Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐസിസുമായി തനിക്ക് യാതൊരു ബന്ധവുമില്ല; മ്യൂസിയത്തിലെ തോക്കിനൊപ്പം നിന്ന് ഫോട്ടോയെടുത്ത് ഫേസ്‌ബുക്കിലിട്ടപ്പോൾ ഐസിസിനെ പിന്തുണക്കുന്നവനാക്കി; കസ്റ്റഡിയിൽ എടുത്തത് സഹപാഠികളെ കാണാതായ സംഭവത്തിൽ; ഐബിയും റോയും ചോദ്യം ചെയ്തിട്ടില്ല: ഐസിസ് ബന്ധം ആരോപിച്ച് കസ്റ്റഡിയിൽ വച്ച ജാബിർ മറുനാടനോട്

ഐസിസുമായി തനിക്ക് യാതൊരു ബന്ധവുമില്ല; മ്യൂസിയത്തിലെ തോക്കിനൊപ്പം നിന്ന് ഫോട്ടോയെടുത്ത് ഫേസ്‌ബുക്കിലിട്ടപ്പോൾ ഐസിസിനെ പിന്തുണക്കുന്നവനാക്കി; കസ്റ്റഡിയിൽ എടുത്തത് സഹപാഠികളെ കാണാതായ സംഭവത്തിൽ; ഐബിയും റോയും ചോദ്യം ചെയ്തിട്ടില്ല: ഐസിസ് ബന്ധം ആരോപിച്ച് കസ്റ്റഡിയിൽ വച്ച ജാബിർ മറുനാടനോട്

എം പി റാഫി

മലപ്പുറം: തനിക്ക് ഐസിസുമായി യാതൊരു ബന്ധവുമില്ലെന്ന് ഐസിസ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത് ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വിട്ടയച്ച മലപ്പുറം തിരുന്നാവായ സ്വദേശിയായ യുവാവ് ജാബിർ(19) മറുനാടൻ മലയാളിയോട് വ്യക്തമാക്കി. ഐസിസ് എന്താണെന്ന് പോലും ശരിക്കം തനിക്ക് അറിയില്ല. സംഭവത്തിൽ താൻ തീർത്തും നിരപരാധിയാണ്. അബുദാബി സ്‌കൂളിൽ ഒപ്പം പഠിച്ചിരുന്ന രണ്ട് സഹപാഠികളെ കാണാതെ പോയിരുന്നു. ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് അബുദാബി പൊലീസ് തന്നെ കസ്റ്റഡിയിൽ എടുത്തത്. തുടർന്നാണ് നാല് മാസം അബുദാബി ജയിലിൽ കഴിയേണ്ടി വന്നതെന്ന് ജാബിർ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

കേസുമായി ബന്ധമില്ലെന്ന് കണ്ടാണ് കേരളത്തിലേക്ക് തിരിച്ചയച്ചത്. ഇവിടെ എത്തിയപ്പോൾ തന്നെ ചോദ്യം ചെയ്തത് ഐബിയോ റോയോ ആയിരുന്നില്ല. മറിച്ച് കേരള പൊലീസിലെ സ്‌പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ ആയിരുന്നു. ഇവർ ചോദിച്ചതും കാണാതായ സഹപാഠികളെ കുറിച്ചയിരുന്നു ഇവരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയതിനെ തുടർന്നാണ് നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ചതെന്നും ജാബിർ വ്യക്തമാക്കി.

'അബുദാബി റാസൽഖൈമയിലെ ന്യൂ ഇന്ത്യാ സ്‌കൂളിലെ സഹപാഠികളായിരുന്നു കാണാതായവർ. റിയാബ്്, മുജാഹിദ് എന്നിവരായിരു ഇവരുടെ പേരു വിവരങ്ങൾ. ഇതിൽ ഒരാൾ മലയാളിയും മറ്റൊരാൾ ബംഗ്ലാദേശിയുമാണ്. കോഴിക്കോട്‌ സ്വദേശിയാണ് കാണാതായ റിയാബ്. നാല് മാസമായി കാണാതായ ഇവർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് സംശയം. അബുദാബി പൊലീസ് കസ്റ്റഡിയിൽ എടുത്തത് ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ്. നിരപരാധിയാണെന്ന് ബോധ്യമായപ്പോൾ വിട്ടയക്കുകയായിരുന്നു''- ജാബിർ പറഞ്ഞു.

അബുദാബിയിൽ വച്ച് കസ്റ്റഡിയിൽ എടുത്ത ശേഷമാണ് തന്റെ മൊബൈൽ വിവരങ്ങൾ പൊലീസ് പരിശോധിച്ചത്. സോഷ്യൽ മീഡിയ ബന്ധങ്ങളും പരിശോധിച്ചു. ഫേസ്‌ബുക്കിൽ കണ്ട ചില ഫോട്ടോകളാകാം ഐസിസ് ബന്ധമുണ്ടെന്ന സംശയമുണ്ടാകാൻ കാരണം. സ്‌കൂളിൽ പഠിച്ചിരുന്ന വേളയിൽ അബുദാബി മ്യൂസിയത്തിൽ പോയിരുന്നു. അവിടെ ചരിത്രസ്മാരകമായി സൂക്ഷിച്ചിരുന്ന തോക്കിനൊപ്പം നിന്ന് ഫോട്ടോയെടുത്തിരുന്നു. കൂടാതെ പഴക്കം ചെന്ന മിസൈലിനൊപ്പവും രാജാക്കന്മാരുടെ പ്രതിമയ്‌ക്കൊപ്പവും നിന്നും ഫോട്ടോ എടുത്തു. ഇതിൽ തോക്കിനൊപ്പമുള്ള ഫോട്ടോ ഫേസ്‌ബുക്കിന്റെ വാൾപേപ്പർ ആക്കുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങൾ ഐസിസിനെ പിന്തുണക്കുന്നത് ആയിരുന്നില്ല. അബുബാദിയിലെയും കേരളത്തിലെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചത് ഈ ഫോട്ടോയെ കുറിച്ചായിരുന്നു. എന്നാൽ, ഇതിലൊന്നും ഐസിസിനെ പിന്തുണക്കുന്നത് ഉണ്ടായിരുന്നില്ല. ഐസിസ് എന്നാൽ ഇസ്ലാമിന്റെ പേരിൽ ക്രൂരത നടത്തുന്ന ഭീകരണ സംഘടനയാണെന്നും ജാബിർ പറയുന്നു.

എട്ട് വർഷമായി താൻ അബുദാബിയിൽ എത്തിയിട്ട്. +2 കഴിഞ്ഞ ശേഷം വീട്ടുനിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടയിൽ ജോലി നോക്കിയിരുന്നു. ഈ കടയിൽ വന്ന് ഉദ്യോഗസ്ഥർ പിന്നീട് തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരുള്ള ഹിന്ദു യുവാവിനെയും കസ്റ്റഡിയിൽ എടുത്തിരുന്നു. താനും തന്റെ സുഹൃത്തും നിരപരാധിയാണെന്ന് കണ്ടാണ് അബുദാബി പൊലീസ് തിരിച്ചയച്ചത്. കൂടുതൽ പേർ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് കരുതുന്നതെന്നും ജാബിർ മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ 29ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ജാബിറിനെ കസ്റ്റഡിയിലെടുത്തത്. ഐബിയും റോയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തുവെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. ചോദ്യം ചെയ്യലിൽ ജാബിറിന് ഐസിസുമായി യാതൊര ബന്ധവുമില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് വിട്ടയച്ചത്. ജാബിറിനെ കസ്റ്റഡിയിൽ എടുത്തത് രണ്ടു ദിവസം മുമ്പ് വരെ രഹസ്യമായിരുന്നു. വിട്ടയച്ചതിനു ശേഷമാണ് പത്രങ്ങളിൽ വാർത്ത വന്നത്. മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു നിരപരാധിത്വം വെളിപ്പെടുത്താൻ ജാബിർ ഇന്ന് രംഗത്തുവരുകയായിരുന്നു. ഇതിന്റെ ഭാഗമാാണ് മറുനാടൻ മലയാളിയോട് ജാബിർ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയത്. തന്റെ ജയിൽ അനുഭവങ്ങൾ അടക്കം ജാബിർ മറുനാടൻ മലയാളിയോട് വിശദമായി വ്യക്തമാക്കിയിട്ടുണ്ട്. മറുനാടന് നൽകിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം നാളെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP