Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപി സുഹൃത്തുക്കളോട് നോ പറഞ്ഞ് പത്തനാപുരം എംഎൽഎ; അഴിമതിയും വർഗ്ഗീയതയും തനിക്ക് ഒരു പോലെ അംഗീകരിക്കാൻ കഴിയില്ലെന്ന് മറുനാടനോട് ഗണേശ്; ഇടതുപക്ഷത്തോട് തന്നെയാണ് താൽപ്പര്യമെന്ന് ബാലകൃഷ്ണ പിള്ളയും; കേരളാ കോൺഗ്രസ് ബിയുടെ മോഹങ്ങൾക്ക് സിപിഎമ്മും അനുകൂലം

ബിജെപി സുഹൃത്തുക്കളോട് നോ പറഞ്ഞ് പത്തനാപുരം എംഎൽഎ; അഴിമതിയും വർഗ്ഗീയതയും തനിക്ക് ഒരു പോലെ അംഗീകരിക്കാൻ കഴിയില്ലെന്ന് മറുനാടനോട് ഗണേശ്; ഇടതുപക്ഷത്തോട് തന്നെയാണ് താൽപ്പര്യമെന്ന് ബാലകൃഷ്ണ പിള്ളയും; കേരളാ കോൺഗ്രസ് ബിയുടെ മോഹങ്ങൾക്ക് സിപിഎമ്മും അനുകൂലം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വലതു മുന്നണിയിൽ നിന്ന് പുറത്തായ കെബി ഗണേശ് കുമാർ ഇപ്പോൾ ഒരിടത്തും ഇല്ലാത്ത അവസ്ഥയിലാണ്. അരുവിക്കര തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിക്കായി ഓടി നടന്ന് വോട്ട് പിടിച്ചു. എന്നാൽ ഫലം മറിച്ചായിരുന്നു. ഇത്രയേറെ അനുകൂല ഘടകമുണ്ടായിട്ടും അരുവിക്കരയിൽ ജയിക്കാനാവാത്ത സിപിഎമ്മിന് കേരള രാഷ്ട്രീയത്തിൽ തിരിച്ചുവരവിനുള്ള സാധ്യതയുണ്ടോ എന്നാണ് പലരും ഗണേശിനോട് ഇപ്പോൾ ചോദിക്കുന്നത്. കൃത്യമായ മറുപടി പറയാൻ ഗണേശിന് കഴിയുന്നുമില്ല. ഇടതു പക്ഷത്ത് എപ്പോഴെത്തുമെന്ന് പറയാൻ ബാലകൃഷ്ണ പിള്ളയ്ക്ക് കഴിയാത്ത അവസ്ഥ. ഇങ്ങനെ ഒരിടവുമില്ലാത്ത അവസ്ഥ തുടരുന്നതിൽ അർത്ഥമില്ലെന്നാണ് കേരളാ കോൺഗ്രസ് ബിയിലെ ചിലരുടെ നിലപാട്. അതുകൊണ്ട് ബിജെപിയെന്ന ബദലിലേക്ക് കണ്ണെറിയുകയാണ് കേരളാ കോൺഗ്രസ്.

അതിനിടെ ബിജെപിയുമായി സഹകരിക്കുമെന്ന വാർത്തകൾ ഗണേശ് കുമാർ നിഷേധിച്ചു. എന്തുവന്നാലും അഴിമതിയും വർഗ്ഗീയതയുമായി സമരസ്സപ്പെടാൻ താനില്ലെന്ന് മറുനാടൻ മലയാളിയോട് ഗണേശ് വിശദീകരിച്ചു. സമ്മർദ്ദമുണ്ടെങ്കിലും ബിജെപി പാളയത്തിലേക്ക് അടുക്കാൻ താനില്ലെന്നാണ് ഗണേശ് വിശദീകരിക്കുന്നത്. ഇടതുപക്ഷം എടുത്താലും ഇല്ലെങ്കിലും രാഷ്ട്രീയ ആത്മഹത്യയാവുന്ന തീരുമാനം എടുക്കില്ലെന്നും പത്തനാപുരം എംഎൽഎ വ്യക്തമാക്കി. ഇതോടെ ബിജെപിയിലേക്ക് ഗണേശ് ഉടൻ ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്കും വിരമാമായി. ഇടതുപക്ഷം ഉടൻ തന്നെ അനുകൂല തീരൂമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്ന വികാരമാണ് ഗണേശിന്റെ വാക്കുകളിലുള്ളത്. സിപിഐ(എം) നേതൃത്വത്തിലെ ഉന്നതർ ഇതുമായി ബന്ധപ്പെട്ട ഉറപ്പുകൾ ഗണേശിന് നൽകിയിട്ടുണ്ട്.

ഇക്കാര്യത്തിൽ ബാലകൃഷ്ണ പിള്ള ഇപ്പോഴും പ്രതീക്ഷയിലാണ്. കേരളത്തിലേയും കൊട്ടാരക്കരയിലേയും പത്തനാപുരത്തേയും പൊതു സാഹചര്യത്തിൽ കേരളാ കോൺഗ്രസ് ബി നല്ലത് സിപിഎമ്മാണെന്നാണ് പിള്ളയുടെ നിലപാട്. അത് നടക്കാതെ വന്നാൽ മാത്രം മറ്റ് വഴികളെ കുറിച്ച് പിള്ള ചിന്തിക്കൂ. എന്നാൽ എത്രയും വേഗത്തിൽ തീരുമാനം ഉണ്ടാകണമെന്നാണ് ഗണേശ് കുമാറിന്റെ നിലപാട്. പത്തനാപുരത്തുകാരെ അവസാന നിമിഷം രാഷ്ട്രീയ നിലപാട് അറിയിക്കുന്നത് ഗുണം ചെയ്യില്ല. അതുകൊണ്ട് ഏത് മുന്നണിയിലാണെന്നും ഏത് പാർട്ടിയിലാണെന്നും വ്യക്തമാക്കി ഉടൻ പ്രചരണം തുടങ്ങണമെന്നാണ് ഗണേശിന്റെ ആവശ്യം. സിപിഐ(എം) നേതാക്കളുമായി ബാലകൃഷ്ണ പിള്ള ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. വി എസ് അച്യുതാനന്ദന്റെ വിഭാഗീയ പ്രശ്‌നങ്ങളിൽ തീർപ്പുണ്ടായാലുടൻ മുന്നണി വിപുലീകരണമെന്ന സൂചനയാണ് സിപിഐ(എം) നൽകിയിട്ടുള്ളത്. ഈ പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് അദ്ദേഹം.

ഇതിനിടെയിൽ ബദൽ തന്ത്രങ്ങൾക്ക് ഗണേശ് കുമാറും നീക്കം തുടങ്ങി. അച്ഛനെ പിണക്കാതെ തന്റെ ആഗ്രഹം നേടുകയാണ് ലക്ഷ്യം. അച്ഛൻ പിണങ്ങിയാൽ എംഎൽഎ സ്ഥാനം ആയോഗ്യതാ നിയമത്തിൽ കുടങ്ങി നഷ്ടമാകും. അങ്ങനെ വന്നാൽ രാഷ്ട്രീയം അവസാനിക്കുകയും ചെയ്യും. കൂറുമാറ്റ നിരോധന നിയമ പ്രകാരം അംഗത്വം റദ്ദാക്കപ്പെട്ടാൽ ആറ് കൊല്ലത്തേക്ക് തെരഞ്ഞെടുപ്പ് വിലക്ക് വരും. ഈ സാഹചര്യം ഒഴിവാക്കാനാണ് കുരുതലോടെ യാത്ര. സിപിഎമ്മിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ പിന്നെ ബാലകൃഷ്ണ പിള്ള പ്രശ്‌നമുണ്ടാക്കില്ല. അതിനിടെ ചില സുഹൃത്തുക്കൾ ബിജെപി പാളയത്തിലേക്ക് ഗണേശിനെ അടുപ്പിക്കാൻ നീക്കം നടത്തി. സൂപ്പർ താരം സുരേഷ് ഗോപി ഇതിനുള്ള നീക്കങ്ങൾക്ക് സമ്മതം അറിയിച്ചതായാണ് സൂചന. എന്നാൽ താൻ എന്തുവന്നാലും ബിജെപിയിലേക്കില്ലെന്ന നിലപാടിലാണ് ഗണേശ്. പത്തനാപുരത്തെ സാമുദായിക സാഹചര്യത്തിൽ അത് ആത്മഹത്യാപരമാകുമെന്നാണ് ഗണേശിന്റെ ഇപ്പോഴത്തെ നിലപാട്.

കോൺഗ്രസുമായി തെറ്റിയപ്പോൾ തന്നെ ബിജെപിയോടായിരുന്നു ഗണേശിന് താൽപ്പര്യം. ആർഎസ്എസ് ചാനലിന്റെ ചെയർമാൻ സ്ഥാനത്തുള്ള പ്രിയദർശനും നിർമ്മാതവ് സുരേഷ് കുമാറുമെല്ലാം ഗണേശിനെ ബിജെപിയിലെത്തിക്കാൻ ആവുന്നത് ശ്രമിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ചർച്ചയും നടന്നു. എന്നാൽ കേരളാ കോൺഗ്രസ് ബി, ബിജെപിയിൽ ലയിക്കണമെങ്കിൽ അതിന് പിള്ള മുന്നോട്ട് വച്ച ഉപാധികൾ വനിയായി. തന്റെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ ലയനമുള്ളൂവെന്നാണ് പിള്ള നിലപാട് എടുത്തത്. ഇതോടെ ചർച്ചകൾ വഴിമുട്ടി. അരുവിക്കര തെരഞ്ഞെടുപ്പിൽ ഇടതു പക്ഷം അടുപ്പിച്ചതോടെ പിള്ള ബിജെപി മോഹങ്ങൾ വിടുകയും ചെയ്തു. അരുവിക്കരയിൽ ജയിക്കുമെന്നും അങ്ങനെ എളുപ്പത്തിൽ ഇടതുപക്ഷത്ത് എത്താമെന്നുമായിരുന്നു കണക്കുകൂട്ടൽ. വിജയകുമാർ തോറ്റതോടെ ഈ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. എന്നാലും ഇടതു പക്ഷം മതിയെന്നാണ് ഗണേശിന്റേയും പിള്ളയുടേയും നിലപാട്.

ഇടതുപക്ഷത്തൊടൊപ്പം പ്രതിപക്ഷത്തിരിക്കുന്നതിലും നല്ലത് ബിജെപിയ്‌ക്കൊപ്പം കൂടുകയാണെന്ന സിനിമാ സുഹൃത്തുക്കളുടെ അഭിപ്രായത്തോടെ ഗണേശ് യോജിച്ചിട്ടില്ല. ഇത് സ്ഥിരീകരിച്ചാണ് എന്തുവന്നാലും ബിജെപിയിലേക്ക് പോകില്ലെന്ന് മറുനാടൻ മലയാളിയോടും ഗണേശ് പറഞ്ഞത്. അഴിമതിയും വർഗ്ഗീയതയേയും ഒരിക്കലും താലോലിക്കില്ലെന്നാണ് ഗണേശ് നൽകുന്ന സൂചന. അതിനിടെ പത്താനാപുരത്ത് ഗണേശിനെ സ്ഥാനാർത്ഥിയായി ഇടതുപക്ഷം മത്സരിക്കുമെന്ന വ്യക്തമായ സൂചന ഗണേശിന് കിട്ടിയിട്ടുണ്ട്. അടുത്ത നിയമസഭാ സമ്മേളനത്തിന് ശേഷം തീരുമാനം ഉണ്ടാകും. ഇതിനുള്ള ചർച്ചകൾ ഇടതുപക്ഷത്ത് സജീവമാണ്. പിള്ളയുടെ ആവശ്യങ്ങളെ എങ്ങനെ പരിഗണിക്കണമെന്നതാണ് സിപിഐ(എം) നേരിടുന്ന ഏക വെല്ലുവിളി. ചർച്ചകളിലൂടെ ഇതിനും പരിഹാരമുണ്ടാകുമെന്നാണ് ഗണേശിനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. വി എസ് മനോജ് കുമാറിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം കേരളാ കോൺഗ്രസ് ബി വിട്ടതൊന്നും പാർട്ടിയുടെ സ്വാധീനത്തെ ബാധിച്ചിട്ടില്ലെന്ന വിലയിരുത്തലിലാണ് പിള്ളയും ഗണേശും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP