Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൊട്ടുസൂചിയോ കട്ടൻചായയോ പോലും ഞാൻ വാങ്ങില്ല...; ബീക്കൺ വച്ച കാർ പോയിട്ട് ലാംബി സ്‌കൂട്ടർ പോലും വേണ്ട...; ഓഫീസ് പോയിട്ട് ഡോർ മാറ്റ് പോലും എടുക്കില്ല...; സ്റ്റാഫ് പോയിട്ട് ചായ കൊടുക്കുന്ന ആളെ പോലും എടുത്തിട്ടില്ല: കൊടി വച്ച കാറിൽ പറക്കുന്നതിനെ കുറിച്ച് ജോൺ ബ്രിട്ടാസ് മറുനാടനോട് പറഞ്ഞത്

മൊട്ടുസൂചിയോ കട്ടൻചായയോ പോലും ഞാൻ വാങ്ങില്ല...; ബീക്കൺ വച്ച കാർ പോയിട്ട് ലാംബി സ്‌കൂട്ടർ പോലും വേണ്ട...; ഓഫീസ് പോയിട്ട് ഡോർ മാറ്റ് പോലും എടുക്കില്ല...; സ്റ്റാഫ് പോയിട്ട് ചായ കൊടുക്കുന്ന ആളെ പോലും എടുത്തിട്ടില്ല: കൊടി വച്ച കാറിൽ പറക്കുന്നതിനെ കുറിച്ച് ജോൺ ബ്രിട്ടാസ് മറുനാടനോട് പറഞ്ഞത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ട് ഉപദേശകർക്ക് ശമ്പളം ഒന്നുമില്ലെങ്കിലും അവർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ ഖജനാവ് മുടിക്കാൻ പോന്നതാണ് എന്നാണ് ഇപ്പോൾ വിമർശനം ഉയരുന്നത്. എം കെ ദാമോദരനെയും, ജോൺ ബ്രിട്ടാസിനെയും നിയമിച്ചതുകൊണ്ടുള്ള രണ്ട് സർക്കാർ ഉത്തരവുകളാണ് സോഷ്യൽ മീഡിയ ഇന്നലെ മുതൽ ആഘോഷമാക്കുന്നത്. ഇരുവരെയും നിയമിച്ചിരിക്കുന്നത് പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലാണ് എന്ന ഉത്തരവ് ഷെയർ ചെയ്യുന്നവർ ഞെട്ടലോടെയാണ് പിണറായി സർക്കാരിനെതിരെ പ്രചാരണം നടത്തുന്നത്. എം കെ ദാമോദരൻ സർക്കാരിനെതിരെ ഹാജരായി വിവാദപുരുഷൻ കൂടിയായതോടെ ആരോപണത്തിന്റെ മൂർച്ച കൂടി. ജോൺ ബ്രിട്ടാസ് ഇന്നേവരെ വിവാദങ്ങളിൽ ചെന്നു ചാടിയില്ലെങ്കിലും ദാമാദരനൊപ്പം ഉപദേഷ്ടാവ് പദവി പങ്കിടുന്നതിനാൽ സോഷ്യൽ മീഡിയ വെറുതെ വിടുന്നില്ല.

വിവാദങ്ങൾ ഇങ്ങനെ കത്തിപ്പടരാൻ തുടങ്ങിയതു കണ്ടപ്പോൾ ആയിരുന്നു മറുനാടനിൽ നിന്നും ഇന്ന് രാവിലെ ബ്രിട്ടാസിനെ വിളച്ചത്. കൊടു വച്ച കാറിൽ എന്നാണ് ബ്രിട്ടാസ് യാത്ര തുടങ്ങുന്നതെന്നു ചോദിച്ചായിരുന്നു സംഭാഷണം ചെയ്തത്. ബ്രിട്ടാസിന്റെ ആദ്യ പ്രതികരണമാണ് തലക്കെട്ടിൽ കൊടുത്തിരിക്കുന്നത് മൊട്ടുസൂചിയോ കട്ടൻചായയോ പോലും ഞാൻ വാങ്ങില്ല... ബീക്കൺ വച്ച കാൽ പോയിട്ട് ലാംബി സ്‌കൂട്ടർ പോലും വേണ്ട... ഓഫീസ് പോയിട്ട് ഡോർ മാറ്റ് പോലും എടുക്കില്ല... സ്റ്റാഫ് പോയിട്ട് ചായ കൊടുക്കുന്ന ആളെ പോലും എടുത്തിട്ടില്ല... രണ്ടു തവണ ഡൽഹിയിൽ മുഖ്യമന്ത്രിക്കൊപ്പം പോയത് എന്റെ ചെലവിലാണ്... ഇതാണ് വാസ്തവം... ഇതാണ് എന്റെ നയം. ഇത് മുഖ്യമന്ത്രിക്കും അറിയാം. സർക്കാരിനെ അറിയാം. പാർട്ടിക്കും അറിയാം. എന്റെ സ്ഥാപനത്തിനും അറിയാം. ബ്രിട്ടാസ് ഇടയ്ക്കുവച്ചു നിർത്തി.

അപ്പോൾ പിന്നെ എന്താണ് സർക്കാർ ഉത്തരവുകളിൽ പറയുന്നത് എന്ന ചോദ്യം പ്രസക്തമാണ്. സർക്കാർ ഉത്തരവുകൾ ഇങ്ങനെയാണ് പറയുന്നത്: കോടെർമിനസ് വ്യവസ്ഥയിൽ പ്രത്യേകം തസ്തിക സൃഷ്ടിച്ചാണു നിയമനം. മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥർ വഹിക്കുന്ന ഗവൺമെന്റ് പ്രിൻസിപ്പൽ സെക്രട്ടറി തസ്തികയ്ക്കു തുല്യമായ പദവിയാണ് ഇവരുടേതെന്ന് പൊതുഭരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. നിയമപരമായ വിഷയങ്ങളിൽ ഉപദേശം നൽകുന്നതിനാണ് ലീഗൽ അഡൈ്വസർ തസ്തികയെന്നും മാദ്ധ്യമ സംബന്ധമായ വിഷയങ്ങളിൽ ഉപദേശം നൽകുന്നതിനാണു മീഡിയ അഡൈ്വസർ തസ്തികയെന്നും വെവ്വേറെ ഇറക്കിയ ഉത്തരവുകളിലുണ്ട്.

ഇതേ കുറിച്ച് ബ്രിട്ടാസിന്റെ പ്രതികരണം ഇങ്ങനെ: ഒന്നരമാസമായി അപ്പോയിന്റ്‌മെന്റ് ഓർഡർ ഇറങ്ങിയിട്ട്. എന്നിട്ട് ഞങ്ങൾ ഈ പറയുന്ന ആനുകൂല്യങ്ങൾ എന്തെങ്കിലും സ്വീകരിച്ചോ? അപ്പോൾ പിന്നെ ഇത് വിവാദത്തിന് വേണ്ടിയുള്ള ഒരു വാദം അല്ലേ? ഞാൻ ഇന്നേവരെ ഒരു ഫയലും നോക്കാൻ പോയിട്ടില്ല. എനിക്ക് ഒരുപാടു പണികൾ വേറെയുണ്ട്. മുഖ്യമന്ത്രിക്ക് എന്തെങ്കിലും കാര്യത്തിൽ എന്തെങ്കിലും ചർച്ച ചെയ്യാൻ ഉണ്ടെങ്കിൽ മാത്രം സംസാരിക്കുന്നു. അതിൽ എന്റെ അഭിപ്രായം പറയുന്നു. അത്തരം ഒരു അഭിപ്രായം സ്വീകരിക്കാൻ പോലും സുതാര്യം ആക്കാൻ ആണ് മുഖ്യമന്ത്രി ഈ നിയമനം നടത്തിയത്. ഇത് എന്തുകൊണ്ട് വിവാദം ആയി എന്നു എനിക്കറിയില്ല' ജോൺ ബ്രിട്ടാസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇവിടെ പ്രധാനപ്പെട്ട ഒരു ചോദ്യം ഉന്നയിക്കപ്പെടുകയാണ് സോഷ്യൽ മീഡയയിലും മറ്റും. ശമ്പളം നൽകുന്നില്ല എന്നു വ്യക്തമായി പറഞ്ഞിരിക്കവെ ബീക്കൺ വച്ച കാറിൽ പറക്കും, ഓഫീസും ജീവനക്കാരും ഉണ്ടാവും, ഒഫീഷ്യൽ എന്ന് എഴുതിക്കൊടുത്താൽ വിമാനയാത്രാകൂലി, ഗസ്റ്റ്ഹൗസ് താമസം, ഹോട്ടൽ സൗജന്യം എന്ന തരത്തിലുള്ള പ്രചാരണം എങ്ങനെ ഉണ്ടായിയെന്നതാണ് പ്രധാനം. എല്ലാ രാഷ്ട്രീയ നിയമങ്ങളും ബ്യൂറോക്രസിക്കു മുകളിലാണ്. ഉപദേഷ്ടാവ് എന്നു പറഞ്ഞാൽ തീർച്ചയായും പദവിക്ക് ബ്യൂറോക്രസിയേക്കാൾ വില ഉണ്ട്. അങ്ങനെ നിയമിക്കുന്നവർക്ക് അതിനുള്ള അർഹത ഉണ്ടോ എന്നും അവർ അനാവശ്യമായി സർക്കാർ ഖജനാവ് ദൂർത്തടിക്കുന്നുണ്ടോ എന്നും മാത്രമാണ് നോക്കേണ്ടത്. ഇവിടെ സർക്കാരിന് ചില കാര്യങ്ങളിൽ ചില കാര്യങ്ങൾ ചർച്ച ചെയ്യേണ്ട സാഹചര്യം ഉണ്ടാവാം. അത്തരം ചർച്ചകൾ നടത്തുമ്പോൾ അക്ഷേപം ഉണ്ടാവാതിരിക്കാനും, അതിന് ലെജിറ്റിമസി നൽകുന്നതിനുമാണ് ബ്രിട്ടാസിന്റെ നിയമനമെന്നുമാണ് വ്യക്താണ്. ആ പദവിക്ക് നിങ്ങൾ പറയുന്ന ആനുകൂല്യങ്ങൾ ഒക്കെ ഉണ്ടാവാം. എന്നാൽ അത് കൈപ്പുന്നുണ്ടോ എന്നതാണ് പ്രധാന പ്രശ്‌നം. വിവരവാകശാ കമ്മീഷണറും പി എസ് സി അംഗത്വവുമെല്ലാം പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലെ പദവികളാണ്.

ബ്രിട്ടാസിന്റെ കാര്യം പോലെ തന്നെയാണ് എം കെ ദാമോദരന്റെ കാര്യവും. ഈ വിഷയത്തെ കുറിച്ച് ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി എം മനോജ് പറയുന്നതു കൂടി വ്യക്തമാക്കാം: 'നിയമോപദേഷ്ടാവ് എന്നാൽ, മുഖ്യമന്ത്രിയെ ഏതു കാര്യത്തിനും വിളിച്ചു ഉപദേശം നൽകുന്ന ആൾ അല്ല. മറിച്ച്, മുഖ്യമന്ത്രിക്ക് ഏതെങ്കിലും വിഷയത്തിൽ നിയമോപദേശം ആവശ്യമുണ്ടെങ്കിൽ , ആ വിഷയത്തിൽ ഔപചാരികമായി ഉപദേശം നൽകുന്നയാളാണ്. ഒരുപദേശവും വേണ്ടെങ്കിൽ അതങ്ങനെ കിടക്കും. ദാമോദരൻ മറ്റേതെങ്കിലും കേസ് ഏറ്റെടുക്കുന്നതിന് നിയമപരമായോ സാങ്കേതികമായോ തടസ്സമല്ല ആലങ്കാരികമായ ഉപദേഷ്ടാവ് സ്ഥാനം. ഔദ്യൊഗികമായ ഏതെങ്കിലും ഫയൽ വിളിക്കാനോ നിർദ്ദേശം നൽകാനോ ഇടപെടാനോ അധികാരമുള്ളയാളല്ല നിയമോപദേഷ്ടാവ്. അദ്ദേഹത്തിന് ആകെ ചെയ്യാനുള്ളത്, മുഖ്യമന്ത്രിയുടെ നിയമപരമായ സംശയങ്ങൾക്ക് (അങ്ങനെ ഉണ്ടെങ്കിൽ ) മറുപടി പറയുക മാത്രം. കേരളത്തിലെ പ്രഗത്ഭരിൽ ഒരാളായ അഭിഭാഷകൻ എന്ന നിലയ്ക്ക്, കക്ഷികൾ ( കൊലപാതകം, തട്ടിപ്പു തുടങ്ങിയ നാനാവിധ കേസുകളിലെ പ്രതികൾ ഉൾപ്പെടെ) അദ്ദേഹത്തിന്റെ സേവനം കോടതിയിൽ ആവശ്യപ്പെടും. അതു സ്വാഭാവികമാണ്.

സീനിയർ അഭിഭാഷകൻ എന്ന നിലയിലുള്ള തന്റെ കർത്തവ്യ നിർവഹണം തുടരുമ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി തുടരേണ്ടതുണ്ടോ എന്ന ചോദ്യത്തിന് സാങ്കേതികതയുടെയോ നിയമ പ്രശ്‌നത്തിന്റെയോ പിന്തുണ ഇല്ല. സാധാരണ നിലയിൽ ഈ കാരണം പറഞ്ഞു മുതിർന്ന അഭിഭാഷകനെ ഉപദേഷ്ടാവ് സ്ഥാനത്തു നിന്നു ഒഴിവാക്കാൻ കഴിയുകയുമില്ല. ദാമോദരൻ കള്ളനോ കൊള്ളക്കാരനോ അല്ല. അദ്ദേഹം ത്യാഗപാരമ്പര്യമുള്ള, ഇടതുപക്ഷത്തോടൊപ്പം എക്കാലത്തും നിൽക്കുന്ന മനുഷ്യനാണ്. തന്റെ തൊഴിലിന്റെ ഭാഗമായി വ്യത്യസ്ത കക്ഷികൾക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത് ഒരു അഭിഭാഷകന്റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്നതിനു കാരണമല്ല. ദാമോദരനെതിരെ അനേകം കഥകൾ ശൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് 'ഡെവിൾ ' പരിവേഷം നൽകാൻ ബോധപൂർവ്വമായ ശ്രമം ഉണ്ടായിട്ടുണ്ട്. അതിനൊക്കെ പിന്നിൽ പലപല താല്പര്യങ്ങളും പ്രവർത്തിച്ചിട്ടും ഉണ്ട്.

ഇവിടെ, ഈ നിമിഷം ദാമോദരനെ മാറ്റിയില്ലെങ്കിൽ അത്യാഹിതം സംഭവിക്കും എന്ന നിലയിൽ നടക്കുന്ന വൈകാരിക പ്രകടനം, വർഷങ്ങളായി സൃഷ്ടിച്ചെടുത്ത പ്രത്യേക അന്തരീക്ഷത്തിന്റെ ഉല്പന്നമാണ്. കാര്യങ്ങൾ പരിശോധിക്കാനും ചർച്ച ചെയ്യാനും സമയം വേണ്ടുവോളമുണ്ട്. സർക്കാർ പ്രവർത്തിക്കേണ്ടത് നിയമം നോക്കിയാണ്. ദാമോദരനെ നീക്കാൻ പര്യാപ്തമായ ഒരു നിയമ പ്രശ്‌നവും ചട്ട ലംഘനവും ഉയർന്നിട്ടില്ല. ദാമോദരന്റെ സാന്നിധ്യം സർക്കാരിന്റെ ഒരു പ്രവർത്തനത്തെയും ബാധിച്ചിട്ടും ഇല്ല. ഒരു ഫയലും വിളിച്ചു വരുത്താൻ ഉപദേഷ്ടാവിനു അധികാരമില്ല എന്നിരിക്കെ, ഫയൽ വിളിക്കുമല്ലോ എന്നാണ് പരക്കെ ഉയർന്നു കാണുന്ന ആശങ്ക. സാങ്കല്പികമായ തൂണിലാണ് വികാര പ്രചാരണങ്ങളുടെ നിൽപ്പ് എന്നർത്ഥം.'- വിവാദങ്ങളിലെ സിപിഐ(എം) വിശദീകരണം ഇങ്ങനെയാണ്.

ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യങ്ങൾ ഒക്കെ പ്രസക്തമല്ലേ? ജോൺ ബ്രിട്ടാസിനെയും, എം കെ ദാമോദരനെയും പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ നിയമിച്ചതിൽ ഖജനാവിന് നഷ്ടമില്ലെങ്കിൽ എന്താണ് പ്രശ്‌നമുള്ളത്? എം കെ ദാമോദരൻ സർക്കാരിനെതിരെ നിലപാട് എടുക്കുന്നതും സർക്കാരിനെതിരായ കേസിൽ ഹാജരാകുന്നതും അനുചിതം എന്ന് വിശ്വസിക്കുന്നവരാണ് മറുനാടൻ. ആ നിലപാടിൽ ഉറച്ചു തന്നെ നിൽക്കുമ്പോഴും ഈ പദവിയുടെ പേരിൽ അവരെ കൊച്ചാക്കണോ എന്ന ചോദ്യം ഉയർത്തുകയാണ്. അതിനുമാത്രം അയോഗ്യതകൾ അവർക്കെന്താണ് ഉള്ളത്? ഒദ്യോഗിക നിയമനം ഒന്നും നൽകാതെ മാഫിയകളുടെയും മത നേതാക്കളുടെയും ഉപദേശവും സ്വീകരിച്ച് മാത്രം പ്രവർത്തിച്ചിരുന്ന മുൻ മുഖ്യമന്ത്രിയെക്കാൾ സുതാര്യൻ അല്ലേ ഉപദേശം സ്വീകരിക്കുന്നവരെ ഒദ്യോഗിക പദവി നൽകി അംഗീകരിക്കുന്നതെന്ന വാദമാണ് ഉയരുന്നത്.

നിലവിൽ കൈരളി ടിവിയുടെ എംഡിയാണ് ബ്രിട്ടാസ്. ഈ പദവിയ്‌ക്കൊപ്പമാണ് ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ ഉപദേശകനായി മാറുന്നത്. പിണറായിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഈ മാദ്ധ്യമ പ്രവർത്തകൻ ഡൽഹിയിലെ ചർച്ചകളിൽ മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. ഇത് ഏറെ ചർച്ചയായി. സോഷ്യൽ മീഡിയ ഇത് വിവാദമാക്കിയതോടെയാണ് മാദ്ധ്യമ ഉപദേഷ്ടാവിന്റെ പദവിയിൽ ബ്രിട്ടാസ് എത്തിയത്. ഇതോടെ മുഖ്യമന്ത്രിയെ അനുഗമിക്കാനും ചർച്ചകളിൽ പങ്കെടുക്കാനും ബ്രിട്ടാസിനായി. ഇതിന് വേണ്ടി മാത്രമാണ് ഔദ്യോഗിക പദവി ബ്രിട്ടാസ് ഏറ്റെടുത്തതും. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയാകണമെന്ന് ബ്രിട്ടാസിനോട് പിണറായി തുടക്കമം മുതലേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഖജനാവിൽ നിന്ന് പണം വാങ്ങി ജോലിയെടുക്കാനില്ലെന്നായിരുന്നു ബ്രിട്ടാസിന്റെ നിലപാട്.

ഇതോടെയാണ് പ്രഭാവർമ്മ പ്രസ് സെക്രട്ടറിയായത്. എന്നാൽ ചർച്ചകളിലെ ബ്രിട്ടാസിന്റെ സാന്നിധ്യം വിവാദമായതോടെ പിണറായി ശമ്പളമില്ലാത്ത പദവി വാഗ്ദാനം ചെയ്തു. അത് ഏറ്റെടുക്കാൻ ബ്രിട്ടാസ് നിർബന്ധിതവുമായി എന്നതാണ് യാഥാർത്ഥ്യം. ദേശാഭിമാനി കണ്ണൂർ ലേഖകനായി മാദ്ധ്യമപ്രവർത്തനം തുടങ്ങിയ വ്യക്തിയാണു ജോൺ ബ്രിട്ടാസ്. ദേശാഭിമാനിയുടെ ഡൽഹി ബ്യറോ ചീഫ് ആയിരിക്കെയാണ് ബ്രിട്ടാസ് കൈരളി ചാനലിന്റെ എം.ഡിയായി നിയമിതനാകുന്നത്. പിന്നീട് അദ്ദേഹം സ്റ്റാർ ടി.വി ശൃംഖലയുടെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിന്റെ ബിസിനസ് ഹെഡ് ആയി പ്രവർത്തിച്ചു. അന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായിയുടെ അഭ്യർത്ഥനയെ തുടർന്ന് ബ്രിട്ടാസ് കൈരളിയിൽ തിരികെ എത്തുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പ്രചരണം ഏകോപിപ്പിച്ചതും പരസ്യവാചകങ്ങൾ തയ്യാറാക്കിയതും പിണറായിയുടെ വിശ്വസ്തനായ ബ്രിട്ടാസായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP