി പോകുന്നുവെന്ന പരാതിയും അമിത് ഷായ്ക്കുണ്ട്. വോട്ടു പിടിക്കാനുള്ള കാര്യക്ഷമായ ഇടപെടലിന് പാർട്ടി ഫണ്ട് വിനിയോഗിക്കണം. 50,000 രൂപ കൊടുത്ത് ഒരു ജോലിയുമില്ലാത്തവരെ പാർട്ടി ഓഫീസിൽ പണി കൊടുക്കുത്തതും ചിലർ ശ്രദ്ധയിൽപ്പെടുത്തി.

ഈ നിയമനത്തെ കുറിച്ച് കേട്ട് അമിത് ഷാ അക്ഷരാർത്ഥത്തിൽ ഞെട്ടിയെന്നാണ് സൂചന. അച്ചടക്കമാണ് പാർട്ടിക്ക് ആവശ്യം. അതുണ്ടായാൽ കൂടുതൽ ആളുകൾ ബിജെപിയിലെത്തുമെന്നാണ് അമിത് ഷാ നൽകിയിരിക്കുന്ന നിർദ്ദേശം. കേരളത്തിലെ സംഘപരിവാർ നേതൃത്വവും കാര്യങ്ങളുടെ പോക്ക് ശരിയായ ദിശയിൽ അല്ലെന്ന് അമിത് ഷായെ അറിയിച്ചു. ആർഎസ്എസ് പ്രാന്ത പ്രചാരക് ഹരികൃഷ്ണ കുമാറും അമിത് ഷായെ കണ്ടിരുന്നു.

ഇതിന് ശേഷമാണ് വാർത്താ സമ്മേളനം റദ്ദാക്കിയത്. കശാപ്പ് നിരോധനം, മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള നിലപാട് എന്നീ സമകാലീന രാഷ്ട്രീയ പ്രശ്‌നങ്ങളിലുള്ള ചോദ്യങ്ങൾ ഭയന്ന് കൂടിയാണ് റദ്ദാക്കിയത്. ബിജെപി സംസ്ഥാന കമ്മിറ്റിയിലെ ഗ്രൂപ്പുപോര് സംബന്ധിച്ച പ്രശ്‌നങ്ങളിൽ പരിഹാരമാകാഞ്ഞതും മാധ്യമപ്രവർത്തകരെ കാണാൻ അമിത് ഷായെ പിന്തിരിപ്പിക്കാൻ കാരണമെന്നും സൂചനയുണ്ട്. ദേശീയ അധ്യക്ഷൻ നേരിട്ടെത്തി ചർച്ച നടത്തിയിട്ടും ബിജെപി സംസ്ഥാന കമ്മിറ്റിയിലെ ഗ്രൂപ്പുപോരിന് പരിഹാരമായിരുന്നില്ല.

ഗ്രൂപ്പുതർക്കം പരിഹരിക്കാനുള്ള വേദിയല്ല, അടുത്തുനടക്കുന്ന തെരഞ്ഞെടുപ്പുകളിൽ സീറ്റ് നേടാൻവേണ്ടിയാണ് ഇത്തരം യോഗങ്ങളെന്നും അമിത് ഷാ ഇരുവിഭാഗത്തിനും താക്കീത് നൽകിയിരുന്നു. രണ്ടു ദിവസമായി സംസ്ഥാനത്ത് തമ്പടിക്കുന്ന അമിത് ഷാ ജില്ല, സംസ്ഥാന നേതാക്കളെ മാറിമാറി ചർച്ചയ്ക്കുവിളിച്ചിട്ടും ഗ്രൂപ്പുതർക്കത്തിന് പരിഹാരമായില്ല.

അതിനിടെ ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന പി പി മുകുന്ദന്റെ പരാമർശവും നേതൃത്വത്തിന് കല്ലുകടിയായിട്ടുണ്ട്. മാരാർജി ട്രസ്റ്റ് അംഗങ്ങളിൽ ക്ഷണിക്കപെടാത്ത ഏക അംഗവും പി പി മുകുന്ദനാണ്. ഇത് സംബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മുകുന്ദൻ കത്ത് നൽകുകയും ചെയ്യുന്നു. കേന്ദ്ര ഭരണത്തിന്റെ മറവിൽ പല നേതാക്കളും സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്ന ഇരുവിഭാഗങ്ങളുടെ ആരോപണവും ബിജെപി അധ്യക്ഷനെ വെട്ടിലാക്കിയിട്ടുണ്ട്.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശിനോട് അടുപ്പമുള്ള നേതാവ് മലബാറിലെ മെഡിക്കൽ കോളേജിൽ നിന്ന് കൈക്കൂലി വാങ്ങിയതും വിവാദത്തിന് പുതിയ തലം നൽകുന്നു. ഇതും അമിത് ഷായ്ക്ക് മുമ്പിൽ പരാതിയായി നൽകിയിട്ടുണ്ട്. പാർട്ടിയുടെ പ്രമുഖ സെല്ലിന്റെ കൺവീനർ കൂടിയാണ് ഇയാൾ. ഇതും അമിത് ഷായെ അലോസരപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ വാർത്താ സമ്മേളനം വേണ്ടെന്ന ഉപദേശമാണ് ഡൽഹിയിൽ നിന്ന് അമിത് ഷായ്ക്ക് ലഭിച്ചതും.

സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം തുറന്നുകാട്ടണം. ഇതിനൊപ്പം മോദി സർക്കാരിന്റെ വികസനവും. ഇതാണ് കേരളം പിടിക്കാൻ അമിത് ഷാ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശം. എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ ബിജെപിക്ക് നേരെ ആക്രമണം അഴിച്ചു വിട്ടാൽ അത് കൂടുതൽ താമരകൾ വിരിയുന്നതിന് വഴി തുറക്കുമെന്ന് അമിത് ഷാ പറഞ്ഞതും ഈ സന്ദേശം എത്തിക്കാനാണ്. കേരളത്തിൽ രാഷ്ട്രീയപ്രവർത്തനം നടത്തുവാൻ വലിയ പ്രയാസങ്ങൾ സഹിക്കേണ്ട ഗതിയാണ് ബിജെപി പ്രവർത്തകർക്കെന്നും അക്രമത്തിലൂടെ ബിജെപിയെ തകർക്കാമെന്ന് പിണറായി വിജയൻ കരുതേണ്ടെന്നും അമിത്ഷാ മുന്നറിയിപ്പ് നൽകി.

എൽഡിഎഫ് അധികാരത്തിൽ വന്നപ്പോഴെല്ലാം ബിജെപി പ്രവർത്തകർക്ക് നേരെ നിരന്തരം ആക്രമണങ്ങളുണ്ടായിട്ടുണ്ട്. ഇത്തവണ 13 പേരെയാണ് അവർ കൊലപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കൊലപാതകങ്ങൾ നടക്കുന്നു.-ഇതാണ് അമിത് ഷാ നൽകുന്ന സന്ദേശം.  സംസ്ഥാന കാര്യാലയത്തിന് മാത്രമല്ല കേരളം ഭരിക്കാനിരിക്കുന്ന എൻഡിഎ സർക്കാരിന് കൂടിയാണ് താനിപ്പോൾ തറക്കല്ലിട്ടതെന്നും അമിത് ഷാ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP