Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താര സംഘടനയുടെ പ്രസിഡന്റ് പദം രാജിവയ്ക്കാനുറച്ച് ഇന്നസെന്റ്; താൽപ്പര്യം അറിയിച്ചത് മമ്മൂട്ടിയോടും മോഹൻലാലിനോടും; എല്ലാ കണ്ണുകളും ബാലചന്ദ്ര മേനോനിലേക്ക്; കുഞ്ചാക്കോ ബോബനെ നേതൃത്വത്തിൽ ഉയർത്തിക്കാട്ടാൻ മഞ്ജുവാര്യരും സംഘവും; നടിയെ ആക്രമിച്ച കേസിലെ അന്വേഷണം 'അമ്മ'യിലെ സമവാക്യങ്ങൾ മാറ്റി മറിക്കും

താര സംഘടനയുടെ പ്രസിഡന്റ് പദം രാജിവയ്ക്കാനുറച്ച് ഇന്നസെന്റ്; താൽപ്പര്യം അറിയിച്ചത് മമ്മൂട്ടിയോടും മോഹൻലാലിനോടും; എല്ലാ കണ്ണുകളും ബാലചന്ദ്ര മേനോനിലേക്ക്; കുഞ്ചാക്കോ ബോബനെ നേതൃത്വത്തിൽ ഉയർത്തിക്കാട്ടാൻ മഞ്ജുവാര്യരും സംഘവും; നടിയെ ആക്രമിച്ച കേസിലെ അന്വേഷണം 'അമ്മ'യിലെ സമവാക്യങ്ങൾ മാറ്റി മറിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകളിൽ ചാലക്കുടി എംപി കൂടിയായ ഇന്നസെന്റിന് കടുത്ത നിരാശ. ഈ സാഹചര്യത്തിൽ താര സംഘടനയുടെ അധ്യക്ഷ സ്ഥാനം ഒഴിയാൻ ഇന്നസെന്റ് തീരുമാനിച്ചതായി സൂചന. ഇക്കാര്യം മമ്മൂട്ടിയോടും മോഹൻലാലിനോടും ഇന്നസെന്റ് വിശദീകരിച്ചു കഴിഞ്ഞു. ജനപ്രതിനിധിയായ തനിക്ക് ഇനി ആരേയും സംരക്ഷിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ അധ്യക്ഷ പദം ഒഴിയേണ്ടി വരുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ അമ്മയുടെ പുതിയ പ്രസിഡന്റിലേക്ക് അന്വേഷണം നീളുകയാണെന്നാണ് സൂചന. എന്നാൽ ഇന്നസെന്റ് തന്നെ തുടരുമെന്നും അദ്ദേഹം താരങ്ങളുടെ നേതൃസ്ഥാനത്ത് തുടരുമെന്നാണ് പ്രതീക്ഷയെന്നും മുതിർന്ന നടൻ മറുനാടനോട് പറഞ്ഞു. ഇതിനുള്ള സമ്മർദ്ദം ഇന്നസെന്റിൽ തുടരുകയാണ്. വഴങ്ങിയില്ലെങ്കിൽ മാത്രമേ പിൻഗാമിയിലേക്ക് ചർച്ച എത്തൂ.

നിലവിലെ സാഹചര്യത്തിൽ ഇന്നസെന്റ് ഒഴിഞ്ഞാൽ ബാലചന്ദ്ര മേനോനെയാണ് പ്രധാനമായും ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മോഹൻലാലിനും മമ്മൂട്ടിക്കും ഈ സ്ഥാനത്തോട് താൽപ്പര്യക്കുറവുണ്ട്. ഈ സാഹചര്യത്തിലാണ് ബാലചന്ദ്രമേനോനെ പരിഗണിക്കുന്നത്. എന്നാൽ നിർണ്ണായക ഘട്ടത്തിൽ സംഘടനയുടെ തലപ്പത്ത് വരാൻ ബാലചന്ദ്രമേനോൻ തയ്യാറാകുമോ എന്നത് ശ്രദ്ധേയമാണ്. സംഘടനയിൽ പൊതു സമ്മതനെന്ന പരിഗണനയാണ് ബാലചന്ദ്രമേനോനിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. അതിനിടെ നിലവിലെ വിവാദങ്ങളുടെ സാഹചര്യത്തിൽ സംഘടനയുടെ ഭാരവാഹികൾ എല്ലാം രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. അമ്മയുടെ യോഗത്തിന് ശേഷം ഇരയെ അക്രമിച്ച ഗൂഢാലോചനക്കേസിൽ സംശയ നിഴലിലുള്ള വ്യക്തിയെ പിന്തുണച്ചവർക്ക് സംഘടനയുടെ തലപ്പത്ത് ഇരിക്കാൻ അർഹതയില്ലെന്നാണ് ഇവരുടെ നിലപാട്.

ജനാധിപത്യ രീതിയിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്നാണ് ആവശ്യം. കുഞ്ചാക്കോ ബോബനെ പോലൊരാൾ വരുന്നതിനോടാണ് പലർക്കും താൽപ്പര്യം. എന്നാൽ സംഘടനയിലെ ഭൂരിപക്ഷവും സൂപ്പർതാരങ്ങൾക്കൊപ്പമാണ്. അതുകൊണ്ട് തന്നെ മോഹൻലാലും മമ്മൂട്ടിയും വിചാരിക്കുന്നതേ നടക്കൂ. ഈ സാഹചര്യത്തിൽ ഇന്നസെന്റ് ഒഴിഞ്ഞാൽ ബാലചന്ദ്രമേനോൻ തന്നെയാകും പ്രസിഡന്റ് എന്നാണ് സൂചന. നടിയെ ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനയിൽ പങ്കാളിയെന്ന നിലയിൽ പ്രതിയാകുന്നവരെയെല്ലാം സംഘടനയിൽ നിന്ന് സസ്‌പെന്റ് ചെയ്ത് നിർത്തണമെന്ന ആവശ്യവും ഉയരും. ഇത് അംഗീകരിക്കപ്പെട്ട ദിലീപ് സ്വാഭാവികമായും സംഘടനയുടെ ട്രഷറർ അല്ലാതെയാകും. ഇതിനുള്ള കരുനീക്കമാണ് നടക്കുന്നത്.

താര സംഘടനയായ 'അമ്മ' പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സംഘടനയിലെ അംഗവും എംഎൽഎയുമായ കെ.ബി. ഗണേശ് കുമാർ പ്രസിഡന്റ് ഇന്നസെന്റിന് അയച്ച കത്ത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. നടിക്ക് ക്രൂരമായ അനുഭവമുണ്ടായപ്പോൾ 'അമ്മ' ഇടപെട്ടില്ല. അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് എല്ലാവരും സ്വന്തം കാര്യം നോക്കണമെന്നും ഗണേശ് കുമാർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന 'അമ്മ'യുടെ യോഗത്തിന് മുൻപ് അയച്ച കത്താണ് ഇപ്പോൾ പുറത്തുവന്നത്. ഇന്നസെന്റിനെതിരെയും രൂക്ഷമായ വിമർശനമാണ് ഗണേശ് കുമാർ കത്തിൽ ഉന്നയിക്കുന്നത്. താൻ ആവശ്യപ്പെട്ടിട്ടും ഈ വിഷയങ്ങളിൽ ഇന്നസെന്റ് ഇടപെട്ടില്ല. നടി ആക്രമിക്കപ്പെട്ടപ്പോൾ 'അമ്മ'യുടെ നേതൃത്വം തിരശീലയ്ക്ക് പിന്നിലൊളിച്ചു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവർത്തകയുടെ അത്മാഭിമാനമാണെന്ന് ഓർക്കണമെന്നും ഗണേശ് കത്തിൽ പറയുന്നു. സംഘടന നടീനടന്മാർക്ക് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ ഗണേശിനെ ഏവരും സമാധാനിപ്പിക്കുകയും ചെയ്തു.

അതിന് ശേഷമാണ് കത്ത് പുറത്തായത്. ഇത് ഇന്നസെന്റിന് ഏറെ നാണക്കേടായി. ഇതിന് പിന്നാലെ ഇടതുപക്ഷവും കടുത്ത നിലപാട് എടുത്തു. പാർലമെന്റിലെ ഇടത് അംഗം എന്തിന്റെ പേരിലായാലും പീഡനക്കേസിൽ ആരോപണ വിധേയനെ സംരക്ഷിക്കുമെന്ന് പറയുന്നത് ശരിയല്ല. അതും പിണറായി വിജയനാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ഈ സാഹചര്യത്തിൽ ഇന്നസെന്റ് പൊലീസ് അന്വേഷണത്തെ തള്ളിപ്പറയുന്നത് അംഗീകരിക്കാനും കഴിയില്ല. അതുകൊണ്ട് തന്നെ അമ്മയുടെ സ്ഥാനത്ത് തുടരുന്നതിനെ അംഗീകരിക്കാനാവില്ലെന്നാണ് സി.പി.എം നിലപാട്. ഇരയ്‌ക്കൊപ്പമാണ് പാർട്ടിയെന്ന് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കിയ സാഹചര്യത്തെ ഗൗരവത്തോടെ ഇന്നസെന്റ് കണ്ടേ മതിയാകൂവെന്നാണ് ആവശ്യം.

താരസംഘടനയായ അമ്മയ്ക്കെതിരെ വിമർശനവും ആരോപണങ്ങളുമായി കൂടുതൽ താരങ്ങൾ രംഗത്ത് എത്തിയും ഇന്നസെന്റിന് തിരിച്ചടിയാണ്. നടനും സംവിധായകനുമായ ബാബുരാജ് ഗുരുതര ആരോപണമാണ് ഉയർത്തിയത്. കൈനീട്ടം കൊടുക്കലും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തലുമായി ഒതുങ്ങുകയാണ് അമ്മയുടെ പ്രവർത്തനങ്ങളെന്ന് ബാബുരാജ് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. പല നിർണായക ചോദ്യങ്ങൾക്കും എത്രനാൾ ഹാസ്യത്തിലൂടെ മറുപടി നൽകി അംഗങ്ങളുടെ കണ്ണടപ്പിക്കാൻ സാധിക്കും. അംഗങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ ഇമേജ് നോക്കുന്ന നടന്മാർ ദയവു ചെയ്ത് ആ സ്ഥാനം ഉപേക്ഷിക്കണം. ഒരാൾ സംഘടനയിൽ അംഗത്വമെടുത്താൽ അവർ നല്ലതാകട്ടെ ചീത്തയാകട്ടെ അവരെ സംരക്ഷിക്കാനുള്ള ബാധ്യതയും കൂടി സംഘടനയ്ക്കുണ്ട്. താൻ അപകടത്തിൽപ്പെട്ടു കിടക്കുമ്പോൾ തന്റെ എംപി. കൂടിയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് പോലും വിളിച്ചില്ലെന്നും ബാബുരാജ് ഇങ്ങനെ മതിയോ എന്ന തലക്കെട്ടിലിട്ട പോസ്റ്റിൽ കുറ്റപ്പെടുത്തി. എന്നാൽ ദിലീപ് കേസിൽപ്പെട്ടപ്പോൾ സംരക്ഷിക്കുമന്ന് പറയുന്നു. ഇതിലെ ഇരട്ടത്താപ്പാണ് ബാബുരാജ് ചർച്ചയാക്കിയത്.

'അമ്മ'യുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നു പണം ആദായനികുതി വകുപ്പ് കള്ളപ്പണമെന്ന പേരിൽ കണ്ടുകെട്ടിയതും തിരിച്ചടിയാണ്. അമ്മയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 12 കോടിയിൽ ഒൻപതു കോടി രൂപയാണ് ആദായനികുതി വകുപ്പ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച് കള്ളപ്പണം വെളുപ്പിക്കൽ പദ്ധതിപ്രകാരം പിടിച്ചെടുത്തത്. അതേസമയം പണം കണ്ടുകെട്ടിയത് പുറത്തറിയാതിരിക്കാൻ അംഗങ്ങളെ പോലും അറിയിക്കാതെ നേതൃത്വം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ചാരിറ്റബിൾ ഓർഗനൈസേഷനായി രജിസ്റ്റർ ചെയ്യാതിരുന്നതാണ് പണം നഷ്ടമാക്കാൻ ഇടയാക്കിയത്. താരങ്ങൾ സ്റ്റേജ്‌ഷോ നടത്തിയും സംഭാവന സ്വീകരിച്ചും സമാഹരിച്ച പണം നിലവിലെ നേതൃത്വത്തിന്റെ അശ്രദ്ധയെ തുടർന്ന് നഷ്ടമായത് സംഘടനയ്ക്കുള്ളിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയിട്ടുണ്ട്. അതേസമയം സംഘടനയിലെ പ്രധാനികളൊഴികെ പലർക്കും ഇതേക്കുറിച്ച് കാര്യമായ അറിവില്ലെന്നാണ് സൂചന.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അമ്മയിലെ രണ്ട് അംഗങ്ങളെ ചേദ്യം ചെയ്ത പശ്ചാത്തലത്തിൽ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ ഇക്കാര്യം ചർച്ചയായതായും വിവരമുണ്ട്. ഇക്കാര്യം മനസിലൊളിപ്പിച്ചാണ് നടിയുടെ വിഷയം ചർച്ച ചെയ്തോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അതിലും വലിയ വിഷയങ്ങൾ ചർച്ച ചെയ്‌തെന്ന് അമ്മയുടെ നേതാക്കൾ പറഞ്ഞതെന്നാണ് സൂചന. കണക്കിൽപ്പെടാത്ത പണം സൂക്ഷിച്ചതിന് ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയപ്പോഴാണ് അമ്മയുടെ നേതൃത്വവും ഇക്കാര്യം ശ്രദ്ധിക്കുന്നത്. സംഘടനയുടെ രജിസ്‌ട്രേഷനിൽ പ്രശ്‌നമുണ്ടെന്ന് ഓഡിറ്റർമാരും മുന്നറിയിപ്പ് നൽകാത്തത് താരങ്ങൾക്കിടയിൽ കടുത്ത ആശയക്കുഴപ്പമാണുണ്ടാക്കിയത്. പണം നഷ്ടപ്പെടാതിരിക്കാൻ താരരാജാക്കന്മാർ തന്നെ രംഗത്തിറങ്ങിയെങ്കിലും വഴങ്ങാൻ ആദായനികുതി വകുപ്പ് തയാറായില്ല. ഇതോടെ ഈ പണമുപയോഗിച്ച് പാവപ്പെട്ടവർക്ക് വീടു വച്ചുനൽകാൻ ശ്രമമുണ്ടായെങ്കിലും അതും വിജയിച്ചില്ല.

ഇതിനിടെ പ്രധാനമന്ത്രിയെ നേരിക്കണ്ട് സംഭവം വിശദീകരിക്കാൻ തീരുമാനിച്ചെങ്കിലും ഇത് നടക്കില്ലെന്നും ബോധ്യമായതോടെ പിഴയടയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതിന് പിഴയായി ആദായനികുതി വകുപ്പ് ഈടാക്കിയത് മൊത്തം തുകയുടെ 80 ശതമാനമായിരുന്നു. ഇതോടെ 12 കോടിയുടെ സമ്പാദ്യം മൂന്നുകോടിയായി ചുരുങ്ങി. ഇതും ഇന്നസെന്റിന്റെ പിടിപ്പുകേടാണെന്ന വിലയിരുത്തലുണ്ടായി. ഈ സാഹചര്യങ്ങളെല്ലാം പ്രതികൂലമാണെന്ന് ചാലക്കുടിയുടെ പാർലമെന്റ് അംഗം തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് പടിയിറങ്ങാനുള്ള സന്നദ്ധത താരങ്ങളെ അറിയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP