Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരാഴ്ചയായി പുതിയ അഡ്‌മിഷനില്ല; നിർബന്ധിച്ച് ഡിസ്ചാർജ് നൽകിയപ്പോൾ പലരും ബില്ലടച്ചില്ല; നഴ്‌സുമാരോട് ഏറ്റുമുട്ടി ഇനിയും നഷ്ടംവരുത്താനില്ലെന്ന് ഒരു വിഭാഗം ആശുപത്രി ഉടമകൾ; ശമ്പള വർധനയ്‌ക്കെതിരെ കോടതിയിൽ പോകുമെന്ന് ഔദ്യോഗിക വിഭാഗം; കെവിഎമ്മിനുള്ള സാമ്പത്തിക സഹായത്തിനെതിരെയും പ്രതിഷേധം; നഴ്‌സുമാരുടെ ശമ്പള വർധനയെച്ചൊല്ലി ആശുപത്രി മുതലാളിമാരുടെ സംഘടന പിളർപ്പിലേക്ക്

ഒരാഴ്ചയായി പുതിയ അഡ്‌മിഷനില്ല; നിർബന്ധിച്ച് ഡിസ്ചാർജ് നൽകിയപ്പോൾ പലരും ബില്ലടച്ചില്ല; നഴ്‌സുമാരോട് ഏറ്റുമുട്ടി ഇനിയും നഷ്ടംവരുത്താനില്ലെന്ന് ഒരു വിഭാഗം ആശുപത്രി ഉടമകൾ; ശമ്പള വർധനയ്‌ക്കെതിരെ കോടതിയിൽ പോകുമെന്ന് ഔദ്യോഗിക വിഭാഗം; കെവിഎമ്മിനുള്ള സാമ്പത്തിക സഹായത്തിനെതിരെയും പ്രതിഷേധം; നഴ്‌സുമാരുടെ ശമ്പള വർധനയെച്ചൊല്ലി ആശുപത്രി മുതലാളിമാരുടെ സംഘടന പിളർപ്പിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഐതിഹാസിക സമരം വിജയത്തിലേക്ക് എത്തിയതിന് പിന്നാലെ കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ സംഘടന പിളർപ്പിലേക്ക്. നഴ്‌സുമാർക്ക് സർക്കാർ പുതിയ വിജ്ഞാപനത്തിലൂടെ നിർദ്ദേശിച്ച ശമ്പളം നൽകാനാവില്ലെന്ന് വ്യക്തമാക്കി ഇപ്പോൾ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷൻ ഔദ്യോഗിക വിഭാഗം കോടതിയിൽ പോകാൻ ഒരുങ്ങുകയാണ്. എന്നാൽ ഇനിയും നഴ്‌സുമാരുമായി പോരാടിയാൽ വൻ സാമ്പത്തിക നഷ്ടമാണ് ആശുപത്രികൾക്ക് ഉണ്ടാവുകയെന്ന് തിരിച്ചറിഞ്ഞ് ഇതിനെതിരെ സംഘടനയിൽ മിക്ക ജില്ലാ ഘടകങ്ങളും നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെയാണ് സംഘടന പിളർപ്പിലേക്ക് നീങ്ങുന്നത്.

മാനേജ്‌മെന്റ് അസോസിയേഷൻ ജില്ലാ ഘടകങ്ങളിൽ കണ്ണൂർ, കോഴിക്കോട്, തൃശൂർ, മലപ്പുറം, കൊല്ലം എന്നിവിടങ്ങളിലെ ആശുപത്രി ഉടമകൾ നഴ്‌സുമാരോട് ഏറ്റുമുട്ടാനില്ലെന്നും സർക്കാർ പ്രഖ്യാപിച്ച പ്രകാരമുള്ള ശമ്പളം നഴ്‌സുമാർക്ക് നൽകാൻ തയ്യാറാണെന്നും തീരുമാനമെടുക്കുകയായിരുന്നു. ഇതോടെ അസോസിയേഷനിൽ പൊട്ടിത്തെറിയായി. ഒരു കാരണവശാലും ഇനി നഴ്‌സുമാരോട് സമരത്തിനില്ലെന്ന് ഒരു പക്ഷവും സർക്കാർ ഉത്തരവിനെതിരെ കോടതിയിൽ പോകണമെന്ന് മറുപക്ഷവും വാദിച്ചു. ഇതോടെയാണ് സംഘടന പിളരുന്നത്. നഴ്‌സുമാരെ അനുകൂലിക്കുന്നവർ ഒരുമിച്ച് പുതിയ സംഘടന രൂപീകരിക്കാൻ തീരുമാനിച്ചു .

കോഴിക്കോട് ആസ്ഥാനമായായിരിക്കും പുതിയ സംഘടന പ്രവർത്തിക്കുകയെന്നാണ് ലഭിക്കുന്ന വിവരം. സർക്കാർ വിജ്ഞാപനത്തെ കോടതിയിൽ ചോദ്യംചെയ്യുമെന്ന നിലപാടെടുത്ത് മുന്നോട്ടുപോകുകയാണ് ഔദ്യോഗിക പക്ഷം എന്നാൽ ഇപ്പോൾ അഞ്ചു ജില്ലകളിലെ ആശുപത്രി ഉടമകളാണ് സർക്കാർ ഉത്തരവ് അനുസരിക്കാനും ഇനി ഏറ്റുമുട്ടലിന് ഇല്ലെന്നും നിലപാട് സ്വീകരിച്ചതെങ്കിലും കൂടുതൽ ജില്ലകൾ ഇവർക്കൊപ്പം ചേരുമെന്നാണ് സൂചനകൾ. നിലവിൽ സംഘടനയെ നയിക്കുന്നവരുടെ ഏകാധിപത്യപരമായ നിലപാടാണ് പ്രശ്‌നങ്ങൾ ഇത്രയും വഷളാക്കിയതെന്ന വിലയിരുത്തലിലാണ് ആശുപത്രി ഉടമകളിൽ ഭൂരിഭാഗം പേരും.

അതേസമയം, ആശുപത്രി ഉടമകൾ ശമ്പളം നൽകാൻ തയ്യാറില്ലെന്ന നിലപാട് കൈക്കൊള്ളുന്ന സാഹചര്യത്തിൽ ഈ ആവശ്യമുന്നയിച്ച് ആശുപത്രികൾക്ക് നോട്ടീസ് നൽകാനും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. സർക്കാർ വിജ്ഞാപന പ്രകാരമുള്ള ശമ്പള വർധന മുൻകാല പ്രാബല്യത്തോടെ തന്നെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുന്നത്.

എറണാകുളം ജില്ലയിലെ മിക്ക ആശുപത്രി ഉടമകൾക്കും നഴ്‌സുമാർക്ക് സർക്കാർ പ്രഖ്യാപിച്ച ശമ്പളം നൽകണമെന്ന നിലപാടുള്ളവരാണ്. ഇവരും പുതിയ സംഘടനയിലേക്ക് ചേക്കേറുമെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ നഴ്‌സുമാർക്ക് കൂടിയ ശമ്പളം നൽകരുതെന്ന നിലപാടുള്ളവർ ന്യൂനപക്ഷമായി മാറിയേക്കുമെന്നാണ് സൂചനകൾ. എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് നിലവിൽ വൻകിട ആശുപത്രികൾ കൂടുതലുള്ളത്. അതിനാൽ തന്നെ ഈ ജില്ലകളിലെ മാനേജ്‌മെന്റുകൾ നഴ്‌സുമാർക്ക് അനുകൂലമായ നിലപാടെടുത്താൽ അത് ഫലത്തിൽ നഴ്‌സുമാർക്കെതിരെ നിലകൊള്ളുന്ന ഔദ്യോഗിക വിഭാഗത്തെ ന്യൂനപക്ഷമാക്കി മാറ്റുമെന്നാണ് വിലയിരുത്തലുകൾ.

നഴ്‌സുമാരുടെ സമരത്തെ നേരിടാനായി വലിയ തയ്യാറെടുപ്പുകളാണ് ആശുപത്രി ഉടമകൾ നടത്തിയിരുന്നത്. 24 മുതൽ അനിശ്ചിതകാല പണിമുടക്കും ലോംഗ് മാർച്ചും യുഎൻ എ പ്രഖ്യാപിച്ചിരുന്നു. ഇതിന് ഒരാഴ്ച മുമ്പുതന്നെ രോഗികളെ അഡ്‌മിറ്റ് ചെയ്യുന്നത് മിക്ക സ്വകാര്യ ആശുപത്രികളും ഒഴിവാക്കിത്തുടങ്ങിയിരുന്നു. രോഗികളെ ആശുപത്രിയിൽ നിന്ന് ഒഴിവാക്കാനായി മിക്കവരേയും നിർബന്ധിത ഡിസ്ചാർജ് നൽകി പറഞ്ഞയക്കുകയും ചെയ്തു. ഇതോടെ ഇത്തരത്തിൽ പറഞ്ഞയച്ച ഭൂരിപക്ഷവും ആശുപത്രി ബിൽ അടയ്ക്കാതെ പോയത് വലിയ നഷ്ടമാണ് ആശുപത്രി ഉടമകൾക്ക് വരുത്തിവച്ചത്. സമരം തുടർന്നാൽ സ്ഥിതി ഭീകരമാകുമെന്നും ആശുപത്രികൾക്ക് എതിരെ തന്നെ ജനരോഷം തിരിയുമെന്നും വിലയിരുത്തലുണ്ടായി. ഇതെല്ലാമാണ് ആശുപത്രി ഉടമകളിൽ വലിയൊരു വിഭാഗത്തെ ഇനിയൊരു ഏറ്റുമുട്ടൽ നഴ്‌സുമാരുമായി വേണ്ടെന്ന നിലപാടെടുക്കാൻ പ്രേരിപ്പിക്കുന്നത്.

ഇനിയും ഏറ്റുമുട്ടിയാൽ നഷ്ടം കൂടുതലാകുമെന്നാണ് സംഘടന ഉപേക്ഷിച്ച് പുതിയ സംഘടന രൂപീകരിക്കാൻ തീരുമാനിച്ച ജില്ലാ ഘടകങ്ങളുടെ വിലയിരുത്തൽ. ഇതനെല്ലാം പുറമെ കെവി എം ആശുപത്രി സമരം ഒത്തുതീർപ്പാക്കാതിരിക്കാൻ മാസം 25 ലക്ഷം വീതം മാനേജ്‌മെന്റ് അസോസിയേഷൻ നൽകുന്നുണ്ട്. ഇത് നിർത്തലാക്കണമെന്ന ആവശ്യവും അസോസിയേഷനിൽ ഉയർന്നു. നഴ്‌സുമാരുടെ സമരം പരാജയപ്പെടുത്താൻ ഇത്തരത്തിൽ സാമ്പത്തിക സഹായം ഒരു ആശുപത്രിക്ക് നൽകുന്നത് എന്തിനെന്ന ചോദ്യമാണ് പലരും ഉയർത്തിയത്. ഇതും സംഘടനയുടെ പിളർപ്പിന് കാരണമായി.

എന്നാൽ സർക്കാർ വിജ്ഞാപനത്തെ കോടതിയിൽ ചോദ്യം ചെയ്യാനാണ് അസോസിയേഷൻ തീരുമാനിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള അഭിപ്രായം അവർ നേരത്തേ അറിയിച്ചിരുന്നു. സർക്കാർ കഴിഞ്ഞവർഷം പ്രഖ്യാപിച്ച ശമ്പളം നൽകാനാവില്ലെന്ന നിലപാടാണ് മാനേജ്‌മെന്റ് അസോസിയേഷൻ ഇതുവരെ കൈക്കൊണ്ടത്. സർക്കാരുമായി നടത്തിയ ചർച്ചയിലും ആശുപത്രി ഉടമകളുടെ അസോസിയേഷൻ ഈ നിലപാടാണ് സ്വീകരിച്ചത്. സർക്കാർ ഏകപക്ഷീയമായാണ് ഇപ്പോൾ നഴ്‌സുമാർക്ക് വേണ്ടി വിജ്ഞാപനമിറക്കിയതെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ പക്ഷം. മറ്റന്നാൾ എറണാകുളത്ത് മാനേജ്‌മെന്റ് അസോസിയേഷൻ യോഗം ചേരുന്നുണ്ട്. തുടർന്ന് കോടതിയെ സമീപിക്കുന്ന കാര്യം ഉൾപ്പെടെ തീരുമാനിക്കും. മുൻകാല പ്രാബല്യം നൽകാനാവില്ലെന്ന നിലപാടാണ് ഔദ്യോഗിക വിഭാഗം സ്വീകരിക്കുന്നത്.

അതേസമയം, സംഘടനയിൽ പിളർപ്പുണ്ടായാൽ കേരളത്തിൽ വലിയൊരു വിഭാഗം ആശുപത്രി ഉടമകൾ നഴ്‌സുമാരെ അനുകൂലിക്കുന്ന നിലവരും. കോടതിയെ സമീപിച്ചാൽ ഇക്കാര്യവും കോടതിയിൽ ഉന്നയിക്കപ്പെടും. അത് ആശുപത്രി ഉടമകൾക്ക് തിരിച്ചടിയായേക്കുമെന്നും സൂചനകൾ വരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP