Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വീണ്ടും കോടികളുടെ സ്വർണനിക്ഷേപത്തട്ടിപ്പ്; നിക്ഷേപത്തുക തട്ടിയശേഷം ജൂവലറി ഉടമകൾ മുങ്ങി; വഞ്ചിതരായവരിൽ അധികവും വീട്ടമ്മമാർ; ഇക്കുറി പ്രതിസ്ഥാനത്തു മലപ്പുറം തിരൂരിലെ തുഞ്ചത്തു ജൂവലേഴ്‌സ്

വീണ്ടും കോടികളുടെ സ്വർണനിക്ഷേപത്തട്ടിപ്പ്; നിക്ഷേപത്തുക തട്ടിയശേഷം ജൂവലറി ഉടമകൾ മുങ്ങി; വഞ്ചിതരായവരിൽ അധികവും വീട്ടമ്മമാർ; ഇക്കുറി പ്രതിസ്ഥാനത്തു മലപ്പുറം തിരൂരിലെ തുഞ്ചത്തു ജൂവലേഴ്‌സ്

എം പി റാഫി

മലപ്പുറം: തിരൂരിൽ കോടികളുടെ സ്വർണ്ണ ഇൻവെസ്റ്റ്മെന്റ് തട്ടിപ്പ്. തിരൂരിലെ തുഞ്ചത്ത് ജൂവലേഴ്സാണ് നിരവധി പേരുടെ ഇൻവെസ്റ്റ്മെന്റ് തുക തട്ടിയ ശേഷം മുങ്ങിയിരിക്കുന്നത്. നൂറുകണക്കിന് ഇടപാടുകാർ ഇന്ന് ജൂവലറിയിലേക്കെത്തിയതോടെയാണ് ഇത്രയും ആളുകൾ തട്ടിപ്പിന് ഇരയായ വിവരം പുറത്തറിയുന്നത്.

അടവ് പൂർത്തിയാക്കിയവർക്ക് തുക തിരുച്ചു നൽകുന്നതിനായി ഇന്ന് തിരൂർ പാൻബസാറിലെ ജൂവലറിയിലേക്ക് വരാൻ പറയുകയായിരുന്നു. എന്നാൽ ഇടപാടുകാർ ഇവിടെ എത്തിയെങ്കിലും ജൂവലറി ഉടമകളും ബന്ധപ്പെട്ട അധികൃതരും ഇവിടെ നിന്നും മുങ്ങുകയായിരുന്നു. ഇതോടെ ജൂവലറിക്കു മുന്നിലെത്തിയ ഇടപാടുകാർ ക്ഷുഭിതരായി.

വിവരമറിഞ്ഞ് തട്ടിപ്പിനിരയായ മുന്നൂറോളം ആളുകൾ അടച്ചിട്ട ജൂവലറിക്കു മുന്നിലെത്തി. തട്ടിപ്പിനിരയായവരിൽ അധികവും വീട്ടമ്മമാരായ സ്ത്രീകളാണ്. ഇൻസ്റ്റാൾമെന്റായി പണമടച്ചാൽ പണിക്കൂലിയില്ലാതെ സ്വർണം കിട്ടുന്ന പദ്ധതിയിലാണ് നിരവധി പേർ വഞ്ചിതരായത്. വിവാഹാവശ്യങ്ങൾക്ക് സ്വർണാഭരണത്തിനായി പണം അടക്കുന്നവരാണ് അധികവും. പതിനായിരങ്ങൾ മുതൽ 25 ലക്ഷം രൂപ അടച്ചവർ വരെ തട്ടിപ്പിനിരയായിട്ടുണ്ട്. മാസം ആയിരം രൂപ മുതൽ അടക്കുന്നതാണ് പദ്ധതി. ഇതിൽ 15,000 രൂപ വരെ അടക്കുന്നവരുണ്ട്. മാസ തവണകൾ പൂർത്തിയാക്കിയാൽ മാർക്കറ്റ് വില എത്രയാണെങ്കിലും പണിക്കൂലിയില്ലാതെ ഇടപാടുകാർക്ക് സ്വർണാഭരണം നൽകണമെന്നാണ് കരാർ. ഇടപാടുകാർക്ക് ഒരു പവന് 18,000 രൂപ എന്ന തോതിൽ നൽകിയാൽ മതിയാകും. എന്നാൽ സ്‌കീം അനുസരിച്ച് ലക്ഷങ്ങൾ അടച്ചവർ ഉണ്ട്. ഇവർക്കു ലഭിക്കേണ്ട സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ട് ജൂവലറിയെ സമീപിച്ചെങ്കിലും പല തിയ്യതികളും നീട്ടി നൽകി ഇവരോട് വരാൻ ആവശ്യപ്പെടുകയായിരുന്നു.

അഞ്ചും ആറും ആഴ്ചകൾ വന്നു മടങ്ങിയ ഇടപാടുകാരോടെ ഇന്ന് തിരൂരിലെ ജൂവലറിയിൽ എത്താൻ ഉടമകൾ പറയുകയായിരുന്നു. എന്നാൽ ഇന്ന് രാവിലെ മുതൽ ജൂവലറിയിലേക്കു ആളുകൾ എത്തിത്തുടങ്ങിയെങ്കിലും ഉടമകളുടെ പൊടിപോലും കണ്ടില്ല. ജൂവലറിക്കു മുന്നിൽ തടിച്ചു കൂടിയവർ മുന്നൂറോളം പേർ വരും. ഇതിലും നാലിരട്ടിയോളം ജനങ്ങൾ ഇപ്പോൾ പദ്ധതിയിൽ ഉണ്ടെന്നാണ് അറിയുന്നത്. തുഞ്ചത്ത് ജൂവലേഴ്സിനു കീഴിലെ മറ്റു ബ്രാഞ്ചുകളിലും ഇത്തരത്തിൽ വലിയ തോതിൽ ആളുകളെ ചേർത്ത ഇൻസ്റ്റാൾമെന്റ് സ്വർണ പദ്ധതികൾ നടക്കുന്നുണ്ട്. തിരൂരിനു പുറമെ എടപ്പാൾ, കണ്ണൂർ മണ്ടൂർ എന്നിവിടങ്ങളിലും തുഞ്ചത്ത് ജൂവലേഴ്സിന് ശാഖകളുണ്ട്. വിദേശത്തും ഇവരുടെ ശാഖ പ്രവർത്തിക്കുന്നതായാണ് പറയപ്പെടുന്നത്.

ഓരോ ഗ്രാമങ്ങളിലും വീടുകൾ തോറും പണം പിരിക്കുന്നതിനും ആളുകളെ പദ്ധതിയിലേക്ക് ചേർക്കുന്നതിനും ഏജന്റുമാർ ഉണ്ട്. പണം പിരിക്കുന്ന പല ഏജന്റുമാരും പണവുമായി മുങ്ങിയതായും പരാതിയുണ്ട്. ജൂവലറിക്കു മുന്നിൽ കൂടുതൽ പേർ തടിച്ചു കൂടിയത് സംഘർഷാവസ്ഥക്ക് ഇടയാക്കി. തിരൂർ എസ്.ഐ രജ്ഞിത്തിന്റെ നേതൃത്വത്തിൽ പൊലീസുകാർ എത്തി പരാതി രേഖാമൂലം നൽകാൻ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് പരാതി നൽകാനായി തടിച്ചു കൂടിയ നൂറുകണക്കിന് ആളുകൾ ഒപ്പു ശേഖരണം നടത്തിയിരുന്നു. എന്നാൽ ഇടപാടുകാർക്കിടയിൽ നൂഴഞ്ഞുകയറിയ ജൂവലറി ഉടമകളുടെ ഇടനിലക്കാരനെന്നു സംശയിക്കുന്ന ഒരാൾ ഒപ്പു ശേഖരണ കടലാസുകൾ കീറി നശിപ്പിച്ചത് സംഘർഷത്തിന് ഇടയാക്കി. ഇയാളുടെ നേർക്കു ഇടപാടുകാരുടെ കയ്യേറ്റ ശ്രമം ഉണ്ടായി. പ്രദേശത്തെ കോൺഗ്രസ് നേതാവുകൂടിയാണ് ഇയാളെന്ന് നാട്ടുകാർ പറഞ്ഞു. തടിച്ചു കൂടിയവർ ഇയാളെ പൊലീസിൽ ഏൽപ്പിച്ചു.

പരാതിയുമായി മുന്നോട്ടു പോകുമെന്നും അടച്ച തുക തിരിച്ചു ലഭിക്കും വരെ നിയമ നടപടിയും പ്രതിഷേധ സമരവുമായി മുന്നോട്ടു പോകുമെന്ന് തട്ടിപ്പിനിരയായവർ പറഞ്ഞു. വലിയൊരു തട്ടിപ്പിന്റെ ശൃംഖലയാണ് തിരൂരിൽ നടന്നിരിക്കുന്നത്. സമാനമായി നേരത്തെ വേറെയും ജൂവലറികൾ ഇത്തരത്തിൽ തട്ടിപ്പു നടത്തിയിരുന്നു. വിവിധ പേരുകളിൽ ഇൻവെസ്റ്റ്മെന്റു പദ്ധതികളുമായി രംഗത്തു വരുന്ന ജൂവലറികളും നിരവധിയാണ്. എന്നാൽ തട്ടിപ്പിലും വഞ്ചനയിലും കലാശിക്കുകാണ് പതിവ്. ഓരോ തട്ടിപ്പുകളുമായി ആരു വരുമ്പോഴും ഇവർക്കു മുന്നിൽ ബലിയാടുകളാകാൻ വിധിക്കുപ്പെടുകയാണ് മലയാളികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP