Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ജുവുമായുള്ള വിവാഹമോചനത്തോടെ കലാഭവൻ മണിയുമായി തെറ്റി; സൂപ്പർ താരത്തിന്റെ മൂന്നാറിലെ ഇടപാടുകൾ വൈരാഗ്യം കൂട്ടിയോ? മണിയുടെ മരണത്തിൽ ദിലീപിനെതിരെ ആരോപണമുന്നയിച്ചത് കോഴിക്കോടുകാരിയായ നടി; ബൈജു കൊട്ടാരക്കര നൽകിയ ഫോൺ സംഭാഷണം ഗൗരവത്തോടെ എടുത്ത് സിബിഐ; ഇടുക്കി ജാഫറും തരികിട സാബുവും സംശയ നിഴലിൽ തന്നെ; പാടിയിലെ മരണത്തിലെ നേര് പുറത്തുവരുമോ?

മഞ്ജുവുമായുള്ള വിവാഹമോചനത്തോടെ കലാഭവൻ മണിയുമായി തെറ്റി; സൂപ്പർ താരത്തിന്റെ മൂന്നാറിലെ ഇടപാടുകൾ വൈരാഗ്യം കൂട്ടിയോ? മണിയുടെ മരണത്തിൽ ദിലീപിനെതിരെ ആരോപണമുന്നയിച്ചത് കോഴിക്കോടുകാരിയായ നടി; ബൈജു കൊട്ടാരക്കര നൽകിയ ഫോൺ സംഭാഷണം ഗൗരവത്തോടെ എടുത്ത് സിബിഐ; ഇടുക്കി ജാഫറും തരികിട സാബുവും സംശയ നിഴലിൽ തന്നെ; പാടിയിലെ മരണത്തിലെ നേര് പുറത്തുവരുമോ?

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: കലാഭവൻ മണിയുടെ മരണത്തിൽ ജാഫർ ഇടുക്കി വീണ്ടും സംശയ നിഴലിൽ. ദിലീപുമായി ബന്ധപ്പെട്ട ആരോപണവുമായി മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ എത്തിയതോടെയാണ് ഇത്. സാബു തരികിടയേയും സിബിഐ നിരീക്ഷിക്കുന്നുണ്ട്. സിനിമാ ലോകത്തിന്റെ ക്വട്ടേഷനായിരുന്നോ കലാഭവൻ മണിയുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് സിബിഐ അന്വേഷിക്കുന്നത്. മണിയുടെ ദുരൂഹത മുഴുവൻ നീക്കാനാണ് തീരുമാനം. അതീവ രഹസ്യമായാണ് അന്വേഷണം. ഇനി ആരോടും പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്ന് മണിയുടെ കുടുംബത്തിന് സിബിഐ നിർദ്ദേശം നൽകിയിട്ടുണ്ട്.

പാഡിയിൽ അവസാനം ഉണ്ടായിരുന്ന സിനിമാക്കാരും മണിയും ദിലീപും നാദിർഷയും എല്ലാം ഉറ്റ സുഹൃത്തുക്കളായിരുന്നു എന്നതാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെയും നാദിർഷയെയും 13 മണിക്കൂർ ചോദ്യം ചെയ്തതിന് പിന്നാലെ നാദിർഷ നടത്തിയ പ്രസ്താവന അസ്വാഭാവികമായിട്ടാണ് അന്നുതന്നെ വിലയിരുത്തപ്പെട്ടത്. മണി ജീവിച്ചിരുന്നെങ്കിൽ തങ്ങളുടെ നിരപരാധിത്വം വെളിപ്പെടുത്താൻ മുന്നിൽ നിൽക്കുമായിരുന്നു എന്നായിരുന്നു നാദിർഷാ പറഞ്ഞത്. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നു. ഈ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മണിയുടെ മരണത്തിൽ അസ്വാഭാവിക വെളിപ്പെടുത്തൽ ബൈജു കൊട്ടാരക്കര നടത്തിയത്. ബൈജു കൊട്ടാരക്കര നൽകിയ ഫോൺ സംഭാഷണത്തിന്റെ പകർപ്പ് സിബിഐ പരിശോധിച്ചു. സംഭാഷണം കൃത്രിമമായി ചമച്ചതല്ലെന്ന് വ്യക്തമായിട്ടുണ്ട്. കോഴിക്കോടുകാരിയായ സിനിമാ രംഗത്തെ പ്രമുഖയുടെ ഫോൺ സംഭാഷണമാണ് ഇതെന്നാണ് സൂചന.

മണിയുടെ മരണത്തിൽ ദിലീപിനും മറ്റു കൂട്ടാളികൾക്കും പങ്കുണ്ടെന്നു മലയാള സിനിമാരംഗത്തുള്ള ഒരു സ്ത്രീ തന്നെ വിളിച്ച് പറഞ്ഞുവെന്നാണ് ബെജു പറഞ്ഞത്. മണിയുടെ മരണത്തിൽ ദിലീപിനും മറ്റു കൂട്ടാളികൾക്കും പങ്കുണ്ട്. ദിലീപ് അറസ്റ്റിലായ സാഹചര്യത്തിൽ അതും കൂടി അന്വേഷിക്കണമെന്നു ടിവി ചാനലിലും പറഞ്ഞു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ വിഷയം കലാഭവൻ മണിയുടെ സഹോദരൻ സിബിഐയുടെ ശ്രദ്ധയിൽ കൊണ്ടു വന്നു. ഇതോടെ ബൈജു കൊട്ടാരക്കരയുടെ മൊഴിയെടുക്കാൻ തീരുമാനിച്ചു. ഇതു പ്രകാരം സിബിഐ നോട്ടീസ് നൽകി. നേരിട്ട് ഹാജരായി തെളിവും കൊടുത്തു. ഈ ഫോൺ സംഭാഷണം വിശദമായി പരിശോധിച്ചു. ഇതോടെ സിനിമാ രംഗത്തെ കോഴിക്കോട്ടുകാരിയായ സത്രീയെ ചോദ്യം ചെയ്യാനും തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മണിയുടെ മരണത്തിലെ അന്വേഷണം സിനിമയിലേക്കും നീളുകയാണ്.

നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിൽ കേരളാ പൊലീസിന് വലിയ അംഗീകാരമാണ് പൊതു സമൂഹത്തിൽ നിന്ന് ലഭിച്ചത്. ഇതും ഏത ഉന്നതനെതിരേയും അന്വേഷണം നടത്താൻ സിബിഐക്ക് കരുത്ത് പകരുന്നതാണ്. നിരവധി സംശയങ്ങൾ മണിയുടെ മരണത്തിൽ സിബിഎൈക്ക് ഇപ്പോഴുമുണ്ട്. ഈ സാഹചര്യത്തിൽ സിനിമാക്കാരുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകൾ മുഴുവൻ സിബിഐ പരിശോധിക്കും. മൂന്നാറിലെ വിവാദ റിസോർട്ടിലെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട അന്വേഷണവും സജീവമാകും. കലാഭവൻ മണിയുടെ മരണത്തിലും വലിയ ഗൂഢാലോചനയുണ്ടെന്നാണ് കുടുംബം ആരോപിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങളുടെ പശ്ചാത്തലത്തിൽ കൊച്ചിയിലെ പ്രമുഖർക്ക് പിന്നാലെ സിബിഐ സഞ്ചാരം തുടങ്ങിയെന്നാണ് സൂചന. മൂന്നാറിൽ ഒരു സൂപ്പർതാരത്തിന് റിസോർട്ടുള്ളതായി നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില ഇടപെടലുകൾ നടന്നിരുന്നു. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചത് സിനിമയിലെ ലോബിയാണെന്നാണ് ആരോപണം ഉയർന്നിരുന്നു.

ദിലീപുമായി മണിക്ക് ഭൂമിയിടപാടുകൾ ഉണ്ടായിരുന്നതാണ് സംശയത്തിന് കാരണമെന്ന് രാമകൃഷ്ണൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ നേരത്തേയും സംശയമുണ്ടായിരുന്നെന്ന് ദിലീപിന്റെ പങ്കിനെക്കുറിച്ച് സിബിഐ യോട് പറഞ്ഞെന്നും രാമകൃഷ്ണൻ വ്യക്തമാക്കി. ദിലീപിനും മണിക്കും രാജാക്കാടും മൂന്നാറും റിയൽ എസ്റ്റേറ്റ് ബന്ധങ്ങൾ ഉണ്ടായിരുന്നു. കലാഭവൻ മണി മരിച്ചതിന് പിന്നാലെ ദിലീപ് വീട്ടിൽ എത്തിയത് ഒരേയൊരു തവണ മാത്രമായിരുന്നെന്നും രാമകൃഷ്ണൻ പറഞ്ഞു. അതുപോലെ തന്നെ ദിലീപിന്റെയും മഞ്ജുവിന്റെയും ബന്ധം തകർന്നത് മണിക്ക് ഏറെ വിഷമം ഉണ്ടാക്കിയിരുന്നതായും വ്യക്തമാക്കി. നേരത്തേ കേസ് അന്വേഷിച്ച പൊലീസിനെയും ഇക്കാര്യം പറഞ്ഞെങ്കിലും അവർ ഗൗരവമായി പരിഗണിച്ചില്ലെന്നും സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിന്റെ സാധ്യതയും തള്ളിക്കളയാനാവില്ലെന്നും പറഞ്ഞു. ഈ സാഹചര്യത്തെയാണ് സിബിഐ ഗൗരവത്തോടെ കാണുന്നത്.

പല ഘട്ടത്തിലുള്ള അന്വേഷണത്തിലൂടെ കിട്ടിയ തെളിവുകളുടെ വെളിച്ചത്തിൽ കൊലപാതകമെന്നോ ആത്മഹത്യയെന്നോ ഉള്ള നിഗമനത്തിലെത്താനാവാതെയാണ് കലാഭവൻ മണിയുടെ മരണത്തിലെ അന്വേഷണം പൊലീസ് സിബിഐയ്ക്ക് കൈമാറുന്നത്. ആദ്യസംശയം കൂട്ടുകാരിലേക്ക്: മണിക്കൊപ്പം ഔട്ട്ഹൗസായ പാടിയിലുണ്ടായിരുന്ന സുഹൃത്തുക്കളിലേക്കായിരുന്നു ആദ്യം സംശയത്തിന്റെ മുനകൾ നീണ്ടത്. ഇവരിൽ പലരെയും പൊലീസ് ചോദ്യം ചെയ്തു. ആറു പേർക്ക് നുണപരിശോധന നടത്തി. നടന്മാരടക്കമുള്ള കൂട്ടുകാർ സംശയത്തിന്റെ നിഴലിലായി.

എന്നാൽ, ഇവരടക്കം ആരെങ്കിലും മണിയെ ബോധപൂർവം അപകടപ്പെടുത്തിയെന്നതിന് തെളിവുകൾ കിട്ടിയില്ലെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. ഇതിന് പിന്നിൽ ഉന്നത ഇടപെടലുകളുണ്ടെന്ന ആരോപണം അന്നേ സജീവമായിരുന്നു. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. ബൈജു കൊട്ടാരക്കരയോട് വെളിപ്പെടുത്തൽ നടത്തിയ സ്ത്രീയുടെ മൊഴിയെടുക്കൽ ഇനി നിർണ്ണായകമാകും. ബൈജുവിനോട് പറഞ്ഞത് ശരിയാണെന്ന് അവർ ആവർത്തിച്ചാൽ സിനിമാ മേഖലയിലെ പലരും കുടുങ്ങും.

ഓർഗാനോഫോസ്ഫേറ്റ് ഇനത്തിൽപ്പെട്ട ക്ലോർപൈറിഫോസ് എന്ന കീടനാശിനി, എഥനോൾ, അപകടകരമായ അളവിൽ മെഥനോൾ എന്നിവ മണിയുടെ ശരീരത്തിൽ കണ്ടെത്തിയെന്ന് രാസപരിശോധനയിൽ തെളിഞ്ഞിരുന്നു. വിഷാംശം എങ്ങനെ ഉള്ളിലെത്തിയെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. കീടനാശിനിയുടെ തെളിവുകൾക്കായി പുഴയിലും തിരച്ചിൽ നടത്തി. വ്യാജമദ്യത്തിൽ വിഷം ഉണ്ടെന്നുവരെ പ്രചാരണം ഉണ്ടായി.മരണത്തിൽ അസ്വാഭാവികമായി ഒന്നും ഇല്ലെന്ന പ്രാഥമിക നിഗമനങ്ങൾക്കെതിരെ മണിയുടെ കുടുംബം രംഗത്തെത്തുകയായിരുന്നു.

സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനാണ് മണിയുടെ കൂട്ടുകാരുടെ ഇടപെടലുകൾ പരിശോധിക്കണം എന്നാവശ്യപ്പെട്ടതും ശക്തമായ നിലപാടെടുത്തതും. പ്രത്യേക അന്വേഷണസംഘം തലപുകച്ചെങ്കിലും കാര്യമുണ്ടായില്ല. തങ്ങൾക്ക് പങ്കില്ലെന്ന് കൂട്ടുകാർ ആവർത്തിച്ചു. കേരള പൊലീസിന് കിട്ടാത്ത തെളിവുകൾ സിബിഐ.യ്ക്ക് കിട്ടുമെന്നാണ് കലാഭവൻ മണിയുടെ കുടുംബത്തിന്റെ പ്രതീക്ഷ. സംസ്ഥാന സർക്കാർ അനുകൂലിച്ചെങ്കിലും സിബിഐ. കേസ് ഏറ്റെടുത്ത അറിയിപ്പുണ്ടായില്ല. പിന്നീട് കോടതി ഇടപെടലിലൂടെ കേസ് സിബിഐയിലേക്ക് എത്തുകയായിരുന്നു.

ചാലക്കുടിയിലെ മണിക്കൂടാരമായിരുന്നു മണിയുടെ വീട്. വീടിനടുത്തുള്ള പാടിയായിരുന്നു അദ്ദേഹം നാട്ടിലുള്ളപ്പോൾ ഏവരും ഒത്തു ചേർന്നിരുന്ന സ്ഥലം. പാട്ടും ബഹളവും നിറഞ്ഞ് നിൽക്കുന്നതായിരുന്നു പാടി. പാഡി റെസ്റ്റ് ഹൗസിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യമെന്നായിരുന്നു വിവരങ്ങൾ. എന്നാൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു.വിഷാംശം ഉള്ളിൽ ചെന്നാണ് മണി മരിച്ചതെന്നാണ് റിപ്പോർട്ട് പുറത്തുവന്നത്. മണിയുടെ ആന്തരികാവയവങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു.

എന്നാൽ ഇതിൽ ബാഹ്യ ഇടപെടൽ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നെങ്കിലും ഇതിൽ നിന്നും തെളിവ് ലഭിച്ചിട്ടില്ല. സംഭവത്തിൽ പ്രഥമിക അന്വേഷണത്തിൽ ലഭിച്ചതിനേക്കാൾ കൂടുതലായൊന്നും കണ്ടെത്താൻ സംഘത്തിന് കഴിഞ്ഞിരുന്നില്ല. ഈ തെളിവുകൾ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് തെളിയിക്കാൻ അപര്യാപ്തവുമായിരുന്നു. ഇതിൽ കള്ളക്കളികൾ ഉണ്ടോയെന്നാണ് സിബിഐ ആദ്യ ഘട്ടത്തിൽ പരിശോധിക്കുന്നത്.

അക്ഷരം എന്ന ചലച്ചിത്രത്തിലെ ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ചലച്ചിത്രലോകത്തെത്തിയ മണി സുന്ദർദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷത്തിലൂടെയായിരുന്നു മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. പിന്നീട് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ അനുവാചക പ്രശംസ പിടിച്ചുപറ്റി.

തെന്നിന്ത്യൻ സിനിമയിലാകെ താരമായി മാറി. 2016 മാർച്ച് ആറിനായിരുന്നു തെന്നിന്ത്യയെ മുഴുവൻ ഞെട്ടിച്ചു കൊണ്ട് മണിയുടെ മരണ വാർത്ത പുറത്തുവന്നത്. അഭിനയം, പാട്ട്, മിമിക്രി, സംഗീത സംവിധാനം, ഗാന രചന തുടങ്ങി മണി തിളങ്ങാത്ത മേഖലകളില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP