Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒന്നുകിൽ രണ്ട് എംഎൽഎമാരുമായി വരിക; അല്ലെങ്കിൽ സ്‌കറിയാ തോമസിന്റെ പാർട്ടിയിൽ ചേരുക; ജോർജിനെ ഇടതു മുന്നണിയിൽ ചേർക്കാൻ സിപിഐ(എം) നിർദ്ദേശം ഇങ്ങനെ; പുറത്താക്കാൻ പറ്റിയ പ്രകോപനം പ്രതീക്ഷിച്ച് മാണി

ഒന്നുകിൽ രണ്ട് എംഎൽഎമാരുമായി വരിക; അല്ലെങ്കിൽ സ്‌കറിയാ തോമസിന്റെ പാർട്ടിയിൽ ചേരുക; ജോർജിനെ ഇടതു മുന്നണിയിൽ ചേർക്കാൻ സിപിഐ(എം) നിർദ്ദേശം ഇങ്ങനെ; പുറത്താക്കാൻ പറ്റിയ പ്രകോപനം പ്രതീക്ഷിച്ച് മാണി

ബി രഘുരാജ്‌

തിരുവനന്തപുരം: കേരളാ കോൺഗ്രസ് എമ്മിനെ വിട്ട് യുഡിഎഫിൽ നിന്ന് ഇടതു പക്ഷത്തേക്ക് കൂടുമാറാനുള്ള ചീഫ് വിപ്പ് പിസി ജോർജ്ജിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. ഇടത് പക്ഷത്തിന്റെ ഭാഗമാകാൻ സിപിഐ(എം) മുന്നോട്ട് വച്ച നിർദ്ദേശമാണ് ഇതിന് കാരണം. രണ്ട് എംഎൽഎമാരുണ്ടെങ്കിൽ ജോർജ്ജിനെ മുന്നണിയിൽ എടുക്കാമെന്നാണ് ഇടതു പക്ഷത്തിന്റെ നിലപാട്. അല്ലാത്ത പക്ഷം ഇടതു പക്ഷത്തുള്ള ഏതെങ്കിലും പാർട്ടിയിൽ ലയിക്കണം. ഒറ്റയാൾ പട്ടാളമെന്ന നിലയിൽ ജോർജ്ജിനെ മുന്നണിയിൽ എടുക്കുന്നതിന്റെ ഭാവി പ്രശ്‌നങ്ങൾ കൂടി കണക്കിലെടുത്താണ് സിപിഐ(എം) ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നത്.

യുഡിഎഫിൽ നിന്ന് രണ്ട് എംഎൽഎമാർ വന്നാൽ ഭരണത്തെ അട്ടിമറിക്കാൻ ഇടതു പക്ഷത്തിനാകും. അതുകൂടി കണക്കിലെടുത്താണ് രണ്ട് എംഎൽഎമാരുമായി വരണമെന്ന ഉപാധി ഇടതുപക്ഷം വയ്ക്കുന്നത്. ജോർജ്ജ് ഒറ്റയ്ക്ക് വന്നാൽ മുന്നണിക്ക് ഒരു ഗുണമില്ലെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. അതോടൊപ്പം ഭാവിയിൽ ജോർജ്ജ് പ്രശ്‌നമായി മാറുകയും ചെയ്യാം. ഈ സാഹചര്യത്തിൽ ഇടതു മുന്നണിയിലേക്ക് കണ്ണുണ്ടെങ്കിൽ എൽഡിഎഫിലുള്ള സ്‌കറിയാ തോമസുമായി ലയിക്കാനാണ് ജോർജ്ജിന് നൽകുന്ന നിർദ്ദേശം. അതിന് പ്രായോഗിക പ്രശ്ണങ്ങൾ ഏറെയാണ്. കെഎം മാണിയെ നേതാവായി അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള ജോർജ്ജ് എങ്ങനെ സ്‌കറിയാ തോമസിനെ നേതാവായി കാണുമെന്നതാണ് ഉയരുന്ന ചോദ്യം. യുഡിഎഫിൽ നിന്ന് ഒരു എംഎൽഎ കൂടെ അടർത്തിയെടുക്കാനുള്ള നീക്കവും ഫലം കണ്ടില്ല. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ എംഎൽഎമാർ ആരും ജോർജിനോട് സംസാരിക്കാൻ പോലും തയ്യാറാകാത്ത അവസ്ഥയുണ്ട്.

അതിനിടെ സ്‌കറിയാ തോമസുമായി സിപിഐ(എം) നേതൃത്വം കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. പാർട്ടിയിൽ ജോർജ്ജ് എത്തിയാലും മൂന്നാമനെന്ന പദവി മാത്രമേ പാർട്ടിയിൽ നൽകാവൂ എന്നാണ് നിർദ്ദേശം. സ്‌കറിയാ തോമസും സുരേന്ദ്രൻ പിള്ളയുമാകണം പാർട്ടിയിൽ ആദ്യ രണ്ട് സ്ഥാനക്കാർ. ജോർജ്ജിന്റെ കൈയിലേക്ക് പാർട്ടി എത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും സിപിഎമ്മിന്റെ ഈ നിലപാട് കാരണമാണ് പ്രശ്‌നങ്ങൾ സങ്കീർണ്ണമായി തുടരുന്നത്. അതിനിടെ ജോർജ്ജ് ഇടതുപക്ഷത്തേക്ക് മാറുമെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെഎം മാണിയും മറുതന്ത്രങ്ങളും പദ്ധതിയിടുന്നുണ്ട്. ജോർജ്ജുമായി അകലം പാലിക്കാൻ കേരളാ കോൺഗ്രസിലെ എംഎൽഎമാർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

പാർട്ടിയെയും യു.ഡി.എഫിനെയും പ്രതിസന്ധിയിലാക്കിയതു ജോർജാണെന്നാണ് കേരളാ കോൺഗ്രസ് (എം) നേതൃത്വത്തിന്റെ വിലയിരുത്തൽ. ബാർ കോഴ വിവാദത്തിൽപ്പോലും കെ.എം. മാണിക്ക് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിച്ചത് ജോർജാണ്. ഈ സാഹചര്യത്തിൽ ജോർജ് സ്വയം പാർട്ടി വിടുന്നെങ്കിൽ നല്ലത് എന്ന നിലപാടിലാണു മാണി. സ്വയം പുറത്തുപോയാൽ കൂറുമാറ്റ നിരോധന നിയമമനുസരിച്ച് ആറു വർഷത്തേക്ക് മത്സരരംഗത്തു നിന്ന് മാറിനിൽക്കേണ്ടി വരും. ഇതു മുന്നിൽക്കണ്ടാണ് ജോർജിനെതിരായ നീക്കങ്ങൾ മാണി ക്യാമ്പ് സജീവമാക്കുന്നത്. ജോർജിനെ ഏതു വിധേനയും പുകച്ചുചാടിക്കാനുള്ള നീക്കമാണ് മാണിപക്ഷത്തു സജീവമായിരിക്കുന്നത്. യു.ഡി.എഫ്. സർക്കാരിന് പല വിഷയങ്ങളിലും തലവേദന സൃഷ്ടിച്ച ജോർജിനെതിരായ ഈ നീക്കത്തിന് യു.ഡി.എഫിലെ പ്രമുഖരുടെ പിന്തുണയുമുണ്ട്.

അതിനിടെ ജോർജിന്റെ കോലം കത്തിപ്പ് നിറുത്തിവയ്ക്കാൻ യൂത്ത് ഫ്രണ്ടിന് പാർട്ടി നേതൃത്വം നിർദ്ദേശം നൽകി. ചീഫ് വിപ്പു സ്ഥാനത്തുനിന്ന് മാറ്റണമെന്ന നിർദ്ദേശത്തോടെ ജോർജിനെതിരായ പ്രമേയം അവതരിപ്പിക്കാനായിരുന്നു ഇന്നലെ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ലൂക്കോസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി ചേർന്നത്. പാർട്ടി നേതൃത്വം അവസാനം ഇടപെട്ട് ഇതിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. അതേസമയം കെ.എം. മാണിയെ അംഗീകരിക്കാത്ത പി.സി. ജോർജിന് പാർട്ടിയിൽ നിന്ന് സ്വയം പിരിഞ്ഞുപോകാം എന്ന താക്കീത് യൂത്ത് ഫ്രണ്ടിലൂടെ മാണി ഗ്രൂപ്പ് നേതൃത്വം നൽകിയിട്ടുണ്ട്. അതായത് പുകച്ചു പുറത്തുചാടിക്കുന്നതിനു പകരം ജോർജ് സ്വയം രാജിവച്ചു പോകണമെന്ന സൂചനയാണിത്.

അതിനിടെ ഒരു തെറ്റും ചെയ്യാത്തതുകൊണ്ടാണ് പാർട്ടി ഇതുവരെ നടപടി എടുക്കാത്തതെന്ന് പി.സി. ജോർജ് പറഞ്ഞു. ആർക്കും വേണ്ടാത്ത സ്ഥാനമായ ചീഫ് വിപ്പുസ്ഥാനം പാർട്ടിയിൽ ആർക്കും ഏറ്റെടുക്കാം. തന്നെ എതിർക്കുന്നത് അഴിമതിക്കാരാണ്. പാർട്ടി ഇപ്പോഴും നടുക്കടലിൽ തന്നെയാണ്. ബാർകോഴയിൽ മാണിക്ക് പൂർണപിന്തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിലപാട് മാണി ഗ്രൂപ്പിനെ നശിപ്പിക്കാനാണോ എന്ന ചോദ്യത്തിന് കരുണാകരനെ മര്യാദ പഠിപ്പിച്ച രാഷ്ട്രീയക്കാരനാണ് ഉമ്മൻ ചാണ്ടിയെന്ന് പലരും ഓർത്താൽ നല്ലതെന്നായിരുന്നു മറുപടി. ജോർജ്ജിനെതിരായ നീക്കത്തിൽ കോൺഗ്രസും മാണിക്ക് പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ട്.

കെ.എം. മാണിക്കും യു.ഡി.എഫിനുമെതിരെ നിരന്തരം തലവേദന സൃഷ്ടിക്കുന്ന പി.സി. ജോർജിനെതിരെ അച്ചടക്കനടപടി സ്വീകരിക്കേണ്ടത് മാണി ഗ്രൂപ്പാണെന്നും ഇനിയും നടപടി എടുക്കാത്തതെന്തെന്ന് വ്യക്തമാക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസൻ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP