Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൈക്കൂലിവീരന്മാരെ അഞ്ചുപൈസ കൈക്കൂലി കിട്ടാൻ ഇടയില്ലാത്തിടത്തേക്ക് മാറ്റി പാഠംപഠിപ്പിക്കുന്നു; പാർട്ടി നേതാക്കളുടെ ശുപാർശയുമായി എത്തുന്നവന്മാർക്ക് ഇരട്ടി പണി; അഴിമതിക്കാരെ പാഠം പഠിപ്പിക്കാൻ നൂറോളം സ്ഥലംമാറ്റ ഉത്തരവുകൾ: അഴിമതിയുടെ കൂത്തരങ്ങായ പൊതുമരാമത്ത് വകുപ്പിൽ ജി സുധാകരന്റെ ശുദ്ധികലശം ഇങ്ങനെ

കൈക്കൂലിവീരന്മാരെ അഞ്ചുപൈസ കൈക്കൂലി കിട്ടാൻ ഇടയില്ലാത്തിടത്തേക്ക് മാറ്റി പാഠംപഠിപ്പിക്കുന്നു; പാർട്ടി നേതാക്കളുടെ ശുപാർശയുമായി എത്തുന്നവന്മാർക്ക് ഇരട്ടി പണി; അഴിമതിക്കാരെ പാഠം പഠിപ്പിക്കാൻ നൂറോളം സ്ഥലംമാറ്റ ഉത്തരവുകൾ: അഴിമതിയുടെ കൂത്തരങ്ങായ പൊതുമരാമത്ത് വകുപ്പിൽ ജി സുധാകരന്റെ ശുദ്ധികലശം ഇങ്ങനെ

ആവണി ഗോപാൽ

തിരുവനന്തപുരം: കൈക്കൂലിവീരന്മാരെ പടിപടിയായി സ്ഥലംമാറ്റിയും അഞ്ചുപൈസപോലും കൈക്കൂലികിട്ടാൻ സാധ്യതയില്ലാത്ത സ്ഥലങ്ങളിലേക്ക് തട്ടിയും പൊതുമരാമത്തു വകുപ്പിൽ മന്ത്രി ജി സുധാകരന്റെ ശുദ്ധീകരണം.

അധികാരമേറ്റ് നൂറുദിവസം പിന്നിട്ടപ്പോഴേക്കും തന്നെ സ്ഥാനക്കയറ്റംനൽകിയും സ്ഥാനമാറ്റംവരുത്തിയും നൂറിലേറെ ഉത്തരവുകളാണ് പൊതുമരാമത്ത് വകുപ്പിൽ പുറത്തിറങ്ങിയെന്ന് മനസ്സിലാക്കുമ്പോൾത്തന്നെ അഴിമതിവീരന്മാരെ പുകയ്ക്കുന്നതിന് നടത്തിയ നീക്കങ്ങൾ വ്യക്തമാകും.

ഈ ഉത്തരവുകളിൽ പാതിയിലേറെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഒതുക്കുന്നതിന് വേണ്ടിയായിരുന്നു. ഇതിനിടെ വേണ്ടപ്പെട്ടവരുടെ സ്ഥലംമാറ്റം റദ്ദാക്കിക്കിട്ടുന്നതിനും മറ്റുമായി എൻജിനീയർമാരും മറ്റും സിപിഎമ്മിലെ ഉന്നതരെ കൊണ്ടുപോലും ശുപാർശകളുമായി എത്തിയെങ്കിലും അത്തരക്കാരെ പ്രത്യേകം 'പരിഗണിച്ച്' ഒരു കൈക്കൂലി സാധ്യതയുമില്ലാത്ത സ്ഥലത്തേക്ക് മാറ്റാൻ മന്ത്രി തീരുമാനിച്ചതോടെ വകുപ്പിലെല്ലാവരും ഞെട്ടിയിരിക്കുകയാണെന്നാണ് വിവരം. ഇതോടെ ഭരണ, പ്രതിപക്ഷ ഭേദമെന്യേ എല്ലാ ഉദ്യോഗസ്ഥരും മന്ത്രിയെ സ്വാധീനിക്കാനും സ്ഥലംമാറ്റത്തിൽ ഇടപെടാനുമുള്ള ആലോചനപോലും ഉപേക്ഷിച്ചിരിക്കുകയാണ്.

കേരളത്തിൽ ഏറ്റവുമധികം അഴിമതി നടക്കുന്ന വകുപ്പായി കുപ്രസിദ്ധി നേടിയ പൊതുമരാമത്ത് വകുപ്പിന്റെ മന്ത്രിയായി ചുമതലയേറ്റ മൂന്നാംനാൾ മന്ത്രി ജി സുധാകരൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. ''കൈക്കൂലി വാങ്ങുന്നവർ പിന്നെ ആ സ്ഥാനത്ത് ഉണ്ടാവില്ല. എൻജിനീയറന്മാരെ ഉപയോഗിച്ച് മന്ത്രിമാർ പണം പിരിക്കാറുണ്ട്. ഇങ്ങനെ നൽകുന്ന പണം കരാറുകാരും എൻജിനീയർമാരും തിരിച്ചുപിടിക്കുന്നത് നിർമ്മാണപ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിക്കൊണ്ടാണ്.തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി എൻജിനീയർമാരുടെ കയ്യിൽ നിന്ന് ഞാൻ പണം വാങ്ങിയിട്ടില്ല. സ്ഥലം മാറ്റത്തിനും മറ്റും കൈക്കൂലി വാങ്ങുന്നു എന്നറിഞ്ഞാൽ കർശന നടപടി സ്വീകരിക്കും. പൊതുമരാമത്ത് വകുപ്പിലെ വഴിവിട്ട പ്രവർത്തനത്തിലൂടെ സംസ്ഥാന സർക്കാരിന്റെ ഖജനാവിലെ പണം ചോരുന്നത് അവസാനിപ്പിക്കും.''

പറഞ്ഞ വാക്ക് അക്ഷരംപ്രതി പാലിക്കാൻ സുധാകരൻ ആദ്യം കൂട്ടുപിടിച്ചത് പിഡബഌുഡിയുടെ തന്നെ വിജിലൻസ് വിങ്ങിനെ ആയിരുന്നു. ഇവരുടെ സഹായത്തോടെ പൊതുമരാമത്ത് വകുപ്പിൽ ഏറ്റവുംകൂടുതൽ അഴിമതി നടക്കാൻ സാധ്യതയുള്ള സബ് ഡിവിഷനുകളും ഒരു അഴിമതിക്കും സാധ്യതയില്ലാത്ത ഓഫീസുകളും കണ്ടെത്തുകയാണ് ആദ്യം ചെയ്തത്. ഇതിനുപിന്നാലെ വിജിലൻസ് കേസിലുൾപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കി.

വിജിലൻസ് നോട്ടപ്പുള്ളികളാക്കി വച്ചവരുടെ മറ്റൊരു ലിസ്റ്റും ഓരോ ഓഫീസിലും ചെറിയ തുകപോലും കൈക്കൂലി വാങ്ങുന്ന എൻജിനീയർ മുതൽ പ്യൂൺവരെയുള്ളവരുടെ വേറൊരു ലിസ്റ്റും റെഡിയാക്കാൻ നിർദ്ദേശം നൽകി. സത്യസന്ധരെന്ന് വിലയിരുത്തപ്പെടുന്നവർ ആരാണെന്നും മനസ്സിലാക്കിയ ശേഷമാണ് സ്ഥലംമാറ്റം തുടങ്ങിയത്.

'അട്ടപ്പാടിയിലേക്ക് തട്ടിക്കളയും' അല്ലെങ്കിൽ 'കാസർകോട്ടേക്ക് പറപ്പിക്കും' എന്ന മട്ടിലാണ് ഇതുവരെ സ്ഥലംമാറ്റ കാര്യങ്ങളിൽ കേട്ടുകേൾവിയെങ്കിൽ ഇവിടെ സുധാകരൻ ചെയ്തത് മറ്റൊരു കാര്യമാണ്. ജില്ലയ്ക്കു പുറത്തേക്കുപോലും ആരെയും മാറ്റിയില്ല. പകരം അതേ ജില്ലയിൽത്തന്നെ ഒരു പൈസപോലും കിട്ടാൻ സാധ്യതയില്ലാത്ത സ്ഥലത്തേക്കാണ് കൈക്കൂലിക്കാരെ തട്ടിയത്.

പലതും ഒറ്റനോട്ടത്തിൽ മ്യൂച്വൽ ട്രാൻസ്ഫർ എന്ന് തോന്നുന്ന രീതിയിൽ ചെയ്തതിനാൽ സംഘടനകൾക്കുപോലും ഇതിൽ ആക്ഷേപം പറയാൻ പറ്റാത്ത സ്ഥിതിയായി. എക്‌സ്‌ക്യുട്ടീവ് എൻജിനീയർ, അസി. എൻജിനീയർ, കഌക്ക്, പ്യൂൺ എന്നിങ്ങനെ ഓരോ ഘട്ടമായി നടത്തിയ സ്ഥലംമാറ്റം ഏതാണ്ട് അന്തിമഘട്ടത്തിൽ എത്തി നിൽക്കുകയാണ്.

വിജിലൻസ് കേസിലുൾപ്പെട്ട ചിലരെ വിജിലൻസിന്റെ തന്നെ ശുപാർശ വാങ്ങി കാസർകോട്ടേക്കും തട്ടിയിട്ടുണ്ട്. പത്തനംതിട്ടയിലെ ഒരു ഉദ്യോഗസ്ഥനെയും ഇങ്ങനെ പറപ്പിച്ചത്. അഴിമതിക്കെതിരെ കർശന നിലപാടെടുക്കുന്നതിന് വി എസ് സർക്കാരിന്റെ കാലത്തുതന്നെ പേരുകേട്ട ജി സുധാകരന് പൊതുമരാമത്ത് വകുപ്പിന്റെ ചുമതല നൽകിയപ്പോൾത്തന്നെ ഒരു കാര്യം വ്യക്തമായിരുന്നു. ഈ വകുപ്പിന്റെ ശുദ്ധീകരണം.

മന്ത്രിയായശേഷം നടത്തിയ പത്രസമ്മേളനത്തിൽത്തന്നെ വകുപ്പിലെ അഴിമതിക്കാർക്കെതിരെ ഉറച്ച നിലപാട് വ്യക്തമാക്കിയ സുധാകരൻ ഇതിനു പിന്നാലെ വകുപ്പിലെ കൈക്കൂലിവീരന്മാരെ കഴുത്തിനുപിടിച്ച് മൂലയ്ക്കിരുത്തി തുടങ്ങിയതോടെ വകുപ്പിലെ അഴിമതിക്കാരല്ലാത്ത ഉദ്യോഗസ്ഥർക്കിടയിൽ മന്ത്രി സുധാകരന് മതിപ്പും വർധിച്ചിട്ടുണ്ട്. കൈക്കൂലി വാങ്ങാൻ ഇഷ്ടമില്ലാത്തവരെപ്പോലും 'ഷെയർ' നൽകി വീഴ്‌ത്തുന്ന പതിവാണ് പൊതുമരാമത്ത് വകുപ്പിൽ നടന്നുവന്നിരുന്നത്.

ഇത്തരത്തിൽ സ്ഥലംമാറ്റത്തിലൂടെ അഴിമതി വീരന്മാരെ ഒതുക്കിയതിനുശേഷം എല്ലാ പ്രവൃത്തികളിലും പരമാവധി ഇ-ടെൻഡർവഴി കരാറുകാരെ കണ്ടെത്താനുള്ള ശ്രമമാണ് അടുത്ത പടിയെന്നാണ് അറിയുന്നത്. എ്ന്നാലും അടിയന്തിര ഘട്ടങ്ങളിൽ ചെയ്യേണ്ട പ്രവൃത്തികൾക്ക് ഇ-ടെൻഡർ സാധ്യമാവില്ല. ഉദാഹരണത്തിന് സർക്കാർ പരിപാടികളുമായി ബന്ധപ്പെട്ട് വേദിനിർമ്മിക്കലും ശബരിമല സീസൺ പ്രമാണിച്ച് ചെയ്യേണ്ട അടിയന്തിര പ്രവൃത്തികളും മറ്റും. ഇതിനെല്ലാം പറ്റിയ കരാറുകാരെ കണ്ടെത്തി അപ്പപ്പോൾ ക്വട്ടേഷൻ നൽകുകയാണ് ചെയ്യുക. ഈ ക്വട്ടേഷൻ ഇടപാടുകളിലാണ് വ്യാപകമായി അഴിമതി നടക്കാറുള്ളതും. അത് തടയുന്നതിന് ഇത്തരം പ്രവൃത്തികളുടെ മേൽനോട്ടത്തിന് നിയോഗിക്കാൻ കഌൻ ഇമേജുള്ള ഉദ്യോഗസ്ഥരെ മന്ത്രി കണ്ടെത്തിക്കഴിഞ്ഞതായാണ് അറിയുന്നത്.

ഏതായാലും ഇത്തരം നടപടികളിലൂടെ ഭാവിയിലെങ്കിലും ഒരു മഴപെയ്താൽ പൊളിയാത്ത റോഡും ഉറപ്പുള്ള പാലവും കലുങ്കുമെല്ലാം നമുക്ക് ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് മന്ത്രി. 59 കോടിയുടെ റെയിൽവെ പാലം 39 കോടിക്കു തീർത്ത് 20 കോടി ഖജനാവിന് തിരിച്ചുനൽകി കേരളത്തെ ഞെട്ടിച്ച മെട്രോമാൻ ഇ ശ്രീധരൻ 108 കോടി അനുവദിച്ച ഇടപ്പള്ളി പാലം തീർത്തത് 78 കോടിക്കാണെന്ന വാർത്തയുടെ ചൂട് മാറിയിട്ടില്ല. കേരളത്തിലെ ഒരോ പദ്ധതിക്കും അനുവദിക്കുന്ന തുകയുടെ നാല്പതു ശതമാനംപോലും പദ്ധതിക്കായി ചെലവാകുന്നില്ലെന്നും കരാറുകാരും എൻജിനീയർമാരും ഭൂരിഭാഗവും പങ്കിട്ടെടുക്കുകയാണെന്നും ശ്രീധരൻ കാണിച്ചുതന്ന പാലംപണികൾ തന്നെ സാക്ഷ്യം. പൊതുമരാമത്ത് വകുപ്പിൽ ജി സുധാകരൻ കൊണ്ടുവരുന്ന പരിഷ്‌കരണങ്ങൾ വകുപ്പിൽ 'പഞ്ചവടിപ്പാലം' സിനിമയ്ക്കു മുമ്പുള്ള കാലംമുതൽ നടക്കുന്ന തട്ടിപ്പുകളെ പൊളിച്ചടുക്കുമോ എന്ന് കാത്തിരുന്നു കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP