Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാട്ടിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകാമെന്ന് പറഞ്ഞ് ലണ്ടനിലെ മലയാളി ട്രാവൽ ഏജന്റ് പറ്റിച്ചത് ഇരുനൂറോളം യുകെ മലയാളികളെ; ഗ്രീൻലാന്റ് ട്രാവൽസിന്റെ കോട്ടയത്തെ ബ്രാഞ്ച് പൂട്ടി; ഉടമ നോബി തട്ടിച്ചത് രണ്ടുകോടിയോളം രൂപ

നാട്ടിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകാമെന്ന് പറഞ്ഞ് ലണ്ടനിലെ മലയാളി ട്രാവൽ ഏജന്റ് പറ്റിച്ചത് ഇരുനൂറോളം യുകെ മലയാളികളെ; ഗ്രീൻലാന്റ് ട്രാവൽസിന്റെ കോട്ടയത്തെ ബ്രാഞ്ച് പൂട്ടി; ഉടമ നോബി തട്ടിച്ചത് രണ്ടുകോടിയോളം രൂപ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: മാസങ്ങൾക്ക് മുൻപേ പണം നൽകിയിട്ടും ടിക്കറ്റ് നൽകാതെ കബളിപ്പിച്ച ലണ്ടനിലെ മലയാളിയായ ട്രാവൽ ഏജന്റ് കുറഞ്ഞത് 200 പേരിൽ നിന്നെങ്കിലും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്തു പണം ശേഖരിച്ചതായി തെളിഞ്ഞു. മാസങ്ങൾക്ക് മുൻപേ അഡ്വാൻസ് എന്ന നിലയിൽ പതിനായിരം-ഇരുപതിനായിരം രൂപയ്ക്ക് ഇടയിൽ വച്ച് 200 ൽ അധകം പേരിൽ നിന്നും പണം ശേഖരിച്ച ഇയാൾ ആർക്കും ഇതുവരെ ടിക്കറ്റ് നൽകിയിട്ടില്ല. കോടികളുടെ തട്ടിപ്പ് ലക്ഷ്യമിട്ട് സംഘടിതമായി നടത്തിയ നീക്കമാണ് പുറത്തുവരുന്നത്. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി വാർത്ത നൽകിയതോടെയാണ് തട്ടിപ്പ് സംഘത്തിന്റെ കള്ളക്കളി മറനീക്കി പുറത്തുവന്നത്.

ലണ്ടനിലെ ഗ്രീൻ ലാൻഡ് എന്ന ട്രാവൽ ഏജൻസിയാണ് അനേകം മലയാളികളെ പറ്റിച്ചത്. ഫോൺ വിളിച്ചവരോടെല്ലാം ഉടമ നോബി കെ മാത്യു പറയുന്നത് എത്ര നഷ്ടം സഹിച്ചാലും ഉറപ്പായും നിങ്ങൾക്ക് ടിക്കറ്റ് തന്നിരിക്കും എന്നായിരുന്നു. അതിനിടെ ഗ്രീൻലാൻഡ് ട്രാവൽസിന്റെ പേരിൽ നടന്ന വിമാനടിക്കറ്റ് തട്ടിപ്പിൽ ഇന്ന് മധ്യസ്ഥ ശ്രമത്തിന്റെ പേരിൽ അവസാനവട്ട കൂടിക്കാഴ്ച നടക്കാനിരിക്കെ സൂത്രധാരനായി നോബി പാപ്പരാകാൻ ഉള്ള ശ്രമം തുടങ്ങി. ഇത് സംബന്ധിച്ച സോളിസിറ്റർ സ്ഥാപനത്തിന്റെ കത്ത് ഇടപാടുകാർക്ക് ലഭിച്ച് തുടങ്ങിയതോടെയാണ് തട്ടിപ്പിന്റെ കൂടുതൽ ചിത്രങ്ങൾ വെളിയിൽ വന്നത്. പാപ്പരായി പ്രഖ്യാപിച്ച് പണം തട്ടാനാണ് ശ്രമം.

യുകെയിൽ നിന്ന് യാത്രയ്ക്ക് ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ കുറഞ്ഞ നിരക്ക് ലഭിക്കണമെങ്കിൽ മാസങ്ങൾക്ക് മുൻപേ ടിക്കറ്റ് എടുക്കണം. ഇതിനായി നൽകിയ അഡ്വാൻസാണ് നോബി തട്ടിച്ചത്. അംഗീകൃത ട്രാവൽ ഏജൻസികൾ എല്ലാം തന്നെ ഇടപാടുകാർക്ക് ടിക്കറ്റ് നൽകി കഴിഞ്ഞു. അഞ്ചും ആറും മാസങ്ങൾക്ക് മുൻപേ ടിക്കറ്റ് എടുക്കുന്നവരാണ് ഭൂരിപക്ഷം പേരും. അക്കാലത്ത് ടിക്കറ്റ് എടുത്താൽ ഒരാൾക്ക് ഏതാണ്ട് അൻപതിനായിരം രൂപ നിരക്കിൽ ലഭിക്കുമായിരുന്നു. ഒരാൾക്ക് അൻപതിനായിരം രൂപയിലും താഴെ ഉറപ്പ് നൽകിയാണ് നോബി പണം ശേഖരിച്ചത്. സുഹൃത്തുക്കളും പരിചയക്കാരും ഒക്കെ വഴി അനേകം പേർ ഇങ്ങനെ പണം നൽകുകയും ചെയ്തു. കോട്ടയത്തും ഗ്രീൻലാൻഡ് ട്രാവൽസിന് ബ്രാഞ്ചുണ്ടായിരുന്നു. വിവാദങ്ങളെ തുടർന്ന് കോട്ടയം ബ്രാഞ്ച് പൂട്ടി.

ആറ് മാസത്തിൽ അധികം രണ്ട് കോടി രൂപയിൽ അധികം റോൾ ചെയ്ത് ബിസിനസ്സുകൾ നടത്തിയ ശേഷം കൈമലർത്താനുള്ള പദ്ധതിയാണ് നോബി ഒരുക്കിയത്. ടിക്കറ്റ് കൊടുക്കുക ഏതാണ്ട് അസാധ്യമായതോടെ വിവദത്തിന്റെ മറവിൽ കൊടുത്ത പണം തിരിച്ചു നൽകി രക്ഷപ്പെടാൻ ആണ് ശ്രമം എന്നാണ് ചിലരെങ്കിലും സംശയിക്കുന്നത്. സ്ഥാപനം പൂട്ടിയേക്കും എന്ന ആശങ്ക ശക്തമായതോടെ നൽകിയ പണം എങ്കിലും തിരിച്ചു തരൂ എന്ന് പറഞ്ഞ് ചിലർ രംഗത്ത് എത്തി കഴിഞ്ഞു. ഇതാണ് നോബി ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നതെന്നാണ് സൂചന. മാസങ്ങളോളം ലക്ഷക്കണക്കിന് രൂപ കയ്യിൽ വച്ച് റോൾ ചെയ്ത ശേഷം അത് തിരിച്ചു നൽകി തലയൂരിയാലും നോബിക്ക് ലാഭം മാത്രമേ ഉണ്ടാകൂ. അതിനിടെയാണ് പാപ്പരാകാനുള്ള ശ്രമം.

ബ്രിട്ടണിലെ നിയമം അനുസരിച്ച് ടിക്കറ്റ് എടുക്കാനുള്ള പണം കൈപ്പറ്റിയാൽ അന്ന തന്നെ ടിക്കറ്റ് ഇഷ്യു ചെയ്യണം. നല്ല ട്രാവൽ ഏജൻസികൾ ടിക്കറ്റ് ഇഷ്യു ചെയ്ത ശേഷം മാത്രമേ പണം വാങ്ങാറുള്ളൂ. നിയമപപരമായി പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ പണം ഇടുന്ന ദിവസം തന്നെ ടിക്കറ്റ് ഇഷ്യു ചെയ്യും. ടിക്കറ്റിന്റെ നിരക്ക് പോലും അറിയാതെ ടിക്കറ്റ് നിരക്ക് വാഗ്ദാനം ചെയ്തും ഇത്രയും നാളായി ടിക്കറ്റ് എടുക്കാത്തതുമാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക് കാരണം. ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ അനേകം പേർ നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനാൽ നിരക്ക് വൻ തോതിൽ ഉയരുമെന്നതിനാൽ മിക്ക മലയാളികളും നേരത്തെ തന്നെ ടിക്കറ്റ് എടുക്കുകയാണ് പതിവ്. ഇതാണ് നോബി തട്ടിപ്പിനുള്ള സാധ്യതയായി ഉപയോഗിച്ചത്.

നോബിയുടെ കബളിപ്പിക്കലിൽ കുടുങ്ങി ടിക്കറ്റ് കിട്ടാതെ വലഞ്ഞ മാഞ്ചസ്റ്ററിൽ താമസിക്കുന്ന പ്രകാശ് ജോസഫ് എന്ന വ്യക്തിയാണ് ആദ്യം പരാതിയുമായി എത്തിയത്. ബ്രിട്ടീഷ് മലയാളിയിലൂടെ തട്ടിപ്പ് സാധ്യത അറിഞ്ഞതോടെ കൂടുതൽ മലയാളികൾ പരാതിയുമായി എത്തുകയായിരുന്നു. ഇതോടെയാണ് കള്ളക്കളികൾ പൊളിഞ്ഞത്.

പണം നഷ്ടമായ യാത്രക്കാർക്ക് ഇന്നലെ മുതൽ നോബിയുടെ സ്ഥാപനം പാപ്പരായി പ്രഖ്യപിക്കുന്നതിന്റെ ഭാഗമായുള്ള റിസീവർ ഭരണത്തിലേക്ക് നീങ്ങുകയാണെന്ന് കാട്ടി കത്തുകൾ ലഭിച്ചു തുടങ്ങി. ഗ്രീൻലാൻഡ് ഉടമ നോബി കെ ബേബിയെ പാപ്പരായി പ്രഖ്യാപിച്ചാൽ പണം നഷ്ടമായവർക്ക് അത് തിരിച്ചു കിട്ടാനുള്ള സാധ്യത ഏറെ വിരളം ആയിരിക്കും. കാരണം നോബിക്ക് യുകെയിൽ കാര്യമായ സ്വത്തുക്കൾ ഇല്ലെന്നത് തന്നെ പണം പോയവർക്ക് നിരാശപ്പെടാൻ ഉള്ള മതിയായ കാരണമാണ്. അതേസമയം നാട്ടിലെ ആസ്തികൾ വിറ്റ് കടം തീർക്കാം എന്ന് നോബിയും ഇത്തരം ആസ്തികൾ പിടിച്ചെടുത്തു കടബാധ്യത തീർക്കാൻ കഴിയും എന്ന് നിയമ രംഗത്ത് ഉള്ളവരും പറയുമ്പോൾ ഇത് രണ്ടും എളുപ്പത്തിൽ നടക്കില്ലെന്നതും വ്യക്തമാണ്. ഇതിനിടെ തട്ടിപ്പിൽ മറ്റ് പലർക്കും ബന്ധമുണ്ടെന്ന സൂചന ലഭിക്കുന്നത്.

നോബിയുടെ പൗരത്വം ഇപ്പോഴും ഇന്ത്യൻ ആണെന്ന് ചൂണ്ടിക്കാട്ടപ്പെടുമ്പോൾ ഇത് സംബന്ധിച്ച നിയമക്കുരുക്കുകൾ വേറെയും കേസിനെ ബാധിക്കും. എന്നാൽ യുകെയിൽ മലയാളികൾക്കിടയിൽ മുൻപ് നടന്ന പോൺസി തട്ടിപ്പ് പ്രതി ലക്‌സൻ കല്ലുമാടിക്കലിനെ പോലുള്ളവർ നിഷ്പ്രയാസം രക്ഷപ്പെട്ടത് പോലെ അനായാസമായി നോബിക്ക് ഗ്രീൻ ലാൻഡ് കേസിൽ നിന്നും രക്ഷപെടാൻ കഴിയില്ല എന്നത് പണം പോയവർക്ക് പിടിവള്ളിയാണ്. കാരണം കാർഡ് വിവരങ്ങൾ ഉപയോഗിച്ച് ഉടമസ്ഥൻ അറിയാതെ പലരിൽ നിന്നും നോബി വൻതുക തിരിമറി നടത്തിയത് മോഷണമായി തന്നെ വിലയിരുത്തപ്പെടുകയാണ്. പലർക്കും അനവധി അവധികൾ പറഞ്ഞ ശേഷം പണം മടക്കി നല്കിയെങ്കിലും ടിക്കറ്റ് തട്ടിപ്പുമായി നേരിട്ട് ബന്ധമുള്ളതിനാൽ നിയമ വലയിൽ ആകാൻ സാധ്യത ഏറെയാണ്.

മാത്രമല്ല പണം മുൻകൂറായി വാങ്ങി ടിക്കറ്റ് നല്കാം എന്നേറ്റിട്ട് പണവും ഇല്ല ടിക്കറ്റും ഇല്ല എന്ന അവസ്ഥ വന്നതും പണാപഹരണം ആയി വ്യാഖ്യാനിക്കപ്പെടും. ഇത്തരത്തിൽ ക്രിമിനൽ കേസ് ചാർജ് ചെയ്യപ്പെട്ടപ്പോൾ മാത്രം നോബിയെ നിയമത്തിന് മുൻപിൽ കൊണ്ട് വരാൻ സാധിക്കൂ എന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ഇന്ത്യൻ പൗരത്വം ഉള്ളതുകൊണ്ട് നോബിയ്‌ക്കെതിരെ കേരളത്തിൽ കേസ് നിലനിൽക്കും എന്ന ഗുണവും ഉണ്ട്. ബ്രിട്ടീഷ് പൗരത്വത്തിന്റെ പേരിൽ ആയിരുന്നു ലക്‌സൺ കേരളത്തിലെ കുറ്റങ്ങളിൽ നിന്നും രക്ഷപ്പെട്ടത്. അതിനിടെ ചർച്ചകളിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറായ യുക്മയ്ക്ക് വ്യക്തമായ പ്രശ്‌നപരിഹാര ഫോർമുല മുന്നോട്ടു വയ്ക്കാൻ ഇല്ലെന്നത് പണം പോയവരെ രോഷാകുലരാക്കുന്നു.വെറും നാടകം കളി ആണെങ്കിൽ എന്തിനു ഇതിനു പുറകെ പോയി എന്നാണ് പണം പോയവർ ചോദിക്കുന്നത്.

പ്രശ്‌ന പരിഹാരത്തിന് യുക്മ പ്രസിഡന്റ് ഫ്രാൻസിസ് കവളക്കാട്ടിൽ, ലൗറ്റൻ ടൗൺ കൗൺസിലർ ഫിലിപ് എബ്രഹാം, പ്രോഗ്രസീവ് മലയാളി സൊസൈറ്റി പ്രസിഡന്റ് സുഗതൻ തെക്കേപ്പുര, ജെയ്‌സൺ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പാനൽ രൂപീകരിച്ചെങ്കിലും പണം നഷ്ടമായവരോട് സുഗതൻ മാത്രമാണ് അനുദിനം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്. എന്നാൽ സംഘടന ബലം ഉപയോഗിച്ച് നോബിയെ സമ്മർദ്ദത്തിൽ ആക്കാൻ കഴിയുന്ന യുക്മയുടെ തണുപ്പൻ സമീപനം സോഷ്യൽ മീഡിയയിലും മറ്റും പണം നഷ്ടമായവർ ചോദ്യം ചെയ്യുകയാണ്. നാട്ടിൽ ഉള്ള വസ്തുക്കൾ പണം പോയവർക്ക് നല്കുന്നതിനെ കുറിച്ച് ആലോചിക്കാം എന്ന് മാത്രം പറയുന്ന നോബി ഇപ്പോഴും അക്കാര്യത്തിൽ ഉറപ്പു നല്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ന് ചർച്ചയ്ക്ക് എത്തിയാലും വീണ്ടും തനിക്കു സമയം ആവശ്യമാണെന്ന ഒറ്റ കാര്യത്തിൽ കടിച്ചു തൂങ്ങാൻ ആയിരിക്കും ഇയാളുടെ ശ്രമം.

ഗ്രീൻലാൻഡ് തട്ടിപ്പ് ബ്രിട്ടീഷ് മലയാളി വെളിയിൽ വിടുന്നതിനു മുൻപ് 10 ലക്ഷം രൂപയ്ക്ക് തുല്യമായ തുക നോബി കേരളത്തിലേക്ക് അയച്ചതായും സൂചന ലഭിച്ചു. വീണ്ടും ഇതേ തുക അയക്കാൻ ശ്രമിച്ചപ്പോൾ പണം കൈമാറ്റം ചെയ്യുന്ന സ്വകാര്യ സ്ഥാപനം നിഷേധിച്ചു എന്നും തുടർന്ന് ഇയാൾ മറ്റൊരു ബ്രാഞ്ചിൽ പോയി പണം അയച്ചു എന്നും ആരോപണം ഉണ്ട്. എന്നാൽ തന്റെ കയ്യിൽ ഇപ്പോൾ ചില്ലി തുട്ടു പോലും ഇല്ലെന്നാണ് നോബിയുടെ വാദം. ഇത് മുഖവിലയ്ക്ക് എടുത്തു നോബിയുമായി ഉറ്റ ചങ്ങാത്തവും ഇയാളുടെ സൽക്കാരങ്ങളിൽ പലപ്പോഴും പങ്കാളികൾ ആയിട്ടുള്ളവരും ചേർന്ന് കഴിഞ്ഞ ദിവസം 50000 രൂപ വീതം ധനശേഖരണം നടത്തിയിരുന്നു. ഇത്തരത്തിൽ ഏറ്റവും ചുരുങ്ങിയത് 700000 രൂപ ലഭിച്ചു എന്നാണ് സൂചന. ഇതടക്കം 900000 രൂപയാണ് ആണ് ലിക്വിഡേഷൻ നടപടികൾ ഏറ്റെടുത്ത കൂപർ യങ്ങ് സോളിസിറ്റർ സ്ഥാപനത്തിന് നോബി കൈമാറിയിരിക്കുന്നത്. ഈ രംഗത്ത് ഏറെ പ്രശസ്തമായ സ്ഥാപനമാണ് കൂപർ യങ്ങ്.

നേരത്തെ ഓ ഐ സി സി പ്രവർത്തനത്തിൽ ആകൃഷ്ടനായിരുന്ന നോബി പോൺസി ഇടപാടിലൂടെ കുപ്രസിദ്ധനായി കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായ ലക്‌സൻ കല്ലുമാടിക്കലിന്റെ വിശ്വസ്തൻ ആയാണ് അറിയപ്പെട്ടിരുന്നത്. നേരത്തെ പാപ്പരായി നടപടി ക്രമങ്ങൾ വശമുള്ള ലക്‌സൻ ഗ്രീൻ ലാൻഡ് തട്ടിപ്പിൽ നോബിക്ക് നിയമ സഹായ ഉപദേശം നല്കി എന്ന് സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP