Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയോടുള്ള അടുപ്പം പരിഗണിച്ചു മുമ്പിൽ നിന്ന വേണു ഊടുപാടു ചീത്ത കേട്ടു; ന്യായീകരിക്കാൻ ശ്രമിച്ച കെ എം എബ്രഹാമിനെ ശാസിച്ചു; ഐഎഎസ് ഉദ്യോഗസ്ഥർ കലിപ്പു തീർത്തതു നളിനി നെറ്റോയുടെ മുറിയിൽ കയറി; സീനിയേഴ്സിന്റെ നാണംകെട്ട പ്രവൃത്തിക്കെതിരെ ശബ്ദമുയർത്തി യുവ ഐഎഎസുകാരും

മുഖ്യമന്ത്രിയോടുള്ള അടുപ്പം പരിഗണിച്ചു മുമ്പിൽ നിന്ന വേണു ഊടുപാടു ചീത്ത കേട്ടു; ന്യായീകരിക്കാൻ ശ്രമിച്ച കെ എം എബ്രഹാമിനെ ശാസിച്ചു; ഐഎഎസ് ഉദ്യോഗസ്ഥർ കലിപ്പു തീർത്തതു നളിനി നെറ്റോയുടെ മുറിയിൽ കയറി; സീനിയേഴ്സിന്റെ നാണംകെട്ട പ്രവൃത്തിക്കെതിരെ ശബ്ദമുയർത്തി യുവ ഐഎഎസുകാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള മുതർന്ന ഐഎഎസുകാർ പോകട്ടെ എന്നായിരുന്നു ധാരണ. എന്നാൽ അവസാന നിമിഷം പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോക്ടർ വി വേണുവിനേയും ഒപ്പം കൂട്ടി. മുഖ്യമന്ത്രി പിണറായി വിജയനുമായി വേണുവിനുള്ള അടുപ്പം മനസ്സിലാക്കിയായിരുന്നു അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിയും അസോസിയേഷൻ പ്രസിഡന്റുമായ ടോം ജോസിന്റെ ഈ നീക്കം.

എന്നാൽ വേണുവിനെ സംഘത്തിൽ കണ്ടതോടെ മുഖ്യമന്ത്രി കൂടുതൽ ക്ഷുഭിതനാവുകയായിരുന്നു. അതുകൊണ്ട് തന്നെ ഐഎഎസുകാരുടെ ലീവെടുക്കൽ പ്രതിഷേധത്തിൽ സർക്കാരിനുള്ള അതൃപ്തി മുഴുവൻ മുഖ്യമന്ത്രി തീർത്തത് വേണുവിനോടായിരുന്നു. ഇതിനിടെയിൽ ന്യായീകരിക്കാനെത്തിയ ധനവകുപ്പ് സെക്രട്ടറിയായ മുതിർന്ന ഐഎഎസുകാരൻ കെ എം എബ്രഹാമിനും കിട്ടി മുഖ്യമന്ത്രിയുടെ ശാസന. അതിനിടെ സമരം പൊളിഞ്ഞതോടെ നേതൃത്വത്തിനെതിരെ യുവ ഐഎഎസുകാരുടെ പ്രതിഷേധവും ശക്തമാവുകയാണ്.

വിജിലൻസ് ഡയറക്ടർ കേസെടുക്കുന്നുവെന്ന ആക്ഷേപവുമായി ഐഎഎസുകാർ കൂട്ട അവധിയെടുക്കുന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കാനെന്ന് തിരിച്ചറിഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ രോക്ഷ പ്രകടനം. ഇത് അനുവദിക്കാനാകില്ലെന്ന് വേണുവിനോട് പിണറായി വിജയൻ തുടക്കത്തിലെ ശക്തമായ ഭാഷയിൽ പറഞ്ഞു. ജേക്കബ് തോമസിനെതിരെ ഒരു വാക്ക് പോലും ആർക്കും പറയാനായതുമില്ല. അന്വേഷണങ്ങൾ മുറ പോലെ നടക്കും. തെളിവുണ്ടെങ്കിൽ നടപടിയും ഉണ്ടാകും. അതിനെ ഭീഷണിയുടെ സ്വരത്തിൽ സമ്മർദ്ദം ചെലുത്തി അട്ടിമറിക്കാൻ ആരേയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അടിവരയിട്ടു. ഇതിനിടെയാണ് അവധിയെടുക്കലിന് സർക്കാരിനെതിരായ സമരമായി ചിത്രീകരിക്കരുതെന്ന വിശദീകരണത്തിന് കെ എം എബ്രഹാം ശ്രമിച്ചത്. ഇതും മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു. എബ്രഹാമിനും കിട്ടി മുഖ്യമന്ത്രിയുടെ ശകാര വർഷം. ഇതോടെ സമരവുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്ന് നിഗമനത്തിൽ ഐഎഎസുകാർ എത്തി. എല്ലാവരും അവധി പിൻവലിച്ച് ജോലിക്ക് കയറുകയും ചെയ്തു.

ഇടത് പക്ഷവുമായി ബന്ധമുള്ള ഐഎഎസുകാരനാണ് വേണു. ക്ലീൻ ഇമേജുള്ള വേണു പഠനകാലത്ത് എസ് എഫ് ഐ നേതാവായിരുന്നു. അക്കാലത്ത് തന്നെ പിണറായി വിജയനുമായി അടുപ്പമുണ്ടായിരുന്നു. വേണ്ടത്ര പരിഗണന വേണുവിന് പിണറായി എന്നും നൽകിയിട്ടുണ്ട്. ഇത് അറിയാവുന്നതുകൊണ്ടാണ് അഡീഷണൽ ചീഫ്  സെക്രട്ടറിമാരുടെ പ്രതിനിധി സംഘത്തിൽ വേണുവിനേയും ഉൾപ്പെടുത്തിയത്. എന്നാൽ ഈ നീക്കം പാടെ പൊളിഞ്ഞു. വേണു മുഖ്യമന്ത്രിയുടെ കണ്ണിലെ കരടാവുകയും ചെയ്തു. അതുമാത്രമാണ് ഇന്നത്തെ കൂടിക്കാഴ്ചയിൽ സംഭവിച്ചത്. അല്ലാതെ ഒരു നേട്ടവും ഐഎഎസ് അസോസിയേഷൻ കിട്ടിയില്ല-മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു. കെഎം എബ്രഹാമിനും ക്ഷീണമായി. അദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണം വന്നപ്പോൾ മുഖ്യമന്ത്രി സുവ്യക്തമായ പരസ്യ നിലപാട് എടുത്തിരുന്നതാണ്. എന്നിട്ടും സർക്കാരിനെതിരെ സമരം പ്രഖ്യാപിച്ചവർക്കൊപ്പം എബ്രഹാം ചേർന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ മുറിയിൽ വച്ച് കിട്ടിയ ശാസനയുടെ പ്രതികാരം ഐഎഎസുകാർ തീർത്തത് സഹപ്രവർത്തകയായ നളിനി നെറ്റോയോടായിരുന്നു. നിങ്ങളാണ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും ഐഎഎസുകാർക്ക് എതിരാക്കുന്നതെന്നുമായിരുന്നു പ്രതികരണം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ നളിനി നെറ്റോയുടെ മുറിയിലെത്തി തന്നെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന്റെ സാന്നിധ്യത്തിലും ചിൽ നളിനി നെറ്റോയോട് നീരസം പ്രകടിപ്പിച്ചു. എന്നാൽ അവർ പരസ്യമായി ഒന്നും പ്രതികരിച്ചില്ല. സമരവുമായി മുന്നോട്ട് പോകുന്നത് ഗുണകരമാകില്ലെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്നും കൃത്യമായി തന്നെ നളിനി നെറ്റോ അവരെ ധരിപ്പിച്ചതായാണ് സൂചന. വ്യവസായ സെക്രട്ടറി പോൾ ആന്റണിക്കെതിരായ എഫ് ഐ ആർ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കണെന്നും ഉപദേശിച്ചു.

ഈ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത് മുതിർന്ന ഐഎഎസുകാരാണെന്ന അഭിപ്രായമാണ് യുവ ഐഎഎസുകാർക്കുള്ളത്. ലീവ് എടുത്ത് പ്രതിഷേധം അറിയിക്കുന്നത് പ്രായോഗീക രീതിയല്ലെന്ന് ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തന്നെ ചിലർ തുറന്നു പറഞ്ഞിരുന്നു. സമരം ചെയ്യുന്നുവെങ്കിൽ വ്യവസ്ഥാപിത രീതിയിൽ വേണം. ഇതിന് നോട്ടീസ് നൽകണം. അതിന് ശേഷം സമരം ചെയ്യാമെന്നായിരുന്നു യുവ ഐഎഎസുകാർ പറഞ്ഞത്. അവധിക്ക് അപേക്ഷ കൊടുത്ത് പ്രതിഷേധം അറിയിക്കുന്നതും സമരമാണ്. അതിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് മറുപടി പോലും നൽകാനാകില്ലെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ മുതിർന്ന ഐഎഎസുകാർ ഇത്തരത്തിലെ പ്രതിഷേധം മതിയെന്ന് നിർബന്ധം പിടിച്ചു. അതിന്റെ ഫലമാണ് അവർക്ക് അനുഭവിക്കേണ്ടി വന്ന അപമാനം. മുഖ്യമന്ത്രി പിണറായി വിജയൻ ഇങ്ങനെ മാത്രമേ പ്രതികരിക്കൂവെന്ന് ആർ്ക്കും മനസ്സിലാകും. ഈ തിരിച്ചറിവ് സംഘടനയുടെ തലപ്പത്തുള്ളവർക്ക് ഇല്ലാതെ പോയി-യുവ ഐഎഎസ് ഉദ്യോഗസ്ഥൻ മറുനാടനോട് വിശദീകരിച്ചു.

തീർത്തും തെറ്റായ സമീപനമാണ് ഇതു സംബന്ധിച്ച് പുറത്തിറക്കിയ കുറിപ്പിലും സ്വീകരിച്ചത്. ഇതും യുവ ഐഎഎസുകാർ ചൂണ്ടിക്കാട്ടിയിരുന്നു. വിജിലൻസ് കേസുകളിൽ തങ്ങളുടെ ഭാഗം വിശദീകരിക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ചെയ്തത് വിജിലൻസ് ഡയറക്ടറെ ആക്രമിക്കലും. അതു ചെയ്യാതെ എന്തുകൊണ്ടാണ് ബന്ധുത്വ നിയമന വിവാദത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ തെറ്റ് ചെയ്തില്ലെന്ന് വിശദീകരിക്കുകയായിരുന്നു വേണ്ടത്. പ്രതിസ്ഥാനത്ത് മുന്മന്ത്രിയുള്ളതിനാൽ അതിന് കഴിയില്ല. ജയരാജനെ കുറ്റപ്പെടുത്തി പ്ത്രങ്ങൾക്ക് നോട്ട് കൊടുത്താൽ സർക്കാരിന്റെ മുന്നിൽ വില്ലനാകും. ഇത് ഒഴിവാക്കാൻ ജേക്കബ് തോമസിനേയും കുടുംബത്തേയും കടന്നാക്രമിച്ചു. ഇത് ജനങ്ങളിൽ ഐഎഎസുകാർക്ക് മൊത്തത്തിൽ അവമതിപ്പുണ്ടാക്കിയെന്ന വാദവും ഐഎഎസ് അസോസിയേഷനിൽ പ്രബലമായിരുന്നു. ശാസനയ്ക്ക് ശേഷം മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുമെന്ന് ആരും കരുതിയില്ല. ഇതോടെ കൂടുതൽ അപമാനമാണ് അസോസിയേഷന് നേരിടേണ്ടി വന്നത്. ഈ സാഹചര്യം അടുത്ത യോഗം ചർച്ച ചെയ്യുമെന്നും സൂചനയുണ്ട്.

മാദ്ധ്യമങ്ങൾക്ക് മുമ്പിലും ഐഎഎസ് സമരത്തെ അതിരൂക്ഷമായാണ് മുഖ്യമന്ത്രി വിമർശിച്ചത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഐഎഎസ് ഓഫീസർമാർ യോഗം ചേർന്ന് ഒരു സമരരൂപം ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനെ സർക്കാർ അതീവഗൗരവമായാണ് കാണുന്നത്. ഇതിനിടയാക്കിയ പ്രശ്നം വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ടതാണ്. സർക്കാർ അന്വേഷണത്തിലിടപ്പെട്ട് ഏതെങ്കിലും വിധത്തിൽ അതിനെ സ്വാധീനിക്കുവാൻ ശ്രമിക്കുന്നതല്ല. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കണമെന്നാണ് എല്ലാ ഘട്ടത്തിലും സർക്കാർ ആഗ്രഹിക്കുന്നത്. ഐഎഎസ് ഓഫീസർമാർക്കെതിരെയുള്ള വിജിലൻസ് അന്വേഷണം ഇത് ആദ്യമായിട്ടല്ല സംസ്ഥാനത്ത് നടക്കുന്നത്. അത്തരം നടപടികളുമായി ബന്ധപ്പെട്ട് സസ്പെൻഷനും ഉണ്ടായിട്ടുണ്ട്. അന്വേഷണ നടപടിയെ വൈകാരികമായി കാണേണ്ടതില്ല. എഫ് ഐ ആർ ഇട്ടിരിക്കുന്നത് അന്വേഷണത്തിന്റെ ഭാഗമായിട്ടാണ്. ഇതിനെതിരെ ഒരു കൂട്ടം ഉദ്യോഗസ്ഥർ യോഗം ചേർന്ന് സമരം ചെയ്യാൻ തീരുമാനിക്കുന്നത് ശരിയായ നടപടിയല്ല എന്ന ഐഎഎശ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. സമരം ഏതെങ്കിലും രീതിയിൽ പ്രഖ്യാപിച്ച് സർക്കാരിനെ വരുതിയിലാക്കാം എന്ന് കരുതണ്ട. ഭരണസിരാകേന്ദ്രത്തിലെ പ്രധാനികൾ സമരത്തിനായി മുന്നിട്ടിറങ്ങുന്നത് ഒരിക്കലും ഉണ്ടാകുവാൻ പാടില്ലാത്ത ഒരു കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിഷേധം സർക്കാരിനെതിരെയല്ലെന്ന് ഐഎഎസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ നിലപാട് എതിരായതോടെ ഐഎഎസുകാർ സമരത്തിൽനിന്നു പിന്മാറി. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നടപടികൾക്കെതിരെയാണ് ഐഎഎസ് ഉദ്യോഗസ്ഥർ കൂട്ട അവധിയെടുത്തു പ്രതിഷേധിക്കാൻ തീരുമാനിച്ചത്. വിജിലൻസ് നടപടികളെത്തുടർന്നുള്ള ഉദ്യോഗസ്ഥരുടെ ആശങ്കകൾ മൂലം ഫയലുകൾ പലതും കെട്ടിക്കിടക്കുകയാണെന്നും പദ്ധതി നിർവഹണത്തിന്റെ വേഗം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണെന്നുമാണ് ഐഎഎസുകാരുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP