Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസ് മേധാവിക്ക് എതിരായ ജോർജിന്റെ പ്രസ്താവന ചെന്നിത്തലയുടെ അറിവോടെ; ഡിജിപിക്ക് ആഭ്യന്തരമന്ത്രി പിൻതുണ പ്രഖ്യാപിച്ചതും പഴുതുകൾ ഇട്ട്; നിസാം വിഷയത്തിൽ കടുത്ത നടപടികൾക്ക് കോപ്പു കൂട്ടി ചെന്നിത്തല; മറുതന്ത്രം മെനഞ്ഞ് മുഖ്യമന്ത്രിയും; ചീഫ് വിപ്പിന്റെ പിന്തുണയിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ രമേശ്

പൊലീസ് മേധാവിക്ക് എതിരായ ജോർജിന്റെ പ്രസ്താവന ചെന്നിത്തലയുടെ അറിവോടെ; ഡിജിപിക്ക് ആഭ്യന്തരമന്ത്രി പിൻതുണ പ്രഖ്യാപിച്ചതും പഴുതുകൾ ഇട്ട്; നിസാം വിഷയത്തിൽ കടുത്ത നടപടികൾക്ക് കോപ്പു കൂട്ടി ചെന്നിത്തല; മറുതന്ത്രം മെനഞ്ഞ് മുഖ്യമന്ത്രിയും; ചീഫ് വിപ്പിന്റെ പിന്തുണയിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ രമേശ്

ബി രഘുരാജ്

തിരുവനന്തപുരം: ചന്ദ്രബോസ് കൊലക്കേസിൽ ഡിജിപി ബാലസുബ്രഹ്മണ്യത്തിനെതിരെ ആരോപണമായി പിസി ജോർജ്ജ് എത്തിയത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അറിവോടെയെന്ന് സൂചന. ഇന്ന് പത്രസമ്മേളനത്തിൽ പിസി ജോർജ്ജ് ഉയർത്തിക്കാട്ടിയ സിഡികളിലെ വിശദാംശങ്ങൾ എന്താണെന്ന് രമേശ് ചെന്നിത്തലയേയും ജോർജ്ജ് വളരെ നേരത്തെ ഈ സിഡിയിലെ വിശദാംശങ്ങൾ അറിയിച്ചിട്ടുണ്ട്. ഇമേജ് ഉയർത്താനായി ചെന്നിത്തല നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് ജോർജ്ജിന്റെ കൈയിലെ സിഡി. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് ചെന്നിത്തല നടത്തുന്ന നീക്കങ്ങളുടെ ഭാഗം തന്നെയാണ് ജോർജ്ജിന്റെ പുതിയ വെളിപ്പെടുത്തലും. കോൺഗ്രസിലെ എ വിഭാഗത്തെ പ്രതിരോധത്തിലാക്കി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിസന്ധിയിലാക്കുകയെന്ന ലക്ഷ്യവുമായാണ് നിസാം കേസും ചെന്നിത്തലയ്ക്കായി ജോർജ്ജ് ഉയർത്തുന്നത്.

കെഎം മാണിക്കെതിരെ ഉയർന്ന ബാർ കോഴയ്ക്ക് പിന്നിൽ കരുക്കൾ നീക്കയതും രമേശ് ചെന്നിത്തലയും പിസി ജോർജ്ജുമാണെന്ന് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു കേരളാ കോൺഗ്രസിന്റെ അവസാന നേതൃയോഗങ്ങൾ. പരസ്യമായി തന്നെ ജോർജ്ജിനെ മാണി വിമർശിക്കുകയും ചെയ്തു. മുമ്പ് സോളാർ വിഷയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമ്മർദ്ദത്തിലാക്കാനും ജോർജ്ജിന്റെ സഹായം ചെന്നിത്തല ഉപയോഗിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് ചെന്നിത്തല നടത്തുന്ന കുരനീക്കങ്ങൾ തന്നെയാണ് നിസാം കേസിലെ ജോർജ്ജിന്റെ ഇടപെടലിന് കാരണം. സസ്‌പെന്റ് ചെയ്ത മുൻ കമ്മീഷണർ ജേക്കബ് ജോബിനെ മറയാക്കി ചെന്നിത്തലയുടെ ഇമേജ് വർദ്ധിപ്പിക്കാനുള്ള നീക്കമാണ് ജോർജ്ജ് നടത്തുന്നത്.

അതുകൊണ്ട് തന്നെ ജോർജ്ജിന്റെ സിഡിയിൽ എന്തുണ്ടെന്ന് ചെന്നിത്തലയ്ക്ക് അറിയാം. അതു മനസ്സിലാക്കിയാണ് ഡിജിപി ബാലസുബ്രഹ്മണ്യത്തെ അനുകൂലിക്കുമ്പോൾ പഴുതുകൾ ആഭ്യന്തരമന്ത്രി അവശേഷിപ്പിച്ചത്. ഡിജിപിയുടെ ഇതു വരെയുള്ള പ്രവർത്തികളിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് മാത്രമേ ചെന്നിത്തല പറഞ്ഞൂള്ളൂ. പ്രത്യക്ഷത്തിൽ പിസി ജോർജ്ജിനെ വിമർശിക്കുമ്പോഴും ഈ തെളിവ് പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കുന്നു. തെളിവുകാണുമ്പോൾ ചെന്നിത്തല ഞെട്ടുമെന്ന ജോർജ്ജിന്റെ മറുപടിയും ശ്രദ്ധേയമാണ്. അതുകൊണ്ട് കൂടിയാണ് ഒത്തുകളി വ്യക്തമാകുന്നത്. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ജോർജ്ജിന്റെ തെളിവുകൾ കിട്ടുമ്പോൾ എന്ത് സംഭവിക്കുമെന്നാണ് സൂചന. ഡിജിപിയെ സംശയ നിഴലിൽ നിർത്താൻ പോന്ന ചെറിയ തെളിവെങ്കിലുമുണ്ടെങ്കിൽ ബാലസുബ്രഹ്മണ്യത്തിനെതിരെ നടപടി വരുമെന്നാണ് സൂചന.

ബാലസുബ്രഹ്മണ്യത്തെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയാൽ പകരം ആർക്ക് ചുമതല നൽകണമെന്നത് പോലും ആഭ്യന്തര മന്ത്രി തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി തെറ്റി നിൽക്കുന്ന മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ ചെന്നിത്തല നിശ്ചയിച്ചിട്ടുമുണ്ട്. ഡിജിപിക്കെതിരെ നടപടി വന്നാൽ തന്റെ ഇമേജ് കൂടുമെന്ന് ചെന്നിത്തല വിശ്വസിക്കുന്നു. നിയമസഭാ സമ്മേളനത്തിൽ ഇത് ഗുണകരമാകും. ഭരണപക്ഷത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും ധനമന്ത്രി കെഎം മാണിയേയും പ്രതിപക്ഷം വിവധ ആരോപണങ്ങളിൽ കടന്നാക്രമിക്കുമ്പോൾ ക്ലീൻ ഇമേജുമായി സ്റ്റാറാകാം. അതോടൊപ്പം സോളാർ കമ്മീഷനിലെ തീരുമാനം ഉമ്മൻ ചാണ്ടിക്ക് എതിരായാൽ മുഖ്യമന്ത്രി കസേരയും ലഭിക്കും. ഇതിലെല്ലാം ഉപരി ഐ ഗ്രൂപ്പിനെ ഒന്നിച്ച് നിർത്തി മുന്നേറുകയാണ് ലക്ഷ്യം. ചെന്നിത്തല മുഖ്യമന്ത്രിയാകുമ്പോൾ പിസി ജോർജ്ജിന് നിർണ്ണായക വകുപ്പ് നൽകാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചെന്നിത്തലയുടേയും ഐ ഗ്രൂപ്പിന്റേയും നീക്കങ്ങൾ കരുത്ത് പകരാൻ ജോർജ്ജും കൂടുന്നത്.

ആഭ്യന്തര മന്ത്രിയെന്ന നിലയിൽ പൊലീസിനെ ശുദ്ധീകരിച്ചുവെന്ന ഇമേജുണ്ടാക്കാനാണ് ചെന്നിത്തലയുടെ ശ്രമം. അതിന് ചന്ദ്രബോസ് കൊലക്കേസ് ഉപയോഗിക്കാമെന്നാണ് കണക്ക് കൂട്ടൽ. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ഇളാപ്പയെന്ന ബിസിനസ്സുകാരനാണ് നിസാമിനെ രക്ഷിക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ നിസാമിനെ കുടുക്കാനായാൽ അത് മുഖ്യമന്ത്രിക്ക് ക്ഷീണമാകും. അതൊടൊപ്പം കരുണാകരന്റെ ശക്തി കേന്ദ്രമായ തൃശൂർ എന്നും ഐ വിഭാഗത്തിന്റെ കോട്ടയായിരുന്നു. എന്നാൽ ഇപ്പോൾ എ വിഭാഗത്തിനാണ് ഡിസിസി അധ്യക്ഷ സ്ഥാനം. കണ്ണൂരിൽ സുധാകരന്റെ പക്ഷത്തെ തൃപ്തിപ്പെടുത്തിയാണ് തൃശൂർ വിട്ടുകൊടുത്തള്ള സംഘടനാ വീതം വയ്ക്കൽ ഫോർമുലയ്ക്ക് ചെന്നിത്തല തയ്യാറായത്. മാറിയ സാഹചര്യത്തിൽ തൃശൂരിനെ ഐ ഗ്രൂപ്പിനൊപ്പം അടുപ്പിക്കാനാണ് നീക്കം. ഇതിന് നിസാമിനൊപ്പം നിൽക്കുന്ന ഐ ഗ്രൂപ്പ പ്രമുഖരെ പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞയാഴ്ച ചന്ദ്രബോസിന്റെ വീട്ടിലെത്തി ആഭ്യന്തരമന്ത്രി വീട്ടുകാരുമായി കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. നിസാമിനെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രിയുടെ മനസ്സ് തിരിച്ചറിഞ്ഞാണ് ഇളാപ്പയുടെ നേതൃത്വത്തിൽ പൊടി തട്ടിയെടുത്ത കേസിൽ നിസാമിനെ ബംഗളുരൂവിലേക്ക് മാറ്റിയത്. കേരളത്തിലെ ആഭ്യന്തര മന്ത്രിയേക്കാൾ കൊച്ചിയിലെ വകുപ്പ് മന്ത്രിയാണ് നല്ലതെന്ന് ഇളാപ്പ തന്നെ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. തൃശൂരിൽ ആഭ്യന്തര മന്ത്രി എത്തിയതിന്റെ അടുത്ത ദിവസം മുഖ്യമന്ത്രിക്കെതിരെ സോളാർ വിഷയത്തിൽ ആരോപണവും ഉയർന്നു. ജില്ലയിലെ ചില നേതാക്കളുടെ പിന്തുണയോടെ ചെന്നിത്തല ആസൂത്രണം ചെയ്തതായിരുന്നു അതെന്ന വാദവം കോൺഗ്രസിലെ എ വിഭാഗം സജീവമാക്കിയിട്ടുണ്ട്. ഇതിനൊപ്പം നിസാം കേസ് കൂടി ഉയർത്തി തൃശൂർ ജില്ലയിലെ ഉമ്മൻ ചാണ്ടി അനുകൂല നേതാക്കളെ ഒതുക്കാനാണേ്രത ചെന്നിത്തലയുടെ പദ്ധതി.

ആ ആരോപണങ്ങൾ ശരിവച്ചാണ് സോളാർ വിഷയത്തിന് അപ്പുറമുള്ള പ്രസ്താവനയുമായി പിസി ജോർജ്ജിന്റെ വരവ്. ആഭ്യന്തര വകുപ്പിൽ എല്ലാം സുതാര്യമാണെന്ന് വരുത്തി ഇമേജ് കൂട്ടി മുഖ്യമന്ത്രി പദത്തിലെത്തുകയെന്ന ചെന്നിത്തലയുടെ നീക്കങ്ങൾക്ക് പിന്തുണയുമായി ജോർജ്ജെത്തുമ്പോൾ കരുതലോടെയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങൾ. ഈ നീക്കവും മുളയിലേ നുള്ളാനുള്ള തന്ത്രങ്ങൾ മുഖ്യമന്ത്രിയും ഒരുക്കുന്നുണ്ട്. പക്ഷേ അത് ഡിജിപി ബാലസുബ്രഹ്മണ്യത്തെ രക്ഷിക്കാൻ സഹായിക്കില്ലെന്നും വിലയിരുത്തലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP